തെൽഅവിവ്: ഏറെയായി വിചാരണ നേരിടുന്ന അഴിമതി കേസുകളിൽ തനിക്ക് മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ഔദ്യോഗികമായി കത്തെഴുതി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
മൂന്ന് അഴിമതി കേസുകളിലാണ് ആറുവർഷമായി നെതന്യാഹു വിചാരണ നേരിടുന്നത്. എല്ലാറ്റിലും നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ട്രംപ് ഔദ്യോഗികമായി കത്തും നൽകി. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം. സുപ്രധാന സൂചനകളുള്ള അസാധാരണമായ അപേക്ഷയായതിനാൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം അപേക്ഷയിൽ നടപടിയെടുക്കുമെന്ന് ഹെർസോഗിന്റെ ഓഫിസ് പ്രതികരിച്ചു.
അതേസമയം, മാപ്പുനൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റം സമ്മതിച്ച് പശ്ചാത്താപം പ്രകടിപ്പിച്ച് അടിയന്തരമായി രാഷ്ട്രീയം വിടാതെ നെതന്യാഹുവിന് മാപ്പുനൽകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് പറഞ്ഞു. വെറുപ്പും വിഷവും വമിക്കുന്ന യന്ത്രം പ്രവർത്തനം നിർത്തുക മാത്രമാണ് രാജ്യത്ത് ഐക്യം തിരിച്ചെത്തിക്കാനുള്ള മാർഗമെന്നും അതിന് നെതന്യാഹു രാജിവെക്കണമെന്നും ഡെമോക്രാറ്റ്സ് പാർട്ടി അധ്യക്ഷൻ യായർ ഗോലാനും അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ നെതന്യാഹുവിന്റെ ശ്രമമാണിതെന്ന് യിസ്രയേൽ ബെയ്തനും ചെയർമാൻ അവിഗ്ദോർ ലീബർമാനും പ്രതികരിച്ചു.
ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റും നെതന്യാഹുവിനുണ്ട്. ചുമതലയിലിരിക്കെ വിചാരണ നേരിടുന്ന ഇസ്രായേലിന്റെ ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയാണ് നെതന്യാഹു.
കേസ് 1000: ‘ഉപഹാര വിഷയം’ എന്നു പേരിട്ട കേസിൽ നെതന്യാഹു നേരിടുന്നത് വഞ്ചന, വിശ്വാസ വഞ്ചന കുറ്റങ്ങൾ. രണ്ട് സമ്പന്ന വ്യവസായികൾക്ക് നികുതിയിളവ് നൽകുന്ന നിയമമടക്കം രാഷ്ട്രീയ ആനുകൂല്യങ്ങൾ നൽകിയതിന് നെതന്യാഹുവും ഭാര്യ സാറയും വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് പരാതി.
കേസ് 2000: നെതന്യാഹുവിനെ അനുകൂലിച്ച് വാർത്ത നൽകണമെന്ന വ്യവസ്ഥയിൽ പത്രവൈരിയായ ഹയോമിന്റെ വളർച്ച തടയുംവിധം നിയമ നിർമാണത്തിന് ഇസ്രായേൽ പത്രം യെദിയോത്ത് അഹ്റോനോത്തിന്റെ പ്രധാന ഓഹരി പങ്കാളിയായ വ്യവസായി ആരോൺ മോസസുമായി നെതന്യാഹു കരാറുണ്ടാക്കിയെന്ന് പരാതി.
കേസ് 4000: ഇസ്രായേലി ടെലികമ്യൂണിക്കേഷൻസ് കമ്പനി ബെസഖിന് ലയനവും സാമ്പത്തിക നേട്ടവുമടക്കം സാധ്യമാക്കി നെതന്യാഹു അനുകൂല നിയമങ്ങളുണ്ടാക്കിയെന്ന് കേസ്.
ബെസഖ് മുൻ ചെയർമാന്റെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റിൽ തനിക്കുവേണ്ടി വാർത്ത നൽകണമെന്നായിരുന്നു വ്യവസ്ഥ. കൈക്കൂലി വാങ്ങിയെന്നും ഇതിൽ കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.