രണ്ടു ഗുജറാത്തി കവികള്‍

ഗുജറാത്തിന്റെ സാഹിത്യലോകത്തെ പ്രമുഖരും ശ്രദ്ധേയരുമായ ഗുലാം മുഹമ്മദ്‌ ശൈഖിന്റെയും കാഞ്ചി പട്ടേലിന്റെയും കവിതകളു​െട മൊഴിമാറ്റാണ് തന്റെ പ്രതിമാസ പംക്തിയിൽ സച്ചിദാനന്ദൻ നിർവഹിക്കുന്നത്. ഗുലാം മുഹമ്മദ്‌ ശൈഖ് ഗുലാം മുഹമ്മദ്‌ ശൈഖ് 1937ല്‍ സൗരാഷ്ട്രയിലെ സുരേന്ദ്രനഗറില്‍ ജനിച്ചു. ബറോഡ എം.എസ് സർവകലാശാലയില്‍നിന്ന് കലയില്‍ എം.എ പാസായി, അവിടെത്തന്നെ പല പദവികളിലിരുന്നു പഠിപ്പിച്ചു. ഷികാഗോ, ഇറ്റലി, പെൻസൽവേനിയ എന്നിവിടങ്ങളില്‍ ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് ആയിരുന്നു. ഇന്ത്യയിലെ മുന്‍പന്തിയിലുള്ള ചിത്രകാരന്‍, കവി, ലേഖകന്‍, പരിഭാഷകന്‍. കവിതകള്‍ക്ക് ഒരു സര്‍റിയലിസ്റ്റ് സ്വഭാവമുണ്ട്. കേന്ദ്ര...

ഗുജറാത്തിന്റെ സാഹിത്യലോകത്തെ പ്രമുഖരും ശ്രദ്ധേയരുമായ ഗുലാം മുഹമ്മദ്‌ ശൈഖിന്റെയും കാഞ്ചി പട്ടേലിന്റെയും കവിതകളു​െട മൊഴിമാറ്റാണ് തന്റെ പ്രതിമാസ പംക്തിയിൽ സച്ചിദാനന്ദൻ നിർവഹിക്കുന്നത്.

ഗുലാം മുഹമ്മദ്‌ ശൈഖ്

ഗുലാം മുഹമ്മദ്‌ ശൈഖ് 1937ല്‍ സൗരാഷ്ട്രയിലെ സുരേന്ദ്രനഗറില്‍ ജനിച്ചു. ബറോഡ എം.എസ് സർവകലാശാലയില്‍നിന്ന് കലയില്‍ എം.എ പാസായി, അവിടെത്തന്നെ പല പദവികളിലിരുന്നു പഠിപ്പിച്ചു. ഷികാഗോ, ഇറ്റലി, പെൻസൽവേനിയ എന്നിവിടങ്ങളില്‍ ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് ആയിരുന്നു. ഇന്ത്യയിലെ മുന്‍പന്തിയിലുള്ള ചിത്രകാരന്‍, കവി, ലേഖകന്‍, പരിഭാഷകന്‍. കവിതകള്‍ക്ക് ഒരു സര്‍റിയലിസ്റ്റ് സ്വഭാവമുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്.

1. അച്ഛന്‍ സ്വപ്നത്തില്‍

ഉപ്പാ, ഞാന്‍ നിങ്ങളെ ഇന്നലെ പിന്നെയും കണ്ടു

വീട്ടില്‍നിന്ന് അനേകായിരം നാഴികകള്‍ക്ക് അകലെ,

ഞാന്‍ ഉറങ്ങിക്കിടക്കുന്ന

ബാള്‍ട്ടിക് കടലിന്റെ തീരത്ത്.

അങ്ങ് ഈ അപരിചിതമായ നാട്ടില്‍,

സഹോദരരുടെ വഴക്ക് തീര്‍ത്തപ്പോള്‍ ധരിച്ചിരുന്ന

അതേ കണ്ടം വെച്ച ചുളിഞ്ഞ കോട്ടുമിട്ട്

എന്റെ കട്ടിലിനരികില്‍ നിന്നു.

