കതിവനൂർ വീരൻ
ചങ്ങാതിത്തറ വലംവെക്കുന്നു
എങ്ങോട്ടാണ് നിങ്ങൾ തെയ്യത്തെ എഴുന്നള്ളിക്കുന്നത്?
അനുഷ്ഠാന നാടൻകലാരൂപമായ തെയ്യത്തിന് ഇന്ന് എന്താണ് സംഭവിക്കുന്നത്? തെയ്യം പറയുന്ന രാഷ്ട്രീയത്തെ കണ്ടെത്താനും പ്രായോഗികമായി നടപ്പാക്കാനും ശ്രമിക്കുന്നതിനപ്പുറം പെർഫോമിങ് ആർട്ടോ ടൂറിസം ഗാഡ്ജറ്റോ ഗവേഷണ വിഷയമോ മാത്രമായി തെയ്യത്തെ ഒതുക്കിനിർത്താനുള്ള ശ്രമങ്ങളെ എതിർക്കപ്പെടേണ്ടതുണ്ടോ? തെയ്യം എഴുത്തുകാരൻ വി.കെ. അനിൽകുമാർ തന്റെ നിലപാട് തുറന്നുപറയുന്നു.
തെയ്യം, ഒരേസമയം നമ്മെ ബാഹ്യസൗന്ദര്യത്തിൽ അഭിരമിപ്പിക്കുകയും സർവജ്ഞാനങ്ങളുടെ അനന്തമായ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന അനുഷ്ഠാനമാണ്. ജാതി, മത, വർണ വൈജാത്യങ്ങളെ ചേർത്തുപിടിക്കാനുള്ള സാംസ്കാരിക ചേതന തെയ്യത്തിനുണ്ട്. ആ ചേതന അതിന്റെ ചലനാത്മകതയിലും ഗവേഷണത്തിലും വിജ്ഞാനവ്യാപനത്തിലുമുൾെപ്പടെയുള്ളവയിലാണ്. തെയ്യത്തിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മവും സ്ഥൂലവുമായ രാഷ്ട്രീയത്തെ കണ്ടെത്താനും പുതിയകാലത്ത് അതിനെ പ്രായോഗികമായി പ്രയോജനപ്പെടുത്തുന്നതിനും പകരം കേവലം പെർഫോമിങ് ആർട്ടും ടൂറിസം ഗാജറ്റുമായി മാറ്റപ്പെടുന്നു. ഈ പരിണാമത്തിന്റെ അപകടകരമായ രാഷ്ട്രീയ സഞ്ചാരത്തെയും ദുർബലമായ തെയ്യം പര്യവേക്ഷണങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് സംഗീതനാടക അക്കാദമി പ്രോഗ്രാം ഡയറക്ടറും തെയ്യം എഴുത്തുകാരനുമായ വി.കെ. അനിൽകുമാർ. അദ്ദേഹവുമായുള്ള സംഭാഷണത്തിൽനിന്ന്.
തെയ്യം ഗവേഷണം എന്ന പാഴ് വേല
അടിസ്ഥാനപരമായി തെയ്യത്തെ കേന്ദ്രീകരിച്ചുള്ള ഫോക് ലോർ പഠനങ്ങൾ സദുദ്ദേശ്യത്തോടെ തന്നെയാണ് നടക്കുന്നത്. ചരിത്രം, ജീവിതം, സംസ്കാരം രാഷ്ട്രീയം അങ്ങനെയങ്ങനെ ഗവേഷകരെ സംബന്ധിച്ച് അളവറ്റ വിഭവങ്ങളും അറിവിന്റെ അനന്തമായ ആഴവും തെയ്യത്തിലുണ്ട്. അതുകൊണ്ട് തെയ്യത്തിലേക്കാണ് ഗവേഷകരും പഠിതാക്കളും കൂടുതലും വരുന്നത്. എന്നാൽ, ഈ പഠനങ്ങളും ഗവേഷണ പദ്ധതികളുമെല്ലാം ഫോക് ലോറിനുവേണ്ടിയോ തെയ്യത്തിനു വേണ്ടിയോ അല്ല എന്നതാണ് വാസ്തവം. അവനവനുവേണ്ടിയാണ്. ‘ജാതിവ്യവസ്ഥയും കേരള സമൂഹവും’ എന്ന കൃതിയിൽ പി.കെ. ബാലകൃഷ്ണൻ വളരെ മുമ്പേ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഗവേഷണം എന്നത് ഒരു വ്യവസായമായി വളർന്നിരിക്കുന്നു. അതിന്റെ ഉൽപന്നമാണ് ഡോക്ടറേറ്റ്. അത് ലഭിക്കുന്നതോടെ ഗവേഷകർ തെയ്യം വിടുന്നു. തെയ്യത്തിലെ ജനങ്ങളോ വിജ്ഞാന നിർമിതിയുടെ വിപുലീകരണമോ അതിന്റെ ലക്ഷ്യമാകുന്നില്ല. വിയർക്കാതെ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന വിഷയമാണ് തെയ്യം. ചില പണ്ഡിതന്മാർ തെയ്യംതന്നെ നേരേ ചൊവ്വേ കണ്ടിട്ടില്ല എന്നതാണ്. ഉത്തര കേരളത്തിന്റെ ജീവവായുവായ തെയ്യം സംസ്കാരത്തിന് എന്തെങ്കിലും സംഭാവന ചെയ്യാനല്ല ഇങ്ങനെയുള്ള ഗവേഷണ ശ്രമങ്ങൾ. അതിന്റെ വെല്ലുവിളികളും മറികടക്കാനുള്ള പ്രാപ്തിയും നവഗവേഷകരിലില്ല. ജോലി, പദവി, സാമ്പത്തികോന്നതി ഇതൊക്കെയാണ് മിക്കവരും ലക്ഷ്യമാക്കുന്നത്.
വിജ്ഞാനത്തിന്റെ സർവവുമായ തെയ്യക്കാരനെന്ന നിസ്വനായ മനുഷ്യനെ ഗവേഷണ ചരിത്രത്തിന്റെ എവിടെയും കാണാനാകില്ല. ഗവേഷക പ്രഭുക്കൾ കൊണ്ടാടപ്പെടുന്നു. അനുഷ്ഠാനത്തിന്റെ അഗ്നിയിൽ വെന്തുകരിഞ്ഞവർ, തോറ്റംപഠിച്ചവർ, തോറ്റംപാട്ടുണ്ടാക്കിയവർ, സങ്കപ്പെടുന്നവരുടെ മുങ്കരംനെഞ്ചോടു ചേർത്തുരിയാടിയവർ മുഖ്യധാരാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽപോലും നമ്മളവരെ കണ്ടുമുട്ടാറില്ല.
കത്തിജ്വലിക്കുന്ന അഗ്നിയിൽ തെയ്യം കെട്ടി വീണുപോകുന്ന തെയ്യങ്ങളുടെ അനുഭവങ്ങളെയും അതിലെ മനുഷ്യാവകാശങ്ങളെയും കുറിച്ച് ഏത് ഗവേഷകരാണ് ചോദ്യങ്ങൾ ചോദിക്കുന്നത്? ഇവരുടെ അകാല മരണത്തിൽ ആരാണ് വ്യാകുലപ്പെടുന്നത്?
ചിറക്കൽ ടി. ബാലകൃഷ്ണൻ നായരിലൂടെയും എം.വി. വിഷ്ണു നമ്പൂതിരിയിലൂടെയും തുടർന്ന് അര നൂറ്റാണ്ടിലേറെക്കാലം പിറകിലുള്ള തെയ്യം പഠനം ഒരടിയെങ്കിലും മുന്നോട്ടുപോയിട്ടുണ്ടോ. തെയ്യത്തെ അറിയണമെങ്കിൽ തോറ്റത്തെ അറിയണം. അതിൽ തെയ്യം എവിടെ എന്ന് കൃത്യമായി പറയുന്നുണ്ട്. അത് ബോധ്യപ്പെടാത്തത് നമ്മുടെ ആരാധനയെ തകിടംമറിക്കുന്നുണ്ട്. അതിനുകാരണം, നമ്മുടെ ആരാധനാബോധ്യങ്ങളിൽ അവബോധം ചെലുത്താൻ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും സാധിച്ചിട്ടില്ല. തെയ്യത്തെ കുറിച്ച് അറിയാൻ ഒരു പുസ്തകം റഫർചെയ്യാൻ പറഞ്ഞാൽ ഏതു പുസ്തകമാണ് റഫർചെയ്യുക? ചിറക്കൽ ടി യുടെ പുസ്തകമാണ്. അതിന്റെ പരിമിതിയാണ് ചൂണ്ടിക്കാണിച്ചത്. ഞാൻ ആ പുസ്തകത്തെ കുറച്ചുകാണുന്നില്ല.
1970 മുതൽ 2028ലേക്ക് തെയ്യമെത്തുേമ്പാൾ രണ്ട് സീലിങ് ഫാനുകളുടെ നടുവിലാണ് തെയ്യത്തിന്റെ സ്ഥാനം. ഫോക് ലോർ പഠനവും യഥാർഥ്യവും തമ്മിൽ ബന്ധമില്ലാതാകുേമ്പാഴാണ് തെയ്യം തെയ്യമല്ലാതാകുന്നത്. ഈ രീതിയിലാണ് തെയ്യം പഠനവും ബോധവും ആസ്വാദനവും പ്രകടനവും മുന്നോട്ടുപോകുന്നതെങ്കിൽ ചുരുങ്ങിയ വർഷംകൊണ്ട് തെയ്യം ചരിത്രമാകും. അത് ചിത്രം മാത്രമാകും. ജൈവബന്ധിയായ നാടോടി വിജ്ഞാനീയം ഇല്ലാതാകും. എല്ലാം പ്രതിഷ്ഠാപരമായിരിക്കും. അതിന്റെ ആത്യന്തിക രാഷ്ട്രീയഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
എന്റെ തെയ്യം യാത്ര
തെയ്യക്കാരിലേക്ക്, ആരെയും വിസ്മയിപ്പിക്കുന്ന അവരുടെ ജീവിതങ്ങളിലേക്ക്, അറ്റമില്ലാത്ത അനന്തമായ വിജ്ഞാനങ്ങളിലേക്കായിരുന്നു എെന്റ സ്വകാര്യയാത്രകൾ ഏറെയും. തെയ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലോ പഠനങ്ങളിലോ തെയ്യാനുഷ്ഠാനത്തിന് പുറത്ത് എനിക്ക് ഗുരുക്കന്മാരോ മുൻ മാതൃകകളോ ഇല്ല.
തെക്കുംകര കണ്ണൻ കർണമൂർത്തി, രവി മണക്കാടൻ, കുണ്ടോറ കുഞ്ഞാര പെരുവണ്ണാൻ, സജിത് പണിക്കർ, അസ്രാളൻ തമ്പാച്ചി, അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ... ഇങ്ങനെ ദൈവത്തെയും മറികടന്നുപോയവർ...
അവരുടെ അനുഭവങ്ങളും അറിവുമാണ് എനിക്കുമുന്നിലുള്ളത്. 2007ലാണ് ഞാൻ കതിവനൂർ വീരൻ തെയ്യത്തെക്കുറിച്ചും അതിസങ്കീർണമായ അനുഷ്ഠാന പദ്ധതികളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ തുടങ്ങിയത്. കതിവനൂർ വീരനായ മാങ്ങാട്ട് മന്നപ്പൻ നടന്ന വഴികളിലൂടെയും ജീവിച്ച ഇടങ്ങളിലൂടെയും സഞ്ചരിച്ചു. ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ പറഞ്ഞതിനും എഴുതിവെച്ചതിനും അപ്പുറത്തേക്ക് ഒരടി മുന്നോട്ടുപോയിട്ടില്ല കതിവനൂർ വീരന്റെ ചരിത്രം എന്ന് തോന്നിയിട്ടുണ്ട്.
