അതിരാവിലെ നികിതാ ക്രൂഷ്ചേവ്...!

നന്നെ പുലർച്ചയിലേക്കാണ്, സഖാവ് വന്നത്. വന്നപാടെ, വെറൈറ്റി കോക്റ്റെയിൽ ‘വൈറ്റ് റഷ്യൻ’, ചെറു ഗ്ലാസിൽ പകർന്ന്, അൽപാൽപം നുണഞ്ഞ്, ചെറുചിരിയോടെ പറഞ്ഞുതുടങ്ങി. കുട്ടിക്കാലത്ത് ഞാനും ചിരിക്കുമായിരുന്നു. ചിരിക്കാൻ മറന്നുപോയ കാലമാകെ ഒറ്റവാക്യത്തിൽ വീർപ്പുമുട്ടിനിന്നു. ഡീസ്റ്റാലിനൈസേഷൻ ഒട്ടുമെളുപ്പമായിരുന്നില്ല, ഞാനുമൊരു സ്റ്റാലിനായിരുന്നല്ലോ... കണ്ട്... കണ്ട്... അകത്തും പുറത്തും അനേകം സ്റ്റാലിൻമാർ..! മീറ്റിങ്ങുകൾ... മുദ്രാവാക്യങ്ങൾ... പടുകൂറ്റൻ റാലികൾ... എല്ലാം പതിവുപോലെ... ചുറ്റിക്കറങ്ങിയ നെടുവീർപ്പുകൾപോലും ചോദ്യംചെയ്യപ്പെട്ടു. അധികാരം, തണുത്ത വോഡ്കയായി, പതുക്കെ...

നന്നെ പുലർച്ചയിലേക്കാണ്,

സഖാവ് വന്നത്.

വന്നപാടെ,

വെറൈറ്റി കോക്റ്റെയിൽ

‘വൈറ്റ് റഷ്യൻ’,

ചെറു ഗ്ലാസിൽ പകർന്ന്,

അൽപാൽപം നുണഞ്ഞ്,

ചെറുചിരിയോടെ പറഞ്ഞുതുടങ്ങി.

കുട്ടിക്കാലത്ത് ഞാനും ചിരിക്കുമായിരുന്നു.

ചിരിക്കാൻ മറന്നുപോയ കാലമാകെ

ഒറ്റവാക്യത്തിൽ വീർപ്പുമുട്ടിനിന്നു.

ഡീസ്റ്റാലിനൈസേഷൻ

ഒട്ടുമെളുപ്പമായിരുന്നില്ല,

ഞാനുമൊരു സ്റ്റാലിനായിരുന്നല്ലോ...

കണ്ട്... കണ്ട്...

അകത്തും പുറത്തും

അനേകം സ്റ്റാലിൻമാർ..!

മീറ്റിങ്ങുകൾ...

മുദ്രാവാക്യങ്ങൾ...

പടുകൂറ്റൻ റാലികൾ...

എല്ലാം പതിവുപോലെ...

ചുറ്റിക്കറങ്ങിയ നെടുവീർപ്പുകൾപോലും

ചോദ്യംചെയ്യപ്പെട്ടു.

അധികാരം,

തണുത്ത വോഡ്കയായി,

പതുക്കെ പതുക്കെ

എല്ലാറ്റിനെയും വിഴുങ്ങും,

നീലത്തിരമാല..!

എവിടെയും കാണാം

അസഹിഷ്ണുതയുടെ,

നീളൻമൂക്കുകൾ...

അളന്നെടുക്കും നോട്ടങ്ങൾ...

ചുറ്റിലുമുണ്ടായിരുന്നു,

വാഴ്‌ത്തുകൂട്ടങ്ങൾ

തീറ്റപ്പണ്ടാരങ്ങൾ...

വിശ്വസിക്കാൻ കൊള്ളാത്ത,

പരസ്പരമൊറ്റുന്ന,

പെറുക്കിത്തീനിപ്പരിഷകൾ...

ക്രൂഷ്ചേവ് കിതയ്ക്കുന്നുണ്ടായിരുന്നു...

എവിടെ എങ്ങനെ തുടങ്ങണം...

സ്റ്റാലിനുള്ളിലില്ലാത്തവരില്ല...

തരം കിട്ടാൻ

തക്കം പാർത്തിരിക്കുവോർ മാത്രം...

ഒടുവിലൊടുവിൽ,

നിശ്ശബ്‌ദതയിൽ,

പുളച്ചുമദിച്ചുകിടക്കുമവർ

എപ്പോഴും എല്ലായ്പോഴും

പൊട്ടിമുളയ്ക്കുമവർ..!

കണ്ണുപൊത്തി,

ചെവിപൊത്തി,

വാപൊത്തി നിന്ന മഹാമൗനികൾ...

അനങ്ങാപ്പാറകൾ...

മിണ്ടാപ്പൂതങ്ങൾ...

പച്ചവെള്ളത്തിൽപോലും

ഇവരെ വിശ്വസിക്കരുതേ..!

നിസ്സാരരായ,

ചെറുകല്ലുകളാണ്

വിസ്മയകരമായി പ്രവർത്തിച്ചത്.

തകർന്നുവീഴാത്തതായി

ഒന്നുമില്ലെന്നവർ വിളിച്ചുപറഞ്ഞു.

ചോരതുടിക്കും

ചെറുകല്ലുകളെയെന്ന്,

ചരിത്രം പറയാതിരിക്കില്ല...

ബാക്കിയുള്ള വോഡ്കയാകെയകത്താക്കി,

നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്,

പതുക്കെ ഇറങ്ങിപ്പോവുകയായിരുന്നു...

പതുക്കെ..!

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.