വല്യുപ്പ മയ്യത്തായപ്പോള്‍ അങ്ങ്

ഇതേപോലെനിന്നു കാണും

ഒറ്റപ്പെട്ട ആ വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ

കൈ പിടിച്ചുകൊണ്ട്.

എപ്പോഴാണ് അങ്ങ് കത്തിയവാഡ് വിട്ട്

ക്രിമിയയിലെ അഭയാർഥികളുടെ കൂടെക്കൂടിയത്?

ഭാദാര്‍ കടന്ന്, ഭോഗാവോ നദി പിന്നിട്ട്,

റോമന്‍ കോട്ടകളുടെ കൊത്തളങ്ങള്‍ കടന്ന്

തോളില്‍ പോസ്റ്റ്മാന്റെ സഞ്ചിയുമായി

അങ്ങ് അവിടെ ചെന്നിറങ്ങി.

പിന്നാലേ മക്ബറയും വന്നു

(എല്ലാ മക്ബറകളിലും ഞാനെന്താണ്

അങ്ങയുടെ ഖബര്‍ കാണുന്നത്?)

അങ്ങയുടെ നിഴല്‍ പിടിച്ചു ഇക്കമാരും വരുന്നു

(തര്‍ക്കം ഇനിയും തീര്‍ന്നില്ലെന്നുണ്ടോ?)

അവിടെ ചക്രവാളത്തിന്റെ അറ്റത്ത്,

ഒരു ഊന്നുവടി പിടിച്ച്, തിമിരത്തിന്റെ

മങ്ങലിലൂടെ ഉമ്മ എന്റെ കട്ടില്‍

കണ്ടുപിടിക്കാന്‍ പണിപ്പെടുന്നു

ഉമ്മാ, എനിക്കും കണ്ണുകാണാതായി.

എന്റെ കൈവെള്ളയില്‍ പിടിച്ചിരുന്നു എന്ന്

ഞാന്‍ കരുതിയിരുന്ന കുട്ടിക്കാലം

ഇതാ വീണുപോയി

ഏതാണ്ട് ഈ കട്ടിലിന്റെ ചുവട്ടില്‍തന്നെ.

 

2. മനോഹരമായ ഒരു സ്ഥലത്ത് രോഗിയായി

ആഴമേറിയ, തിങ്ങിനിറഞ്ഞ, ഒരാള്‍ക്കൂട്ടത്തിനുള്ളില്‍

ടിപ്പുവിന്റെ രാജകീയമായ ദ്വീപ വലയം

സ്പര്‍ശിക്കപ്പെടാത്ത പ്രാകൃതയായ കാവേരി

ജനലിനടുത്ത് ആകാശംപോലെ

തിളങ്ങിയൊഴുകുന്നു,

ജലത്തിനെതിരെ കാറ്റടിക്കുന്നു

ഏതാണ്ട് പാതിവഴിക്ക് അമ്പുപോലെ കൂര്‍ത്ത മഴ

പുഴയില്‍ വരുന്ന തിളക്കങ്ങളില്‍ വീഴുന്നു:

അത് നിലാവോ, മീനുകളോ?

നോക്കൂ, ഒരു പരുന്ത് ഒന്നിനെ റാഞ്ചി;

അതോ അത് ഒരു മരക്കൊമ്പിന്റെ നിഴലാണോ?

ഇതെല്ലാം ആരോഗ്യമുള്ളവര്‍ക്കുള്ളതാണ്

എന്റെ ലോകത്തിന്റെ അതിരുകള്‍

കട്ടിലും കുളിമുറിയും മാത്രം

അവിടെ ഗുളികകള്‍ കൂടാതെ

ഞാന്‍ പലതും വിഴുങ്ങണം:

ട്യൂബ് ലൈറ്റിന്റെയും രോഗം പിടിച്ച

ഒരു ബള്‍ബിന്റെയും കുത്തുന്ന വെളിച്ചം,

ഗൗളിയും ഇരയും തമ്മിലുള്ള കൂടിക്കാഴ്ച.

