ചൈനയും യു.എസും അന്താരാഷ്ട്ര ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഷി ജിൻപിങ്

ബെയ്ജിംഗ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ഫോണിൽ സംസാരിച്ചു. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും ചൈനയും യു.എസും അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ നി​റവേറ്റണമെന്നും ഷി ജിൻപിങ് പറഞ്ഞതായി വൈറ്റ്ഹൗസ് അറിയിച്ചു. 1.50 മണിക്കൂർ നീണ്ട ഫോൺ കോളിൽ സുപ്രധാന വിഷയങ്ങൾ ചർച്ചയായതായാണ് വിവരം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സൈനിക ശത്രുതയുടെ ഘട്ടത്തിലേക്ക് പോകരുതെന്ന് ഷി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ചൈനയും അമേരിക്കയും അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. സമാധാനവും സുരക്ഷയുമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികൾ' -ഷി പറഞ്ഞു.

യുക്രെയ്നിനെതിരായ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ആക്രമണത്തെ ഷി വിമർശിച്ചിട്ടുണ്ടോ അതോ ക്രെംലിനിൽ യു. എസ് നേതൃത്വത്തിലുള്ള സമ്മർദ്ദ പ്രചാരണത്തെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചോ എന്ന് വ്യക്തമല്ല.

'തങ്ങളുടെ ഭാവി അമേരിക്കക്കൊപ്പവും യൂറോപ്പിനൊപ്പവും ലോകമെമ്പാടുമുള്ള മറ്റ് വികസിത, വികസ്വര രാജ്യങ്ങൾക്കൊപ്പമാണെന്ന് ചൈന മനസ്സിലാക്കണം. അവരുടെ ഭാവി വ്ലാദിമിർ പുടിനൊപ്പം നിൽക്കുകയല്ല' -ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ വെള്ളിയാഴ്ച സി.എൻ.എന്നിനോട് പറഞ്ഞു. ചൈന റഷ്യയെ തള്ളി പറയണം എന്നതാണ് യു.എസിന്റെ ആവശ്യം. ഇതിനുള്ള സമ്മർദ്ദങ്ങൾ തുടരുകയാണ്. അതേസമയം, റഷ്യക്ക് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചൈന. 

Tags:    
News Summary - China-US Should Share World Responsibilities, Xi Tells Biden Over Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.