ന്യൂഡൽഹി: ‘ഓപറേഷൻ സിന്ധു’വിന്റെ ഭാഗമായി ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെയുംകൊണ്ടുള്ള രണ്ടു വിമാനങ്ങൾ കൂടി ഞായറാഴ്ച ഡൽഹിയിലെത്തി. വൈകീട്ട് 4.30ന് മശഹ്ദിൽ നിന്ന് എത്തിയ വിമാനത്തിലെ 311 ഇന്ത്യക്കാരിൽ ഒരു മലയാളിയുമുണ്ടായിരുന്നു. അഹ്മദാബാദിൽ ഡിസൈനറായ കണ്ണൂർ സ്വദേശി ദിനേശ് കൂർജനാണ് ഞായറാഴ്ച എത്തിയത്. ഇതോടെ ഇറാനിൽനിന്ന് എത്തിയ മലയാളികളുടെ എണ്ണം രണ്ടായി. ആർക്കിടെക്റ്റുകൾക്കൊപ്പം ഇറാനിലേക്ക് വിനോദയാത്ര പോയതായിരുന്നു ദിനേശ്.
ജൂൺ 22ന് വൈകുന്നേരം 4 മണിക്ക് മശഹ്ദിൽ നിന്ന് പ്രത്യേക വിമാനത്തിൽ 311 ഇന്ത്യൻ പൗരന്മാർ ഡൽഹിയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പുതിയ ബാച്ച് ഒഴിപ്പിച്ചതോടെ ഇറാനിൽ നിന്ന് മടങ്ങി വന്നവരുടെ ആകെ എണ്ണം 1,428 ആയി.
വർധിച്ചവരുന്ന സംഘർഷം കണക്കിലെടുത്ത് ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യ കഴിഞ്ഞ ആഴ്ച ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ചു. ഇറാൻ നഗരമായ മഷാദ്, അർമേനിയൻ തലസ്ഥാനമായ യെരേവൻ, തുർക്ക്മെനിസ്ഥാൻ തലസ്ഥാനമായ അഷ്ഗാബത്ത് എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച മുതൽ ഇന്ത്യ ചാർട്ടേഡ് വിമാനങ്ങളിൽ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. മഷാദിൽ നിന്നുള്ള മൂന്ന് ചാർട്ടേഡ് വിമാനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി വെള്ളിയാഴ്ച ഇറാൻ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കി.
290 ഇന്ത്യക്കാരുമായി ആദ്യ വിമാനം വെള്ളിയാഴ്ച വൈകി ഡൽഹിയിൽ ഇറങ്ങി. 310 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച ഉച്ചക്ക് ദേശീയ തലസ്ഥാനത്ത് എത്തി. അർമേനിയൻ തലസ്ഥാന നഗരമായ യെരേവനിൽ നിന്ന് വ്യാഴാഴ്ച മറ്റൊരു വിമാനം എത്തി. അഷ്ഗാബത്തിൽ നിന്നുള്ള പ്രത്യേക ഒഴിപ്പിക്കൽ വിമാനം ശനിയാഴ്ച പുലർച്ചെ ഡൽഹിയിൽ ഇറങ്ങി.
ന്യൂഡല്‍ഹി: യു.എസ് ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായി ഫോണില്‍ സംസാരിച്ചു. സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചതായും സംഭാഷണത്തിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും അടിയന്തരമായി സംഘർഷമില്ലാതാക്കണമെന്ന് അഭ്യർഥിച്ചെന്നും മോദി ‘എക്സി’ലൂടെ അറിയിച്ചു. 45 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തില്‍ അമേരിക്കൻ ആക്രമണത്തെ പ്രത്യേകം പരാമർശിക്കുകയോ അപലപിക്കുകയോ ചെയ്തതായി പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.
ഇസ്‍ലാമാബാദ്: ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ. മേഖലയിൽ സംഘർഷം വർധിക്കുന്നതിൽ രാജ്യത്തിന് വളരെ ആശങ്കയുണ്ടെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നതാണ് ഈ ആക്രമണങ്ങൾ. ഐക്യരാഷ്ട്രസഭ ചാർട്ടർ പ്രകാരം ഇറാന് സ്വയംപ്രതിരോധിക്കാൻ നിയമപരമായ അവകാശമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഔദ്യോഗികമായി നാമനിർദേശം ചെയ്യാൻ തീരുമാനിച്ചതായി പാകിസ്താൻ അറിയിച്ചതിന്റെ തൊട്ടുപിറ്റേ ദിവസമാണ് ഇറാൻ വിഷയത്തിൽ പ്രസ്താവനയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.