മൂന്നാം വയസ്സിൽ കിരീടം, 34ൽ ദാരുണാന്ത്യം, കാപ്പിക്കുരു എറിഞ്ഞ് അധികാരമേറി പുതിയ ഭരണാധികാരി, അംഗീകരിക്കാതെ കുടുംബം; ഉഗാണ്ടൻ കൊട്ടാരത്തിൽ തർക്കം രൂക്ഷം
ഫോർട്ട് പോർട്ടൽ (ഉഗാണ്ട): ഉഗാണ്ടയിലെ തോറോ) സാമ്രാജ്യത്തിന്റെ രാജാവ് ഓയോ ന്യീംബ കാബാംബ ഇഗുരു റുകിഡി നാലാമൻ (34) അന്തരിച്ചതിനെത്തുടർന്ന് ഫോർട്ട് പോർട്ടലിലെ കരംഭ രാജകീയ കുടീരത്തിൽ സംസ്‌കാരച്ചടങ്ങുകൾ നടന്നു. എന്നാൽ സംസ്‌കാരച്ചടങ്ങുകൾക്കിടയിലും അടുത്ത രാജാവ് ആരാകണമെന്നതിനെ ചൊല്ലിയുള്ള കടുത്ത തർക്കങ്ങൾ കൊട്ടാരത്തിൽ രൂക്ഷമായിരിക്കുകയാണ്
തോറോ രാജവംശത്തിന്റെ പരമ്പരാഗത ആചാരങ്ങൾ സംരക്ഷിക്കുന്ന ബാബീറ്റോ ഉപജാതി തലവന്മാർ, ഉഗാണ്ട ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനിലെ വാർത്താ അവതാരകനും എഡിറ്ററുമായ എഡ്വേർഡ് റുകിഡി കിജാനങ്കോമയെ (56) അടുത്ത രാജാവായി തെരഞ്ഞെടുത്തു. സംസ്‌കാരച്ചടങ്ങിനിടെ കല്ലറയിലേക്ക് ഒമ്പത് കാപ്പിക്കുരുക്കൾ എറിഞ്ഞ് അദ്ദേഹം ആചാരപരമായി അധികാരം ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, ഈ തെരഞ്ഞെടുപ്പിനെ പരേതനായ രാജാവിന്റെ മാതാവ് ബെസ്റ്റ് കെമിഗിസയും സഹോദരി റൂത്ത് കൊമുന്താലെയും ശക്തമായി എതിർത്തു. ഓയോ രാജാവ് തനിക്കൊരു മകനുണ്ടെന്നും അവനാണ് തന്റെ നിയമപരമായ അവകാശിയെന്നും വ്യക്തമാക്കി 2022ൽ എഴുതിവെച്ച വിൽപത്രമുണ്ടെന്നാണ് ഇവരുടെ വാദം.
ഓയോ വിവാഹം കഴിച്ചതായി പൊതുസമൂഹത്തിന് അറിവില്ലായിരുന്നുവെങ്കിലും, അദ്ദേഹത്തിന് ഒരു മകനുണ്ടെന്നും അനുയോജ്യമായ സമയത്ത് കുട്ടിയുടെ വിവരങ്ങൾ പുറത്തുവിടുമെന്നും തോറോ പ്രധാനമന്ത്രി കാൽവിൻ ആംസ്ട്രോങ് റവോമൈറെ അക്കീക്കി വ്യക്തമാക്കിയിരുന്നു
വിൽപത്രമല്ല, ആചാരങ്ങളാണ് പ്രധാനം
വിൽപത്രമല്ല, രാജവംശത്തിന്റെ പാരമ്പര്യവും ആചാരങ്ങളുമാണ് അടുത്ത രാജാവിനെ തീരുമാനിക്കുന്നതെന്ന് ബാബീറ്റോ ഉപജാതി നേതാവ് ഫാദർ ചാൾസ് ഓയോ വ്യക്തമാക്കി. ഉപജാതി തലവനായ ‘മുസൂഗ’ക്ക് വിൽപത്രത്തേക്കാൾ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, രാജാവിന്റെ കഠിനാധ്വാനവും അവകാശങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന സ്വാർഥ സംഘമാണ് ഇതിന് പിന്നിലെന്ന് രാജകുമാരി കൊമുന്താല ആരോപിച്ചു. തർക്കം പരിഹരിക്കാൻ ഉഗാണ്ടൻ സർക്കാരും ഇടപെട്ട് ചർച്ചകൾ നടത്തിവരികയാണ്
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ്
1995ൽ പിതാവ് പാട്രിക് ഡേവിഡ് മാത്യു കബോയോ ഒലിമി മൂന്നാമന്റെ വേർപാടിനെ തുടർന്ന് മൂന്നാം വയസ്സിലാണ് ഓയോ സിംഹാസനത്തിലേറിയത്. അന്നത്തെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവായിരുന്നു അദ്ദേഹം. ബാല്യകാലത്ത് കൊട്ടാരത്തിനുള്ളിൽ തന്നെയായിരുന്നു വിദ്യാഭ്യാസം. റുവെൻസോറി പർവതനിരകൾ കയറി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവത്കരണം നടത്താനും, തോറോയിൽ ഒരുകോടി മരങ്ങൾ നടാനുള്ള പദ്ധതിക്ക് നേതൃത്വം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങി.
ക്യൻജോജോ ജില്ലയിൽ കുട്ടികൾക്കായുള്ള കാൻസർ ആശുപത്രി നിർമാണത്തിനും അദ്ദേഹം തുടക്കമിട്ടിരുന്നു. ഈ പദ്ധതി പൂർത്തിയാക്കണമെന്നും അദ്ദേഹത്തിന്റെ ഓർമയ്ക്കായി സ്റ്റേഡിയവും കാൻസർ സെന്ററും നിർമിക്കണമെന്നും രാജകുടുംബം സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഓയോ രാജാവിന് മുതുകിലും വാരിയെല്ലിലും വേദന അനുഭവപ്പെടാൻ തുടങ്ങിയത്. കെനിയയിൽ നടത്തിയ പരിശോധനയിൽ അപൂർവ അർബുദം സ്ഥിരീകരിച്ചു.
ജർമനിയിലും അമേരിക്കയിലും ചികിത്സ തേടിയെങ്കിലും ആഗസ്റ്റ് 27ന് 34-ാം വയസ്സിൽ അദ്ദേഹം അമേരിക്കയിൽ വെച്ച് മരണത്തിന് കീഴടങ്ങി. തുടർന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വാർഷിക ദിനമായ 'എംപാംഗോ'യിൽ സംസ്‌കാരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.