കതിവനൂർ വീരന്റെ തോറ്റംപാട്ടിൽ പുതുച്ചൊരംകൈക്കൽ എന്നൊരു ചടങ്ങുണ്ട്. വിഷ്ണുനമ്പൂതിരിയും ചിറക്കൽ ടിയും മാങ്ങാട്ട് മന്നപ്പൻ ജനിച്ചതുമുതൽ പടയിലേക്ക് പോകുന്നതുവരെയുള്ള ഭാഗം മാത്രമാണ് സമ്പാദിച്ചത്. മൊത്തം റിച്വലിന്റെ കുറച്ചു ഭാഗം മാത്രമാണത്. പടയിൽ പോയ മന്നപ്പന് എന്തു സംഭവിച്ചു. ശത്രുക്കളോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ചുവെന്ന് പാടിപ്പുകഴ്ത്തിയ മന്നപ്പന്റെ യഥാർഥ മരണം എങ്ങനെയായിരുന്നു. കുടകിലെ വന്ദാർമുടിപ്പുഴയുടെ തീരത്ത് മുത്താർ മുടിയിലെ മുൾക്കാട്ടിൽ മരിച്ചുപോയ മാങ്ങാട്ട് മന്നപ്പൻ കദനൂരിൽ നേരമ്മാമന്റെ പടിഞ്ഞാറ്റയിൽ പൂവും നീരും കയ്യേറ്റ് ദൈവക്കരുവായി ഉയിർക്കുന്നതെങ്ങനെ?
ആമേരി വീരനായി മലനാട്ടിലേക്കിറങ്ങി ഉത്തര മലബാറിലെ തെയ്യമായി പള്ളിയറകളിലും തറവാടുകളിലും വീടുകളിലും അങ്ങനെ നിരവധി നിരവധി സ്ഥാനങ്ങളിൽ എങ്ങനെ ശേഷിപ്പെടുന്നു... തുടങ്ങി ആരെയും വിസ്മയിപ്പിക്കുന്ന ചരിത്ര സംഭവങ്ങൾ ചിറക്കൽ ടി യുടെയോ വിഷ്ണു നമ്പൂതിരി മാഷിന്റെയോ പഠനങ്ങളിൽ കാണാനാകില്ല.
അതു മനസ്സിലാക്കണമെങ്കിൽ പുതുച്ചുരം കൈക്കൽ എന്ന തോറ്റത്തെ കുറിച്ചറിയണം. പശ്ചിമഘട്ട മലനിരകളിലെ കതിവനൂരിൽനിന്ന് തെയ്യത്തെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന യാത്രയാണത്. ഇങ്ങനെ വിസ്മയകരമായ പല യാത്രകളും ഉണ്ട്. കതിവനൂർ വീരനിൽതന്നെ സങ്കീർണമായ രണ്ട് യാത്രകളാണ് അവതരിപ്പിക്കുന്നത്. ഒന്ന് മാങ്ങാട്ടുനിന്ന് പറശ്ശിനിക്കടവ് ചെങ്ങളായി ചുഴലി ശ്രീകണ്ഠാപുരം കാവുമ്പായി അങ്ങനെ കാടും മലയും താണ്ടി കുടക് -കേരള അതിർത്തിയായ വായിക്കമ്പയെത്തുന്നു. വായിക്കമ്പയിൽനിന്ന് പിന്നീട് കർണാടക വനത്തിലൂടെയുള്ള യാത്രയാണ്. അങ്ങനെ രണ്ടുദിവസം യാത്ര ചെയ്താണ് മാങ്ങാട്ട് മന്നപ്പൻ മാങ്ങാടുനിന്ന് കതിവനൂര് എത്തുന്നത്.
കതിവനൂർ വീരൻ ദൈവമായതിനുശേഷം കുടകിൽനിന്ന് കണ്ണൂർ ജില്ലയിലെ ആമേരിയിലേക്ക് മറ്റൊരു വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. അത് കൂടുതൽ സങ്കീർണമായ കാടും മലയും താണ്ടിയുള്ള യാത്രയാണ്. അയ്യമ്പിലാവ്, ചൂളിവെളിച്ചം, ഓടപ്പള്ളം, ചിറക്കര പറമ്പ്... അങ്ങനെയാണ് നാൽവര് തണ്ടയാന്മാരോടൊപ്പം തെയ്യം മട്ടന്നൂരിനടുത്ത് ആമേരി പള്ളിയറയിൽ എത്തുന്നത്. 2011ൽ പുറത്തിറക്കിയ ദൈവക്കരു എന്ന ഡോക്യുമെന്ററിയിൽ ഇതിന്റെ വിശദമായ കാഴ്ചകൾ ഉണ്ട്.
തൊണ്ടച്ചൻ വെള്ളാട്ടം
കാടും മലയും അന്യമാകുന്ന തെയ്യം
ഇന്ന് വലിയ മാറ്റങ്ങൾക്കാണ് തെയ്യം വിധേയമായിക്കൊണ്ടിരിക്കുന്നത്. കാവു സംസ്കാരത്തെ ഏറക്കുറെ പൂർണമായും ക്ഷേത്രവത്കരിച്ചു. അതിന്റെ ഗോത്രപരവും പാരിസ്ഥിതികവും ചരിത്രപരവുമായ ആത്മബന്ധത്തെ ഇല്ലാതാക്കി. പൗരോഹിത്യ കേന്ദ്രീകൃതമായ ആചാരമാണ് ഇന്ന് കാവുകളിൽ നടക്കുന്നത്. കാവുകളെ ക്ഷേത്രവത്കരിക്കുന്നുവെന്നതിന്റെ അർഥം തെയ്യാനുഷ്ഠാനം ലാഭകേന്ദ്രീകൃതമായ വിപണിയായി മാറുന്നു എന്നതുകൂടിയാണ്. ജാതി, മത, വർഗ, വർണ, ലിംഗ, ഭേദാതീതമായ തെയ്യം ഇങ്ങനെയാണ് മതവത്കരിക്കപ്പെട്ടത്. തെയ്യം എവിടെയും ഹിന്ദു എന്ന പദം ഉപയോഗിച്ചില്ല. ബപ്പിരിയൻ, ഉമ്മച്ചി, ആലി മാപ്പിള, മുക്രിപോക്കർ, കലന്തൻ മുക്രി, ആലിചാമുണ്ടി, കുഞ്ഞിപ്പക്കി, മാണിച്ചി, എന്നിങ്ങനെ നിരവധി മുസ്ലിംകൾ തെയ്യമായി ആരാധിക്കപ്പെടുന്നുണ്ട്. തെയ്യത്തിന് പൂർണമായും ഹിന്ദുവായിരിക്കുക എളുപ്പമല്ല. കാവുകളെ പ്രതിഷ്ഠകൾക്കായി ചെത്തിമുറിച്ച് പാങ്ങാക്കിയൊരുക്കുമ്പോൾ പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
കാവ് മനുഷ്യന് ലാഭമുണ്ടാക്കാനുള്ള ഒരിടമല്ല. ബയോസെൻട്രിക്കാണ് കാവ്. ഏറെ സവിശേഷമായ സംരക്ഷിച്ച് നിലനിർത്തേണ്ട ആവാസവ്യവസ്ഥ അതിലുണ്ട്. ഉള്ളിൽ നീരൊഴുക്കുള്ള നിരവധി സസ്യജാലങ്ങൾ തെഴുത്തു പടരുന്ന സൂക്ഷ്മ സ്ഥൂല ജീവജാതികൾ പുലരുന്ന കാവിന് അകമോ പുറമോ ഇല്ല. അവിടെ സ്ഥിരമായ ദൈവംപോലുമില്ല. മനുഷ്യപ്രവേശനമില്ല, തിരിതെളിയില്ല.
കാവിൽ സ്ഥിരമായി വസിക്കാത്ത തെയ്യത്തെ കോലക്കാരൻ കെട്ടിച്ചുറ്റി ചൊല്ലി വരവിളിക്കുകയാണ്. കടലരികെ, മലയരികെനിന്ന്, ആര്യക്കെട്ട്, അനന്തകെട്ട്, അറബികെട്ട് എന്നിങ്ങനെയുള്ള കെട്ടുകളിൽനിന്നുമാണ് തെയ്യങ്ങൾ വരുന്നത്. നമ്മുടെ വരുതിയിൽ നിൽക്കാത്ത തെയ്യത്തെ വിഗ്രഹത്തിൽ പ്രതിഷ്ഠിക്കാനാവില്ല. തെയ്യം നടക്കുന്ന പതിയിലേക്കോ പള്ളിയറയിലേക്ക് വീട്ടിലേക്കോ തറവാട്ടിലേക്കോ തെയ്യം കാടിറങ്ങി മലയിറങ്ങി വരികയാണ് ചെയ്യുന്നത്. മുത്തപ്പന്റെ മല കീക്കലും മലയിറക്കലും അങ്ങനെയാണ്.
‘എഴുന്നള്ളി വരിക വേണം’ എന്നാണ് തെയ്യം പറയുന്നത്. എത്രയോ തവണ കേട്ടുപഴകിയതാണെങ്കിലും ഉൾക്കൊള്ളുന്നില്ല. എന്നിട്ടും നടത്തുന്നു പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം. അതായത് തെയ്യം നിങ്ങൾ ഇന്നലെവരെ ആരാധിച്ച സ്ഥലത്ത് തെയ്യം ഉണ്ടായിരുന്നില്ല. ‘വരികവേണം’ എന്നാണ്. തിരുവായുധത്തിൽ വരണം. എന്റെ ശരീരത്തിലേക്കും വരണം. നിസ്സഹായനായി കോലധാരി വരവിളിക്കുകയാണ്. അങ്ങനെയാണ് തെയ്യമായി മാറുന്നത്. തിരുവായുധത്തിലും പള്ളിപീഠത്തിലും ചൈതന്യത്തെ വരവിളിക്കുകയാണ്. അത്തരമൊരു ഘട്ടത്തിൽ കളിയാട്ടകാവുകളിലും കളിയാട്ട ക്ഷേത്രങ്ങളിലും വിഗ്രഹത്തിനോ പ്രതിഷ്ഠക്കോ സാധ്യതയില്ല. പ്രതിഷ്ഠയിരുത്തിയാൽ വരവിളിയില്ല. തെയ്യം അതിനകത്തുണ്ട് എന്നാണർഥം.
പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ, അല്ലെങ്കിൽ തൊഴാൻ ഒരു വിളക്ക് വെക്കുന്ന ക്ഷേത്രത്തിൽ തോറ്റംവേണ്ട എന്നാണ് വരുന്നത്. കാവ് ക്ഷേത്രമാക്കാനുള്ള വ്യാപക ശ്രമത്തിനുള്ള പ്രതികരണമാണിത്. തെയ്യക്കാവ് ക്ഷേത്രമാകാരമായിട്ടിരുന്നാൽ പിന്നെ തെയ്യം എന്തിന് വരണം എന്തിന് ആടണം. സങ്കൽപത്തിന് വിപരീതമാണിപ്പോൾ എല്ലാം നടക്കുന്നത്. തെയ്യത്തിനകത്തെ മനോഹരമായ സൂചകമാണ് കുട. തെയ്യം ഇന്നോളം നേടിയെടുത്ത എല്ലാ സ്വാതന്ത്ര്യവും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാവുന്ന അതിന്റെ അനന്തമായ യാത്രയാണ് ഈ കുടയുടെ സാന്നിധ്യം വിളിച്ചുപറയുന്നത്. ‘‘എന്റെ വെള്ളോല മെയ്കുട ആധാരമായി മണ്ണിങ്ങൽ വിച്ചോർമന്റെ കെട്ടും ചിട്ടും ഞൊറിയും കുറിയും അടക്കവും ആചാരവും കണ്ടാൽ കൈയെടുത്തുകൂടായെന്ന അവസ്ഥയെ വിശേഷിപ്പിച്ച് കാലത്തിന്റെ മകുടമൊഴിയായി മണ്ണുങ്ങൽ വിശ്വകർമൻ പിടിച്ച കുടയാധാരമായി’’ എന്നാണ് പറയുന്നത്.
