ഡോണൾഡ് ട്രംപ്

'മിണ്ടാതിരിക്കൂ, വ്യാജ മാധ്യമപ്രവർത്തക': കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ചോദ്യത്തിൽ സിഎൻഎൻ റിപ്പോർട്ടറോട് ക്ഷുഭിതനായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ചോദ്യമുന്നയിച്ച സിഎൻഎൻ റിപ്പോർട്ടർക്ക് നേരെ രൂക്ഷമായി തട്ടിക്കയറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒവൽ ഓഫീസിൽ നടന്ന ചടങ്ങിനിടെ സിഎൻഎൻ ചീഫ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് ക്രിസ്റ്റൻ ഹോംസ് തുടർചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് ട്രംപ് ക്ഷുഭിതനായത്. 'മിണ്ടാതിരിക്കൂ... നിങ്ങൾ വ്യാജ വാർത്തയാണ്, വ്യാജ മാധ്യമപ്രവർത്തകയാണ്' എന്ന് ട്രംപ് പരസ്യമായി ആക്രോശിക്കുകയായിരുന്നു.

കാലിഫോർണിയയിലെ കടലിൽ ശക്തമായ തിരമാലകളിൽനിന്ന് ഒരു കുട്ടിയെ രക്ഷിച്ച് ശ്രദ്ധേയനായ റൈഡർ വില്യംസ് എന്ന പതിനാറുകാരനായ ലൈഫ് ഗാർഡിനെ ഒവൽ ഓഫീസിൽ ആദരിക്കുന്ന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിനിടെ യുഎസ് നാവികസേനയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെ ട്രംപ് നിഷേധിച്ചു. തുടർന്ന് ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം കുറയ്ക്കാൻ കിം ജോങ് ഉൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിദേശനയ ചോദ്യങ്ങൾ ക്രിസ്റ്റൻ ഹോംസ് ട്രംപിനോട് ചോദിച്ചു.

തന്റെ അടുത്ത സഹായിയായ നതാലി ഹാർപുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരത്തെ ഉയർന്നതിലും പ്രകോപിതനായ ട്രംപ്, കൊറിയൻ വിഷയത്തിലെ ചോദ്യത്തോടെ റിപ്പോർട്ടർക്കെതിരെ ക്ഷോഭിക്കുകയായിരുന്നു. "മിണ്ടാതിരിക്കൂ... ഇവിടെ നിൽക്കുന്ന കൊച്ചുകുട്ടിയുടെ മുന്നിൽ വെച്ച് നിങ്ങൾ തീർത്തും അനാദരവോടെയാണ് പെരുമാറുന്നത്. നിങ്ങൾ ബഹളം വെക്കുന്ന ഒരു വ്യക്തിയാണ്, നിങ്ങൾ ഫേക്ക് ന്യൂസ് ആണ്, നിങ്ങൾ ഒരു വ്യാജ റിപ്പോർട്ടറാണ്," എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പ്രതികരണം.

സംഭവത്തിൽ റിപ്പോർട്ടർ ക്രിസ്റ്റൻ ഹോംസിന് പൂർണ പിന്തുണയുമായി സിഎൻഎൻ രംഗത്തെത്തി. വൈറ്റ് ഹൗസ് റിപ്പോർട്ടിംഗിൽ ഏറെ പരിചയസമ്പന്നയായ മികച്ച മാധ്യമപ്രവർത്തകയാണ് ക്രിസ്റ്റൻ ഹോംസ് എന്നും അമേരിക്കൻ ജനതയ്ക്ക് വേണ്ടി പ്രസക്തവും പ്രധാനപ്പെട്ടതുമായ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് അവർ ചെയ്തതെന്നും സിഎൻഎൻ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രസിഡന്റ് പദവിക്ക് നിരക്കാത്ത പ്രതികരണമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മാധ്യമസ്ഥാപനം വിമർശിച്ചു.

Tags:    
News Summary - Quiet, Fake News': Donald Trump Snaps at CNN Reporter Over Kim Jong Un Question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.