ബശ്ശാറുൽ അസദ്

സിറിയയിൽ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും സഹോദരനും വധശിക്ഷ വിധിച്ചു

ഡമസ്കസ്: സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന് ഡമാസ്കസ് കോടതി വധശിക്ഷ വിധിച്ചു. രാജ്യം വിട്ട് ഒളിവിലായതിനാൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് കോടതി ഈ നിർണ്ണായക വിധി പ്രഖ്യാപിച്ചത്. ബശ്ശാറുൽ അസദിന് പുറമെ അദ്ദേഹത്തിന്റെ സഹോദരൻ മാഹിറുൽ അസദ്, മുൻ രാഷ്ട്രീയ സുരക്ഷാ മേധാവി ആതിഫ് നജീബ് എന്നിവർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഡമാസ്കസ് ക്രിമിനൽ കോടതിയാണ് ബശ്ശാറുൽ അസദിനെ ആസൂത്രിത കൊലപാതക കുറ്റത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതേസമയം, മുൻ സുരക്ഷാ ഉദ്യോഗസ്ഥനായ ആതിഫ് നജീബിനെ ആസൂത്രിത കൊലപാതകം, ക്രൂരമായ പീഡനം എന്നീ കുറ്റങ്ങളിലുമാണ് കോടതി ശിക്ഷിച്ചത്. മുൻ ഗവൺമെന്റിന്റെ ഉന്നത ഉദ്യോഗസ്ഥരെയും മുൻ ഭരണാധികാരികളെയും വിചാരണ ചെയ്യാൻ സിറിയയിലെ പുതിയ ഇടക്കാല അധികാരികൾ തുടക്കമിട്ടതിന് ശേഷമുള്ള ആദ്യ വധശിക്ഷയാണിത്. 2024-ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബശ്ശാറുൽ അസദ് നിലവിൽ റഷ്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്.

അതേസമയം, ദറാ പ്രവിശ്യയിലെ മുൻ പൊളിറ്റിക്കൽ സെക്യൂരിറ്റി മേധാവിയായിരുന്ന ആതിഫ് നജീബിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയാണ് വിചാരണ നടത്തിയത്. തടവുകാരുടെ യൂണിഫോമിൽ കൂട്ടിലടക്കപ്പെട്ട നിലയിലാണ് അദ്ദേഹം കോടതിയിൽ എത്തിയത്. കുട്ടികളെ കൊലപ്പെടുത്തൽ, കടുത്ത പീഡനം മൂലമുള്ള മരണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയത്.

ഏകദേശം 30 വർഷത്തോളം സിറിയ ഭരിച്ച ഹാഫിസ് ബശ്ശാറ​േൽ അസാദിന്റെ മരണത്തെ തുടർന്ന് 2000ത്തിലാണ് ബശ്ശാറുൽ അസദ് അധികാരമേറ്റത്. തുടർന്ന് 2024 ഡിസംബറിൽ ഭരണം പൂർണമായി തകരുന്നതുവരെ അദ്ദേഹം അധികാരത്തിൽ തുടർന്നു. 2011ൽ ദറായിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ സിറിയൻ സുരക്ഷാ സേന ക്രൂരമായി അടിച്ചമർത്തിയതോടെയാണ് രാജ്യത്ത് ചരിത്രപ്രസിദ്ധമായ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് നേരെ നടന്ന മാരകമായ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകിയത് നജീബായിരുന്നു.

തുടർന്ന് ഈ അശാന്തി വേഗത്തിൽ രാജ്യത്തുടനീളം പടരുകയും, സർക്കാർ സേനകളും വിവിധ വിമത ഗ്രൂപ്പുകളും വിദേശ ശക്തികളും തമ്മിലുള്ള നീണ്ടൊരു സംഘർഷമായി മാറുകയും ചെയ്തു. കൂട്ടക്കൊലകൾ, ക്രൂരമായ പീഡനങ്ങൾ, ആളുകളെ കാണാതാവൽ തുടങ്ങിയ നിരവധി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് ഈ യുദ്ധകാലയളവ് സാക്ഷ്യം വഹിച്ചത്. നിലവിലെ പുതിയ നിയമനടപടികൾ സിറിയൻ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - സിറിയയിൽ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും സഹോദരനും വധശിക്ഷ വിധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.