രണ്ടു പുതപ്പുകള്‍ക്കടിയില്‍ കിടന്ന്

എന്റെ കൈകളും കാലുകളും

ഇന്നലത്തെ സംഭവങ്ങള്‍ കാണാതെ ഉരുവിടുന്നു:

പുഴക്കരയിലെ ടിപ്പുവിന്റെ സ്മാരകത്തിനു

പിറകില്‍ രണ്ടു കൊച്ചുകുട്ടികള്‍ ബീഡിവലിക്കുന്നത്

ഒരു കൂറ്റന്‍ പള്ളി, കുറിയ ഭക്തര്‍, അടുത്തുള്ള

ക്ഷേത്രത്തില്‍ പലനിറത്തിലുള്ള ദേവതമാര്‍.

ഒരു മൂലയില്‍ രഘുപതി പണ്ടേ ആളുകള്‍ മറന്ന

ഒരു കളിയ്ക്കുള്ള ചീട്ടുകള്‍ ചായത്തില്‍ വരയ്ക്കുന്നു

അയാളുടെ കൂടെ ഒരു വക്കീലുമുണ്ട്,

ഗംഭീരമായ മീശയുടെ ഉടമ-

അവര്‍ ടൂറിസ്റ്റുകളുടെ വരവു കാത്തിരിക്കയാണ്.

ദരിയാ ദൗലത് കൊട്ടാരത്തിന്റെ ചുവരുകളില്‍,

സെമിത്തേരികളില്‍ പഴകുന്ന ശവപ്പെട്ടികളില്‍

താമസിക്കുന്ന ബ്രിട്ടീഷുകാര്‍, ശത്രുക്കളുടെ

പട്ടാളത്തില്‍ കടന്നുകൂടി

അണിയായി മാര്‍ച്ചു ചെയ്യുന്നു.

വലിച്ചു വലിച്ചു നടന്നു ചൂടായ കാലുകള്‍

തീറ്റ കിട്ടിയ ഗൗളിയുടെ ചിലയ്ക്കലില്‍

ഞെളിപിരികൊള്ളുന്നു

അനുസരണ കെട്ട കാവേരിയുടെ തിരമാലകള്‍

തല്ലിത്തകര്‍ന്ന് ചില്ലു പൊട്ടിച്ചു

മുറിയ്കകത്ത് എത്തുമ്പോള്‍

വിരല്‍ത്തുമ്പില്‍ കണ്ണുകള്‍ പേറുന്ന കയ്യുകള്‍

ജനല്‍ വലിച്ചടയ്ക്കുന്നു.

 

2

ടിപ്പുവിന്റെ കോട്ടയിലെ പായല്‍

കാവേരിയുടെ പ്രാചീനഗന്ധവുമായി ചേരുന്നു.

രണ്ടു പുതപ്പുകള്‍, സ്വെറ്ററുകള്‍, മഫ്ലര്‍-

എന്റെ ഉടല്‍ മുഴുവന്‍ കമ്പിളിയില്‍

പൊതിഞ്ഞിരിക്കുന്നു.

തണുപ്പ് ഇരുതലയുള്ള കുരുടന്‍ സര്‍പ്പത്തെപ്പോലെ

മെത്തയില്‍ ഇഴഞ്ഞുനടക്കുന്നു.

മുറിയിലെ വെളിച്ചം ഇരുട്ടില്‍ കുതിരുന്നു

മഞ്ഞച്ചുവര്‍ വെളുത്ത ട്യൂബിന്റെ

വെളിച്ചം വിഴുങ്ങുന്നു

കര്‍ട്ടനിലെ പൂക്കള്‍ എങ്ങനെയാണ്

കറുത്തുപോയത്?

ഫാനിന്റെ ചിറകുകള്‍ക്ക് തുരുമ്പ് പിടിച്ചപോലെ-

എന്താണ് ആരും അവ വൃത്തിയാക്കാതിരുന്നത്?

മേശമേലുള്ള ഗുളികകള്‍ എന്റെ പെയിന്റുകളുമായി

കൂടിക്കലര്‍ന്നിരിക്കുന്നു. കയ്യില്‍ ഞാന്‍ പിടിച്ചിരുന്ന

ഒരു പെയിന്റിങ്ങിനെക്കുറിച്ചുള്ള ആലോചനകള്‍-

അവ എവിടെപ്പോയി?

