തെൽ അവീവ്: അമേരിക്കൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനെന്ന പേരിൽ ഇസ്രായേലിൽ യു.എസ് സ്ഥാപിച്ച ആയുധ സംഭരണകേന്ദ്രം ഗസ്സയിൽ വിതക്കുന്നത് മഹാനാശം. ഇസ്രായേലിന് നിർബാധം ഉപയോഗിക്കാൻ ഇത് തുറന്നുനൽകിയതോടെയാണ് മാനദണ്ഡങ്ങളേതുമില്ലാതെ നിരപരാധികളായ സിവിലിയന്മാർക്കുമേൽ ഇസ്രായേൽ ഇവ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്.
1973ലെ യോം കിപ്പൂർ യുദ്ധത്തിനു പിറകെ 80കളിലാണ് അമേരിക്ക ഇസ്രായേലിലെ ദക്ഷിണ മരുഭൂ പ്രദേശത്ത് ആയുധ സംഭരണശാല സ്ഥാപിക്കുന്നത്. അവശ്യഘട്ടങ്ങളിൽ യു.എസ് സേനക്ക് ഉപയോഗിക്കാനെന്ന പേരിലായിരുന്നു കരാർ. 2000കളിലെത്തിയതോടെ കര, നാവിക, വ്യോമ സേനകൾക്ക് ആവശ്യമായ എല്ലാവിധ ആയുധങ്ങളും ഇവിടെയെത്തി. ഡബ്ല്യു.ആർ.എസ്.എ-ഇ എന്ന പേരിലെ ആയുധകേന്ദ്രത്തിന്റെ നിയന്ത്രണം തുടക്കത്തിൽ യു.എസ് യൂറോപ്യൻ കമാൻഡിനായിരുന്നെങ്കിൽ പിന്നീടത് യു.എസ് സെൻട്രൽ കമാൻഡിലേക്കു മാറ്റി. 2006ൽ ഹിസ്ബുല്ലക്കെതിരായ യുദ്ധത്തിലും 2014ലും ഗസ്സയിലും ഈ ആയുധങ്ങൾ ഉപയോഗിക്കാൻ ഇസ്രായേലിന് അമേരിക്ക അനുമതി നൽകി. ഒക്ടോബർ ഏഴിനു ശേഷം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇവിടെനിന്നുള്ള ആയുധങ്ങൾ. ശതകോടിക്കണക്കിന് ഡോളറുകൾ വരുന്ന അത്യാധുനിക ശേഖരം ഇസ്രായേൽ അവസരമാക്കുന്നതിനെതിരെ ലോകമെങ്ങും പ്രതിഷേധം പടരുന്നത് യു.എസിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. കണക്കുകൾ പുറംലോകമറിയില്ലെന്നതിനാൽ ഗസ്സയെ ചാരമാക്കാൻ ഇതുതന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. യു.എസ് കോൺഗ്രസിനു മുമ്പാകെപോലും ഈ ആയുധങ്ങളെ കുറിച്ച കണക്കുകൾ അവതരിപ്പിക്കേണ്ടതില്ലെന്നാണ് സൗകര്യം. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21,000 പിന്നിട്ടിട്ടും ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബിന്യമിൻ നെതന്യാഹു.
ഇസ്രായേലിന് നൽകുന്ന അപകടകരമായ സഹായങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ സ്റ്റേറ്റ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോഷ് പോൾ അടുത്തിടെ രാജിവെച്ചിരുന്നു. നേരിട്ട് കപ്പലിൽ എത്തിക്കുന്നത് പരസ്യ വിമർശനം വരുത്തുമെന്നതിനാൽ ഈ ആയുധ സംഭരണകേന്ദ്രം തുറന്നുനൽകുകയാണ് ബൈഡനെന്ന് അദ്ദേഹം പറയുന്നു.
ആയുധകേന്ദ്രത്തിലെ ബോംബുകളിലേറെയും കൃത്യമായ ലക്ഷ്യകേന്ദ്രങ്ങളിൽ വർഷിക്കാൻ നിർമിച്ചതല്ലെന്നും ഇവയുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ഭീകരമാണെന്നും അടുത്തിടെ അദ്ദേഹം കുറ്റപ്പെടുത്തി. എം117കൾ പോലെ ‘ഇരുമ്പ് ബോംബുകൾ’ എന്ന പേരിലുള്ള ഇവ വിമാനത്തിൽനിന്ന് വർഷിച്ചാൽ വൻ ആഘാതമാണ് സൃഷ്ടിക്കുക. ഗസ്സയിൽ വർഷിച്ച 45 ശതമാനത്തോളം ബോംബുകളും ഇവയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.