നിയുക്ത യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തീവ്ര വലതു രാഷ്ട്രീയ വീക്ഷണങ്ങളോട് യോജിപ്പില്ലാത്തവരാണ് ആ രാജ്യത്തിനു പുറത്തുള്ള സമൂഹങ്ങളിൽ ഭൂരിഭാഗവും. യു.എസിൽ തന്നെ അദ്ദേഹത്തോട് വിയോജിക്കുന്നവർ അനേകമാണ്. അതേസമയം, ഒരു ബ്രാൻഡ് എന്ന നിലയിൽ ഈ രാഷ്ട്രീയ നേതാവിനെ പരിശോധനക്ക് വിധേയമാക്കുന്നത് ബിസിനസ് സമൂഹത്തിന് ഏറെ ഗുണം ചെയ്തേക്കും.
ഒരു ബ്രാൻഡിന് രൂപം നൽകി, വികസിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ ട്രംപ് വിജയ കേസ് സ്റ്റഡി സഹായിക്കും. പ്രത്യാഘാതത്തെക്കുറിച്ച് ഭയമില്ലാത്ത പ്രകൃതവും അചഞ്ചലമായ ആത്മവിശ്വാസവുമാണ് ട്രംപിന്റെ ബ്രാൻഡ് ഐഡന്റിറ്റി. പരമ്പരാഗത രീതിയിൽനിന്ന് വഴിമാറി, ക്ഷമാപണ സ്വരമില്ലാത്ത, ധീരവും ആക്രമണോത്സുകവുമായ അദ്ദേഹത്തിന്റെ ശൈലി ആധുനിക ബ്രാൻഡുകൾക്ക് നന്നായി ചേരും. പലവിധ പ്രതിസന്ധികൾക്കിടയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കകത്തും പുറത്തുമുള്ള വെല്ലുവിളികളെ അദ്ദേഹം തൂത്തുവാരിയ രീതി നോക്കുക. വധശ്രമം നേരിട്ട ശേഷമുള്ള നിമിഷങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യം ബ്രാൻഡ് ഐഡന്റിറ്റി ഉറപ്പിക്കുകയും ധീരനെന്ന ഇമേജ് വർധിപ്പിക്കുകയും ചെയ്തു. ഒരു പൊളിറ്റിക്കൽ ബ്രാൻഡ് എന്ന നിലയിൽ ആ രംഗത്ത് അദ്ദേഹം പ്രകടമായ ബ്രാൻഡ് ഡിഫറൻസിയേഷൻ കൊണ്ടുവന്നു. മിക്ക ബ്രാൻഡുകളും എപ്പോഴും നേടാൻ ആഗ്രഹിക്കുന്ന ഒരു വ്യത്യസ്തത ആണത്.
രാഷ്ട്രനേതാക്കളുടെ പരമ്പരാഗത നയതന്ത്ര പ്രതിച്ഛായയിൽനിന്ന് ഏറെ മാറിയുള്ള ഇമേജാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. മൂർച്ചയുള്ള വാക്കുകളും എതിരാളികളെക്കുറിച്ചുള്ള പ്രസ്താവനകളും നേതൃശൈലി സംബന്ധിച്ച പരമ്പരാഗത മാനദണ്ഡങ്ങൾക്ക് നിരക്കുന്നതായിരുന്നില്ല. ദേശീയനയത്തിൽ ബിസിനസിന് സമാനമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. വിദേശനയങ്ങളിലും അദ്ദേഹത്തിന്റെ സമീപനം ഇതേ രീതിയിലായിരുന്നു. ആശയവിനിമയത്തിൽ സ്ഥിരതയുള്ള ടോൺ നിലനിർത്തണമെന്ന ബ്രാൻഡിങ് തത്ത്വത്തിന് ഇത് അടിവരയിടുന്നു.
ട്രംപ് എന്ന ബ്രാൻഡിനൊരു പ്രീമിയം എഡ്ജുണ്ട്. ബിസിനസുകാരൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രശസ്തിക്കാണ് ഇതിനു നന്ദി പറയേണ്ടത്. മിക്ക ആളുകളും പ്രീമിയം ബ്രാൻഡുമായി സഹവസിക്കാൻ ഇഷ്ടപ്പെടുന്നു. ഇലോൺ മസ്കിനെപോലെയുള്ള ആളുകൾ അംഗീകരിക്കുമ്പോൾ ഈ ബ്രാൻഡിന്റെ മൂല്യം പിന്നെയും വർധിക്കുന്നു. പ്രാദേശിക മൂല്യം നിലനിർത്തുന്ന പ്രീമിയം ബ്രാൻഡ് ആയിരിക്കെതന്നെ അദ്ദേഹം ഒരു ആഗോള കാഴ്ചപ്പാട് കാത്തുസൂക്ഷിച്ചു. പഴക്കമുള്ള മികച്ച ബ്രാൻഡുകളെപോലെ അദ്ദേഹത്തിന്റെ സ്വാധീനം പടിപടിയായി വർധിക്കുകയായിരുന്നു.
