കടുത്ത വേനൽക്കാലത്ത്
അയാളെന്നെ വീണ്ടും
കാണാൻ വരുമെന്ന്
അറിയാമായിരുന്നു
കൈത്തുന്നലിട്ട
മേശവിരിക്ക് മുകളിൽ
ചില്ലുകുപ്പികളിൽ
ഇലച്ചെടികൾ അലങ്കരിച്ചുവെച്ചു
വേനലിൽ പൂക്കുന്ന മരങ്ങളൊക്കെയും
വിഷാദത്തിന്റെ വിയർപ്പ് മണമുള്ളവയാണെന്ന്
അയാളൊരിക്കൽ പറഞ്ഞതോർത്തു.
കരിയിലകൾക്കുള്ളിൽ
പൂത്താംകീരികൾ ഒച്ചപ്പെടുന്ന
തിളച്ച ഒരുച്ചക്ക്
അയാൾ
ഗേറ്റ് കടന്നുവരുന്നത് കണ്ടു.
വന്ന ദൂരങ്ങളൊക്കെയും
അയാൾക്കൊപ്പം കിതയ്ക്കുന്നുണ്ടായിരുന്നു.
അകത്തെ ജനാലമറവിലേക്ക്
അയാളുടെ
പക, ഇര തേടി കുതിച്ചു.
പ്രേമത്തിനും വെറുപ്പിനുമിടയിലെ
നൂൽവരമ്പ് എന്റെ കാൽച്ചോട്ടിൽ വഴുതി.
കട്ടിലിൽ ഉറങ്ങുന്ന
കുഞ്ഞിന്
അവസാനത്തെ ഉമ്മ കൊടുക്കാൻ
ചുണ്ടുകൾ തുടിച്ചു.
ഉടൽ പിടയ്ക്കുന്ന വേഗത്തിൽ
ജനൽപ്പാളികൾ വിറച്ചു.
വേനലിന്റെ ശ്വാസം
മുറിക്കുള്ളിൽ തിങ്ങി.
അലങ്കാരപ്പാത്രങ്ങളിൽനിന്ന്
ചെടികൾ
വെളുത്ത വേര് കാട്ടി
നിലത്ത് ചിതറി.
ഞങ്ങൾക്കിടയിലെ
അവസാനത്തെ വാക്ക്
ചുമരിൽ തട്ടി ചോരയിറ്റിച്ചു.
അയാൾക്കൊപ്പം
വെയിൽപ്പിഞ്ചുകൾ
മുറിവിട്ടിറങ്ങി.
കടക്കേണ്ട അകലങ്ങൾ
അയാൾക്കകത്ത് പെരുത്തു.
കടുത്ത വേനലിൽ
ഇത്രയൊക്കെ നടക്കുമെന്നറിഞ്ഞിട്ടും
ഞാനയാളെ കാത്തിരുന്നു.
വേദനിക്കുന്ന
വറുതിക്കാലത്ത്
പകുത്ത് നൽകാൻ
നനുത്ത ഒരു വാക്ക്
കരുതിവെച്ചു
അയാളുടെ മെലിഞ്ഞ
ചുമലിൽ
അറുത്തെറിഞ്ഞ
വിരലുകൊണ്ട്
ഞാനിങ്ങനെ എഴുതിയിടുന്നു.
മുറിക്കുള്ളിൽ
നമ്മുടെ കുഞ്ഞ്
ശിശിരകാലം സ്വപ്നം കണ്ടുറങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.