പൊലിഞ്ഞുപോയ നക്ഷത്രത്തിന്റെ
ഇനിയുമവസാനിക്കാത്ത
പ്രകാശംപോലെ ഞാൻ വിളിച്ചു.
വിലാപത്തിനൊച്ചപോലെ
അവളത് കേട്ടു.
ഇലത്തുമ്പിൽ നിൽക്കുന്ന മഞ്ഞുതുള്ളിപോലെ
ആ വരവിന് മുമ്പേ വറ്റിപ്പോകുമോ
എന്ന ഭയം ഒരു മേഘം വന്ന് മറച്ചു.
രാവിൽ പറഞ്ഞ വാക്കുകളുടെ
തുടർച്ചപോലെ മിണ്ടിത്തുടങ്ങി
അവൾ കണ്ണടച്ച് ധ്യാനിക്കാൻ തുടങ്ങി.
കിളികൾ സന്ധ്യയെയുംകൊണ്ട്
ചേക്കേറാൻ വന്നു.
ഞങ്ങളെഴുന്നേറ്റ് നടന്നു
വിരലുകളല്ല ഹൃദയങ്ങളാണ്
പരസ്പരം തൊടുന്നത്
നോക്കുമ്പോൾ ഉടലുകളല്ല,
രണ്ട് ശലഭങ്ങൾ പാറുന്നു.
ചിരിക്കുമ്പോൾ ഒച്ചയല്ല
നിലാവിന്റെ ജലോത്സവം.
ഓരോ ഉദയത്തിലും ഭാഷ മാറുന്നു
ഓരോ അസ്തമയത്തിലും
ദേശങ്ങൾ മാറുന്നു.
അവൾ പക്ഷിയാവുമ്പോൾ
ഞാൻ ചിറകുകളാവുന്നു
അവൾ മരമാകുമ്പോൾ
ഞാൻ ഇലകളാകുന്നു
അവൾ നോവാകുമ്പോൾ
ഞാൻ കരച്ചിലാവുന്നു
അവൾ പ്രണയമാകുമ്പോൾ
ഞാൻ ഉടലാവുന്നു
അവൾ ആനന്ദമാകുമ്പോൾ
ഞാൻ നൃത്തമാകുന്നു
അവളുറങ്ങുമ്പോൾ
ഞാൻ കിനാവാകുന്നു.
കാലദേശങ്ങളുടെ അതിർത്തികൾ
കടന്ന് കടന്ന് അരൂപികളായി
ഞങ്ങൾ എത്ര നടന്നു.
നെടുമ്പാതയിലെ രണ്ടറ്റങ്ങളിലും
വെയിലിന്റെ ജലം തുടിച്ചിരുന്നു.
ലോകം ചുറ്റി
പുറപ്പെട്ട ദിക്കിലെത്തിയപ്പോൾ
നിറയെ പൂത്ത മരത്തിനു ചുവട്ടിൽ
പൂക്കളാൽ മൂടിയ രണ്ട് ധ്യാനശിൽപങ്ങൾ.
ഉറക്കത്തിൽനിന്നെണീറ്റപോലെ
പൂക്കൾ കുടഞ്ഞുകളഞ്ഞ്
രണ്ടുടലുകൾ ഞങ്ങളുടെ
ആത്മാക്കളിലേക്ക് കുടിയേറി
ഞങ്ങൾ ചിരിച്ചു
ജരാനരകൾ
കൊഴിഞ്ഞുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.