ഡോണാൾഡ് ട്രംപ്, മാർജോറി ടെയ്‍ലർ ഗ്രീൻ
വാഷിങ്ടൺ: ഇറാനെതിരെ ആണാവായുധം പ്രയോഗിക്കാന്‍ വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്ത്രപ്രധാനമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് മുന്‍ യു.എസ് കോൺഗ്രസ് അംഗം മാർജോറി ടെയ്‍ലർ ഗ്രീന്‍. ഞായറാഴ്ച എക്സിൽ കുറിച്ച പോസ്റ്റിലായിരുന്നു വൈറ്റ് ഹൗസിൽ നടക്കുന്ന ഉന്നതതല ചർച്ചകളെക്കുറിച്ച് ഗ്രീന്‍ പങ്കുവെച്ചത്. ആണവായുധം പ്രയോഗിക്കാന്‍ ഉന്നതതല ചർച്ചകൾ നടത്തുന്ന കാര്യം യാഥാർഥ്യമാണെന്നും ട്രംപ് ഭരണകൂടം ഈ ലക്ഷ‍്യത്തിനായി പ്രയത്നിച്ചുക്കൊണ്ടിരിക്കുകയാണെന്നും അവർ കുറിച്ചു. എന്നാൽ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ രേഖകളും തെളിവുകളും ഗ്രീന്‍ പുറത്തുവിട്ടിട്ടില്ല.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന ആഭ്യന്തര അമേരിക്കൻ രഹസ്യാന്വേഷണ വിലയിരുത്തലുകളെ ഭരണകൂടം അവഗണിക്കുകയാണെന്നും ഇസ്രായേലിൽ നിന്നുള്ള മുന്നറിയിപ്പുകളാണ് വാഷിങ്ടണിനെ സ്വാധീനിക്കുന്നതെന്നും ഗ്രീന്‍ ആരോപിച്ചു. ഇറാനെതിരെ ആണവായുധങ്ങൾ വിന്യസിക്കാനുള്ള അമേരിക്കയുടെ ഏതെങ്കിലും തീരുമാനം വലിയ സംഘർഷത്തിന് വഴിവെക്കുമെന്നും അതുവഴി മനുഷ‍്യന്‍റെ നാശവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി.ട്രംപ് ഇനി യുദ്ധങ്ങൾ വേണ്ടെന്ന് പറഞ്ഞിരുന്നതായും എന്നാൽ സംഘർഷം രൂക്ഷമായാൽ അത് വലിയൊരു ആഗോള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അവർ വാദിച്ചു. അതേ സമയം ഗ്രീനിന്‍റെ ആരോപണങ്ങളിൽ വൈറ്റ് ഹൗസോ യു.എസ് ഗവൺമെന്‍റോ പ്രതിരോധ വകുപ്പോ പ്രതികരിച്ചിട്ടില്ല.
വാഷിംഗ്ടണും തെഹ്റാനും തമ്മിൽ മാസങ്ങളായുള്ള സംഘർഷവും മുടങ്ങിപോയ നയതന്ത്ര ചർച്ചകളും തുടരുന്നതിനിടെയാണ് ഗ്രീനിന്‍റെ പുതിയ പ്രസ്താവനകൾ പുറത്തുവന്നത്. ഹുർമുസ് കടലിടുക്ക് പോലുള്ള പ്രധാന വാണിജ്യ പാതകളുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ട് അമേരിക്ക ഇറാനുമേൽ സമ്മർദ്ദം തുടരുകയാണ്. അതേ സമയം മറുവശത്ത് ഇറാന്‍ വാഷിങ്ടണിന്‍റെ നിലപാട് നിരസിക്കുകയും മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സൈനികർക്കുമെതിരെ ഭീഷണികൾ തുടരുകയും ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ സംബന്ധിച്ച വിദേശനയ തീരുമാനങ്ങളെ ഗ്രീന്‍ മുമ്പും വിമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും അമേരിക്കന്‍ പ്രസിഡന്‍റിനോടുള്ള പിന്തുണ ഗ്രീന്‍ കൈവിട്ടിരുന്നില്ല.2025 ജൂണിൽ ഇറാന്‍റെ ആണവകേന്ദ്രങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ വിദേശ ഇടപെടലുകളും ഭരണകൂടമാറ്റത്തിനായുള്ള സൈനിക നടപടികളും ഒഴിവാക്കുമെന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് ഭരണകൂടം പിന്മാറിയെന്ന് അവർ ആരോപിച്ചിരുന്നു. ട്രംപിന്റെ പിന്തുണക്കാരിയായി തുടരുന്നതിനിടയിലും ഗ്രീനിന്‍റെ പുതിയ പരാമർശങ്ങൾ വീണ്ടും ട്രംപ് ഭരണകൂടത്തിന്‍റെ വിദേശനയ തീരുമാനങ്ങളിൽ നിന്ന് ഭിന്നിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.