രാത്രി, ബ്രിട്ടീഷ് സെമിത്തേരിയിലെ പേരമരത്തിലെ

സ്ത്രീയുടെ പ്രേതത്തെപ്പോലെ തൂങ്ങിയാടുന്നു.

ജാലകത്തിനപ്പുറം കുപിതയായ ഒരു കാവേരി

മുറുമുറുത്തു കൊണ്ടിരിക്കുമോ,

രോഗിയുടെ ഒരു ബന്ധുവിനെപ്പോലെ?

പക്ഷേ അതിനുമുമ്പ് വൈദ്യുതക്കമ്പിയില്‍

തൂങ്ങിയാടുന്ന ഈ കിറുക്കന്‍ പൊന്മാനിനെ

ആരെങ്കിലും നിശ്ശബ്ദയാക്കില്ലേ?

3

ആദ്യം അത് ഒരു മഞ്ഞുനദിയായാണ് വന്നത്-

ഞങ്ങളുടെ നേരെ കണ്മുന്നില്‍.

കാണാനുള്ള ജലം, കുടിക്കാനുള്ള ജലം,

രണ്ടും മഞ്ഞയായിരുന്നു.

പിന്നെ അത് ഒരാല്‍മരംപോലെ ഒറ്റയായി,

വേരോടെ ഒന്നിച്ചു താഴേക്കു വന്നു,

ഉടലിന്റെ ഓരോ കോണിലും അത് പടര്‍ന്നു.

പെട്ടെന്ന് രാത്രി അപ്രത്യക്ഷയായി,

പുലരിക്കു കത്തുപിടിച്ചു, വെളിച്ചം പരന്നു

പേരയ്ക്കയിലെ പുഴുപോലെ

ഉച്ച നാവില്‍ ഉയര്‍ന്നുവന്നു,

കയ്പുറ്റ ഒരു ഉമ്മത്തുംകായപോലെ.

സായാഹ്നം ഒരു പൂപ്പല്‍ പിടിച്ച

മ്ലാനതപോലെ നാവിലുയര്‍ന്നു

തണുപ്പ് പകല്‍ മുഴുവന്‍ കട്ടിലിന്റെ അറ്റത്തിരുന്നു.

അവഹേളിക്കപ്പെട്ട ഒരു സ്നേഹിതനെപ്പോലെ.

മണിക്കൂറുകള്‍ ഒന്നൊന്നായി തകര്‍ന്നപ്പോള്‍

അത് പോകാനായി എണീറ്റു, എല്ലാ സിരകളിലും,

നഖം വരെ, തീ പടര്‍ന്ന്.

പിന്നെ ഒരു പെരിച്ചാഴിപോലെ അത്

പതുങ്ങി പുറത്തുകടന്നു, സന്ധിതോറും

ഞരമ്പു നീളെ, അസ്വസ്ഥമായ

ഒരു പിടച്ചില്‍ ബാക്കിയിട്ട്.

ഇതാ, രാത്രി ഉയരുന്നു,

നഷ്ടപ്പെട്ട ഒരു പക്ഷിയെപ്പോലെ,

തെറ്റായ മുഹൂര്‍ത്തത്തില്‍.

കാവേരിക്കു മുകളില്‍ കിടന്ന്

നവസ്നാതയായ ഒരു വൈകുന്നേരം

ഒരു വശത്തേയ്ക്കു തിരിഞ്ഞുകിടക്കുന്നു.

മുന്നില്‍ ദൂരെ സന്ധ്യ-

സോന്മോഹര്‍ മരത്തിന്റെ ഓരോ ഇലയും

പിടിച്ചുകുലുക്കിക്കൊണ്ട്.

താന്‍മൂലം മുഷിവു പറ്റിയ

വാതിലുകള്‍ പാതി തുറന്നിട്ട്

തണുപ്പ് യാത്രയായി,

ലോകം ഇതേവരെ കാണാത്ത

ഒരു കാഴ്ചയുടെ മറനീക്കിക്കൊണ്ട്.

