തെഹ്റാൻ: സമാധാന കരാറിലെത്താനുള്ള ചർച്ചകൾക്കായി നിശ്ചയിച്ചിരുന്ന 60 ദിവസത്തെ സമയം അവസാനിച്ച സാഹചര്യത്തിൽ ഹുർമുസിൽ സൈനിക നടപടി കടുപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ യു.എസ് ഉപരോധം മറികടക്കാൻ 'സമയബന്ധിതവും കൃത്യവുമായ' ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇടക്കാല കരാർ നീട്ടാനുള്ള സാധ്യത ഇറാനും യു.എസും തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതോടെ മേഖലയിൽ സംഘർഷം രൂക്ഷമായേക്കുമെന്ന ആശങ്ക വർധിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനു നേരെ യു.എസും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഇടക്കാല കരാർ തുടരുന്നില്ലെന്ന് യു.എസും ഇറാനും അറിയിച്ചിരുന്നു. ഇറാൻ കീഴടങ്ങണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി രഹസ്യ ചർച്ച നടത്തുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയിൽ ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ അറിയിച്ചു. കരാറിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഖാഈ ആണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. വാണിജ്യ കപ്പൽ ഗതാഗതത്തിനായി ഹുർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കണമെന്നത് യു.എസിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ, ഇറാൻ-ഒമാൻ ധാരണ അമേരിക്കയുടെ വ്യവസ്ഥകൾക്ക് അനുസൃതമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ ഇറാന്റെ എതിരായ ഞങ്ങളുടെ നാവിക ഉപരോധത്തിന് എതിരുനിന്നാൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഈ ഉപരോധം ഇറാനെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ഞങ്ങൾ സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തിൽ എനിക്ക് യാതൊരു തിടുക്കവുമില്ലെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹുർമുസ് കരാറിന്റെ വിശദാംശങ്ങൾ ബഖാഈ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഇറാനോട് ചേർന്നുള്ള പാതയിലൂടെ കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിക്കുകയും ഒമാനോട് ചേർന്നുള്ള പാതയിലൂടെ പുറത്തുകടക്കുകയും ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. കപ്പലുകളിൽനിന്ന് തൽക്കാലം ഫീസോ ടോളോ ഈടാക്കില്ലെന്നും സൂചനയുണ്ട്.
ഹുർമുസ് കടലിടുക്ക് തുറക്കുന്നതിൽ സ്വീകാര്യമായ ധാരണ ഉണ്ടായാൽ മാത്രമേ ഇറാന് എതിരായ നാവിക ഉപരോധം അവസാനിപ്പിക്കൂവെന്നാണ് അമേരിക്കയുടെ നിലപാട്. അതിനാൽ പുതിയ നിർദ്ദേശം വാഷിങ്ടൺ അംഗീകരിക്കുമോയെന്നത് നിർണായകമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.