ചത്ത മീനുകൾ
കേരളത്തിലെ ദലിത് നേതാക്കളെ പറ്റി ചത്ത മീനുകൾ എന്നു വിശേഷിപ്പിച്ചുവെന്നാണ് ഒരുകാലത്ത് കെ.എം. സലിംകുമാറിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദം. ആ വിവാദത്തിന്റെ പശ്ചാത്തലവും തന്റെ നിലപാടുകളും തുറന്ന് എഴതുന്നു. ‘കേരളത്തിലെ ദലിതുകൾ വെറും ചത്ത മീനുകളാണ്’ എന്നത് 2012 മാർച്ച് 18ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട പി.ആർ. സുമേരൻ ഞാനുമായി നടത്തിയ അഭിമുഖത്തിന്റെ തലക്കെട്ടായിരുന്നു. ‘ജമാഅത്തെ ഇസ്‍ലാമിയുടെയും പോപുലർ ഫ്രണ്ടിന്റെയും ദലിത് േപ്രമം പോസിറ്റിവ് അല്ല, ഇവരുടെയൊന്നും മാധ്യമസ്ഥാപനങ്ങളിൽ ദലിതർക്ക് ഒരു പരിഗണനയും നൽകുന്നില്ല, സംഘ്പരിവാർ വേദികളിൽ പോകുന്നത് സ്വാഭിമാനം നഷ്ടപ്പെട്ട...
കേരളത്തിലെ ദലിത് നേതാക്കളെ പറ്റി ചത്ത മീനുകൾ എന്നു വിശേഷിപ്പിച്ചുവെന്നാണ് ഒരുകാലത്ത് കെ.എം. സലിംകുമാറിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദം. ആ വിവാദത്തിന്റെ പശ്ചാത്തലവും തന്റെ നിലപാടുകളും തുറന്ന് എഴതുന്നു.
‘കേരളത്തിലെ ദലിതുകൾ വെറും ചത്ത മീനുകളാണ്’ എന്നത് 2012 മാർച്ച് 18ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട പി.ആർ. സുമേരൻ ഞാനുമായി നടത്തിയ അഭിമുഖത്തിന്റെ തലക്കെട്ടായിരുന്നു. ‘ജമാഅത്തെ ഇസ്‍ലാമിയുടെയും പോപുലർ ഫ്രണ്ടിന്റെയും ദലിത് േപ്രമം പോസിറ്റിവ് അല്ല, ഇവരുടെയൊന്നും മാധ്യമസ്ഥാപനങ്ങളിൽ ദലിതർക്ക് ഒരു പരിഗണനയും നൽകുന്നില്ല, സംഘ്പരിവാർ വേദികളിൽ പോകുന്നത് സ്വാഭിമാനം നഷ്ടപ്പെട്ട ദലിതർ, ആഴ്ചപ്പതിപ്പിലൂടെ മലയാള മുഖ്യധാരയിലെ ആദ്യത്തെ ദലിത് പംക്തി (നെഗ്രിറ്റ്യൂഡ്) കൈകാര്യം ചെയ്ത പ്രമുഖ ദലിത് സൈദ്ധാന്തികനായിരുന്ന കെ.എം. സലിംകുമാർ സംസാരിക്കുന്നു’ എന്നൊരു വിശദീകരണം ഉണ്ടായിരുന്നു. ‘ജീവനുള്ള മീനുകൾ യഥേഷ്ടം നീന്തിനടക്കുമ്പോൾ ചത്ത മീനുകൾ ഒഴുക്കിൽ അലക്ഷ്യമായി ഒഴുകുകയാണ്’ എന്ന വിശദീകരണം കവർ പേജിലും.
മുഖ്യധാരാ മാധ്യമങ്ങളിൽ അപൂർവമായി മാത്രം ദലിത് എഴുത്തുകൾ പ്രത്യക്ഷപ്പെടുന്നൊരു കാലത്ത് ഒരു ദലിത് മാധ്യമപ്രവർത്തകൻ ദലിത് രാഷ്ട്രീയ പ്രവർത്തകനുമായി നടത്തുന്ന ആദ്യത്തെ അഭിമുഖമായിരുന്നു ഇത്. അതുേപാലെതന്നെ ഈ അഭിമുഖത്തെക്കുറിച്ച് അഭിപ്രായം പറയാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് നാലുമാസത്തോളം സമയം നൽകിയെന്നതും ആദ്യത്തെ ദലിതാനുഭവമായിരുന്നു. അത് വിനിയോഗിക്കുവാൻ പലരും തയാറായി എന്നത് സന്തോഷകരമായ ഒരു കാര്യവും. ദലിത് മുന്നേറ്റ സാധ്യത വിനിയോഗിക്കാനുള്ള കെ.ഡി.എം.എസിന്റെ ശ്രമം പൂർണമായി പരാജയപ്പെടുന്നത് കാൻസർ കീഴടക്കിയ ശരീരവുമായി നോക്കിയിരിക്കേണ്ടിവന്ന ഒരു ദുരന്തകാലത്താണ്. പി.ആർ. സുമേരൻ അഭിമുഖത്തിനായി എന്നെത്തേടിയെത്തി.
