കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 66 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബൊഗോട്ട: തെക്കൻ കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് വൻ ദുരന്തം. 125 യാത്രക്കാരുമായി പറന്നുയർന്ന സി-130 ഹെർക്കുലീസ് വിമാനമാണ് തകർന്നു വീണത്. അപകടത്തിൽ 66 പേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഇക്വഡോർ, പെറു അതിർത്തിക്കടുത്തുള്ള പുർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. കൊല്ലപ്പെട്ടവരിൽ 58 സൈനികരും ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

വിമാനം തകർന്നു വീണത് വനമേഖലായതിനാൽ രക്ഷാപ്രവർത്തനത്തിന് അതീവ വെല്ലുവിളിയാണ് നേരിടുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ വനത്തിലുടനീളം ചിതറിക്കിടക്കുകയാണ്. ഡ്രഗ് കാർട്ടലുകളുടെയും സായുധ സംഘങ്ങളുടെയും സ്വാധീനമേഖലയായതിനാൽ കനത്ത സുരക്ഷാ ഭീഷണിക്കിടയിലാണ് രക്ഷാപ്രവർത്തകർ മുന്നോട്ട് പോകുന്നത്.



ആകാശത്ത് വെച്ച് വലിയ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ വിമാനം തകർന്നു വീണതായും പ്രദേശവാസിയായ നോവ മോട്ട പറഞ്ഞു. കത്തുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ദുഖം രേഖപ്പെടുത്തി. വിമാനം ഉയരാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രസിഡന്റ് പങ്കുവെച്ചു. രാജ്യത്തെ സൈനിക സന്നാഹങ്ങൾ ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അപകടം വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അപകടസ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ തെക്കേ അമേരിക്കയിൽ സംഭവിക്കുന്ന രണ്ടാമത്തെ സി-130 ഹെർക്കുലീസ് അപകടമാണിത്. ഫെബ്രുവരി 27ന് ബൊളീവിയയിൽ സമാനമായ അപകടത്തിൽ 24 പേർ മരണപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള സൈന്യങ്ങൾ ദുർഘടമായ പാതകളിൽ ഉപയോഗിക്കുന്ന വിമാനമാണിത്. സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - At Least 66 Killed After Colombian Air Force Plane Carrying 125 Soldiers Crashes Shortly After Takeoff Near Peru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.