തെയ്യം പോളിനേഷൻ
ഹംപിയിലും അനഗന്ധിയിലും തുംഗഭദ്ര നദിക്കപ്പുറത്തുനിന്ന് പിടിച്ച വെള്ളോല മെയ്കുടയിൽനിന്നാണ് തെയ്യത്തെ ഇങ്ങോട്ടുകൊണ്ടുവന്നിട്ടുള്ളത്. ഏതു തെയ്യവും പോകുന്നത് കുടയിൽ കൂടിയിട്ടാണ്. രാവണീശ്വരത്തുനിന്ന് തൃക്കരിപ്പൂർ തങ്കയത്തേക്ക് തെയ്യം കാണാൻ വന്നാൽ, ആ തെയ്യം താങ്കളുടെ നാട്ടിൽവേണം എന്നുതോന്നിയാൽ താങ്കളുടെ കൂടെ തെയ്യം വരും. അങ്ങനെയാണ് തെയ്യത്തിന്റെ പരാഗണം (പോളിനേഷൻ) നടക്കുന്നത്. ഒരു തറവാട് അനേകം തറവാടുകളായി മാറിയത് ഈ പോളിനേഷൻ കാരണമാണ്. ഈ ജൈവികത തിരിച്ചറിയാനാകണം. തറവാടുകളല്ല ഉണ്ടാകുന്നത് തെയ്യങ്ങളാണ്. തെയ്യങ്ങളുടെ പരാഗണമാണ് ഉണ്ടാകുന്നത്. തെയ്യം പൂമ്പാറ്റയെപ്പോലെയാണ്. പറന്ന് പരാഗണം നടത്തും. പ്രതിഷ്ഠ വത്കരിച്ചാൽ കുടക്കാരൻ വേണ്ട സഞ്ചാരമില്ല, പരാഗണമില്ല. തെയ്യത്തിന്റെ യാത്ര അവസാനിച്ചുവെന്നാണ് അർഥം. പരാഗണമില്ലെങ്കിൽ പിന്നീട് പൂക്കളുണ്ടാകില്ലല്ലോ? കുറ്റിയറ്റുപോകുന്നു. എഴുന്നള്ളത്തുവേണ്ട, വരവിളവേണ്ട.
ഒരു യാത്രയിൽകൂടി വരവിളിച്ച് ശരീരത്തിലേക്ക് കയറുന്ന തെയ്യം അതേസമയമെടുത്താണ് ശരീരത്തിൽനിന്ന് ഇറങ്ങുന്നത്. മലയറിങ്ങുന്നതുപോലെ കയറുകയും വേണം. പറശ്ശിനിയിൽ മുത്തപ്പനുണ്ടെങ്കിൽ എന്തിനാണ് മലയിറക്കുന്നത്. കുടയെന്തിനാണ്. തെയ്യം എങ്ങനെയാണോ ഉണ്ടാകുന്നത് അതേപോലെ അല്ലാതാകുകയും വേണം. ആദ്യം മുടിയെടുത്ത്, ചമയങ്ങൾ അഴിച്ച്. ആടയാഭരണങ്ങൾ മാറ്റി തെയ്യം ശരീരത്തിൽനിന്ന് അകലുന്നു. തലപ്പാളിയുള്ളിടത്തോളം അയാൾ ദൈവമാണ്. അരിയെറിയലിൽ ഉണ്ടായ അരിമണിയുൾെപ്പടെ ശരീരത്തിലുള്ള ദൈവാംശമുണ്ടെങ്കിൽ, കാണാൻ വരുന്നവരുടെ ശരീരത്തിൽ തെയ്യമെറിഞ്ഞ കുറിയുണ്ടെങ്കിൽ എല്ലാം അവിടെനിന്ന് ഇല്ലാതാകണം. നിലത്തുവീണ അരിതിന്നാൻ സൂക്ഷ്മസ്ഥൂല ജീവികൾ ഉണ്ടാകും.
അവർക്കുകൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് പറയുന്നത് തെയ്യമാണ്. സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ എന്താണോ അതാണ് ഫോക് ലോറിൽ തെയ്യം. മനുഷ്യർക്ക് കാണാൻവേണ്ടി മാത്രമല്ല, മലയിറങ്ങുന്നതും കുടചൂടി വരുന്നതും. സകല ജീവജാലങ്ങൾക്കും വേണ്ടിയാണ്. പ്രതിഷ്ഠാവത്കരണത്തിലൂടെ തെയ്യം എന്ന മനോഹരവും ആഴമേറിയതുമായ ഉദ്യാനത്തെ ഇല്ലതാക്കുകയാണ് ചെയ്യുന്നത്. ഇവിടെത്തെ തെയ്യം ഇല്ലാതാകുന്നതുപോലെ മറ്റുള്ള ദേശങ്ങളിലെയും സമാനമായ വഴക്കങ്ങൾ ഇല്ലാതാകുന്നുവെന്നത് എന്തിന്റെ സൂചകമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
തെയ്യം അപ്രാപ്യമായ ഒന്നല്ല, നാംതന്നെയാണ് തെയ്യം. തെയ്യം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പടരുന്നതുപോലെ നമ്മിലേക്കും പടരുന്നുവെന്നാണ്. തെയ്യക്കാരനിലേക്ക് വരവിളിയിലൂടെ പടരുന്നതുപോലെ മനുഷ്യരിലേക്കും പടരും. ചില തറവാടുകളിൽ തൊണ്ടച്ഛൻ, കാർന്നോൻ തെയ്യങ്ങൾ ഉണ്ടാകും. ഇത് ആദികാലത്ത് ആ തറവാടിലെ മനുഷ്യർതന്നെ തെയ്യമായി മാറിയതാണ്. തെയ്യത്തിന്റെ വെള്ളാട്ടമെന്ന് പറയുന്നത് ആ തറവാട്ടിലെ മൂത്ത കാർന്നവരാണ്. നാലോ അഞ്ചോ തലമുറകൾക്കപ്പുറത്ത് തറവാട്ടിലുണ്ടായ വലിയ മനുഷ്യനും കൂടിയാണ് തെയ്യമായി വരുന്നത്.
എല്ലാ തെയ്യക്കാവിലും പോയാലും അച്ഛൻ തെയ്യവും കാർന്നോൻ തെയ്യവുമുണ്ടാകും. തെയ്യത്തിന് ആ തറവാട്ടിലേക്ക് കൊണ്ടുവന്നയാളാണ് അച്ഛനും കാർന്നോറും. അതാണ് നാംതന്നെ തെയ്യം എന്നുപറയുന്നത്. ഇതിന്റെ യഥാർഥ സ്വത്വം, ചരിത്ര പ്രാധാന്യം, രാഷ്ട്രീയ പ്രധാന്യം പാരിസ്ഥിതിക പ്രാധാന്യം, ഇതുൾപ്പടെ എല്ലാം ഒന്നാണ് എന്ന് പറയുന്ന ഉൺമയിലേക്കുള്ള വലിയ അറിവ് ഈ തെയ്യം പ്രധാനം ചെയ്യുന്നുണ്ട്. അതാണ് തെയ്യം വിജ്ഞാനത്തെ കാലാതിവർത്തിയാക്കുന്നത്. അവിടെ എല്ലാ ജാതി-മതക്കാരുമുണ്ടെങ്കിലേ തെയ്യം നടക്കുകയുള്ളൂ. ഒരു പ്രത്യേക ജാതിക്കാരനു മാത്രമുള്ളതല്ല തെയ്യം. ഇതൊന്നും പഠന വിഷയമാകാതിരിക്കുകയും പൊതുജനങ്ങളിലേക്ക് ഈ അറിവ് എത്താതിരിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തു ഗവേഷണമാണ് ഇവിടെ നടക്കുന്നത്. അതിന്റെ ഫലമെന്ത്.
തെയ്യസ്ഥലികൾക്ക് അപനിർമാണ സംഘം
തെയ്യസ്ഥലികൾ അപനിർമിക്കപ്പെടുകയാണ്. അതിനായി ഒരു സംഘം തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. തെയ്യാട്ടം നടക്കുന്നിടം ചർച്ചചെയ്യേണ്ട ഒന്നാണ്. എവിടെയാണ് കളിയാടേണ്ടത്. അത് മണ്ണിലാവണം. അവിടെ മഴവീഴണം. വെയിലിറങ്ങണം. മനുഷ്യന് വെയിലും മഴയും കൊള്ളാതെ മാത്രം കാണാനുള്ളതല്ല തെയ്യം. ഇപ്പോൾ എന്താണ് നടക്കുന്നത്. നിലത്ത് നൂറ് ഡിഗ്രി ചൂടിൽ തിളക്കുന്ന ഓട്ടുനിലങ്ങളിൽ തെയ്യമാടുന്നു. അല്ലെങ്കിൽ മുകളിൽ മേൽമാട് പണിഞ്ഞിട്ടുണ്ടാകും. ചുറ്റും ചുമരോ ഇരുമ്പഴികളോ പണിഞ്ഞിട്ടുണ്ടാകും. അവിടെയാണ് തെയ്യം കളിയാടുന്നത്. പക്ഷികൾ, പൂമ്പാറ്റകൾ, ഉറുമ്പുകൾ തുടങ്ങി സകല ജീവജാലങ്ങളും തെയ്യാട്ടത്തിെന്റ ഭാഗമാണ്. ഇങ്ങനെയൊരു തെയ്യാട്ട സ്ഥലത്തേക്ക് എങ്ങനെയാണ് ഈ ജീവികൾ കടന്നുവരിക.
എന്തുമാത്രം തുമ്പിയും പൂമ്പാറ്റകളും ക്ഷേത്രപരിസരത്തും കാവുപരിസരത്തും ഉണ്ടാകണം. പൂമ്പാറ്റകൾ തെയ്യത്തിന്റെ മുടിയിൽവന്നിരിക്കുന്നതുപോലും കാണാമായിരുന്നു. ഇപ്പോൾ തെയ്യം കളിയാടിടുന്ന സ്ഥലത്ത് വെള്ളമടിക്കാൻ പ്രത്യേക കമ്മിറ്റിയുണ്ടാകുന്നു. വെന്തുപതച്ച് ആർക്കും നിൽക്കാനാകുന്നില്ല. രണ്ടും മൂന്നും ഫാനാണ് തെയ്യത്തിന് വെച്ചുകൊടുക്കുന്നത്. വൈദ്യുതി പോയാൽ തെയ്യത്തിന് ഇടവേള നൽകേണ്ട സ്ഥിതിയാണ്. ഞാൻ പറഞ്ഞുവരുന്നത്, ഇങ്ങനെയുള്ള സ്ഥലത്ത് എങ്ങനെ തെയ്യം അതിജീവിക്കും. കേവലം വിശ്വാസത്തിന്റെ പ്രശ്നം മാത്രമല്ല തെയ്യം നൽകുന്നത്. ആവാസവ്യവസ്ഥയുടെ നിലനിൽപുകൂടിയാണ്. ഈ തിരിച്ചറിവുണ്ടാക്കേണ്ടത് പഠനങ്ങളുടെ പ്രയോഗവത്കരണങ്ങളിലൂടെയാണ്. ഇതിന്റെ അറിവ് നമ്മളിലേക്ക് വരുന്നില്ല. ആ അറിവ് നാം കണ്ടെത്തിയിട്ടില്ല എന്നതാണ് കാരണം.
