ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിനു നേരെ ആക്രമണം: 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇറാനിയൻ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിച്ചുള്ള ‘ദിശ’ എൽ.പി.ജി ടാങ്കറിലെ 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ജൂലൈ 24ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ എംബസി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്. ഇത് വാണിജ്യ കപ്പലുകളുടെ സുരക്ഷയെക്കുറിച്ചും സമുദ്ര സഞ്ചാര പാതകളെക്കുറിച്ചും വൻ ആശങ്ക ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരിങ്കടലിൽ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എം.വി ഒമോർഫി’ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ബാക്കി രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. സമുദ്ര സുരക്ഷക്കും അന്താരാഷ്ട്ര വാണിജ്യത്തിനും വലിയ ഭീഷണിയുയർത്തുന്ന ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും ദുരന്തത്തിനിരയായ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും സിവിലിയൻ ജീവനക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കാൻ എല്ലാ കക്ഷികളോടും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു.

ജൂലൈ 19ന് ഗിനിയ-ബിസാവു പതാക വഹിച്ച ‘എം.വി ഗോൾഡൻ ലീ യോ’ എന്ന ചരക്കുകപ്പലിനു നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കടൽപ്പാതകളിലെ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണി അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.

അതേസമയം, യു.എസുമായുള്ള ചർച്ചകളിൽ ഇറാൻ കൂടുതൽ ഗൗരവം കാണിച്ചുതുടങ്ങിയതുകൊണ്ട് വലിയ തോതിലുള്ള സൈനികാക്രമണങ്ങൾ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനെതിരെ വലിയൊരു സൈനിക നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം. ആക്രമണ​ത്തെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയോ എന്ന ചോദ്യത്തിന് ‘നോക്കൂ, ഞങ്ങൾ ഇപ്പോൾ അവരുമായി സംസാരിക്കുന്നുണ്ട്. ദിവസങ്ങൾ കടന്നുപോകുന്തോറും അവർ കൂടുതൽ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർക്ക് ഒരിക്കലും ആണവായുധം ഉണ്ടാകാൻ പാടില്ല’- ട്രംപ് പറഞ്ഞു.

അമേരിക്കൻ സൈനിക നടപടി ഇറാനിയൻ സേനയെ ഗുരുതരമായി ദുർബലപ്പെടുത്തിയതായും ട്രംപ് അവകാശപ്പെട്ടു. ‘ഞങ്ങൾ ഇറാനെ വളരെ ശക്തമായി ആക്രമിച്ചിട്ടുണ്ട്. അവരുടെ നാവികസേനയും വ്യോമസേനയും തകർക്കപ്പെട്ടു. ഇറാ​ന്റെ 250-ഓളം ജെറ്റ് വിമാനങ്ങളും 159 ബോത്തുകളും കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് എടുത്തുപറഞ്ഞു.

ഇതിനിടെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച എണ്ണ ടാങ്കർ കപ്പലിന് നേരെ യു.എസ്. സൈന്യം വെടിയുതിർത്തു. യു.എസ്. ഉപരോധം ലംഘിക്കാൻ കപ്പൽ നാല് തവണയെങ്കിലും ശ്രമിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ജീവനക്കാർ അനുസരിക്കാത്തതിനെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിലേക്ക് യു.എസ്. സേന വെടിയുതിർത്ത് കപ്പൽ നിർജ്ജീവമാക്കുകയായിരുന്നുവെന്നും, നിലവിൽ കപ്പൽ ഇറാനിലേക്കുള്ള യാത്രയിലല്ലെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.

നിലവിൽ രണ്ടാഴ്ചയായി തുടരുന്ന യു.എസ്. ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ തകിടം മറിച്ചിരിക്കുകയാണ്. കരാറിലെത്തുകയോ അതല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള ആക്രമണങ്ങളെ നേരിടുകയോ ചെയ്യുക എന്ന രണ്ട് വഴികളാണ് ഇറാനു മുന്നിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. നിർണായകമായ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിൽ നിന്ന് ഇറാനെ തടയാനാണ് തങ്ങൾ ഈ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് അമേരിക്കയുടെ വാദം.

Tags:    
News Summary - 28 Indians on LPG tanker ‘Disha’ safe after attack near Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.