റാവുത്തർ നീട്ടി കൂപ്പടേ,
ദുനിയാവിന്റെ ഏത് കോണിലായാലും,
കമലു ആ ചത്തം കേൾക്കും.
വട്ടക്കാട് ജാറത്തിലെ
ചന്ദനക്കുടത്തുക്കൊഴിച്ച്,
കമലുവും റാവുത്തറും
കാട്ടുവളപ്പിലും ശിപായിവളപ്പിലും
സുത്തിക്കൊണ്ടേയിരിക്കും.
കൊമ്പൊടിയങ്ങാടീന്നു
റാവുത്തർ വരുമ്പോഴെല്ലാം,
കൈയിൽ പഴവും,
കീശയിൽ പരിപ്പുവടയും കൊണ്ടുവരും.
ഒന്നാം വളവ് കഴിഞ്ഞ്
രണ്ടാം വളവ് എത്തുമ്പോഴേക്കും,
റാവുത്തർ നീട്ടി ഒരു ചത്തം വയ്ക്കും.
വെട്ടോളിയിലെ വേലിപ്പടർപ്പിൽനിന്നും താഴെയിറങ്ങി,
കമലു ഒരു മറുവിളി മുഴക്കും
മണി കുലുക്കി, ഒച്ചവച്ച്,
കമലു ഓടിയെത്തും.
റാവുത്തർ തലയിൽ തലോടേ,
കമലുവിന് ലോകം മുഴുവൻ സ്വർഗമാവും.
പഴവും പരിപ്പുവടയും കമലു തിന്നും.
വെട്ടോളിയിലെ പേച്ച് കഴിഞ്ഞ്,
കമലുവും റാവുത്തറും വീട്ടിലേക്ക് നടക്കും.
ചിന്നമ്മ ശർക്കരയും
തേങ്ങപ്പിണ്ണാക്കും കലക്കിയത് വയ്ക്കും.
റാവുത്തറുടെ കമലുവും,
കമലുവിന്റെ റാവുത്തറും
ചരിത്രമെഴുതേ...
കമലു പെത്ത കുട്ട്യോളെയെല്ലാം ചിന്നമ്മ വിൽക്കും.
കുട്ട്യോൾ പോവുമ്പോൾ
റാവുത്തറും കമലുവും
അളുവാങ്ക.
അങ്ങനെ റാവുത്തറും
കമലുവിനും വയസ്സായി.
റാവുത്തർക്ക് കമലു
ഒരു ആടുമാത്രമല്ല-
അതിനുമപ്പുറമുള്ളൊരു ആത്മമായിരുന്നു.
അങ്ങനെയങ്ങനെ കാലങ്ങൾ കടന്നുപോവേ,
ശഹബാൻ പത്തിന് മൂന്തിയ്ക്ക്
കമലുവിന്റെ ശബ്ദം നിലച്ചു.
വീട്ടുപറമ്പിലെ ഖബറിനടുത്തിരുന്നു
റാവുത്തർ നാഥനോട്
ദുആ ചെയ്തു
അന്നത്തെ രാത്രി,
വട്ടക്കാട് ജാറത്തിൽനിന്നും
മുട്ടും വിളിയും കേട്ടതായി
മൊല്ലാക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.