കാവ് ക്ഷേത്രമായി മാറുന്നു എന്നത് അങ്ങനെ വെറുതെ പറയുന്ന ഒന്നല്ല. അതിനു വലിയ മാനങ്ങളുണ്ട്. വളരെ ആസൂത്രിതമായി തന്നെയാണ് ഇത് സംഭവിക്കുന്നത്. നാട്ടിലെ എല്ലാ പുരോഗമനവാദികളും അധികാരികളും എല്ലാവരുടെയും തുല്യപങ്കാളിത്തത്തിലാണ് ഒരു കാവ് ക്ഷേത്രമായി രൂപാന്തരപ്പെടുന്നത്. കാവ് ക്ഷേത്രമായി മാറുമ്പോൾ അതിന്റെ മാറ്റങ്ങൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ്. കാവ് എന്ന ഭൗതികരൂപം മാത്രമല്ല ക്ഷേത്രമായി രൂപാന്തരപ്പെടുന്നത്. അതിലെ മനുഷ്യരും ക്ഷേത്രത്തിന്റെ പൗരോഹിത്യവിധികളിലേക്ക് പരിണമിക്കപ്പെടുന്നു. ചാതുർവർണ്യവും ബ്രാഹ്മണനെ മുഖ്യസ്ഥാനത്ത് കേന്ദ്രീകരിച്ചുള്ള ജാതിവഴക്കവും അവിടെ ആരുമറിയാതെ സമർഥമായി സ്ഥാപിക്കപ്പെടുന്നു.
അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ, പ്രദീപൻ പെരുവണ്ണാൻ (തെക്കൻ കരിയാത്തൻ തെയ്യം) എന്നിവർ വി.കെ. അനിൽകുമാറിനൊപ്പം
തെയ്യം എന്ന രാഷ്ട്രീയ നിലപാട്
തെയ്യം നിലനിൽക്കുന്ന കാവ് ബാഹ്യരൂപത്തിൽ ക്ഷേത്രമായി മാറുമ്പോഴും അതിന്റെ ഉള്ളിലെ തെയ്യം ഏറക്കുറെ അതുപോലെതന്നെ നിലനിൽക്കുന്നുണ്ട്. തെയ്യത്തിന് അങ്ങനെ ക്ഷേത്രങ്ങൾക്കനുസരിച്ച് മാറാനൊന്നും സാധിക്കുകയില്ല. കാരണം ഒരു മനുഷ്യന് അനുഭവിക്കാൻ പറ്റുന്നതിനുമപ്പുറമുള്ള എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും താണ്ടിയാണ് തെയ്യമായി ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളത്.
തോറ്റംപാട്ടുകളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും തെയ്യത്തിന്റെ സ്വത്വത്തെ കണ്ണിപൊട്ടാതെ സൂക്ഷിക്കുന്ന പൊലിച്ചു പാടലുകൾ വലിയ കോട്ടം തട്ടാതെ നിലനിൽക്കുന്നുണ്ട്. സംസ്കൃതത്തിന്റെയും മണിപ്രവാളത്തിന്റെയും സ്വാധീനമുള്ള പലഭാഗങ്ങളും പിന്നീട് ഉണ്ടായിട്ടുണ്ട്. മനീഷ പഞ്ചകവും ലക്ഷ്മി സ്തുതികളും വൈഷ്ണവ സ്തുതികളും അങ്ങനെയുണ്ടായിട്ടുള്ളതാണ്.
എല്ലാ തെയ്യങ്ങളുടെയും പൊളിറ്റിക്കൽ സ്റ്റാൻഡ് കൃത്യമാണ്. തെയ്യത്തോളം പൊളിറ്റിക്കൽ ഊറ്റത്തോടെ നിൽക്കുന്ന, സത്യം വിളിച്ചുപറയുന്ന മറ്റൊരവതരണ രൂപത്തെയും കാണാൻ സാധിക്കുകയില്ല. പുളിങ്ങോത്ത് എടവരമ്പിൽ കൊലചെയ്യപ്പെട്ട അലങ്കാരൻ എന്ന പുലയൻ പൊട്ടൻ തെയ്യമായി നേർക്കുനേർ സംസാരിക്കുന്നത് മാത്രം കേട്ടാൽ മതിയാകും. ഇത്രയും കാലത്തിനിടയിൽ വലിയ മാറ്റങ്ങളൊന്നും പൊട്ടന്റെ തോറ്റത്തിന് സംഭവിച്ചിട്ടില്ല.
പുലയർ അനുഭവിക്കുന്ന കഠിനജീവിതത്തെ പുലപ്പേച്ചിലൂടെ പൊട്ടൻ ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. നമുക്ക് ഒരുകാലത്തും ചിന്തിക്കാൻ പറ്റാത്ത രാഷ്ട്രീയ വിചാരണയാണ് പുലയനായ പൊട്ടൻ നടത്തുന്നത്. പൊളിറ്റിക്കലി ലൗഡർ ആണ് പൊട്ടൻ. ‘നാങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര, നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര’ എന്ന് മാത്രമല്ല പൊട്ടന്റെ തോറ്റത്തിലുള്ളത്. എല്ലാം നഷ്ടപ്പെട്ട് വിദൂരത്തേക്ക് മാറ്റിനിർത്തപ്പെട്ട മനുഷ്യർ എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് പൊട്ടൻ തോറ്റത്തിലൂടെ ഉടനീളം ചോദിക്കുന്നത്. ഈ ഭൂമിയിലെ രണ്ടു മനുഷ്യർക്കിടയിലെ വ്യത്യാസം എന്താണ് എന്ന് പുലയൻ ചോദിക്കുമ്പോൾ വിജ്ഞാനത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കിയ ആദിശങ്കരന് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല.
പുഞ്ചക്കണ്ടത്തിലെ പുലയന്റെ ചോദ്യം പോലെ ശംഭുകൻ ശ്രീരാമനോട് ചോദിക്കുന്നുണ്ട്. കീഴാളൻ അറിവ് നേടിയാൽ അത് നാടിനു തന്നെ അപമാനമാണെന്ന് പറഞ്ഞു. ജാതി ചോദിച്ചുകൊണ്ടാണ് ശ്രീരാമൻ ശംഭുകന്റെ കഴുത്തറുക്കുന്നത്. എന്നോട് ചോദിക്കാൻ നീയാര്? എന്നതിന് ശ്രീരാമൻ നൽകുന്ന മറുപടി ‘നിന്നെ കൊല്ലാൻ എനിക്ക് ഒന്നും നോക്കേണ്ട. ദസ്യു ആയതുകൊണ്ടും അറിവ് നേടിയവനായതുകൊണ്ടും മാത്രമാണ് നിന്നെക്കൊല്ലുന്നത്. സ്വന്തം കഴുത്തറുത്തപ്പോൾ ശംഭുകൻ ചിരിച്ച അതേ പൊട്ടിച്ചിരിയാണ് ഇടവരമ്പിൽ തീയിട്ടു കൊല്ലുമ്പോൾ അലങ്കാരൻ എന്ന പുലയനും ചിരിക്കുന്നത്. കാലങ്ങൾ ഇത്രയേറെ കടന്നുപോയിട്ടും മേലേരിയിൽ കിടന്നുകൊണ്ട് പൊട്ടൻ തെയ്യത്തിന്റെ പൊട്ടിച്ചിരി ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇതേ ചോദ്യം ബാലിയും ശ്രീരാമനോട് ചോദിക്കുന്നുണ്ട്. എെന്റ ഭൂമിയിൽ വന്ന് എന്നോട് വഴിമാറിപ്പോകാൻ പറയുന്നത് എന്ത് കാരണത്താലാണ്. എന്റെ ഗോത്രത്തിൽ വന്ന് എന്നെ കൊല്ലാൻ നിനക്കുള്ള അധികാരമെന്ത്... ഫലസ്തീനിലും യുെക്രയിനിലും നിസ്വരായ മനുഷ്യരും ചോദിക്കുന്നതും ഇതേ ചോദ്യംതന്നെ. തെയ്യം ദേശാതിരുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല.
ബാലി വെള്ളാട്ടം: മാങ്ങാടൻ ദാസൻ പെരുവണ്ണാൻ
സാഹിത്യവും സിനിമയും തെയ്യത്തെ ഉൾക്കൊണ്ടില്ല
ഇന്ന് തെയ്യം എല്ലാ മീഡിയകൾക്കും ഏറെ പ്രിയങ്കരമാണ്. മുൻകാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ തെയ്യത്തിന്റെ ബാഹ്യസൗന്ദര്യം ലോകം മുഴുവനുമെത്തി. എന്നാൽ, തെയ്യത്തിെന്റ ശരിയായ കരുത്തും രാഷ്ട്രീയവും സാമൂഹികബന്ധങ്ങളും കൈകാര്യം ചെയ്യുന്ന സിനിമകൾ ഉണ്ടായിട്ടില്ല. ‘കാന്താര’യാണ് തെയ്യത്തിന്റെ കരുത്ത് ഏറ്റവും ശക്തമായി കടന്നുവന്ന ഒരു സൃഷ്ടി. അതിൽ ഋഷഭ് ഷെട്ടി പകർന്നാടുന്നത് പഞ്ചുരുളിയുടെയും ഗുളികന്റെയും തീവ്രഭാവങ്ങളിലൂടെയാണ്. തെയ്യത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന സിനിമ മലയാളത്തിൽ എന്തുകൊണ്ട് വന്നില്ല. പഴയകാലത്ത് വന്ന ‘കിളിപ്പാട്ട്’, മനോജ് കാനയുടെ ‘ചായില്യം’, ‘പുലിജന്മം’ തുടങ്ങിയ സിനിമാ സംരംഭങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.
‘കാന്താര’യുടെ അലർച്ച കേട്ടപ്പോഴാണ് മലയാളികൾ ഞെട്ടിയത്. ഋഷഭ് ഷെട്ടി തെയ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് കമേഴ്സ്യൽ ആണെങ്കിൽക്കൂടി സൂക്ഷ്മതലത്തിൽ ഒരു തിരകഥയുണ്ടാക്കിയത്. നമ്മുടെ സിനിമാക്കാർ കളിയാട്ടപ്പറമ്പുകളിൽ കാലങ്ങളോളം അലഞ്ഞു ഒരു തിരക്കഥ ഉണ്ടാക്കാൻ തയാറാകുമോ. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമൊക്കെ ധാരാളം ഈ മേഖലയിൽ ഉണ്ടാകുന്നുണ്ട്. കുറച്ചൊക്കെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
ആരെയും ആകർഷിക്കുന്ന തെയ്യത്തിന്റെ ഭംഗിയാണ് എല്ലാവരുടെയും നോട്ടം. ഒരന്വേഷകൻ, എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിൽ അത്തരം നോട്ടമല്ല എന്നെ തെയ്യത്തിലേക്ക് ആകർഷിച്ചിട്ടുള്ളത്. സപ്തവർണാഞ്ചിതമായി തിളങ്ങുന്ന ദൈവം എന്നു പറയുന്നത് അതിെന്റ പരിണാമത്തിലെ അവസാനത്തെ ഘട്ടം മാത്രമാണ്. അത്രയും മിന്നിത്തിളങ്ങുന്നതിനു മുമ്പ് തെയ്യം താണ്ടിയ കഠിന ദൂരങ്ങളേറെയുണ്ട്. ആ ജീവിതം നമ്മുടെ എല്ലാ ചിന്തകൾക്കും സങ്കൽപങ്ങൾക്കും അപ്പുറമുള്ള ദുരന്തമാണ്. ഭംഗിയല്ല, ദുരന്തമാണ് തെയ്യം.
