ഹോർമുസ് കടലിടുക്ക്

സമാധാനം അകലെ; ഇറാനിലും ഗൾഫിലും ഏഴാം ദിവസവും ആക്രമണം, ഹുർമുസിൽ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കനക്കുന്നു. തുടർച്ചയായ ഏഴാം ദിനവും ഇറാൻ നഗരങ്ങളിൽ യു.എസ് കനത്ത വ്യോമാക്രമണം നടത്തി.

അത്യാധുനിക പോർവിമാനങ്ങൾ, ഡ്രോണുകൾ, യുദ്ധക്കപ്പലുകൾ എന്നിവ സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. തിരിച്ചടിയായി മേഖലയിലെ യു.എസിന്‍റെയും സഖ്യകക്ഷികളുടെയും സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. ഇറാന്‍റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ, നാവിക പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സൈന്യം അറിയിച്ചു. 

ഇറാന്റെ തെക്കൻ തീരദേശ നഗരങ്ങളായ ജാസ്ക്, സിറിക്, ബുഷെഹർ, ബന്ദർ അബ്ബാസ് എന്നിവയ്ക്ക് പുറമെ തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപ്, അഹ്വാസ്, മധ്യ നഗരമായ യാസ്ദ് എന്നിവിടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മേഖലയിൽ യുദ്ധം പടരുന്നതിനിടെ, ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് നേരെ തങ്ങളുടെ സൈന്യം ശക്തമായി പ്രതികരിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, സുരക്ഷാ അധികാരികൾ നൽകുന്ന അടിയന്തര നിർദേശങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കണമെന്ന് കുവൈത്ത് ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

ഹുർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു

അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ, ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. പ്രമുഖ കപ്പൽ ട്രാക്കിങ് സൈറ്റായ 'മറൈൻ ട്രാഫിക്'  പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച വെറും എട്ട് കപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയത്. തലേദിവസം 15 കപ്പലുകൾ കടന്നുപോയ സ്ഥാനത്താണിത്.

എട്ട് കപ്പലുകളിൽ ഏഴും ഇറാന്റെ നിയന്ത്രണത്തിലുള്ള റൂട്ടാണ് ഉപയോഗിച്ചത്. ഒമാൻ പാതയിലൂടെ ഒരു കപ്പൽ പോലും സർവിസ് നടത്തിയില്ല. കൂടാതെ ഡാർക്ക് ഫ്ലീറ്റ് കപ്പലുകളുടെ സാന്നിധ്യം ഒന്നും തന്നെ ഈ സമയത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നും ട്രാക്കിങ് സൈറ്റ് വ്യക്തമാക്കി. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. 

Tags:    
News Summary - Peace is far away; Attacks in Iran and the Gulf for the seventh day, shipping traffic in Hormuz sharply reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.