മിസൈല്‍ നിയന്ത്രിത ഗ്രൂപ്പില്‍ ചേരാന്‍ ഇന്ത്യയുടെ തടസ്സം നീങ്ങി

ന്യൂഡല്‍ഹി: മിസൈല്‍ നിയന്ത്രിത ഗ്രൂപ്പില്‍ (എം.ടി.സി.ആര്‍) ചേരാന്‍ ഇന്ത്യയുടെ അവസാന തടസ്സവും നീങ്ങിയതായി വിദഗ്ധര്‍. വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 34 രാജ്യങ്ങളുള്ള ഗ്രൂപ്പില്‍ ഇന്ത്യയുടെ പ്രവേശത്തിനുണ്ടായിരുന്ന വിലക്ക് തിങ്കളാഴ്ചയോടെ ഇല്ലാതായെന്നും ഈ രാജ്യങ്ങളില്‍ ആരും എതിര്‍പ്പ് അറിയിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവികമായി ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്നും എം.ടി.സി.ആര്‍ അംഗരാജ്യങ്ങളിലെ നാല് നയതന്ത്രജ്ഞര്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പുതിയ അവസരം ഇന്ത്യക്ക് ഏറ്റവും മികച്ച മിസൈല്‍ സാങ്കേതികവിദ്യ സ്വന്തമാക്കാനും ആളില്ലാ നിരീക്ഷണവിമാനമായ ‘യു.എസ് പ്രിഡേറ്റര്‍’ അടക്കം വാങ്ങാനും അവസരമൊരുക്കും. ഇന്ത്യ റഷ്യയുമായി സഹകരിച്ചുണ്ടാക്കുന്ന ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ്  മൂന്നാംലോക രാജ്യങ്ങളില്‍ വിറ്റഴിക്കാനും അംഗത്വത്തിലൂടെ സാധിക്കും.  അതോടൊപ്പം മിസൈലിന്‍െറ പരമാവധി വിക്ഷേപണദൂരം 300 കി.മീ. എന്ന നിബന്ധന പാലിക്കേണ്ടിവരും. ഇറ്റലി നേരത്തേ ഇന്ത്യയുടെ എം.ടി.സി.ആര്‍ പ്രവേശത്തെ എതിര്‍ത്തിരുന്നു. എന്നാല്‍,  ഇത്തവണ എതിര്‍ത്തില്ല. നെതര്‍ലന്‍ഡ്സ് ഇന്ത്യയെ അംഗമാക്കണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയുമുണ്ടായി. ഇന്ത്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളികളെ വധിച്ച കേസില്‍ ഡല്‍ഹി എംബസിയില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ നാവികനെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യ അനുവദിച്ചതാണ് ഇറ്റലിയുടെ എതിര്‍പ്പില്ലാതാക്കിയതെന്നാണ് വിലയിരുത്തല്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.