തായ്​ ഗുഹയിൽ നിന്ന് പുറത്തെത്തിച്ച കുട്ടികളിൽ അണുബാധ

മെസായി: തായ്​ലാൻറിലെ ഗുഹയിൽ നിന്ന് പുറത്തെത്തിച്ച കുട്ടികളിൽ ചിലർക്ക് അണുബാധയുള്ളതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്തിയ നാലു കുട്ടികളിൽ രണ്ടു പേർക്കാണ് പരിശോധനയിൽ ചെറിയ അണുബാധ ഉള്ളതായി ചിയാങ്റായി ആശുപത്രിയിലെ ഡോക്ടർമാരാണ് സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് പനി പിടിപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ആന്‍റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നൽകുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചോകദാംറോൺസക് അറിയിച്ചു. 

ഒരു കുട്ടിയുടെ കണങ്കാലിന് പരിക്കുണ്ട്. രണ്ടാം ദൗത്യത്തിൽ പുറത്തെത്തിച്ച കുട്ടികൾ 12നും 14നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ ചിലർക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. എന്നാൽ, മറ്റ് രോഗ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളെ രക്തം, ശ്വാസകോശത്തിന്‍റെ എക്സ് റേ, കണ്ണുകൾ, മാനസികനില എന്നീ പരിശോധനകൾക്ക് വിധേയമാക്കി. 

രണ്ടാഴ്ചയോളം ഇരുട്ടിൽ കഴിഞ്ഞതിനാൽ കുട്ടികൾക്ക് സൂര്യരശ്മികൾ കണ്ണിൽ പതിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സൺ ഗ്ലാസുകൾ നൽകിയിട്ടുണ്ട്. അതു പോലെ തന്നെ കുട്ടികളുടെ ഭക്ഷണക്രമത്തിലും മാറ്റം വരുത്തി. ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണം കൂടാതെ കുട്ടികൾ ആവശ്യപ്പെട്ട ബ്രെഡും ചോക്ലറ്റും അധികൃതർ നൽകിയിട്ടുണ്ട്. കൂടാതെ മാതാപിതാക്കൾക്ക് കുട്ടികളെ ഗ്ലാസ് വാതിലിന് പുറത്ത് നിന്ന് കാണാനും ഫോണിൽ സംസാരിക്കാനും സൗകര്യം ഏർപ്പെടുത്തിയിരുന്നു.   

ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയിൽ കുടുങ്ങിയ കുട്ടികളും ഫുട്ബാൾ കോച്ചും അടക്കം 13 അംഗ സംഘത്തിൽ നാലു കുട്ടികളെ പുറത്തെത്തിച്ചത്. തുടർന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി മുങ്ങൽ വിദഗ്ധർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇനി നാലു കുട്ടികളും ഫുട്ബാൾ കോച്ചും അടക്കം അഞ്ചു പേരാണ് ഗുഹയിലുള്ളത്. ഇന്നലെ താൽകാലികമായി നിർത്തിവെച്ച രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും.

Tags:    
News Summary - Thai cave rescue: Boys had minor lung infections -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.