ശ്രീരംഗപട്ടണം, 1992

 

2. കാഞ്ചി പട്ടേല്‍

കാഞ്ചി പട്ടേല്‍ ഗുജറാത്തിയിലെ ഒരു മുന്‍നിര കവിയാണ്. വേരുകള്‍ ഗുജറാത്തിലെ ഗോത്ര-നാടോടി കവിതയിലാണ്. ആധുനിക ഗുജറാത്തി കവിതയില്‍ ഒരു പുതിയ സ്വരം കൊണ്ടുവന്നു. നാടോടി ബിംബങ്ങളും കൽപനകളും ധാരാളം. കവിതകളുടെ ഒരു സമാഹാരം ഇംഗ്ലീഷില്‍ വന്നിട്ടുണ്ട്.

1. മുത്തച്ഛാ, നമുക്കു നൃത്തം ചെയ്യാം

മുത്തച്ഛന്‍ ഇരുളില്‍ ഉണര്‍ന്നു

ആദ്യം ഒരു ആല്‍മരം എടുത്തു,

അതില്‍നിന്ന് ഒരു സൂര്യനെ ഉണ്ടാക്കി

പിന്നെയും ഇരുട്ട് വന്നപ്പോള്‍

അദ്ദേഹം ഒരു ഇലിപ്പമരം തെരഞ്ഞെടുത്തു

അതില്‍നിന്ന് ഒരു ചന്ദ്രനെ ഉണ്ടാക്കി

ബാക്കി മരങ്ങളില്‍നിന്ന്

അദ്ദേഹം നക്ഷത്രങ്ങളെ സൃഷ്ടിച്ചു.

എന്നും രാവിലെ മുത്തച്ഛന്‍

ആകാശത്തിലെ സൂര്യന്റെ മുതുകില്‍ കയറും

സന്ധ്യയാവുമ്പോള്‍ ചന്ദ്രനെയും

നക്ഷത്രങ്ങളെയും കൊണ്ടുവരും

എല്ലാം ഒരുക്കിവരുമ്പോഴേയ്ക്കും

പുലരിയാകും

ആകാശത്തില്‍ കയറി

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും

ആസ്സ് ശീട്ടാവും

അറിയാത്ത ഒരു നിമിഷം

ദാദ അനന്തതയിലേക്ക് പറന്നു

ഒറ്റപ്പെട്ട സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും

വിളറിപ്പോയി, പിന്നെ രാവും പകലും മാറി മാറി

ആകാശത്തേയ്ക്ക് കയറിക്കൊണ്ടേയിരുന്നു.

പിന്നെ എന്തെങ്കിലും

പ്രതിസന്ധിയുണ്ടാകുമ്പോളൊക്കെ

ഒരു പുതിയ മുത്തച്ഛന്‍ വന്നു

ചുറ്റും ഇരുട്ടായി, ഇനി എന്ത് ചെയ്യും?

അദ്ദേഹം ഭാര്യയെയും മക്കളെയും വിളിച്ചു

അവര്‍ കാട്ടിന്‍ നടുവിലായിരുന്നു

വിളികേട്ട് അവര്‍ പോയി,

മുകളിലേയ്ക്ക് മുകളിലേയ്ക്ക്

അവരെ ആരോ നയിച്ചു

ഒരാള്‍ ചന്ദ്രനായി, ഒരാള്‍ സൂര്യനും

കുട്ടികള്‍ ഓരോരുത്തരായി ആകാശത്തു നിന്ന്

ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു,

ദാദ കോസറിക്ക് ചുറ്റും വളഞ്ഞ്

കട്ടിലില്‍ കിടക്കുകയായിരുന്നു.

കുട്ടികള്‍ വട്ടപ്പാലം ചുറ്റിത്തുടങ്ങി

അമ്മുമ്മയും അവരുടെ കൂടെ ചേര്‍ന്നു

അവര്‍ ക്ഷീണിച്ച് ഉറങ്ങിപ്പോയി

അവരെ ഉണര്‍ത്താന്‍

ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ?

പ്രളയം വന്നു

മുത്തച്ഛന്‍ വെള്ളത്തില്‍

തന്റെ കോസറിയില്‍ പൊന്തിക്കിടന്നു

വീണ്ടും ഇരുട്ടായി

കുട്ടികള്‍ കരഞ്ഞു:

മുത്തച്ഛാ, ആല്‍മരം കൊണ്ടുവരൂ,

ഇലിപ്പമരം കൊണ്ടുവരൂ,

മുത്തച്ഛാ,

നമുക്കു വട്ടപ്പാലം ചുറ്റാം.

