യൂറോപ്പിന് സ്വീകാര്യമാവുന്ന തീവ്രവലതുപക്ഷം

 ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം വെക്കുന്നതെന്നും വര്‍ധിച്ചുവരുന്ന കുടിയേറ്റം ഇതിന് കനത്ത ഭീഷണിയാണെന്നും നവവലതുപക്ഷം വാദിക്കുന്നു
2002 ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി ലീ പെന്‍ വിജയിച്ചപ്പോള്‍, യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഞെട്ടി. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍, തീവ്രവലതുപക്ഷക്കാരനായ ലീ പെന്നിനെ തോല്‍പിക്കാന്‍ കമ്യൂണിസ്റ്റുകളും പരിസ്ഥിതി രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യലിസ്റ്റുകളും മിതവലതുപക്ഷത്തിന്‍െറ നെടുംതൂണെന്ന് അറിയപ്പെടുന്ന ജാക് ഷിറാക്കിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. അങ്ങനെ മൃഗീയ ഭൂരിപക്ഷത്തോടെ ജാക് ഷിറാക് പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്നു.

ലീ പെന്‍ പ്രത്യക്ഷത്തില്‍ തന്നെ വില്ലന്‍ കഥാപാത്രമായിരുന്നു. അദ്ദേഹമാകട്ടെ അധികാരം കാര്യമായി ലക്ഷ്യമാക്കിയിരുന്നുമില്ല. ഒരു കോലാഹലമുണ്ടാക്കി തന്‍െറ തീവ്രവലതുപക്ഷ ആശയങ്ങള്‍ വ്യാപക ചര്‍ച്ചയാക്കുക എന്നതില്‍ കവിഞ്ഞ് വലിയ ലക്ഷ്യങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു.

എന്നാല്‍, യൂറോപ്പിന്‍െറ പുതിയ വലതുപക്ഷം വ്യത്യസ്തമാണ്. ലീ പെന്‍ നടത്തിയ നീക്കങ്ങളില്‍നിന്നും വ്യത്യസ്തമാണ് കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷം. ഭയം, ഗൃഹാതുര സ്മരണ, വരേണ്യതയുടെ ഇടിച്ചില്‍ തുടങ്ങിയവ ഉപയോഗിച്ച് അവര്‍ അവരുടെ ശൃംഖല അനുദിനം വലുതാക്കിക്കൊണ്ടിരിക്കുകയാണ്. അതിന് മികച്ച ഉദാഹരണം ലീ പെന്നിന്‍െറ മകള്‍ മറീന്‍ ലീ പെന്‍ തന്നെ. അവരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ നീക്കം പിതാവിന്‍േറതില്‍നിന്നും ഏറെ വ്യത്യസ്തമാണ്. വടക്കന്‍ ഫ്രാന്‍സിലെ കുടിയേറ്റക്കാരുടെ കേന്ദ്രമായ കാലെ മുതല്‍ രാജ്യത്തിന്‍െറ തെക്കേയറ്റമായ കൂറ്റി ഡി അസര്‍ വരെയുള്ള പ്രദേശങ്ങളില്‍ മറിന്‍ ലീ പെന്നിന്‍െറ പാര്‍ട്ടി 40 ശതമാനം വോട്ടുനേടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

തീവ്രവലതുപക്ഷമെങ്കിലും, പിതാവിന്‍െറ പാര്‍ട്ടിക്കുണ്ടായിരുന്ന പരിവേഷമല്ല മറീന്‍ ലീ പെന്നിനും അവരുടെ നാഷനല്‍ ഫ്രണ്ട് പാര്‍ട്ടിക്കുമുള്ളത്.
ഇവരുടെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മുന്‍കാല വലതുപക്ഷത്തില്‍നിന്നും പ്രകടമായ വ്യതിരിക്തത പുലര്‍ത്തുന്നു. നിയോ നാസികളില്‍നിന്നും സെമിറ്റിക് വിരുദ്ധരെയും തള്ളിപ്പറയുന്ന ഇവര്‍ സ്വവര്‍ഗാനുരാഗികളെ ഉള്‍ക്കൊള്ളുന്നു. അങ്ങനെ തങ്ങള്‍ക്കെതിരായ ഇടതുപക്ഷ വിമര്‍ശങ്ങളുടെ മുനയൊടിക്കാന്‍ എളുപ്പം സാധിക്കുന്നു. ഇടതുപക്ഷ സ്വപ്നമായ ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം വെക്കുന്നതെന്നും വര്‍ധിച്ചുവരുന്ന കുടിയേറ്റം ഇതിന് കനത്ത ഭീഷണിയാണെന്നും അവര്‍ വാദിക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹിക സമത്വം, സെമിറ്റിക് വിരുദ്ധതയില്‍നിന്നും ജൂതര്‍ക്ക് സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന അവര്‍, മുസ്ലിം കുടിയേറ്റമാണ് ഈ മൂന്ന് കൂട്ടര്‍ക്കും മുന്നിലെ പ്രധാന ഭീഷണിയെന്ന് സ്ഥാപിക്കുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാം ഭീതി മുതലെടുത്ത്, തങ്ങളാണ് പശ്ചാത്യ സ്വത്വത്തിന്‍െറയും ഉദാരമൂല്യങ്ങളുടെയും വക്താക്കളെന്ന് സ്ഥാപിക്കാനും  അവര്‍ക്കാവുന്നുണ്ട്.

കാലെയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ പൊളിച്ചുനീക്കിയതിനെതിരെയും അതിനെ തുടര്‍ന്ന് ക്യാമ്പിലെ കുട്ടികള്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും പുറത്തുനിന്നും വിമര്‍ശിക്കുന്നവരുണ്ടാകാം. എന്നാല്‍, ഫ്രാന്‍സിനകത്ത്, കുടിയേറ്റക്കാരെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വികാരമാണ് പരക്കുന്നത്. കുടിയേറ്റക്കാര്‍ ഫ്രഞ്ച് ഗ്രാമങ്ങളിലത്തെി അഭിവൃദ്ധിപ്പെടുമെന്നും, അവിടെ അവരുടെ കുടുംബങ്ങള്‍ പെരുകുമെന്നുമാണ് വലിയൊരു വിഭാഗത്തിന്‍െറ ആശങ്ക.

ഈ തരത്തില്‍ യൂറോപ്പിലെ വലതുപക്ഷം വിജയത്തിലേക്ക് അടുക്കുന്നുവെന്നതിന്‍െറ തുടക്കമാണ് ബ്രെക്സിറ്റിലൂടെ വെളിപ്പെട്ടത്. ഫ്രാന്‍സിലും, ഇംഗ്ളണ്ടിലും മാത്രമല്ല, നെതര്‍ലന്‍ഡ്സിലും ഡെന്‍മാര്‍ക്കിലുമൊക്കെ തീവ്രവലതുപക്ഷം ഈയര്‍ഥത്തില്‍ വ്യാപകമാവുകയാണ്. ഒരു കാലത്ത് പിന്തിരിപ്പനെന്ന് കരുതിയിരുന്ന പ്രസ്താവനകള്‍ സര്‍വര്‍ക്കൂം സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു.
         (കടപ്പാട്: ദി ഗാര്‍ഡിയന്‍)

Tags:    
News Summary - right wing extremist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.