കവിതയുടെ ഋതു

വഴിത്തിരിവ്

ഉയർന്നുയർന്നു പോകുന്ന വിനോദ വിസ്മയാഹ്ലാദ വൈബോളങ്ങളെ

ഞൊടിനേരം കൊണ്ട്

ഒരു ഹെയർപിൻ വളവ്

വിലാപങ്ങളുടെ സങ്കടലാക്കി

തിരിച്ചൊഴുക്കുന്നു.

അ(റിയാ)ഹിംസ

ബുദ്ധാ,

നിൻ ദിവ്യ പാദപതനത്തിൽ അമർന്നരഞ്ഞ്

കൊല്ലപ്പെട്ടിരിക്കാനിടയുള്ള

ഉറുമ്പുകളുടെ

തൊണ്ടയിലുടക്കിയ

ജാതക കഥകൾ

എന്തിനെക്കുറിച്ചായിരിക്കാം?

പരിഷ്കാരം

അന്ന്

കൈയിൽ കല്ലുമായ്

കാട്ടിൽ പതിയിരുന്നവൻ

പ്രാകൃതൻ.

ഇന്ന്

ഫൈറ്റർ ജറ്റുകളിൽ

ചുറ്റിപ്പറന്ന്

നാട്, നഗരങ്ങൾ

ചുട്ടെരിക്കുന്നവൻ

പരിഷ്കൃതൻ.

കെട്ടിക്കിടപ്പിന്റെ സ്വാസ്ഥ്യം

കെട്ടിക്കിടപ്പിന്റെ

സ്വാസ്ഥ്യം മടുത്ത്, ശ്വാസം

മുട്ടിത്തുടങ്ങുന്നു.

അഴുകുന്നതിൻ മുമ്പൊ-

ന്നൊഴുകിപ്പരക്കുവാൻ

ഒരു കൈത്താങ്ങുമായ്

ആരോ വരുമെന്ന് കാത്തിരിക്കയാം!

വെറുമൊരു വാർത്ത

ചൊവ്വയിൽ മനുഷ്യനിറങ്ങി

വെന്നിക്കൊടി നാട്ടിയ ദൗത്യത്തിന്

നേതൃത്വമേകിയ ശാസ്ത്രജ്ഞൻ

കാൻസർ വാർഡിൽ

അകാല മരണം വരിക്കുന്നതും

വെറുമൊരു വാർത്ത.

പ്രതികരണം

വംശഹത്യാ രക്തരക്ഷസ്സുകൾ

കുഞ്ഞുമക്കളെപ്പോലും നിഷ്ഠുരം കൊന്നൊടുക്കും കൊലവിളി കേട്ട്

പഞ്ചഭൂതങ്ങളും നടുങ്ങുന്നു.

വെറുപ്പിന്റെ കാളകൂടങ്ങൾ വിസർജിച്ച

വാക്കിന്റെ അണുബോംബുകൾ

നാടുനീളെക്കൊളുത്തിയ

ബഡവാഗ്നി തീച്ചുഴലിയായ്

ഭൂഗോളമാകെപ്പടരുന്നു.

കൊടിയ നീതിനിഷേധ-

ക്കൊടുമകൾ ചുറ്റും ആർത്തലക്കുന്നു.

അപ്പൊഴും

വേണോ, പ്രതികരിക്കണോ?

സംശയം തീരുന്നില്ല. പ്രതികരിച്ചാലുള്ള

ഗുണദോഷങ്ങൾ കൂട്ടിക്കിഴിച്ച്

ആഴത്തിലും പരപ്പിലും

ചിന്തിച്ചുനോക്കി.

ഇടത്തോട്ടും വലത്തോട്ടും

മാറി മാറി ചിന്തിച്ചു.

നീളത്തിലും വട്ടത്തിലും

ലംബമായും തിരശ്ചീനമായുമൊക്കെ

പേർത്തും പേർത്തും ചിന്തിച്ചിട്ടും...

‘വേണോ, പ്രതികരിക്കണോ?’

സംശയം തീരുന്നില്ല.

ഒടുക്കം

കൂടുതൽ പര്യാലോചനക്കായി

വിഷയം നാളേക്ക്

മാറ്റിവെക്കുന്നു.

ഇന്നത്തോടെ ലോകം

തീർന്നുപോകുന്നൊന്നുമില്ലല്ലോ!

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.