യുദ്ധക്കെടുതികൾക്കിടയിലും അതിജീവനത്തിന്‍റെ ഈണം; 'എപിക് ഓഫ് ഖോറംഷഹർ' വീണ്ടും തരംഗമാകുന്നു

തെഹ്‌റാൻ: ഇറാൻ-ഇറാഖ് യുദ്ധകാലത്തെ ഖോറംഷഹർ നഗരത്തിന്‍റെ വീണ്ടെടുപ്പും അതിജീവനവും പ്രമേയമാക്കി 1982ൽ മജീദ് ഇൻതിസാമിന്‍റെ ചിട്ടപ്പെടുത്തിയ 'എപിക് ഓഫ് ഖോറംഷഹർ' ആണ് പുതിയ തലമുറയെയും വിസ്മയിപ്പിക്കുന്നത്. യുദ്ധദുരിതങ്ങളുടെയും പ്രതീക്ഷകളുടെയും കഥ സംഗീതത്തിലൂടെ ആവിഷ്കരിച്ചതുകൊണ്ടാണ് ഈ കൃതി 'സിംഫണി ഓഫ് സ്റ്റോറിടെല്ലിങ്' അഥവാ കഥ പറയുന്ന സംഗീത വിരുന്ന് എന്ന് വിളിക്കപ്പെടുന്നത്.

തെഹ്‌റാൻ സിംഫണി ഓർക്കസ്ട്ര ആദ്യമായി അവതരിപ്പിച്ച ഈ വിഖ്യാത കൃതി നാല് ചലനങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.  ഉറുജ് (ആരോഹണം), റുയേഷ് (തഴച്ചുവളരൽ), ഓമിദ് (പ്രതീക്ഷ), മുഖാവേമത്ത് (പ്രതിരോധം) എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ ഭാഗങ്ങൾ, ഒരു ജനതയുടെ അതിജീവന യാത്രയുടെ നേർക്കാഴ്ചകളാണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന താളങ്ങളും ഗംഭീരമായ മെലഡികളും നാടകീയമായ വോളിയം വർദ്ധനവുകളും ഉപയോഗിച്ച് ഇൻതിസാം ഈ കൃതിയിൽ യുദ്ധത്തിന്‍റെ ഭീകരതയും അതേസമയം അതിജീവനത്തിനായുള്ള വലിയ ത്യാഗങ്ങളും കോർത്തിണക്കി.

യുദ്ധം തകർത്ത ഖോറംഷഹർ എന്ന അതിർത്തി നഗരത്തിന്റെ വേദനകളെയും പോരാട്ടങ്ങളെയും ഒരു സംഗീത രേഖയായി മാറ്റാൻ എന്തിസാമിക്ക് കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷവും ഈ സംഗീതം ജനങ്ങൾക്കിടയിൽ പ്രതിരോധത്തിന്‍റെയും ഓർമ്മപ്പെടുത്തലിന്‍റെയും ചിഹ്നമായി നിലനിൽക്കുന്നു എന്നത് കലാസൃഷ്ടികളുടെ കാലാതീതമായ ശക്തിയെയാണ് വെളിപ്പെടുത്തുന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഒരു ഇറാനിയൻ സംഗീതശില്പം ഇന്ന് ഡിജിറ്റൽ ലോകത്തെ ആവേശമായി മാറുന്നു.

Tags:    
News Summary - A song of survival amidst the ravages of war Epic of Khorramshahr is making waves again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.