ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പിൽ നാല് ഇസ്രായേലികൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബ്ലൂസിന് 16 കിലോമീറ്റർ തെക്ക് ഏലിയിൽ പെട്രോൾ സ്റ്റേഷനിലാണ് തോക്കുധാരി ആക്രമണം നടത്തിയത്. ഒരു തോക്കുധാരിയെ വെടിവെച്ചുകൊന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.
അതിനിടെ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന ഫലസ്തീൻകാരനെ വെടിവെച്ചുകൊന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. 21കാരനായ സക്കരിയ അൽ സൗൽ ആണ് കൊല്ലപ്പെട്ടത്. ബത്ലഹേമിന് പടിഞ്ഞാറ് ഹുസൻ നഗരത്തിലാണ് സംഭവം. സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്ന് ഔദ്യോഗിക ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹുസന്‍ സമീപം വെസ്റ്റ് ബാങ്ക് ഹൈവേയിൽ നിലയുറപ്പിച്ച സൈന്യത്തിനുനേരെ തീബോംബ് എറിഞ്ഞതിന് മറുപടിയായി നടത്തിയ വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
കഴിഞ്ഞ ദിവസം ജെനിൻ പട്ടണത്തിലുണ്ടായ സംഘർഷത്തിൽ 15 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ച് ഫലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ട് ഇസ്രായേൽ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. വർഷങ്ങൾക്കുശേഷം, ഹെലികോപ്ടറിൽനിന്ന് ഇസ്രായേൽ സൈന്യം വെടിയുതിർക്കുന്നതിനും കഴിഞ്ഞ ദിവസത്തെ സംഘർഷം സാക്ഷ്യംവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.