ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കില്ല; ഒമാനുമായുള്ള കരാർ പുതിയ യാത്രാമാർഗ്ഗത്തിന് മാത്രമെന്ന് ഇറാൻ
തെഹ്റാൻ: ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഒമാനുമായി ഉണ്ടാക്കാനിരിക്കുന്ന പുതിയ കരാർ വഴിയുള്ള ഗതാഗത സംവിധാനങ്ങളുടെ വിശദാംശങ്ങളും പുതിയ വഴിയുടെ ഭൂപടങ്ങളും ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടക്കുന്ന ഗൾഫ് രാജ്യങ്ങളുടെ യോഗത്തിൽ അവതതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ കരാർ യാതൊരു കാരണവശാലും കടലിടുക്ക് തുറക്കുന്നതിന്റെ സൂചനയല്ലെന്ന് അരാഗ്ചി അൽ അറബി അൽ ജദീദ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇസ്‍ലാമാബാദിൽ ഒപ്പുവെച്ച ജൂൺ മാസത്തെ 60 ദിവസത്തെ ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ അമേരിക്ക പാലിക്കുമെന്നാണ് തങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കേണ്ടത് പ്രാദേശിക രാജ്യങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്നും ഇറാൻ ആവർത്തിച്ചു.
അതിനിടെ, ഗൾഫ് മേഖലയിലുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കിയിട്ടുണ്ട്.
ഹുർമുസ് കടലിടുക്കിൽ ഞായറാഴ്ച ഇറാൻ ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖഷം ദ്വീപുകളുടെ തീരത്തുവെച്ചാണ് ഒരു ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും ഹുർമുസിൽ ഇരുഭാഗത്തും കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
ആഗോള എണ്ണ, വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹുർമുസിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഒമാനിൽ ഇറാനും ഗൾഫ് രാജ്യങ്ങളും യോഗം ചേരുന്നതിന് തലേദിവസമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ പ്രധാന സംഘർഷകേന്ദ്രമായി മാറിയിരിക്കുകയാണ് ഹുർമുസ്.
ഫെബ്രുവരി 28ന് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി, ജലപാത ഇറാൻ അടച്ചുപൂട്ടിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഹുർമുസിലൂടെ ടോൾ രഹിതമായി കടന്നുപോകുന്നതിനും പാക്-ഖത്തർ മധ്യസ്ഥതയിൽ ഇടക്കാല ധാരണയായിരുന്നെങ്കിലും പിന്നീട് ഇരുഭാഗവും പിന്തിരിയുകയായിരുന്നു.
സുരക്ഷയും പരമാധികാരവും മുൻനിർത്തി, ഇപ്പോൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ കപ്പലുകൾക്ക് അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സമ്മർദ്ദത്തിലാക്കാനാണ് യു.എസ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.