ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യു.ടി.ഒ) പരാതിയുമായി ചൈന.
‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കേന്ദ്രം ആവിഷ്കരിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് (പി.എൽ.ഐ)സ്കീമിനെതിരെയാണ് ചൈനയുടെ പരാതി. ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തി ഇറക്കുമതി കുറക്കാൻ കമ്പനികൾക്ക് കേന്ദ്രം ഇൻസെന്റിവ് നൽകുന്ന പദ്ധതിയാണ് പി.എൽ.ഐ. ഈ പദ്ധതിയുടെ ഭാഗമായുള്ള ഇ.വി ഓട്ടോമൊബൈൽ, സെൽ ബാറ്ററി സ്റ്റോറേജ് തുടങ്ങിയ മേഖലയിലെ നിർമാണങ്ങൾ ഗാട്ട് കരാർ ഉൾപ്പെടെയുള്ള അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ ആരോപണം. പി.എൽ.ഐ സ്കീം തങ്ങളുടെ ഉൽപന്നങ്ങളുടെ വിപണി സാധ്യത കുറച്ചെന്നും പരാതിയിൽ ചൈന വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ബെയ്ജിങ് ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത വാഹന സബ്‌സിഡികൾ സംബന്ധിച്ച ചൈന പരാതിയുമായെത്തുന്നത്.
പരാതി സ്വീകരിച്ച ഡബ്ല്യു.ടി.ഒ, വിഷയത്തിൽ ഇന്ത്യയുടെ വിശദീകരണം തേടിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്യും. ഇന്ത്യയും ചൈനയും ഡബ്ല്യു.ടി.ഒ അംഗങ്ങളാണ്. മറ്റൊരു രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കുംവിധം അംഗങ്ങൾ വ്യാപാര നയം സ്വീകരിക്കുന്നത് ഡബ്ല്യു.ടി.ഒയുടെ നിയമാവലി പ്രകാരം തെറ്റാണ്. ഡബ്ല്യു.ടി.ഒയുടെ കീഴ്വഴക്കമനുസരിച്ച് ഇത്തരമൊരു പരാതി ലഭിച്ചാൽ ഇരു കക്ഷികളെയൂം വിളിപ്പിച്ച് വിഷയം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യുക. പരിഹാരമായില്ലെങ്കിൽ പ്രത്യേക സമിതിക്ക് വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.