ട്രംപിന്റെ വിജയം ബ്രാൻഡുകൾക്ക് ആസൂത്രണം സംബന്ധിച്ച മികച്ച പാഠമാണ് നൽകുന്നത്. ബ്രാൻഡിങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ട്രംപിന്റെ വിജയഗാഥയും കമല ഹാരിസിന്റെ പരാജയവും. ടെയ്‍ലർ സ്വിഫ്റ്റ്, ഓപ്ര വിൻഫ്രി എന്നിവരെപോലെ എത്ര സ്വാധീനമുള്ളവരെ കളത്തിലിറക്കിയാലും വ്യക്തമായ ആസൂത്രണമില്ലെങ്കിൽ ഏതൊരു ബ്രാൻഡിനും വലിയ വില കൊടുക്കേണ്ടിവരുമെന്ന് കമല ഹാരിസിന്റെ പരാജയം തെളിയിക്കുന്നു. പരാജയപ്പെട്ട ഒരു സമീപനം കാര്യമായ റീപാക്കേജിങ് ഇല്ലാതെ വീണ്ടും അവതരിപ്പിക്കുന്നത് മാരകമായി ദോഷം ചെയ്യും. ‘ബൈഡനോമിക്സി’നോടുള്ള കമല ഹാരിസിന്റെ പ്രതിബദ്ധത ബാധ്യതയായി മാറിയത് തെളിയിച്ചതും അതുതന്നെ.
ഒരു കുറ്റവാളി എന്ന നിലയിലെ ട്രംപിന്റെ കുപ്രസിദ്ധി തുടക്കത്തിൽ കമല ഹാരിസിന് അൽപം തിളക്കം നേടിക്കൊടുത്തു. എന്നാൽ, അതു മുതലാക്കാനായില്ല. എതിരാളികൾ പ്രതിരോധത്തിലായാൽപോലും അലംഭാവം കാട്ടിയാൽ ഒരു ബ്രാൻഡിനും വിജയിക്കാൻ കഴിയില്ലെന്ന് ഇതു കാണിച്ചുതരുന്നു. അലംഭാവം സംഭവിക്കാതിരിക്കാൻ ട്രംപ് ജാഗ്രതയിലായിരുന്നു. വിവാദങ്ങളെ അദ്ദേഹം തന്റെ നേട്ടത്തിനായി ഉപയോഗിച്ചു. വഴങ്ങാൻ വിസമ്മതിക്കുന്ന പോരാളി എന്ന ഇമേജ് നേടിയെടുത്തു. എതിരാളികൾ തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകുന്നതിൽ അനിശ്ചിതത്വത്തിലും മന്ദഗതിയിലുമാണെന്ന് മനസ്സിലാക്കിയപ്പോൾ ബ്രാൻഡ് ട്രംപ് അതിവേഗം പ്രവർത്തനങ്ങളിലേക്ക് നീങ്ങി. ബ്രാൻഡിങ്ങിൽ നിങ്ങൾ അതിവേഗം പ്രവർത്തിച്ചില്ലെങ്കിൽ എതിരാളി അവസരം മുതലെടുക്കും. ബ്രാൻഡിങ്ങിലെ ഈ സുവർണ നിയമം ട്രംപ് ഫലപ്രദമായി പ്രയോഗിച്ചു.
ആരെ ലക്ഷ്യം വെക്കണമെന്നതിലെ വൈദഗ്ധ്യം ട്രംപിന്റെ ധ്രുവീകരണ തന്ത്രത്തിൽ വ്യക്തമാണ്. ധ്രുവീകരണത്തിലെ രാഷ്ട്രീയ നൈതികതയല്ല ഇവിടെ ചർച്ച ചെയ്യുന്നത്. കാമ്പയിനിൽ ലക്ഷ്യം നിർണയിക്കുന്നതിലെ വൈദഗ്ധ്യമാണ് വിഷയം. അതായത് ഒരു ഉൽപന്നത്തെയാണ് ബ്രാൻഡ് ചെയ്യുന്നതെങ്കിൽ ടാർഗറ്റ് ഉപഭോക്താക്കൾ ആരെന്നത് സംബന്ധിച്ച് വ്യക്തത വേണം. കാമ്പയിനിൽ ഏതു വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപിന് കൃത്യമായ ധാരണയുണ്ടായിരുന്നു.
