ഇറാനെതിരെയുള്ള യുദ്ധ നടപടികളിൽ പങ്കാളിയായില്ല; ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങൾ വെട്ടിക്കുറച്ച് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധ നടപടികളിൽ പങ്കാളിയാകാൻ സിയോൾ വിസമ്മതിച്ചതും സൈനികാഭ്യാസങ്ങളുടെ ഉയർന്ന ചെലവും ചൂണ്ടിക്കാണിച്ചുകൊണ്ട്, ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ ഗണ്യമായി വെട്ടിക്കുറക്കാൻ പെന്റഗണിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. സൈനികാഭ്യാസങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അമേരിക്ക ഇതിൽ പങ്കാളിയാകാൻ സമ്മതിച്ചതിൽ തനിക്ക് സന്തോഷമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കിയത്. ആണവായുധങ്ങളുള്ളതും കനത്ത ഉപരോധം നേരിടുന്നതുമായ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തന്റെ ‘വളരെ നല്ല ബന്ധത്തെയും’ ട്രംപ് ഇതിനിടയിൽ എടുത്തുപറഞ്ഞു.
ഇറാന്റെ ആണവ നിരായുധീകരണത്തിൽ തങ്ങളോടൊപ്പം ചേരാൻ താൻ ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ ‘വേണ്ട നന്ദി’ എന്ന മറുപടിയാണ് നൽകിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഈ അഭ്യാസങ്ങൾ ചെലവേറിയതാണെന്നും അമേരിക്കയാണ് ഇതിന്റെ വലിയൊരു ഭാഗം വഹിക്കുന്നതെന്നും വ്യക്തമാക്കിയ ട്രംപ്, നിലവിൽ സൈനികാഭ്യാസങ്ങൾ പൂർണമായി റദ്ദാക്കാൻ കഴിയില്ലെന്നിരിക്കെ അവ വെട്ടിക്കുറക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് ഉത്തരവിട്ടിട്ടുണ്ടെന്ന് അറിയിച്ചു. കിം ജോങ് ഉന്നുമായുള്ള 2019ലെ പഴയൊരു ചിത്രം പങ്കുവെച്ച് ഇരുവരും മികച്ച സുഹൃത്തുക്കളാണെന്ന് കുറിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ഈ പ്രഖ്യാപനം വന്നത്.
അതേസമയം ട്രംപിന്റെ പ്രസ്താവന പരിശോധിച്ചുവരികയാണെന്നും വാഷിങ്ടണും പ്യോങ്യാങ്ങും തമ്മിലുള്ള അനുകൂലമായ ബന്ധം അർത്ഥവത്തായ ചർച്ചകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിയോൾ പ്രതികരിച്ചു. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യു.എസ്-കൊറിയ സൈനിക സഹകരണത്തെക്കുറിച്ചുള്ള നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡൻഷ്യൽ ബ്ലൂ ഹൗസ് വ്യക്തമാക്കി. എന്നാൽ സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിക്കുറക്കുന്നത് ചെറിയ നേട്ടങ്ങൾ മാത്രമാണ് നൽകുകയെന്നും യു.എസിന് വലിയ വില നൽകേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭ വിലക്കിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ ഉത്തര കൊറിയ ഈ മാസം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.
കഴിഞ്ഞ ആഴ്ച, യു.എസും ദക്ഷിണ കൊറിയൻ സൈനിക മേധാവികളും ചേർന്ന് 'ഉൾച്ചി ഫ്രീഡം ഷീൽഡ്' പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ദക്ഷിണ കൊറിയൻ സൈനികർ പങ്കെടുക്കുന്ന 11 ദിവസത്തെ പരിശീലനം മുൻ വർഷങ്ങളിലെ അതേ തോതിലായിരിക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെ വിന്യവിച്ചതിനെക്കുറിച്ചും സൈനിക മേധാവികൾ പരാമർശിച്ചിരുന്നു. നിലവിൽ ദക്ഷിണ കൊറിയയിൽ ഏകദേശം 28,500 അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
അതേസമയം സിയോളിനെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ഈ പോസ്റ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. പ്യോങ്യാങ്ങുമായി ചർച്ചകളിൽ ഏർപ്പെടാൻ ട്രംപിനോട് അവർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇറാനുമായുള്ള യു.എസിന്റെ സംഘർഷങ്ങളിൽ നേരിട്ട് പങ്കാളിയാകാൻ ദക്ഷിണ കൊറിയ വിമുഖത കാണിക്കുന്നതിൽ ട്രംപിന് അതൃപ്തിയുമുണ്ട്. മുൻപും ട്രംപ് സമാനമായ രീതിയിൽ സൈനികാഭ്യാസങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. കിമ്മുമായുള്ള ആണവ ചർച്ചകൾ നടന്ന 2018ലും കോവിഡ് മഹാമാരിയുടെ കാലത്തും ട്രംപ് ഇത്തരത്തിൽ പരിശീലനങ്ങൾ ചുരുക്കുകയോ നിർത്തിവെക്കുകയോ ചെയ്തിരുന്നു.
കൊറിയൻ ഉപദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ എണ്ണത്തെയും അതിനായി ചെലവഴിക്കുന്ന പണത്തെയും കുറിച്ച് ട്രംപ് മുൻപും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വലിയ പ്രതിഫലമൊന്നും ലഭിക്കാതെയാണ് യു.എസ് സുരക്ഷ നൽകുന്നതെന്നാണ് ട്രംപിന്റെ വാദം. അമേരിക്കയിൽ 350 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തുകൊണ്ട് സിയോൾ ഈ വർഷം ആദ്യം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.