ഉമിനീര് വറ്റിയ വായ കൂടെക്കൂടെ നനച്ചും തിരിയാത്ത വാക്കുകൾ ചിലത് ഉപേക്ഷിച്ചും ചിലത് സ്ഫുടംവരുത്താൻ നോക്കിയും കാൻസർ എനിക്കുമേൽ സ്ഥാപിച്ച മേൽക്കോയ്മയിൽനിന്ന് മെല്ലെ മെല്ലെ വിടുതൽ നേടാൻ പാടുപെടുന്നതിനിടയിൽ സുമേരന് പലനാളുകൾ എന്നെ കാണാൻ വരേണ്ടതായി വന്നു. എത്തപ്പെട്ടിരിക്കുന്ന സ്ഥിതിയിൽ എന്നെപ്പോലൊരാൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിളിച്ചുപറയുകയായിരുന്നു. അതായിരുന്നു അഭിമുഖം. അവിടെ ശത്രുക്കൾക്കെതിരെയെന്നതുപോലെ ഒരു വിരൽ, സ്വന്തം നെഞ്ചിലേക്കും ചൂണ്ടപ്പെട്ടു. ‘നെഗ്രിറ്റ്യൂഡ്’ അച്ചടിച്ചതിന്റെ ഓർമയിൽ അഭിമുഖം മാതൃഭൂമിക്ക് അയച്ചുകൊടുക്കുകയെന്നത് എന്റെയും അഭിപ്രായമായിരുന്നു. പ്രസിദ്ധീകരണത്തിനുമുമ്പ് അതൊന്ന് വായിച്ചുനോക്കാൻ കഴിയാതെപോയത് വലിയൊരു വീഴ്ചയായി ഇന്നും കൂടെയുണ്ട്.
കേരളത്തിലെ ദലിത് ഏകീകരണം നേരിടുന്ന മൗലികമായ വെല്ലുവിളി ഏതാണെന്ന ചോദ്യത്തിന് ‘അനൈക്യം’ എന്ന മൂന്നക്ഷരം മറുപടിയായി നൽകിയതിനു പിന്നാലെ നടന്ന വിശദീകരണത്തിനിടയിലാണ് ‘ചത്ത മീനുകൾ’ എന്ന വിവാദപരാമർശമുണ്ടായത്. ദലിതരെ ഐക്യപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും ഒരു പതിറ്റാണ്ടുകാലമായി ദലിത് ഐക്യസമിതി നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു എനിക്കും എന്നോടൊപ്പം സഞ്ചരിച്ചവർക്കും കെ.ഡി.എം.എസ്. തെരഞ്ഞെടുപ്പിന്റെയും സർക്കാർ രൂപവത്കരണത്തിന്റെയും തലത്തിലായിരുന്നില്ല കെ.ഡി.എം.എസ് ദലിത് രാഷ്ട്രീയത്തെ നോക്കിക്കണ്ടത്. രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് സംഘടിത ദലിത് രാഷ്ട്രീയത്തിന്റെ ഇന്ത്യൻ മുഖമായി മാറിയ ബി.എസ്.പി ബ്രാഹ്മണിസത്തിന്റെ തടവറയിലാക്കപ്പെടുന്നത് തിരിച്ചറിഞ്ഞവരായിരുന്നു അവർ.
കെ.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ. അംബുജാക്ഷൻ കെ.ഡി.പിക്കാരായ സഹപ്രവർത്തകരുമൊത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐയുമായി ചേർന്ന് 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും, ജമാഅത്തെ ഇസ്‍ലാമി വെൽെഫയർ പാർട്ടി ഓഫ് ഇന്ത്യ രൂപവത്കരിച്ചപ്പോൾ അംബുജാക്ഷൻ അതിന്റെ ദലിത് മുഖമായി മാറുന്നതുമാണ് കണ്ടത്. ബി.എസ്.പി നേതൃത്വത്തിൽനിന്ന് എ.കെ. മനോജ്കുമാറിനെയും കെ.ഡി.പി. നേതൃത്വത്തിൽനിന്ന് തുളസീധരൻപള്ളിക്കരയെയും പോലുള്ള ചില ദലിത് നേതാക്കൾ മുമ്പുതന്നെ എസ്.ഡി.പി.ഐയിൽ എത്തിച്ചേർന്നിരുന്നു. കെ.ഡി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. കൊച്ച് നവസമൂഹങ്ങളുടെ കർതൃത്വനിഷേധത്തിന്റെ പേരിൽ നവാധിപത്യ പ്രസ്ഥാനത്തിന്റെ ചുമതലകൂടി ഏറ്റെടുത്തിരുന്നു.
