ട്രംപ് ബാല്യകാലം ചെലവഴിച്ച വീട് വിറ്റുപോയി: അജ്ഞാതൻ വാങ്ങിയത് 2 ദശലക്ഷം ഡോളറിന്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബാല്യകാല വസതി1.93 മില്യൺ ഡോളറിന് വിറ്റു. എട്ട് മാസത്തെ സമ്പൂർണ നവീകരണത്തിന് ശേഷമാണ് വിൽപ്പന. ട്യൂഡർ ശൈലിയിലുള്ള വീട് ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് എന്ന സമ്പന്ന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1940ൽ ട്രംപിന്റെ പിതാവും ഡെവലപ്പറുമായ ഫ്രെഡ് ട്രംപാണ് ഈ വീട് നിർമിച്ചത്. അഞ്ച് കിടപ്പുമുറികളുള്ള ഈ വീട്ടിലാണ് ട്രംപ് നാല് വയസുവരെ താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ വീടിന്റെ ഉടമസ്ഥാവകാശം ട്രംപ് കുടുംബം വിറ്റിരുന്നു.

വെള്ളിയാഴ്ചയാണ് വിൽപ്പന വിവരം പുറത്തുവന്നത്. ജൂലൈയിൽ തന്നെ അജ്ഞാതനായ ഒരാൾ കരാറിൽ ഒപ്പിട്ടിരുന്നു. വർഷങ്ങളായി ഈ വീട് ഒഴിഞ്ഞു കിടക്കുക‍യായിരുന്നു. പൈപ്പ് പൊട്ടി വെള്ളം കയറി ചുമരുകളിൽ പൂപ്പൽ പടർന്നിരുന്നു. തെരുവ് പൂച്ചകളുടെ ഒരു വലിയ കൂട്ടം വീടിനുള്ളിൽ താവളമാക്കിയതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം 8,35,000 ഡോളറിനാണ് ഈ വീട് ഡെവലപ്പറായ ടോമി ലിൻ വാങ്ങിയത്. എട്ട് മാസം കൊണ്ട് വീടിന്റെ ഇന്റീരിയർ പൂർണമായും നവീകരിച്ച് ഹെറിങ്ബോൺ മാതൃകയിലുള്ള തടിത്തറകൾ, അത്യാധുനിക ഷെഫ് കിച്ചൺ, സ്പാ ശൈലിയിലുള്ള കുളിമുറികൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ വീടിനെ ആഡംബര ഭവനമാക്കി ടോമി ലിൻ മാറ്റി.

വീട് കൈമാറുന്നത് ഇതാദ്യമല്ല.

2017ൽ ട്രംപ് ആദ്യമായി പ്രസിഡന്റായതിന് മാസങ്ങൾക്ക് ശേഷം സില്ലോയുടെ കണക്കനുസരിച്ച് 2.14 മില്യൺ ഡോളറിനാണ് വീട് വിറ്റുപോയത്. ട്രംപ് ബർത്ത് ഹോം എൽ.എൽ.സി എന്ന കമ്പനിയായിരുന്നു അന്ന് വാങ്ങിയത്. പിന്നീട് ഉടമകൾ ട്രംപിന്റെ പൂർണ വലുപ്പത്തിലുള്ള കാർഡ്ബോർഡ് കട്ടൗട്ടുകൾ, 'ദി ആർട്ട് ഓഫ് ദി ഡീൽ' എന്ന പുസ്തകത്തിന്റെ പകർപ്പുകൾ, പീപ്പിൾ മാസികയുടെ ഫ്രെയിം ചെയ്ത കവർ എന്നിവ ഉൾപ്പെടുത്തി എയർ ബി.എൻ.ബിയാക്കി വാടകക്ക് നൽകിയിരുന്നു. 2019ൽ 2.9 മില്യൺ ഡോളറിന് വീണ്ടും വിൽപ്പനക്ക് വെച്ചെങ്കിലും ആവശ്യക്കാരില്ലാത്തതിനാൽ വിറ്റുപോയില്ല.

Tags:    
News Summary - Trump Childhood Home Sold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.