ട്രംപ്

ചർച്ചക്ക് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ടു തകർക്കും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസ്-ഇറാൻ ചർച്ചകളിൽ ഇടപെടുകയോ തടസ്സം നിൽക്കുകയോ ചെയ്താൽ ഒമാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ ഭീഷണി. ചർച്ചകൾക്ക് തടസ്സമായി നിന്നാൽ ഒമാനെ ബോംബിട്ടുതകർക്കുമെന്ന് ‘ഫോക്സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രസ്താവിച്ചു. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ട്രംപിന്റെ ഈ വിവാദ പ്രതികരണം.

ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട സാങ്കേതിക ചർച്ചകൾക്കൊടുവിൽ പുതിയ റൂട്ട് മാപ്പിൽ ഒമാനുമായി ധാരണയായതായി കഴിഞ്ഞ ശനിയാഴ്ച ഇറാൻ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ദീർഘകാലമായി അമേരിക്കക്കും ഇറാനുമിടയിലെ മധ്യവർത്തിയായി നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്ന ഒമാനെതിരെ ഇത് രണ്ടാം തവണയാണ് ട്രംപ് പരസ്യ ഭീഷണി മുഴക്കുന്നത്.

ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐ.ആർ.ജി.സി) ഉന്നത ഉദ്യോഗസ്ഥരുമായി വാഷിങ്ടൺ നേരിട്ട് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഇതിനായി പ്രത്യേക ബാക്ക്ചാനൽ ആശയവിനിമയ സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇറാനെതിരെയുള്ള നിലപാട് കടുപ്പിച്ച ട്രംപ്, തെഹ്റാൻ എത്രയും വേഗം വെള്ളക്കൊടി ഉയർത്തി കീഴടങ്ങാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. അവർ നല്ല ‘പോക്കർ’ കളിക്കാരാണെങ്കിലും നിലവിൽ തകർച്ചയുടെ അരികിലാണെന്നും ട്രംപ് കളിയാക്കി. അന്താരാഷ്ട്ര തലത്തിൽ ഇറാൻ വലിയ തന്ത്രങ്ങൾ കളിക്കുന്നുണ്ടെങ്കിലും അവർ തകർച്ചയിലാണെന്നായിരുന്നു ട്രംപിന്റെ പരിഹാസത്തിന്റെ ധ്വനി.

ഫലസ്തീൻ വിഷയത്തിലും യു.എസ് പ്രസിഡന്റ് നിർണായകമായ പ്രതികരണങ്ങൾ നടത്തി. ഗസ്സയിൽ ഇസ്രായേൽ ഇനി ആക്രമണം നടത്തരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് ആയുധങ്ങൾ താഴെവെക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും, ഹമാസുമായി അമേരിക്കക്ക് പ്രത്യേക ആശയവിനിമയ ചാനലുണ്ടെന്നും വ്യക്തമാക്കിയ ട്രംപ്, അവർ ആയുധങ്ങൾ ഉപേക്ഷിക്കുകയാണെന്നും അവകാശപ്പെട്ടു.

ഹമാസിനെ നിരായുധീകരിക്കുക, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ വ്യവസ്ഥകളടങ്ങുന്ന ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി നടപ്പാക്കാൻ യു.എസ് ശക്തമായ സമ്മർദം ചെലുത്തുന്നതിനിടയിലാണ് ഈ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്.

അതേസമയം, ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇസ്രായേലിലെ തെരഞ്ഞെടുപ്പിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. എങ്കിലും വരും ദിവസങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനാർഥിയെ താൻ പിന്തുണച്ചേക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

Tags:    
News Summary - Donald Trump Threatens to Bomb Oman if It ‘Gets in the Way’ of Iran Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.