തെയ്യത്തെ സാഹിത്യത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. മുൻകാലങ്ങളിലേ അതുണ്ട് അംബികാസുതൻ മാഷിന്റെ ‘മരക്കാപ്പിലെ തെയ്യങ്ങളും’ എൻ. പ്രഭാകരൻ മാഷുടെ ‘ഏഴിനും മീതെ’യും ‘ദൈവത്തിന്റെ പൂമ്പാറ്റ’യും തെയ്യത്തിന്റെ ആത്മസത്തെ അതേപോലെ പകർത്തിവെച്ച കൃതികളാണ്. എൻ. പ്രഭാകരന്റെ ‘പുലിജന്മം’ വളരെയേറെ ശ്രദ്ധ നേടിയ നാടകമാണ്. ആഹാര്യത്തിനപ്പുറത്തുള്ള ഒന്ന് തെയ്യത്തിലുണ്ട്. അത് കണ്ടെത്താൻ സിനിമാക്കാരനും എഴുത്തുകാരനും കഴിയണം. മലയാളത്തിൽ അതുണ്ടാകുന്നില്ല.
തെക്കൻ കേരളത്തിലുള്ളവർ പൊതുവെ പറയാറുണ്ട്, ‘കളിയാട്ട’ത്തിലെ പാട്ടിലൂടെയാണ് കതിവനൂർ വീരനെ അറിഞ്ഞതെന്ന്. കളിയാട്ടമാണ് എല്ലാവരും എല്ലാ കാലത്തും പറയുന്ന മലയാളത്തിലെ ഏക തെയ്യം സിനിമ. ജയരാജ് എന്ന പ്രതിഭാധനനായ സംവിധായകന്റെ മികവ് കളിയാട്ടത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. പക്ഷേ, വസ്തുതാപരമായ നിരവധി പിശകുകൾ അതിലുണ്ട്. അടിസ്ഥാനപരമായി അതൊരു തെയ്യം സിനിമയല്ല. ‘ഒഥല്ലോ’യുടെ പതിൻമടങ്ങ് ദുരന്തമനുഭവിച്ച തെയ്യത്തെ സിനിമയിൽ ടൂൾ ആയി മാത്രം ഉപയോഗിക്കുന്നത് എന്തിനാണ്?
തെയ്യത്തെ കേന്ദ്ര പ്രമേയമായി സ്വീകരിച്ചുകൊണ്ടുള്ള മികച്ച സൃഷ്ടികൾ വരാനിരിക്കുന്നതേയുള്ളൂ. ബാഹ്യ സൗന്ദര്യം കാണിച്ച് ഇനി ആൾക്കാരെ ഞെട്ടിക്കാൻ കഴിയില്ല. വ്ലോഗർമാർ അത് ചെയ്തുകഴിഞ്ഞു. ആന്തരിക സത്തയെ ആവിഷ്കരിക്കണം. ഒരുമാധ്യമത്തിലൂടെ തെയ്യം എങ്ങനെ കൊണ്ടുവരാം എന്നത് പഠനവിധേയമാക്കണം. തെയ്യംകെട്ടുന്നവരുടെ സംഘർഷം എഴുത്തുകാരന് അറിയാത്ത സ്ഥിതിയാണ്. തെയ്യക്കാരനെ നേരിൽകാണാനും ആന്തരികമായി കാണാനും എഴുത്തുകാരന് താൽപര്യമില്ല. നിലവിൽ സ്റ്റീരിയോ ടൈപ് സാഹിത്യമാണ് വരുന്നത്. കഥയും കവിതയും നോവലും തെയ്യത്തിന്റെ ഉള്ളറിഞ്ഞുണ്ടാകുന്നതല്ല. വായനക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്ന പൊള്ളയായ കേവലാസ്വാദനം മാത്രമാണ്.
ഫോട്ടോഗ്രഫിപോലും അങ്ങനെയാണ്. കരിഞ്ഞുപോയ ശരീരം. പൊള്ളിയ വിരൽ, തെയ്യം ഇറങ്ങിപ്പോയ പെരുമലയന്റെ ഭാവം എന്നിവ എവിടെയെങ്കിലും പകർത്തപ്പെട്ടിട്ടുണ്ട്.പത്രത്തിന്റെ പേജുകളിൽ തെയ്യത്തിെന്റ പേരും പടവുമല്ലാതെ ആരാണ് തെയ്യക്കാരൻ എന്ന് അടിക്കുറിപ്പിൽ മാധ്യമങ്ങൾ നൽകിയിട്ടുണ്ടോ. സെലിബ്രിറ്റികളുടെ കലാപരിപാടികളിൽ ആളെ കൂട്ടുന്നത് ആ പേര് ചൊല്ലിയാണ്. പേര് ചൊല്ലിവിളിക്കുന്ന തെയ്യക്കാരൻ എന്തുകൊണ്ട് സെലിബ്രിറ്റിയാകുന്നില്ല.
തെയ്യം കഥയും ഗവേഷണവും മോഷ്ടിക്കാമോ?
സാഹിത്യത്തിൽ ചോരണം പാടില്ല, തെയ്യം ഗവേഷണത്തിൽ അതാകാം എന്ന സ്ഥിതിയുണ്ട്. സാഹിത്യത്തിലെ മോഷണം, എന്നത് പുതിയ കാര്യമൊന്നുമല്ല. പലവിധത്തിലുള്ള പ്രശ്നങ്ങളും സംവാദങ്ങളും വിവാദങ്ങളും അത് സംബന്ധിച്ച് നടക്കുന്നുണ്ട്. എന്നാൽ, ആ വിവാദങ്ങളൊക്കെ ഒന്നു രണ്ടാഴ്ച മാധ്യമങ്ങളാൽ ആഘോഷിക്കപ്പെട്ട്, പൊടുന്നനെ കെട്ടടങ്ങുകയാണ് പതിവ്. ഇതിൽ പ്രതിനായക സ്ഥാനത്തുള്ള പലരും, പിന്നീട് ഇതേ മാധ്യമങ്ങളിലൂടെ ഇപ്പഴും സാംസ്കാരിക നായകരായി തുടരുകയും ചെയ്യുന്നു. ഞാൻ മോഷ്ടിക്കപ്പെട്ടയാളാണ്. പലപ്പോഴും അത് നിസ്സഹായനായി നോക്കിനിൽക്കാനേ സാധിച്ചിട്ടുള്ളൂ. ഞാനായിട്ട് ബഹളമുണ്ടാക്കിയിട്ടില്ല. തെയ്യംപോലുള്ള അനുഷ്ഠാനകലകളും, നാടോടി കലാരൂപങ്ങളുമൊക്കെ നാടിന്റെ പൊതുപൈതൃകമല്ലേ, അതിലുള്ള വസ്തുതകളും നിരീക്ഷണങ്ങളും എങ്ങനെ ഒരാളുടേതാകും എന്ന വാദമുയർത്തിയാണ് മോഷണത്തിന് ന്യായം കണ്ടെത്തുന്നത്.
ഈ അർഥത്തിൽ ഏറ്റവും കൂടുതൽ മോഷണത്തിന് വിധേയമായിട്ടുള്ള ഒരു തെയ്യം പഠിതാവുകൂടിയാണ് ഞാൻ. ഡോക്ടറേറ്റിലേക്ക് പോകുകയല്ല എെന്റ ലക്ഷ്യം. അറിവിന്റെ ലോകം വിപുലപ്പെടുത്താൻ ഞാനനുഷ്ഠിക്കുന്ന സർഗാത്മക പ്രവൃത്തിയാണത്. അങ്ങനെയാവുമ്പോൾ എന്റേതായ ചില ശൈലികളും പ്രയോഗങ്ങളും നിരീക്ഷണങ്ങളും എെന്റ എഴുത്തിലുണ്ടാവുന്നുണ്ട്. ഒരു സർഗാത്മക എഴുത്തുകാരന് അവകാശപ്പെടാവുന്ന ബൗദ്ധിക സ്വത്ത് സംരക്ഷണത്തിന്റെ പ്രശ്നം അതിൽ അന്തർഭവിച്ചിട്ടുണ്ട്. എന്നാൽ, അതൊന്നും സമൂഹമാധ്യമങ്ങളിലോ എഴുത്തുകാർക്കിടയിലോ വലിയ ചർച്ചയായിട്ടില്ല. പക്ഷേ മോഷണം /ആശയ ചോരണം നിർബാധം തുടരുന്നു എന്നുള്ളതാണ് സത്യം.
പുസ്തകങ്ങളിലും ആഴ്ചപ്പതിപ്പുകളിലും നിരവധി സുവനീറുകളിലും ഫേസ്ബുക്ക് പേജുകളിലും ഓൺലൈൻ പോർട്ടലുകളിലുമായി നൂറുകണക്കിന് വ്യത്യസ്തമായ എഴുത്തുകൾ എന്റേതായുണ്ട്. മിക്കതും വർഷങ്ങൾ നീണ്ടുനിന്ന അലച്ചിലുകളുടെയും ഗവേഷണ നിരീക്ഷണങ്ങളുടെയും പരിണതഫലമെന്ന നിലയിൽ സംഭവിച്ചതാണ്. തെയ്യം അനുഷ്ഠാനവുമായി ബന്ധപ്പെട്ട് എഴുത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പല ശൈലികൾക്കും പ്രയോഗങ്ങൾക്കും ഈ വർഷങ്ങളുടെയും മനന ധ്യാനങ്ങളുടെയും ചൂരും ചൂടുമുണ്ട്. നമ്മുടേത് മാത്രമായ ഭാഷാശൈലികൾ, അതിലെ ആശയങ്ങൾ പദപ്രയോഗങ്ങൾ നൂതനമായ നിലപാടുകൾ കാഴ്ചപ്പാടുകൾ ഇവയൊക്കെയും ഇന്ന് പലരും കോപ്പി/പേസ്റ്റ് ചെയ്ത് സ്വന്തമായി നിരൂപിച്ചെടുത്തതുപോലെ ഉപയോഗിക്കുന്നുണ്ട്.
ഒരുപാട് കാലത്തെ അലച്ചിലുകളിലൂടെ ദീർഘമായ, അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ ഒരാൾ കണ്ടെത്തുന്ന ബൃഹത്തായ അറിവുകളും അതിനു മുകളിലുള്ള അയാളുടെ രാഷ്ട്രീയ ബോധ്യങ്ങളും ചുറ്റിലുമുള്ള പ്രകൃതിയെയും മനുഷ്യരെയും കുറിച്ചുള്ള ജാഗ്രതയും അതിെന്റ അന്തസ്സത്തയായി അയാളിൽനിന്ന് ഉണ്ടാകുന്ന സർഗാത്മക രചനകളും അയാളുടെ മൗലിക സൃഷ്ടി തന്നെയാണല്ലോ? അതെങ്ങനെയാണ് മറ്റൊരാൾക്ക്, അതേപടി പകർത്തിയെഴുതാനാവുക? ഒന്ന് അക്നോളജ് ചെയ്യാൻപോലും മടിക്കുന്ന പ്രശസ്തി ഭാരമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പേരിന്, അനുമതി ചോദിച്ച് പ്രസിദ്ധീകരണത്തിലോ പുസ്തകത്തിലോ അത് രേഖപ്പെടുത്താൻ മടിക്കുന്ന ബുദ്ധിശാലികളും ഇക്കൂട്ടത്തിലുണ്ട്.
നിരന്തര യാത്രകൾ നടത്തിയും അലഞ്ഞും പ്രയാസപ്പെട്ടുമാണ് അന്വേഷണങ്ങളും പഠനങ്ങളും ലേഖനങ്ങളും സാധ്യമാക്കുന്നത്. മുപ്പത്തഞ്ച്-നാൽപത് വർഷക്കാലം തെയ്യക്കാവുകളിലലഞ്ഞും തെയ്യക്കാരായ മഹാന്മാരായ മനുഷ്യരോടൊപ്പം സഹവസിച്ചും ആഴത്തിലുള്ള ആത്മബന്ധം എനിക്കുണ്ടായിട്ടുണ്ട്. ഒരു തെയ്യക്കാവിൽ തെയ്യം കാണാൻ പോയിക്കഴിഞ്ഞാൽ അവിടെ അണിയറയിലോ അണിയറയുടെ പരിസരത്തോ ഒക്കെയാണ് നമ്മളുണ്ടാവുക. അങ്ങനെ സ്വായത്തമാക്കുന്ന അറിവുകളുടെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ സ്വതന്ത്രമായിട്ടാണല്ലോ എഴുതുന്നത്. ഈ അറിവും അനുഭവവുമാണ് മിടുക്കൻമാർ ഒറ്റ മിനിറ്റുകൊണ്ട് കോപ്പി/പേസ്റ്റ് ചെയ്ത് അവരുടെ കഥകളോ, നോവലുകളോ, കവിതകളോ ആക്കി മാറ്റി എന്നെ നിസ്സഹായനാക്കിക്കളയുന്നത്.
