കാബൂൾ: അഫ്ഗാനിസ്താന്റെ മൂന്ന് കിഴക്കൻ പ്രവിശ്യകളിൽ പാകിസ്താൻ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ സർക്കാർ. കഴിഞ്ഞദിവസം രാത്രി ഖോസ്റ്റ് പ്രവിശ്യയിൽ നടത്തിയ ബോംബാക്രമണത്തിൽ ഒമ്പതു കുട്ടികളും സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. കുനാർ, പത്രിക പ്രവിശ്യകളിലുണ്ടായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ സർക്കാറിന്റെ മുഖ്യ വക്താവ് സബിഹുല്ല മജാഹിദ് ‘എക്സി’ൽ കുറിച്ചു.
സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയെന്ന അഫ്ഗാന്റെ ആരോപണത്തിൽ പാക് സൈന്യവും സർക്കാറും പ്രതികരിച്ചിട്ടില്ല. പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷാവറിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഏറ്റവും പുതിയ സംഘർഷം. പാകിസ്താന്റെ ഫെഡറൽ കോൺസ്റ്റാബുലറി ആസ്ഥാനത്ത് രണ്ടു ചാവേർ ബോംബുകളും തോക്കുധാരിയും നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പെഷാവർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, പാകിസ്താനി താലിബാനോ തെഹ്രീക് ഇ-താലിബാൻ പാകിസ്താനോ ആണ് ആക്രമണം നടത്തിയതെന്ന സംശയം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.