22 വർഷം മരവിപ്പിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് 54 കാരിക്ക് പെൺകുഞ്ഞ്; 21കാരനായ മകൻ മരിച്ചതിന് പിന്നാലെ വീണ്ടും ഐ.വി.എഫ്

റോം: 22 വർഷത്തിലേറെയായി മരവിപ്പിച്ചു സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ച് 54 കാരിയായ ഗ്രീക്ക് വനിത പെൺകുട്ടിക്ക് ജന്മം നൽകി. ഐ.വി.എഫ് ചികിത്സയ്ക്കുള്ള ഗ്രീസിന്റെ പ്രായപരിധി അവസാനിക്കാറായ ഘട്ടത്തിലായിരുന്നു ഗർഭധാരണം. കഴിഞ്ഞ ഒക്ടോബറിൽ റോഡപകടത്തിൽ 21 കാരനായ മകൻ ജോർഗോസ് മരിച്ച് കുറച്ചുമാസങ്ങൾക്ക് ശേഷമാണ് മറ്റൊരു കുഞ്ഞിന് ജന്മം നൽകാൻ ക്രിസ്റ്റിന റാപ്തി-സെലേപിയും 60 കാരനായ ഭർത്താവ് കോൺസ്റ്റാന്റിനോസ് റാപ്തിസും തീരുമാനിച്ചത്. ഇതോടെ ദമ്പതികൾ വീണ്ടും ഐ.വി.എഫ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

മുമ്പ് ക്രയോപ്രിസർവ് (Cryopreserve) ചെയ്തുവെച്ചിരുന്ന ഭ്രൂണമുണ്ടായിരുന്നുവെന്നതാണ് ദമ്പതികൾക്ക് സഹായമായത്. എന്നാൽ 54 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ഐ.വി.എഫ് ചികിത്സയ്ക്ക് വിധേയരാകുന്നത് ഗ്രീസിലെ നിയമം അനുവദിക്കുന്നില്ലെന്നത് ഇവർക്കു മുന്നിൽ പ്രതിസന്ധി തീർത്തു. റാപ്തി സെലേപി പ്രായപരിധിയോട് അടുത്തുകൊണ്ടിരുന്നതിനാൽ ദമ്പതികൾ ദേശീയ റീപ്രൊഡക്റ്റീവ് മെഡിസിൻ അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഗർഭധാരണം നടത്തിയത്. സെപ്റ്റംബർ 9 ബുധനാഴ്ച ഏതൻസിലെ ആശുപത്രിയിൽ 54 കാരി പെൺകുട്ടിക്ക് ജന്മം നൽകി. നവജാത ശിശുവിന് 3.49 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഐ.വി.എഫ് വഴി ജനിച്ചതും പിന്നീട് മരണപ്പെട്ടതുമായ തങ്ങളുടെ മകൻ ജോർഗോസിന്റെ ഓർമ്മയ്ക്കായി ദമ്പതികൾ മകൾക്ക് ജോർജിയ എന്ന് പേരിട്ടു. വൈദ്യശാസ്ത്രരംഗത്ത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ് ഈ കുഞ്ഞിന്റെ ജനനം. ദീർഘകാലം സൂക്ഷിച്ചുവെച്ച ഭ്രൂണത്തിൽ നിന്നുള്ള വിജയകരമായ ജനനങ്ങൾ താരതമ്യേന അപൂർവ്വമാണ്. കഴിഞ്ഞ വർഷം ഒഹായോയിലെ ദമ്പതികൾ 30 വർഷത്തിലധികം മരവിപ്പിച്ചു വെച്ചിരുന്ന ഭ്രൂണം ഉപയോഗിച്ച് ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകരിച്ച ഒരു നാഴികക്കല്ലായിരുന്നു അത്. 54 കാരി കുഞ്ഞിന് ജന്മം നൽകിയതോടെ ഗ്രീസിലെ ഐ.വി.എഫ് പ്രായപരിധി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. ജനനനിരക്ക് കുറയുന്ന ഗ്രീസിന്റെ പശ്ചാത്തലത്തിൽ, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്ന് ഗൈനക്കോളജിസ്റ്റും ഹെല്ലനിക് സൊസൈറ്റി ഓഫ് റീപ്രൊഡക്റ്റീവ് മെഡിസിൻ തലവനുമായ കോസ്റ്റാസ് പാന്റോസ് പറഞ്ഞു.

Tags:    
News Summary - greek-woman-54-gives-birth-using-embryo-frozen-for-22-years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.