എന്റെ മുറിവിൽ മാന്ത്രികപ്പൊടി വിതറിത്തന്നൂ മലാഹി എന്ന വൃദ്ധൻ.
കൊടുമുടി കയറുകയായിരുന്നു ഞാൻ.
കല്ലിളകി വീണതേ ഓർമയുള്ളൂ,
ഉറക്കമുണർന്നത് അടിവാരത്തിലെ
ഇരുളുവീണ ഒരു തിണ്ണയിലാണ്.
ആയിരം കുതിര വലിക്കുന്ന കാറ്റിലും
നിശ്ശബ്ദമായ മലഞ്ചെരിവ്, ഏകാന്തമായ സങ്കേതം.
പാളിമിന്നുന്ന തിരിവിളക്ക്.
ആരും അന്വേഷിച്ചുവരില്ല.
‘‘മുറിവുണങ്ങാൻ താമസമില്ല
പക്ഷേ ക്ഷീണം നീളും’’
മലാഹി വടികൊണ്ട് കനലുകൾ ഇളക്കി ചൂട് കായുന്നു. കരിമ്പടത്തിനുള്ളിൽ ഞാൻ ചുരുണ്ടുറങ്ങി. പിന്നെയും താഴ്ന്നു താഴ്ന്നു പോയി. കൺപോളയിൽ
നീലരേഖകൾ, മലകളുടെ മങ്ങിയ ഛായ, എല്ലാം പതിഞ്ഞുകിടന്നു. ഉണർന്നുനോക്കുമ്പോൾ മലാഹി മുന്നിലുണ്ട്. കണ്ണടച്ച് പിറുപിറുക്കുന്നു. മുന്നിലെ കളിമൺ കോപ്പയിൽ ആവി പറക്കുന്ന മാംസക്കഷായം. എനിക്ക് തന്നു. ഞാൻ കുടിച്ചു. എരിവുണ്ട്. പിന്നെയും ഉറങ്ങി. ഒരുപാട് കാലം ഒരേ പോലെ ഉറങ്ങി. ഓരോ വട്ടവും ഉറങ്ങിയുണരുമ്പോൾ മലാഹിയുടെ രൂപം ഒന്നിനൊന്നു ചെറുതായ് ചെറുതായ് വരുന്നപോലെ തോന്നി. വ്യാഴവട്ടങ്ങളും, ശനിവളയങ്ങളും പിന്നിട്ട് എന്റെ ഉറക്കം നീങ്ങി. ഒടുവിൽ ക്ഷീണം പാടെ മാറി ഞാൻ ഉണർന്നു. മലാഹിയെ മുന്നിൽ കണ്ടില്ല. ഒരു ചെള്ള് ഒറ്റക്കുതിപ്പിൽ സ്ഥലകാലം കടക്കുന്നത് മാത്രം കണ്ടു. ഞാൻ അമ്പരന്നില്ല. വെറുതെ നോക്കിയിരുന്നു. പിന്നെ അസ്വസ്ഥതയോടെ നടക്കാനിറങ്ങി. ഇന്നും ഒരു ചെറുപ്പക്കാരൻ അടിവാരത്തിൽ വീണുകിടക്കുന്നത് കണ്ടു. ബോധമില്ല. മുറിവുകളും ചതവുകളും ധാരാളമുണ്ട്. കൈ പരതി നോക്കി. മാന്ത്രികപ്പൊടി എന്റെ കീശയിൽ ഭദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.