വ്യക്തിപരമായി എന്റെ എഴുത്തുകളെന്നു പറയുന്നത്, അതിവിടെയുള്ള ഏതെങ്കിലും തെയ്യത്തിന്റെ പുരാവൃത്തമോ തോറ്റം പാട്ടോ കഥയോ അതേപോലെ പറയുന്നതോ പകർത്തിവെക്കുന്നതോ അല്ല. അങ്ങനെ ചെയ്യേണ്ടതില്ല എന്നുതന്നെയാണ് എഴുത്തിനോടുള്ള എന്റെ നിലപാട്.
തെയ്യത്തിന്റെ ചടങ്ങുകളെയോ അനുഷ്ഠാനങ്ങളെയോ ഭയഭക്തി ബഹുമാനങ്ങളോടെ അതേപോലെ പകർത്തിവെക്കുന്ന ഒരെഴുത്തും ഞാൻ ചെയ്തിട്ടില്ല. കാലാനുസൃതമായി അല്ലെങ്കിൽ കാലവും കടന്ന് അതെങ്ങനെ ഈ മണ്ണിൽ നിലനിൽക്കുന്നു, അതിന്റെ വിവിധ സാധ്യതകൾ എന്ത് ? മാറി മാറിവരുന്ന മനുഷ്യജീവിതങ്ങൾക്കനുസരിച്ച്, സാമൂഹികക്രമങ്ങൾക്കനുസരിച്ച്, ഭൂപ്രകൃതികൾക്കനുസരിച്ച്, കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് മനുഷ്യരുടെ പ്രശ്നങ്ങളുമായി അതെങ്ങനെ സമന്വയിക്കപ്പെടുന്നു? രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ അതിന്റെ പ്രാധാന്യമെന്ത് എന്ന മൗലികവും നൂതനവുമായ അന്വേഷണങ്ങളുമാണ്.
എന്റെ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും തലക്കെട്ടുകളിൽതന്നെ അതിന്റെ കൃത്യമായ രാഷ്ട്രീയ സൂചനകളും പോരാട്ട വീര്യവുമുണ്ട്. മുന്നൂറ്റി ഒന്നാമത്തെ രാമായണം –തോറ്റവരുടെ അതിജീവനം ആഖ്യാനം എന്നതാണ് എന്റെ ആദ്യത്തെ പുസ്തകം. എകർന്ന മലപോലെ, പടർന്ന വള്ളി പോലെ, എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ. മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ, പതിനെട്ടാമത്തെ നിറം, കുറിഞ്ചി പെറ്റ കുഞ്ഞുങ്ങൾ, തെയ്യത്തിന് പൊള്ളുന്നു, പെരിയ പെഴച്ച ദൈവവും മനുഷ്യനും, തെയ്യത്തിന്റെ ബിസ്നോയ് ഗ്രാമങ്ങൾ, കുഞ്ഞിമങ്ങലത്തെ ശാകുന്തളങ്ങൾ, എന്റെ മാംസം മുള്ളിന് കൊടുത്ത് മുള്ളിന്റെ മാംസം ഞാനെടുത്തു, മണ്ണും വെള്ളവുംകൊണ്ട് മുറിവേറ്റവർ, ചോരയുടെ നിറവ്യത്യാസം, ഉടലുയിർപ്പുകളുടെ തിണവഴക്കങ്ങൾ, എട്ടാമത്തെ വൻമരം, തെയ്യം എന്ന വെർച്വൽ റിയാലിറ്റി, കുറുഞ്ചിപ്പൊരുൾ ഉടലിൽ പച്ചകുത്തിയവർ, തെയ്യത്തിന്റെ ആത്മഗതങ്ങൾ ആത്മവിസ്ഫോടനങ്ങൾ... ഇങ്ങനെ പോകുന്നു അത്. ഏറ്റവും നൂതനമായ ശൈലിയിലൂടെ സങ്കേതങ്ങളിലൂടെ എന്റേതായ രാഷ്ട്രീയബോധ്യങ്ങളിലൂടെ തെയ്യം ജീവിതം/അനുഷ്ഠാനത്തെ പുനർനിർമിക്കുകയാണ് എഴുത്തുകളിലൂടെ ഞാൻ ചെയ്തിട്ടുള്ളത്.
ഒരാളുടെ എഴുത്തുകൾ അയാളുടേത് മാത്രമായ നിരീക്ഷണങ്ങളും നിലപാടുകളും രാഷ്ട്രീയമായ ബോധ്യങ്ങളുമാണ്. അത് പകർത്തി എഴുതുന്നതോ അതിലെ ആശയങ്ങളോ പ്രയോഗങ്ങളോ വാചക ഘടനകളോ അതേപോലെ പകർത്തിവെക്കുന്നതോ അതേപടി അനുകരിക്കുന്നതോ എന്നെ സംബന്ധിച്ചെങ്കിലും നല്ല എഴുത്തല്ല. എണ്ണിയാലൊടുങ്ങാത്ത തെയ്യക്കഥകളും അനുഷ്ഠാനങ്ങളും ജീവിത വൈവിധ്യങ്ങളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ തുളുനാടൻ ഭൂമിക. അതിലിനിയും നൂറുനൂറ് കഥകളും അത്ഭുതങ്ങളുമുണ്ട്. അതൊന്നും കണ്ടെടുക്കാതെ ഒരാൾ അയാളുടെ ജീവിതം മുഴുവൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിവെക്കുന്നതിനെ അതേപടി ഉപജീവിച്ച് എന്തിനാണ് സാഹിത്യ പ്രവർത്തനം നടത്തുന്നത്? പ്രശസ്തി നേടാൻ മാന്യമായ മറ്റെന്തൊക്കെ പ്രവൃത്തികളുണ്ട്? തല മുതിർന്ന എഴുത്തുകാർ മുതൽ പുതിയ തലമുറയിൽപെട്ട എഴുത്തുകാർ വരെ നിർലജ്ജം ഈ കൃത്യം ഒരുളുപ്പുമില്ലാതെ നിർവഹിച്ചിട്ടുണ്ട്.
അത് തുടരുന്നുമുണ്ട്. പക്ഷേ അതൊന്നും ഇതുവരെ പുറത്തറിയുകയോ വലിയ വാർത്തയാവുകയോ ചെയ്തിട്ടില്ല. കാരണം എഴുത്തുകാരന്റെ അസ്തിത്വം എന്നത് ഫാബ്രിക്കേറ്റ് ചെയ്ത പല പ്രിവിലജുകളുടെയും ബലത്തറയിലാണ് നിലനിൽക്കുന്നത്. എവിടെയെങ്കിലും വെച്ച് ഈ ചോരണ കാര്യം ആരെങ്കിലും സൂചിപ്പിക്കുമ്പോൾ ആരോഗ്യപരമായ സർഗാത്മകമായ ആശയവിനിമയത്തിന് മുതിരാതെ ഒരു മര്യാദയുമില്ലാതെ എന്നെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് കോപ്പിയടിക്കാർ ചെയ്തുവരുന്നത്. മറ്റുള്ളവർ തെയ്യത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ എഴുതുമ്പോൾ ഞാൻ ഭയങ്കരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരാളാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢമായ ശ്രമങ്ങളും നടക്കുന്നുണ്ട്.
മാടത്തിൻകീഴിലെ വൈരജാതൻ വെള്ളാട്ടം
ഓലച്ചൂട്ടിനെ കുറിച്ച്
ആകാശവാണിയിൽ നാലു വർഷം പിന്നിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ‘ഓലച്ചൂട്ട്’ എന്ന പ്രത്യേക പ്രതിവാര പരിപാടിയിൽ ഇതിനോടകം നൂറുകണക്കിന് വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരകേരളത്തിലെ പ്രകൃതിയും മഴയും പുഴയും ജീവജാലങ്ങളും പൂക്കളും ചെടികളും കിളികളും വളർത്തുമൃഗങ്ങളും പക്ഷികളും തൊഴിൽ ജീവിതവും കാർഷിക ജീവിതവും മത്സ്യബന്ധനവും അങ്ങനെ ഒാലച്ചൂട്ടിൽ പല വിഷയങ്ങൾ പല ജീവിതങ്ങൾ കടന്നു വന്നു. എല്ലാം ഏറ്റവും സാധാരണക്കാരായ മനുഷ്യർ നെഞ്ചോട് ചേർത്തുപിടിച്ചു. ഓരോ മനുഷ്യനും അവർ പിന്നിട്ടുപോയ കാഴ്ചകളെ ഓലച്ചൂട്ടിലൂടെ വീണ്ടെടുത്തു.
എല്ലാ ഞായറാഴ്ചയും രാവിലെ ഏഴിന് പ്രക്ഷേപണം ചെയ്യുന്ന ഓലച്ചൂട്ടിലെ ഓരോ എപ്പിസോഡും ജനങ്ങൾ അവരുടെ ജീവിതവുമായി ആഴത്തിൽ ചേർത്തുവെച്ചിട്ടുള്ളതാണ്. ഏറ്റവും കൂടുതൽ അമ്മമാരെയും സ്ത്രീകളെയും കുട്ടികളെയും ആകർഷിച്ചിട്ടുള്ളതാണ് ‘അമ്മയുടെ മണവാട്ടിക്കുഞ്ഞുങ്ങൾ’. പഴയകാലത്ത് നമ്മുടെ വീടുകളിൽ മണവാട്ടിത്തവളകളെ നമ്മുടെ അമ്മമാർ വളർത്തി സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു അത്. ഒരുകാലത്ത് നമ്മുടെ വീടുകളിൽ ഇഷ്ടംപോലെ നമ്മളോടൊപ്പം കളിച്ചുചിരിച്ച് രസിച്ച മണവാട്ടിത്തവളകൾ ഇന്ന് വംശനാശഭീഷണി നേരിടുകയാണ്. നമ്മുടെ വീട് എങ്ങനെയാണ് നമ്മുടെ മാത്രം വീടല്ലാതാകുന്നത്, അതെങ്ങനെ മറ്റുള്ളവരുടേതുമായ വീടാകുന്നത്. നമ്മുടെ അമ്മ എങ്ങനെയാണ് മറ്റുള്ളവരുടെ കൂടി അമ്മയാകുന്നത് എന്ന പ്രകൃതിയുടെ അറിവിനെയാണ് ഈ എപ്പിസോഡിലൂടെ അവതരിപ്പിച്ചത്.
ഉത്തര കേരളത്തിലെ കുഞ്ഞമ്പു എന്ന പ്രത്യേകമായ പേരിനെ കുറിച്ചും പലവിധത്തിലുള്ള കുഞ്ഞമ്പുമാരുടെ സവിശേഷതകളെക്കുറിച്ചും ഉള്ളതാണ് ‘ഭൂമിയിലെ അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിനം’. അതുപോലെതന്നെ ഉത്തര കേരളത്തിലെ കർക്കടക വാവിനെ കുറിച്ചും വാവ് ദിനത്തിൽ ഉണ്ടാക്കുന്ന പ്രത്യേക കോഴിക്കറിയെ കുറിച്ചും വാവിന്റെ വിഭവങ്ങൾ ആസ്വദിക്കാൻ എത്തുന്ന നമ്മുടെ മൺമറഞ്ഞ തൊണ്ടച്ചന്മാരെ കുറിച്ചുമുള്ള വിവരണം ആയിരുന്നു ‘ഭൂമിയിലെ മനുഷ്യർ ചാകാനാഗ്രഹിക്കുന്ന ദിനം’ എന്നത്.
