പഠനം മുടങ്ങിയിട്ട് മാസങ്ങൾ; കാത്തിരിപ്പ് നീണ്ട് ഗസ്സയിലെ കുരുന്നുകൾ

ഗസ്സ സിറ്റി: എണ്ണമറ്റ കലാലയങ്ങൾ സ്വന്തമായും യു.എൻ ഉൾപ്പെടെ നടത്തിയും ഗസ്സയിലുടനീളമുണ്ട്. എന്നാൽ, പഠനം നടത്താനാകാതെ അവയെല്ലാം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സ തുരുത്തിൽ ഒരു കലാലയത്തിൽപോലും അക്ഷരപഠനം നടക്കുന്നില്ലെന്ന് യൂനിസെഫ് വക്താവ് ജൊനാഥൻ ക്രിക്ക് പറയുന്നു.

സ്കൂളുകളിൽ പോകുന്ന 6,25,000 വിദ്യാർഥികളുണ്ടായിരുന്നു ഗസ്സയിൽ. ഇവരിൽ ഒരാൾപോലും ഒക്ടോബർ ഏഴിനു ശേഷം പഠനത്തിനായി സ്കൂളിലെത്തിയിട്ടില്ല. എന്നല്ല, 7,700 കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചവർ കൊടുംപട്ടിണിയിലോ വലിയ രോഗങ്ങൾക്കടിമകളോ ആണ്. ഡിസംബർ പകുതിവരെയുള്ള കണക്കുകളിൽ 352 സ്കൂളുകൾ ഇസ്രായേൽ ബോംബിങ്ങിൽ ചാരമാക്കപ്പെട്ടത് വേറെ. അവശേഷിച്ചവയത്രയും അഭയാർഥി കേന്ദ്രങ്ങളാണ്. യു.എൻ അഭയാർഥി ഏജൻസിക്കു കീഴിൽ മാത്രം 150ലേറെ വിദ്യാലയങ്ങളാണ് ഇസ്രായേൽ തകർത്തുകളഞ്ഞത്.

200ലേറെ അധ്യാപകർ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. നൂറുകണക്കിന് പേർ ഗുരുതര പരിക്കുകളുമായി മല്ലിടുന്നവർ. ജനസംഖ്യയിൽ 85 ശതമാനത്തിലേറെയും വീടും കിടപ്പാടവും നഷ്ടപ്പെട്ടവരുമാണ്. വൈദ്യുതിയും ഇന്റർനെറ്റും മുടക്കിയതോടെ ഓൺലൈൻ പഠനസാധ്യത പോലും ഇസ്രായേൽ ഇല്ലാതാക്കി. പരസ്പരം ബന്ധപ്പെടാൻപോലും മിക്കവർക്കും വഴിയില്ലാത്തതിനാൽ ഒന്നിച്ചു പഠിച്ചവർക്ക് ഇനിയെന്നെങ്കിലും ഒരേ ക്ലാസ് മുറിയിൽ ഇരിക്കാനാകുമെന്ന പ്രതീക്ഷയും ദുർലഭം. അയൽപക്കത്ത് നിരന്തരം മരണം വന്നുപതിക്കുക കൂടിയാകുന്നതോടെ മാനസിക വിഭ്രാന്തികൾ മറ്റൊരു വിഷയം. കുട്ടികളുടെ മാനസിക നില തകരാറിലായതാണ് ഗസ്സ വരുംനാളുകളിൽ നേരിടാവുന്ന വലിയ ആശങ്കയെന്ന് വിദഗ്ധർ പറയുന്നു. വളരെ നേരത്തെ വെടിനിർത്തൽ നിലവിൽ വന്നാൽപോലും ആഴ്ചകളോ മാസങ്ങളോ ഏറെ വേണ്ടിവരും വിദ്യാഭ്യാസം പുനരാരംഭിക്കാൻ. ഇത് തലമുറകളുടെ സാമൂഹിക, സാമ്പത്തിക ഭാവി അവതാളത്തിലാക്കുമെന്നുറപ്പ്.

ഒരു യുദ്ധനിയമവും പാലിക്കാതെ സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ കുരുതി തുടരുന്നത്. നേരത്തെതന്നെ സ്കൂളുകൾ വേണ്ടത്രയില്ലാതിരുന്ന തുരുത്തിൽ ചെറുതായെങ്കിലും ഉടൻ തുടങ്ങാനായില്ലെങ്കിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം മറ്റൊരു തലത്തിൽകൂടി അവരെ നശിപ്പിക്കുമെന്ന വലിയ സത്യമാണ് തുറിച്ചുനോക്കുന്നത്. റിഫാഅത്ത് അൽഅരീറിനെപ്പോലെ പ്രമുഖ യൂനിവേഴ്സിറ്റി അധ്യാപകരെയും ഇസ്രായേൽ ബോംബാക്രമണങ്ങൾ ഇല്ലാതാക്കിയിരുന്നു.

Tags:    
News Summary - education issue of gaza students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.