ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: പകരച്ചുങ്കം ഉൾപ്പെടെ ആഗോള താരിഫ് നയങ്ങളെ തള്ളിയ യു.എസ് സുപ്രീം കോടതി നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി കടുത്ത നിരാശനൽകുന്നതാണെന്ന് പ്രതികരിച്ച ട്രംപ്, വിധിന്യായം നടത്തിയ ജഡ്ജിമാരെയും കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. രാജ്യത്തിന് ഗുണകരമായ നിലപാട് സ്വീകരിക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാർ നാണക്കേട് എന്നായിരുന്നു കോടതി വിധിക്കു പിന്നാലെ വൈറ്റ്ഹൗസിൽ ഡോണൾഡ് ട്രംപിന്റെ ആദ്യ പ്രതികരണം.
പേരിൽ മാത്രം റിപ്പബ്ലിക്കൻമാരായവർക്കും, തീവ്ര ഇടത് ഡെമോക്രാറ്റുകൾക്കും വിഡ്ഢികളും വളർത്തുപട്ടികളുമായി മാറുകയാണ് അവർ. ദേശസ്നേഹമോ, ഭരണഘടനയോട് കൂറോ ഇല്ലാത്തവരാണ്’ -വൈറ്റ് ഹൗസിൽ മാധ്യമങ്ങളുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ അനുയായികളായ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ജഡ്ജിമാരും ട്രംപിന്റെ താരിഫ് നയം തള്ളി വിധി പറഞ്ഞതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
തന്റെ തീരുമാനത്തിനെതിരെ വിധിന്യായം നടത്തിയ ജഡ്ജിമാർ അപമാനമാണെന്ന്, പറഞ്ഞ ട്രംപ് അവർ തങ്ങളുടെ കുടുംബങ്ങൾക്കും നാണക്കേടാണെന്നും പരിഹസിച്ചു.
അതേസമയം, വിധിന്യായം നടത്തിയ ഒമ്പതംഗ ബെഞ്ചിൽ ട്രംപ് നയങ്ങളെ അനുകൂലിച്ച ജസ്റ്റിസുമാരയ തോമസ്, അലിറ്റോി, കാവനോ എന്നിവരെ അദ്ദേഹം പ്രശംസിച്ചു. കരുത്തും ധൈര്യവുമുള്ളവരെന്നായിരുന്നു പ്രസിഡന്റിന്റെ വിശേഷണം.
‘വിദേശ താൽപര്യങ്ങളാണ് സുപ്രീം കോടതിയെ സ്വധീനിച്ചത്. ദശലക്ഷക്കണക്കിന് വോട്ടുകൾക്കാണ് ഞാൻ വിജയിച്ചത്. പക്ഷേ ഇവർ (ജഡ്ജിമാർ) മ്ലേച്ഛരും, വിവരമില്ലാത്തവരും, ഉച്ചത്തിൽ സംസാരിക്കുന്നവരുമാണ്. ചില ജഡ്ജിമാർ അതിനെ ഭയപ്പെടുന്നുണ്ടെന്ന് കരുതുന്നു. അവർക്ക് ശരിയായ കാര്യം ചെയ്യാൻ കഴിയുന്നില്ല’ -ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ശ്രദ്ധേയമായ വിധിന്യായത്തിൽ അമേരിക്കൻ ഫെഡറൽ കോടതി ട്രംപിന്റെ ആഗോള തീരുവ നയങ്ങളെ തള്ളിയത്. ഇന്ത്യ, ചൈന, കാനഡ ഉൾപ്പെടെ രാജ്യങ്ങൾക്കെതിരെ ചുമത്തിയ അധിക ഇറക്കുമതി തീരുവ നിലനിൽക്കില്ലെന്നും കോടതി വിധിച്ചു. അടിയന്തര ദേശീയ സാഹചര്യം കണക്കിലെടുത്താണ് അധിക തീരുവ ചുമത്തിയതെന്ന് ട്രംപിന്റെ നിലപാട് തള്ളിയ കീഴ്കോടതി വിധി അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് താരിഫ് നയം തള്ളിയത്. അമേരിക്കൻ കോൺഗ്രസിനെ മറികടന്ന് പ്രസിഡന്റിന് ഇത്തരമൊരു തീരുമാനമെടുക്കാനാവില്ലെന്നും, 1974ലെ വ്യാപാര നിയമത്തിലെ അടിയന്തര ചട്ടങ്ങൾ ഉപയോഗപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ, സുപ്രീം കോടതി വിധിയുണ്ടെങ്കിലും ചുമത്തിയ താരിഫ് നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.