‘നാട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ’ പോയകാലത്ത് ഉത്തരമലബാറിലെ ഗ്രാമങ്ങളിൽ മകരക്കൊയ്ത്ത് കഴിഞ്ഞ പാടത്ത് വെള്ളരി നടുന്നതിനെക്കുറിച്ച് വെള്ളരിക്കണ്ടത്തിലെ ഉത്സവപ്രീതിയാർന്ന വെള്ളരി വിളവെടുപ്പിനെ കുറിച്ചുള്ള മനോഹരമായ എപ്പിസോഡ് ആണ് ‘നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ’. മഴക്കാലത്ത് നമ്മുടെ പാടത്തും പരിസരത്തും വെള്ളം നിറയുന്നതും പാടത്തിനടുത്ത് കുളത്തിൽ മീനുകൾ നിറയുന്നതുമാണ് മറ്റൊന്ന്.
കുളത്തിലെ പലതരം മീനുകളെ കുറിച്ചും ആമകളെക്കുറിച്ചും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനെക്കുറിച്ചും, എങ്ങനെയാണ് ഓരോ മീനും ചൂണ്ടയിലെ ഇര വിഴുങ്ങുന്നത് എന്നതിനെക്കുറിച്ചും മീനുകളുടെ ചൂണ്ടയിലെ മരണത്തെക്കുറിച്ചുമാണ് മഴയുടെ ഏകാംഗനാങ്കം. നാട്ടിൽ മയിലുകൾ വ്യാപകമാകുന്നതിൽ അമ്മക്കുണ്ടാകുന്ന ഉത്കണ്ഠയാണ് ‘മയൂര സന്ദേശം’. കൃഷിയിറക്കാതെ വരണ്ട് കാട്ടുപൊന്തകൾ നിറഞ്ഞ നമ്മുടെ പാടത്തെ അധിനിവേശ സസ്യങ്ങളെക്കുറിച്ചും പലദേശങ്ങളിൽനിന്നായി അധിനിവേശം നടത്തിയ കൊക്കുകളെക്കുറിച്ചും നീർക്കാക്കകളെ കുറിച്ചുമുള്ളതാണ് ‘അമ്മയുടെ അപരിചിത ലോകങ്ങൾ’. മഴക്കാലത്ത് ഇടിമുട്ടി കഴിഞ്ഞാൽ മണ്ണും ചണ്ടിയും അഴുകിയ വളപ്പിന്റെ മൂലയിൽ കുമിലുകൾ മുളക്കുന്നതും കുമിലുകൾ പൊട്ടിച്ച് കറിയുണ്ടാക്കുന്നതുമാണ് ‘അമ്മയുടെ അരിക്കുമിലുകൾ’. മറ്റൊരു എപ്പിസോഡ് ഇണക്കി വളർത്തിയ കാട്ടു ഗന്ധങ്ങൾ ആണ്. നമ്മുടെ പഴയകാലത്തെ വേലികളെ കുറിച്ചും വേലികളിൽ പടരുന്ന വ്യത്യസ്തങ്ങളായ വേലിപ്പൂക്കളെ കുറിച്ചുമുള്ളതാണ് ‘ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ’.
നാട്ടിൻപുറത്തെ വ്യത്യസ്തരായ പലതരം മനുഷ്യരെക്കുറിച്ചും ഓലച്ചൂട്ടിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മരംമുറിക്കാരനായ പുഞ്ചക്കാട്ടെ ഗോയിന്നേട്ടൻ പാട്ടുകാരനും കൈക്കോട്ടു പണിക്കാരനുമായ തമ്പാനേട്ടൻ, തെയ്യപ്പറമ്പുകളിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഊതിപ്പൊന്തി ഗോപാലേട്ടൻ, ഊരുചുറ്റി കാവടി ഉത്സവം നടത്തി പഴനിയിൽ പോകുന്ന അവറോന്ദൻ ചിണ്ടൻപൂശാരി. സൈക്കിൾ ഷാപ്പിലെ കണ്ണേട്ടൻ. കൊല്ലൻ കേളപ്പേട്ടൻ. മഴയിൽ നനഞ്ഞൊലിച്ച് കണ്ടത്തിൽ നാട്ടി പണിയെടുക്കുമ്പോൾ മനോഹരമായ പാട്ടുകൾ പാടുന്ന തേർവയലിലെ കാർത്യാനിയേട്ടി.
പഴയകാലത്ത് വീട്ടിൽ വളർത്തിയിരുന്ന നാടൻ കോഴികളെ കുറിച്ച് കദളിവാഴക്കയ്യിലിരുന്ന് വിരുന്നുകാരെ വിളിക്കുന്ന എന്നാൽ ഇപ്പോൾ കണികാണാൻപോലും ഇല്ലാത്ത കാക്കകളെ കുറിച്ച് നാടൻ നായകളെ കുറിച്ച്. കുട്ടിക്കാലത്ത് നമ്മുടെ നാവിൽ തേൻ നിറച്ച പലതരത്തിലുള്ള മിഠായികളുടെ രുചി മാധുര്യങ്ങളെ കുറിച്ച്...
പുതിയകാലത്തെ ഓണത്തെക്കുറിച്ച്, വിഷുവിനെക്കുറിച്ച്, പൂരത്തെക്കുറിച്ച്... അങ്ങനെ വൈവിധ്യമാർന്ന നൂറുകണക്കിന് വിഷയങ്ങൾ ഈ നാലുവർഷംകൊണ്ട് കണ്ണൂര് ആകാശവാണിയിലൂടെ എന്റെ ശബ്ദത്തിൽ ജനങ്ങളിലേക്ക് എത്തി. ഈ എപ്പിസോഡുകൾ മുഴുവൻ എഴുതുന്നതും അതിന് ശബ്ദം കൊടുക്കുന്നതും നമ്മൾ തന്നെയാണ്. ഏറ്റവും അനുയോജ്യമായ ശബ്ദമിശ്രണങ്ങൾ നൽകിക്കൊണ്ട് ജനഹൃദയങ്ങളിൽ ഓരോ എപ്പിസോഡും ചിര പ്രതിഷ്ഠ നേടിയത് പ്രക്ഷേപണകലയിലെ അതികായനായ കെ.വി. ശരത്ചന്ദ്രന്റെ സംവിധാന മികവിലാണ്.
ഒടയഴിച്ച് മേലേരി കൈയേൽക്കുന്ന ഒറ്റക്കോലം സജേഷ് പണിക്കർ കൊയോങ്കര
കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടു മാറ്റം
കമ്യൂണിസ്റ്റ് പാർട്ടികൾ ’80കളിൽ അന്ധവിശ്വാസമായാണ് തെയ്യത്തെ കണ്ടത്. തെയ്യത്തിന്റെ അകം പുകയുന്ന രാഷ്ട്രീയം കണ്ടെത്താൻ പാർട്ടികൾ ശ്രമിച്ചിരുന്നില്ല. ഇതിന്റെ ഘടന എന്തെന്ന് അവർക്ക് അറിയില്ലായിരുന്നു. വർഗസ്വഭാവം അവർ തിരിച്ചറിഞ്ഞില്ല. അടിസ്ഥാന വിഭാഗമായ പുലയനും പറയനും അധികാരത്തോട് ചോദിക്കാനുള്ള ചോദ്യങ്ങളാണ് തെയ്യമെന്നും എല്ലാ തെയ്യങ്ങളും ഈ രീതിയിൽരൂപപ്പെട്ടതാണെന്നും പരിശോധിക്കാൻ തയാറല്ലായിരുന്നു. അവന്റെ കൂലിക്കുവേണ്ടി പോരാട്ടങ്ങളുണ്ടായിരുന്നില്ല. ചരിത്രത്തിൽ ആലേഖനം ചെയ്യേണ്ടിയിരുന്ന പ്രതിഭകളെ വർഗസമര പോരാട്ടങ്ങളുടെ ഭാഗമാക്കിയില്ല. ജാതി, മത, വർഗ, വിവേചനങ്ങൾക്കതീതമായ തെയ്യത്തിലെ ആശയം മാനവികക്കുവേണ്ടിയാണെന്നും തിരിച്ചറിഞ്ഞില്ല. തിരിച്ചറിയുേമ്പാഴേക്കും അവരെ കുഴിച്ചുമൂടി കഴിഞ്ഞിരിക്കുന്നു. സാഹിത്യത്തിലേക്ക് തെയ്യം എഴുന്നള്ളിയേപ്പാഴാണ് ഈ തിരിച്ചറിവുണ്ടായത്.
ഏഴിനു മീതെ, പുലിജന്മം, കാക്കാലത്തി തുടങ്ങിയ കഥകൾ രാഷ്ട്രീയബോധ്യമുണ്ടാക്കി. തെയ്യം കഥകൾ ശക്തമായി എതിർക്കപ്പെടേണ്ടതല്ല എന്ന് മനസ്സിലാക്കി. പക്ഷേ, ഘടന മനസ്സിലാക്കാൻ പാർട്ടികൾക്കായില്ല. അത് ക്ഷേത്രത്തിൽ പുരോഹിതൻമാരെ സൃഷ്ടിച്ചു. പുരോഹിതൻമാർ പുറത്ത് വിപ്ലവകാരികളാണ്. സഹസ്രനാമം, പുനഃപ്രതിഷ്ഠ, ലക്ഷാർച്ചന തുടങ്ങിയ പൗരോഹിത്യ കർമങ്ങൾ എഴുന്നള്ളപ്പെട്ടു. കാപിറ്റൽ ഓറിയന്റഡ് ആണ് ഇന്ന് തെയ്യം. കോടികൾ ചെലവഴിക്കാനും അതേ കോടികൾ പിരിക്കാനും ശേഷിയുള്ള കോർപറേറ്റ് ഉൽപന്നമായി തെയ്യംമാറി. അതിന് പൗരോഹിത്യവത്കരിക്കുന്നതാണ് നല്ലത്. ഒരു കളിയാട്ടത്തിന് കോടികൾ ചെലവഴിക്കും മിമിക്രിക്ക് 15 ലക്ഷം നൽകിയാൽ തെയ്യക്കാരന് നൂറു രൂപ കൂട്ടിെക്കാടുക്കില്ല. ഇൗ സാമ്പത്തികതലത്തിൽനിന്നാണ് കാവുകൾ ക്ഷേത്രമായി പരിണമിക്കുന്നത്.