2. രാത്രിയുടെ ഇരുട്ടില്‍

ഈ വിവേകം കടലാസിലല്ല താമസിക്കുന്നത്

നമ്മുടെ ശബ്ദങ്ങളിലാണ്

രാത്രിയുടെ ഇരുട്ടില്‍ തമ്പുരുവിനോടൊപ്പം

പാടുന്ന ശബ്ദങ്ങള്‍.

പ്രിയപ്പെട്ട തമ്പുരു,

ഞങ്ങള്‍ നിന്നെ തൊടുന്നു, തലോടുന്നു

മാപ്പു തരൂ, ഈ രാത്രിയുടെ ഇരുട്ടില്‍

ഞങ്ങള്‍ക്ക് പാടണം

വിജ്ഞാനത്തിന്റെ ദേവതേ,

ഞങ്ങളുടെ ശബ്ദങ്ങള്‍ സ്വതന്ത്രമാക്കൂ,

ഞങ്ങളുടെ ഹൃദയങ്ങള്‍ പാടട്ടെ,

ജന്മദേശത്തെക്കുറിച്ച്,

രാത്രിയുടെ ഇരുട്ടില്‍ ഞങ്ങള്‍

രാവണനെക്കുറിച്ച് പാടട്ടെ.

യുവാക്കളേ, വൃദ്ധരേ,

സൂര്യന്‍ നമ്മുടെ

തലയ്ക്കു മുകളില്‍ എത്തുമ്പോള്‍

നമ്മുടെ പൂർവികനായ

പാവനനായ തേനീച്ച,

മുത്തച്ഛന്‍ മഹാനായ രാവണന്‍,

നാം ബഹുമാനിക്കുന്നവന്‍, സ്നേഹിക്കുന്നവന്‍,

എല്ലാം ലോകത്തെ നിരീക്ഷിക്കുന്നു

അവന്റെ ഛായ തിളയ്ക്കുന്ന

എണ്ണയുടെ വാര്‍പ്പില്‍ വീഴുന്നു

അവര്‍ നമ്മോടു പറഞ്ഞു,

എണ്ണയിലെ നിഴലില്‍ നോക്കൂ,

ആകാശത്തേയ്ക്ക് നമ്മുടെ അമ്പെയ്യൂ

പരിശുദ്ധനായ തേനീച്ചയെ അതില്‍ തറയ്ക്കു

നമ്മുടെ പൂര്‍വികന്റെ ഓർമ മായ്ച്ചുകളയൂ

അങ്ങനെ ചെയ്യൂ, അപ്പോള്‍ നമ്മെപ്പോലെ

ബഹുമാന്യരാവും,

പിന്നെ ഞങ്ങള്‍ നിങ്ങളെ അമ്പെയ്തു വീഴ്ത്തുമോ?

നാട്ടുകാരേ, മഹാനായ രാവണന്റെ മക്കളേ,

നിങ്ങള്‍ കാതോര്‍ക്കുന്നുണ്ടോ?

രാത്രി ദീര്‍ഘം, ഇരുണ്ടത്,

ഞങ്ങള്‍ രാവണന്മാര്‍.

ഐക്യം പുലര്‍ന്നിരുന്ന

ഒരു നാട് നെടുകേ കീറി, വിഭജിച്ചു

ഞങ്ങള്‍ക്കിടയില്‍

വിത്തുപോലെ ശത്രുത വിതയ്ക്കപ്പെട്ടു

ഞങ്ങള്‍ ശത്രുതകളുടെ വ്യാപാരം തുടങ്ങി

അപ്പോള്‍ അവര്‍ക്ക് രാവണനെ കൊന്നു

മഹാന്മാരാകാമല്ലോ

വീണ്ടും വീണ്ടും അവര്‍

ഞങ്ങളോട് പറയുന്നു

തിളയ്ക്കുന്ന എണ്ണയില്‍

പൊങ്ങിക്കിടക്കുന്ന

മെതിയടിയില്‍ കയറി

ഞങ്ങളുടെ പരിശുദ്ധനായ തേനീച്ചയെ

അമ്പെയ്തു വീഴ്ത്താന്‍.

