ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചു

സാന്‍റിയാഗോ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു. മാരിയോ ടെറാന്‍ സലാസര്‍ (80) ആണ് മരിച്ചത്. ബന്ധുക്കളാണ് മരണ വിവരം പുറത്ത് വിട്ടത്. ബൊളീവിയയിലെ കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

എന്നാല്‍, സുരക്ഷാ പരമായ കാരണങ്ങളാൽ വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെറാന്‍ ചികില്‍സയിലിരുന്ന മിലിറ്ററി ആശുപത്രി തയാറായിട്ടില്ല. 1967 ഒക്ടോബർ 8നാണ് ചെ ഗുവേര വെടിവെച്ച് കൊല്ലപ്പെട്ടത്. സി.ഐ.എ- ക്യൂബൻ ചാരന്മാരുടെ സഹായത്തോടെയാണ് ചെ ഗുവേരയെ വെടിവെച്ചത്.

ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ചെഗുവേര 1967 ഒക്ടോബര്‍ 7 ന് പിടിയിലാവുകയായിരുന്നു. പിറ്റേന്ന് ബൊളീവിയന്‍ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. അങ്ങനെയാണ് അന്ന് ബൊളീവിയന്‍ സൈനികനായിരുന്ന മാരിയോ ടെറാന്‍ ചെഗുവേരയെ വധിക്കാന്‍ നിയോഗിക്കപ്പെട്ടത്.

'നിങ്ങൾ ഒരു മനുഷ്യനെയാണ് കൊല്ലാൻ പോകുന്നതെന്നും കണ്ണിലേക്ക് നോക്കി വെടിവെക്കൂ' എന്ന് ചെ ഗുവേര പറഞ്ഞതായും പിന്നീട് ടെറാൻ വെളിപ്പെടുത്തി. ബൊളീവിയയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂളില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. വെടിവെച്ച് കൊല്ലുമ്പോൾ 39 വയസ് മാത്രമായിരുന്നു ചെഗുവേരയുടെ പ്രായം.

30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ബൊളീവിയന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ടെറാന്‍ മാധ്യമങ്ങളിൽ നിന്നും മറ്റും അകന്ന് അജ്ഞാതനായി ജീവിച്ച് വരികയായിരുന്നു.

Tags:    
News Summary - Bolivian Soldier Who Killed Che Guevara Dies At 80

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.