ബ്രാൻഡ് രൂപപ്പെടുത്തുമ്പോൾ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിൽ പകുതി യുദ്ധം ജയിച്ചു. ആടിനിൽക്കുന്നവരെ തന്റെ അനുകൂലികളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. പരസ്യത്തിന് പണം ചെലവഴിക്കുന്നതിനേക്കാൾ ശരിയായ പ്രേക്ഷകരെ ടാർഗറ്റ് ചെയ്യുകയെന്നത് ഏറെ പ്രധാനമാണ്.
‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന ട്രംപിന്റെ മുദ്രാവാക്യം, അദ്ദേഹം ലക്ഷ്യമിടുന്ന പ്രേക്ഷകരിൽ ദേശസ്നേഹം ഉണർത്തി. ആടിനിൽക്കുന്നവർ ട്രംപിന്റെ പക്ഷത്തേക്ക് നീങ്ങി. വികാരനിർഭര മുദ്രാവാക്യം ആളുകളിൽ ദേശഭക്തിയും അഭിമാനബോധവും ഉളവാക്കി ലക്ഷ്യം കൈവരിച്ചു. ഒരു നല്ല ബ്രാൻഡ്, സാധ്യതയുള്ള വിപണിയിൽ സാംസ്കാരികമായി ഭാവിക്കും വർത്തമാനത്തിനും ഭൂതകാലത്തിനുംവേണ്ടി നിലകൊള്ളണം. അത്തരമൊരു ഫീൽ സൃഷ്ടിക്കാൻ ട്രംപിനു കഴിഞ്ഞു.
സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗവും ട്രംപിന്റെ വിജയത്തിൽ പങ്കുവഹിച്ചു. പറയാൻ ആഗ്രഹിക്കുന്നത് നേരിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു ശൈലി. ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽനിന്നുള്ള പിന്തുണ ഇതിന് സഹായിച്ചു. ഇതിലൂടെ ബ്രാൻഡ് നറേറ്റിവ് പൂർണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി.
വ്യത്യസ്ത വീക്ഷണങ്ങളുള്ള പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളിലൂടെ ആശയവിനിമയം ദുർബലപ്പെടുത്താൻ ട്രംപ് ആഗ്രഹിച്ചില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനു പേരുകേട്ട രാജ്യം അമേരിക്കയാണെങ്കിലും താൻ ഉദ്ദേശിച്ച സന്ദേശം മയപ്പെടാതിരിക്കാൻ ട്രംപ് ശ്രദ്ധിച്ചിരുന്നു. വിശ്വസ്ത അനുയായികൾ വഴി വാമൊഴിയായി പ്രചാരണം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം വിജയിച്ചു.
മുമ്പു തന്നെ വിട്ടുപോയ പ്രചാരണ മാനേജർ സൂസൻ സമ്മറൽ വൈൽസിനെ പ്രായോഗികമായി ഉപയോഗിച്ചത് ട്രംപിന്റെ, ഉൾച്ചേർക്കാനുള്ള ശേഷി പ്രകടമാക്കി.
ബിസിനസിൽ സ്ഥിരമായ ശത്രുക്കളില്ലെന്ന വിലപ്പെട്ട പാഠമാണ് അദ്ദേഹം വരച്ചിട്ടത്. മുമ്പ് കൂടെയുണ്ടായിരുന്ന പ്രധാന വ്യക്തികളെ താൽപര്യമില്ലെന്നതും പുതിയൊരു സംഘത്തെയാണ് ആഗ്രഹിക്കുന്നതെന്നതും അദ്ദേഹത്തിന്റെ ടീം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു.
ബ്രാൻഡ് പ്രബലമായ വിജയം നേടിക്കഴിഞ്ഞാൽ ഇക്കോ സിസ്റ്റത്തെ ആഗ്രഹിക്കുന്നതുപോലെ മാറ്റാൻ കഴിയും. ചൈനയുമായുള്ള വ്യാപാരത്തിന് 60 ശതമാനവും എല്ലാ ഇറക്കുമതിക്കും 10 ശതമാനവും തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇതാണ് വ്യക്തമാക്കുന്നത്. അവസാന പാഠം വ്യക്തമാണ്. വിവാദങ്ങൾ ഏത് ബ്രാൻഡിനും വെല്ലുവിളിയാണ്. എന്നാൽ, വിപണിയുടെ ‘ആവശ്യകത വിടവുകൾ’ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നത് ഏതു വെല്ലുവിളികൾക്കുമെതിരെ വിജയിക്കാൻ ബ്രാൻഡിനെ സഹായിക്കും.
(ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.