ഞങ്ങളുടെ പരിശുദ്ധനായ തേനീച്ച

ആകാശത്തിന്റെ സ്വന്തമാണ്.

അത് പറന്നു നടന്ന്, ഒരലര്‍ച്ചയോടെ

അതിനെ അമ്പെയ്തു വീഴ്ത്താന്‍

ഞങ്ങളെ വെല്ലുവിളിക്കുന്നു.

പരിശുദ്ധാത്മാവ് പറയുന്നു,

ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ അമ്പെയ്യൂ,

ഞങ്ങളെ അമ്പില്‍ തറയ്ക്കൂ

 

3. അവനെ തൂക്കിക്കൊല്ലൂ

തൊഴുത്തു തൂത്തു,

അമ്മയെ സഹായിച്ചു,

ഒരു കവിതയുടെ ആദ്യക്ഷരങ്ങള്‍

ഒരു കുതിരലായത്തില്‍ കോറിയിട്ടു

നദിയില്‍നിന്ന് ഒരു സ്കൂള്‍ പുറപ്പെട്ടു,

ശിരസ്സ് ഒരു പാറയില്‍ ചായ്ച്ച്.

കണ്ണാടിപോലുള്ള വെള്ളത്തില്‍ ഉറക്കം തൂങ്ങി,

ആകാശം തുള്ളി തുള്ളിയായി കുടിച്ചു

ഉടല്‍ മുഴുവന്‍ സഞ്ചരിച്ചു

ജനങ്ങളുടെയും ജന്തുക്കളുടെയും

ചെടികളുടെയും മരങ്ങളുടെയും

വേദന അനുഭവിച്ച് പാട്ടുപാടി.

ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉള്ളിയും

എല്ലാ സമയവും പ്രണയത്തിന്റെ സമയം-

അങ്ങനെ കവിത ഒരു മഹാവിപത്തായി,

ജനഹൃദയങ്ങള്‍ പ്രക്ഷുബ്ധമായി.

ഭരണാധിപന്‍ കൽപിച്ചു:

ഈ കൊലയാളിക്കവിയെ

മരിക്കും വരെ തൂക്കിക്കൊല്ലുക.

 

4. പിള്ളതീനിമറുത നാവുകള്‍

ആവശ്യപ്പെടുന്നു

പുഴ കുട്ടിക്കാലം മുതലേയുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അതിനു മുകളില്‍ ഒരണ കെട്ടി

പിള്ളതീനി മറുത വരുന്നുണ്ട് കുട്ടികളെ പിടിക്കാന്‍

അണയുടെ അടിത്തറയുറയ്ക്കാന്‍

കുട്ടികളെ പുറത്തുവിടരുതെന്ന്

ഞങ്ങള്‍ കേട്ടിരുന്നു.

ഇന്ന് പല വര്‍ഷങ്ങള്‍ക്കുശേഷം

വീണ്ടും കേള്‍ക്കുന്നു, പുഴ വറ്റിയെന്ന്,

പിള്ളതീനികള്‍ പിന്നെയും മന്ത്രം ചൊല്ലി

കുട്ടികളെയും വൃദ്ധരെയും കുപ്പിയിലാക്കുന്നുവെന്ന്,

അണ ഉറയ്ക്കാന്‍ അതിന്റെ അടിത്തറയില്‍ കുഴിച്ചിടാന്‍,

ചിലര്‍ സ്വയം തന്നെ കിടന്നുകൊടുക്കുന്നു,

ചിലര്‍ പട്ടിണികൊണ്ട് മരിക്കാറാവുമ്പോള്‍

മതില്‍ ചാടുന്നു, ചിലര്‍ സ്വയം

നാവു മുറിച്ചുകളയുന്നു

പിള്ളതീനി മറുത ജയിച്ചിരിക്കുന്നു

അതിനു നാവുകള്‍ വേണം

എല്ലാവരും സ്വന്തം നാവുകള്‍ മുറിച്ചുനല്‍കുന്നു.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.