ഐ.എസ് അനുകൂലികളായ അറബ് യുവാക്കളുടെ എണ്ണം കുറയുന്നു

ബൈറൂത്: ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരുന്ന അറബ് യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായി അറബ് യൂത് സര്‍വേ റിപ്പോര്‍ട്ട്. ഖിലാഫത്ത ്സ്ഥാപിക്കുന്നതില്‍ ഐ.എസ് വമ്പിച്ച പരാജയമാണെന്നാണ് അവരുടെ വിലയിരുത്തല്‍.കലാപത്തിന്‍െറ വഴി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഐ.എസിനെ പിന്തുണക്കുമായിരുന്നുവെന്നാണ് 13 ശതമാനം പേര്‍ പറയുന്നത്. പശ്ചിമേഷ്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഐ.എസ് എന്ന് 50 ശതമാനം യുവാക്കളും കരുതുന്നു.ഐ.എസിനെ എതിര്‍ത്തിരുന്നത് കഴിഞ്ഞവര്‍ഷം 37 ശതമാനം പേരായിരുന്നു. മതപരമായ ചിന്തകളെക്കാള്‍, തൊഴിലില്ലായ്മ രൂക്ഷമായതാണ് യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് കരുതുന്നത്. 16 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ എട്ടും ഇക്കാര്യം അടിവരയിടുന്നു. അറബ് വസന്തം കൊണ്ടുവന്ന ജനാധിപത്യ സ്വാതന്ത്ര്യത്തെക്കാള്‍ സാമ്പത്തിക സുസ്ഥിരതയാണ് രാജ്യങ്ങള്‍ക്കാവശ്യമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജനാധിപത്യം ചിരകാല അഭിലാഷമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. അറബ് ലോകത്ത് 15 നും 24നും ഇടയിലുള്ള യുവാക്കള്‍ തൊഴില്‍രഹിതരാണ്.

അറബ്രാജ്യങ്ങളില്‍  7.5 കോടിയോളം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ വിശ്വാസം. 18നും 24 മിടെ പ്രായമുള്ള 3500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 47 ശതമാനവും വിശ്വസിക്കുന്നത് സുന്നി-ശിയ ബന്ധം തകര്‍ന്നു തരിപ്പണമായെന്നാണ്. സിറിയന്‍ ആഭ്യന്തരയുദ്ധം ആഗോള ശക്തികളും ഭരണകൂടവും തമ്മിലുള്ള നിഴല്‍യുദ്ധമായി മാറിയെന്ന് 39 ശതമാനം പേര്‍ വിലയിരുത്തുമ്പോള്‍ ബശ്ശാര്‍ അല്‍അസദിനെ പുറത്താക്കാനുള്ള ജനകീയ വിപ്ളവമാണ് അതെന്നാണ് 29 ശതമാനവും കരുതുന്നത്. എന്നാല്‍, സിറിയന്‍ കലാപം  നിരപരാധികളായ സിവിലിയന്മാര്‍ക്കു നേരെയുള്ള യുദ്ധമാണെന്നാണ് 22 ശതമാനം യുവാക്കളുടെ പക്ഷം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.