അവിടെ തൂങ്ങിനിൽക്കുന്ന ബോർഡുകളും ഭക്തിയുടെ വില വിവര പട്ടികയും തെയ്യത്തിേന്റതല്ല. പുരോഹിതന്റേതാണ്. ലക്ഷാർച്ചന, പുഷ്പാഞ്ജലി, ചുറ്റുവിളക്ക് എന്നിവ തെയ്യ വിരുദ്ധമാണ്. കാവ് അപരിഷ്കൃതമാണ് എന്ന ചിന്തയിൽ പ്രശ്നചിന്തയുണ്ടാകുന്നു. അഷ്ടമംഗല്യപ്രശ്നവും വരുന്നു. മേൽമാട് രൂപംകൊള്ളുന്നു. കാവിനു ചുറ്റുമിരിക്കുന്നതും ക്ഷേത്രത്തിൽ കസേരയിട്ടിരിക്കുന്നതും വ്യത്യസ്തമാണ്. ‘സംസ്കാരമില്ലായ്മ’ മോടി പിടിപ്പിച്ച് സാംസ്കാരികവത്കരിക്കുന്നു. ഇത് സാമൂഹിക ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ഇന്ന് അപൂർവം കാവുളേ ഉള്ളൂ. തവിടിശേഷി കാവ്, തെയ്യോട്ട് കാവ്, കമ്മാടം കാവ്, മാപ്പിളചേരികാവ് എന്നിവ മാത്രമേയുള്ളൂ. തെയ്യം എഴുത്തുകൾ കണ്ട് മലബാറിലേക്ക് വരുന്നവർ അന്തംവിട്ട് തിരികെ പോകുന്നു. എഴുത്തിലെ കാവും തെയ്യവും കാണാനില്ല. തെയ്യം അകത്തും ജനം മതിലിനു പുറത്തും എന്ന സ്ഥിതി. വലിയ മുടികെട്ടിയ തെയ്യത്തിന് ഇപ്പോൾ മുറ്റത്ത് കളിക്കാൻകഴിയില്ല. തെയ്യത്തെ ഷോകേസ് പീസ് ആക്കിമാറ്റുന്നു. സർക്കാറിന്റെ പ്രോജക്ട് പ്രപ്പോസലുകളിൽ ലാഭം ലക്ഷ്യമാകുന്നു. പിന്നിൽ കമ്പനിയും താൽപര്യവുമുണ്ടാകും. ഇത്തരം പ്രോജക്ടുകൾ എനിക്ക് ഇതുവരെ അവസരം ലഭിച്ചില്ല. തെയ്യം തെരുവിലേക്ക് കൊണ്ടുപോകേണ്ടതില്ല.
ജാതിവ്യവസ്ഥയെ തെയ്യം ഉൗട്ടുന്നില്ല
തെയ്യം ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്നില്ല. പൊതു ഇടങ്ങളിൽ കാണുന്ന ജാതി തെയ്യത്തിലില്ല. പാഠപുസ്തകത്തിൽ പഠിക്കാൻ ദലിതന്റെ കവിതയുണ്ടാകുന്നില്ലല്ലോ? പിള്ള, മേനോൻ, നായർ, കുറുപ്പ് എന്നിവരുടെ കവിതകളാണല്ലോ ഉണ്ടാകാറ്. ദലിതന് കവിതകൾ വരില്ലേ? ഇത്രയും നീചമായ വിധത്തിൽ ജാതി ആഖ്യാനം തെയ്യത്തിലില്ല. തെരഞ്ഞെടുപ്പിൽ ജാതിവരും. ജാതി ജനസംഖ്യ എണ്ണും. എല്ലാ ജാതിക്കാരും തെയ്യത്തിൽവരും. കലശക്കാരൻ തീയനാണ്, മണിയാണി നോറ്റിരിക്കും. മരത്തിന്റെ കാര്യം നോക്കുന്നത് ആശാരിയാണ്. മുച്ചിലോട്ട് വാണിയന് കിട്ടിയത് അക്കാലത്ത് തൊഴിലിന്റെ അടിസ്ഥാനത്തിലാണ്. കണ്ടത്തിൽ പണിയെടുക്കുന്നവന്റെ തെയ്യമാണ് കാലിച്ചേകവൻ, കലേക്കാരൻ തീയനാണ്.
കണിശന് കുടവെക്കാനുള്ള അവകാശം നൽകുന്നു. പായ നൽകുന്നത് പുലയനാണ്. മുസ്ലിം അവകാശിയായ ക്ഷേത്രങ്ങളുണ്ട്. തെയ്യത്തിനകത്ത് ജാതിവരുന്നത് ജാതിക്കാരനായതുകൊണ്ടാണ്. തെയ്യം ജാതിയുണ്ടാക്കുന്നില്ല. തെയ്യത്തിനു മുന്നിൽ എല്ലാ ജാതിക്കും അവകാശമുണ്ട് എന്നാണ് വരുന്നത്. വർഗീയതയല്ല അവിടെ ഉൽപാദിപ്പിക്കുന്നത്. അത് ജനാധിപത്യത്തിലാണ്. തെയ്യം ഇല്ലാതാകുേമ്പാൾ തൊഴിൽ ഇല്ലാതാകുകയും ജാതിനിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് തെയ്യം ജാതി അരക്കിട്ടുറപ്പിക്കുന്നുവെന്ന് തോന്നുന്നത്. കാവുകൾ ജാതി ഊറ്റങ്ങളുടെ സ്ഥലമാകുന്നു. തെയ്യം എന്നും ജാതിക്കതീതമാണ്. നമ്മളാണ് ജാതി കൊണ്ടുവരുന്നത്. തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠയുണ്ടാക്കാനും കലശംനടത്താനും തീരുമാനിക്കുന്നത് നമ്മളാണ്. തന്ത്രിയാണ് വലുത് എന്നാക്കിമാറ്റി. തെയ്യത്തിനു മുന്നിൽ തന്ത്രി വലുതല്ല. തന്ത്രിയുടെ ആവശ്യമേയില്ല.
തൊണ്ടച്ചൻ വെള്ളാട്ടം
എന്റെ എഴുത്ത് എനിക്കുവേണ്ടിയല്ല
പല വിഷയങ്ങളെക്കുറിച്ചും നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. കുറച്ചു പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു നോവൽ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത് – ‘ദൈവക്കരു’. മാങ്ങാട്ട് മന്നപ്പന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള സ്വതന്ത്രമായ കൃതിയാണിത്. അത് കേവലം ഒരു തെയ്യം കഥയോ തെയ്യത്തിന്റെ പുരാവൃത്തത്തെ അതേപടി അനുവർത്തിച്ച് ചെയ്യുന്ന എഴുത്ത് സമ്പ്രദായമോ അല്ല. മാങ്ങാട്ട് മന്നപ്പന്റെ ജീവിതപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഒരു നോവൽ തരുന്ന എല്ലാ സ്വാതന്ത്ര്യവും ഉപയോഗിച്ച് നോവൽ എന്ന മാധ്യമത്തിലൂടെ സങ്കീർണമായ മനുഷ്യാവസ്ഥകളെ ആവിഷ്കരിക്കുകയായിരുന്നു.
ഇരയാക്കപ്പെടുന്ന തിരസ്കൃത ദൈവത്തിന്റെ അന്തർസംഘർഷങ്ങളും ദൈവത്തിനെ നേർക്കുനേർ കൂടിക്കാണുന്നതും ഈ നോവലിന്റെ സവിശേഷതയാണ്. ഭാഷയിലും ആഖ്യാനത്തിലും നവീനമായ ചുവടുവെപ്പായിരുന്നു ‘ദൈവക്കരു’. ഭാഷയുടെ പ്രത്യേകതകൾ കൊണ്ടും ആഖ്യാന ഘടനയുടെ സങ്കീർണതകൾകൊണ്ടും ‘ദൈവക്കരു’ എളുപ്പവായനക്ക് വഴങ്ങുന്നതല്ല. പക്ഷേ, സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്നവർ വായനയിൽ അത്തരം സർഗാത്മക സങ്കേതങ്ങൾ ഇഷ്ടപ്പെടുന്നവർ ഏറ്റവും താൽപര്യത്തോടെ വായിച്ചുതീർത്ത പുസ്തകവുമാണ്. അതേപോലെതന്നെ ഒന്നോ രണ്ടോ അധ്യായങ്ങൾ കടന്നുപോകാനാകാതെ പുസ്തകം അടച്ചുപൂട്ടിയവരുമുണ്ട്.
എന്റെ ഭാഷയിൽ കാസർകോട് ഉണ്ട്. അതേസമയം ഭാഷ എന്ന് പറയുന്നത് ഒരു മനുഷ്യന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ അയാളുടെ പൂർവകാല സ്മൃതികളും അനുഭവങ്ങളും കൂടിച്ചേർന്ന് ജൈവികമായി രൂപാന്തരപ്പെടുന്ന ഒന്നാണ്. ഉപബോധ മനസ്സിൽ സഞ്ചിതമായിട്ടുള്ള അറിവുകളും ഉണർവുകളും എല്ലാം ഭാഷയിലേക്കുള്ള സഞ്ചാരങ്ങൾ തന്നെയാണ്. ഒരു റിച്വലിന്റെ ഏകാന്ത ധ്യാനത്തിലെ സംലയനമെന്നപോലെ ഭാഷയും അതിന്റെ സ്വഭാവിക പരിണാമത്തിലൂടെ രൂപപ്പെടുന്നതാണ്.
ബോധപൂർവമല്ലാതെയുള്ള ആയിത്തീരലിന്റെ രാസപ്രവർത്തനം ഭാഷയിലും സംഭവിക്കും. സാഹിത്യത്തിൽ അങ്ങനെ ഉരുവപ്പെടുന്നത് കേവലം വാക്കുകൾ മാത്രമല്ല. അതിന് നമ്മൾ കരുതുന്നതിനും അപ്പുറമുള്ള ഊർജപ്രസാരണ ശേഷിയുണ്ട്. ‘നേർച്ചക്ക് വെച്ച വാക്കുകൾ’ എന്ന് ഞാൻ ഒരിടത്ത് എഴുതിയിട്ടുണ്ട്. നേർച്ചക്ക് വെച്ച വാക്കുകൾ എടുത്താണ് നോവൽ എഴുതിയിട്ടുള്ളത്. ഓരോ വാക്കും സ്വയം പ്രകാശിക്കും. സ്വയം പെർഫോം ചെയ്യും. അപ്പോൾ വായനക്കാരൻ അപ്രതീക്ഷിതമായ ചുഴികളിലകപ്പെടും.
‘ദൈവക്കരു’ നോവൽ എഴുതി നാലുവർഷത്തിനുശേഷം പുതിയൊരു നോവൽകൂടി പുറത്ത് വരികയാണ്. തുളുനാടൻ കടലിന്റെ പശ്ചാത്തലത്തിൽ വിശാലമായ കാൻവാസിൽ എഴുതിയതാണത്. തൃക്കരിപ്പൂരിന്റെ കടലും കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും വിശ്വാസവും അനുഷ്ഠാനവും ചരിത്രവും അങ്ങനെ മുഖ്യധാരയിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രത്യേക വിഷയമാണ് നോവലിൽ പ്രതിപാദിക്കുന്നത്. ഇപ്പോൾ ജീവിച്ചിരിപ്പുള്ള നൂറു വയസ്സിനടുത്തുള്ള ഏറെ സവിശേഷതയുള്ള മൊയോന്റെ –മുക്കുവന്റെ സങ്കീർണവും നിഗൂഢവുമായ ജീവിതത്തിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. കടലിൽ പോയി മീൻ പിടിച്ചു ജീവിച്ച് ഇപ്പോൾ കിടപ്പിലായ മൊയോനാണ് ഇതിലെ നായക കഥാപാത്രം. വാസ്കോഡ ഗാമയുടെ കപ്പലോട്ടത്തിന് മുമ്പേ ഉത്തര മലബാർ തീരം തേടിയുള്ള സമുദ്രസഞ്ചാരികളുടെ കപ്പൽ യാത്രകൾ പുതിയ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. വിദേശികളായ നാവികർ തൃക്കരിപ്പൂർ നാടിന്റെ ഭാഗമായി മാറുകയായിരുന്നു. ചരിത്രവും മിത്തും കൂടിക്കുഴഞ്ഞ് രക്തരൂഷിതമായ കടലിന്റെ പ്രക്ഷുബ്ധ ജീവിതമാണ് നോവൽ പറയുന്നത്.
വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന വലിയൊരു പ്രോജക്ടിന്റെ ഭാഗമായാണ് ഈ നോവൽ ഉണ്ടായത്. കടലിന്റെ അനുഷ്ഠാനവും ജീവിതവുമായി ബന്ധപ്പെട്ട് കുറച്ച് വർഷങ്ങളായി ഞങ്ങൾ ഒരു ഡോക്യുമെന്ററിയും ചെയ്തുവരുന്നുണ്ട്. അതും അന്തിമഘട്ടത്തിലാണ്. എത്രയും വേഗത്തിൽ ഡോക്യുമെന്ററിയും പുതിയ നോവലും പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.