ഇസ്മായിൽ ബഖാഈ 

'ഇനി പ്രതിരോധമല്ല, ആക്രമണം'; ധാരണാപത്രം അവസാനിച്ചതിന് പിന്നാലെ അമേരിക്കക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: അമേരിക്കയുമായുള്ള 60 ദിവസത്തെ ഇടക്കാല ധാരണാപത്രത്തിന്റെ കാലാവധി ഔദ്യോഗികമായി അവസാനിച്ചതിന് പിന്നാലെ, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. അമേരിക്കയുടെ പുതിയ ഉപരോധനീക്കങ്ങൾക്കും വെല്ലുവിളികൾക്കും മറുപടിയായി തങ്ങളുടെ സൈനിക നയം കേവലം പ്രതിരോധത്തിൽ നിന്ന് ആക്രമണ രീതിയിലേക്ക് മാറ്റാൻ മടിക്കില്ലെന്ന് ഇറാൻ കനത്ത മുന്നറിയിപ്പ് നൽകി. കൂടാതെ അമേരിക്ക മുന്നോട്ടുവെക്കുന്ന പുതിയ ഉപരോധങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട കര ഉപരോധ പദ്ധതികളും തങ്ങളുടെ നിലപാടുകളെ ഒട്ടും സ്വാധീനിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി.

ഡെമോക്രാറ്റിക് ഭരണകൂടങ്ങൾക്ക് കീഴിലെ കടുത്ത ഉപരോധങ്ങളും ട്രംപിന്റെ ആദ്യ പ്രസിഡൻസി കാലത്തെ ‘പരമാവധി സമ്മർദ’ തന്ത്രങ്ങളും ഉൾപ്പെടെയുള്ള മുൻകാല അമേരിക്കൻ നീക്കങ്ങളെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്ന് ബഖാഈ ഓർമിപ്പിച്ചു. ഇറാനിലെ 1953 ലെ അട്ടിമറി മുതൽ ആരംഭിച്ച യുദ്ധം, വിവേചനം, സമ്മർദം, ഉപരോധം എന്നിവയുടെ ഒരു ‘വിനാശകരമായ വൃത്തത്തിൽ’ വാഷിങ്ടൺ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ മരുന്നുകൾ പോലും തടഞ്ഞുവെച്ചുകൊണ്ട് ഇറാനെതിരെ എല്ലാവിധ സമ്മർദങ്ങളും പരീക്ഷിച്ച യു.എസ് ഒടുവിൽ നിയമവിരുദ്ധമായ സൈനികാക്രമണങ്ങളിലേക്കാണ് തിരിഞ്ഞതെന്നും ബഖാഈ കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി പ്രദേശത്ത് തുടരുന്ന അമേരിക്കയുടെ സൈനിക സാന്നിധ്യവും സമീപകാലത്ത് യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളും പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും ട്രില്യൺ കണക്കിന് ഡോളറിന്റെ പാരിസ്ഥിതിക നാശമാണ് ഉണ്ടാക്കിയതെന്ന് ഇറാൻ ആരോപിച്ചു. അത്യാധുനിക ആയുധങ്ങളുടെ വിന്യാസവും നിരവധി സൈനികാഭ്യാസങ്ങളും അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധങ്ങളുമാണ് ഈ വൻ നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് ബഖാഈ വ്യക്തമാക്കി.

കൂടാതെ തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിലെ പ്രധാന തടസ്സം മധ്യസ്ഥരുടെ കുറവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാൻ-യു.എസ് ബന്ധത്തിൽ സജീവമായി ഇടപെടുന്നുണ്ടെങ്കിലും, യു.എസിന്റെ തെറ്റായ കാഴ്ചപ്പാടുകളും തെറ്റായ കണക്കുകൂട്ടലുകളും നൂറുകണക്കിന് തവണ പരാജയപ്പെട്ട നയങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതുമാണ് യഥാർത്ഥ പ്രതിസന്ധിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇതിനിടെ ഹുർമുസ് കടലിടുക്കിലെ സുരക്ഷാ സങ്കീർണ്ണതകൾക്കിടയിൽ സുരക്ഷിതമായ സമുദ്ര ഗതാഗത പാതക്കായി ഒമാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ അറിയിച്ചു. യു.എസിന്റെയും ഇസ്രായേലിന്റെയും നിയമവിരുദ്ധമായ സൈനിക നടപടികളാണ് ഹുർമുസ് കടലിടുക്കിലും മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബഖാഈ ചൂണ്ടിക്കാട്ടി.

ജൂൺ 17-ലെ ധാരണാപത്രത്തിന് ശേഷമുള്ള 60 ദിവസത്തെ സമയപരിധി ഇന്നാണ് അവസാനിച്ചത്. എന്നാൽ ഒപ്പുവെച്ച് ആഴ്ചകൾക്കകം യു.എസ് കരാർ വ്യാപകമായി ലംഘിച്ചതിനാൽ ചർച്ചകൾ ആരംഭിക്കാനായില്ലെന്നും, അതിനാൽ ആ സമയപരിധിക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Tehran warns of shift to offensive posture as US MoU expires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.