ദലിത് നേതാക്കളുടെ ചിന്തയും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമായിരുന്നു ഇത്. അസാധ്യമായൊരു കാര്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും അതിന്റെ നിർവഹണത്തിൽ മുഴുകാതെ അതിനോട് സത്യസന്ധതയും പ്രതിബദ്ധതയും പുലർത്താതെ, മുഖ്യധാരയിൽ ഇടംനേടുേമ്പാൾ ഇത്തരക്കാർ നയിക്കുന്ന പ്രസ്ഥാനങ്ങളുടെ വ്യതിരിക്തതയും വേറിട്ട അസ്തിത്വവും മാത്രമല്ല, പ്രത്യയശാസ്ത്രവും കുഴിച്ചുമൂടുകയാണ്. ഈ ദുരവസ്ഥ എടുത്തുകാണിക്കുന്നതിനായി ഉപയോഗിച്ചൊരു ആഫ്രിക്കൻ പഴമൊഴിയായിരുന്നു ‘ജീവനുള്ള മീനുകൾ യഥേഷ്ടം നീന്തിനടക്കുമ്പോൾ ചത്തമീനുകൾ ഒഴുക്കിൽ അലക്ഷ്യമായി ഒഴുകിനടക്കുകയാണ്’ എന്നത്.
അപ്പോഴുമൊരു പ്രശ്നമുണ്ടായിരുന്നു. കെ.കെ. കൊച്ചും കെ. അംബുജാക്ഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വന്ന ചില പരാമർശങ്ങൾ കെ.ഡി.എം.എസിന് പുറത്തുപറയാൻ പാടില്ലാത്തതായിരുന്നു. സംഘടനാവിരുദ്ധമായിരുന്നു. സംഘടനയുടെ ജൈവികതയും സംഘടനാജീവിതത്തിലെ പ്രത്യാശയും നഷ്ടപ്പെട്ടിരുന്നുവെന്നത് ന്യായീകരണമായിരുന്നില്ല. അഭിമുഖം വായിച്ച ഉടനെ എന്നെ വിളിച്ച കെ.കെ. കൊച്ചിനോട് ഞാൻ തെറ്റ് ഏറ്റുപറഞ്ഞു. അംബുജാക്ഷനെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ദലിതരും അദലിതരുമായ പലരും ഒരു വലിയ സത്യം വിളിച്ചുപറഞ്ഞുവെന്ന നിലയിൽ അഭിമുഖത്തെ ആശ്ലേഷിച്ചുകൊണ്ട് സംസാരിച്ചപ്പോഴും ഈ കാര്യം ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ‘ഭാഷാപോഷണി’ എഡിറ്റർ സി.പി. നാരായണൻ അഭിനന്ദിക്കാനായി വിളിച്ചപ്പോഴും ഞാൻ ഈ കാര്യം പറഞ്ഞു.
അഭിമുഖത്തിനു പിന്നാലെ ‘ഭാഷാപോഷിണി’യിൽ എഴുതാൻ അദ്ദേഹം എന്നെ ക്ഷണിച്ചിരുന്നു. അതേസമയം തുറന്നതും സത്യസന്ധവുമായ ആശയപ്രകടനങ്ങളുടെ വസന്തകാലത്തെക്കുറിച്ചും വികസ്വരമായിക്കൊണ്ടിരിക്കുന്ന ദലിത് പ്രവർത്തനമണ്ഡലത്തിൽ വളർന്നുവരേണ്ട ആരോഗ്യകരമായ ആശയകൈമാറ്റത്തെക്കുറിച്ചുമെല്ലാം ഒരു പതിറ്റാണ്ടുമുമ്പുതന്നെ വ്യക്തമായൊരു സമീപനം സ്വീകരിക്കുവാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിഞ്ഞ എനിക്ക്, ഞാനുമായുള്ള അഭിമുഖം തടസ്സങ്ങളില്ലാതെ വായിച്ചുപോകാനായില്ല എന്നത് ഒരു ദുഃഖസത്യമായിരുന്നു.
ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണം ചോദ്യങ്ങളും ഉത്തരങ്ങളുമായി സുമേരന്റെ ഭാഷയിലേക്കും ശൈലിയിലേക്കും സമീപനങ്ങളിലേക്കും മാറ്റപ്പെട്ടപ്പോൾ സംഭവിച്ച ഗൗരവമായ വീഴ്ചയായിരുന്നു അത്. അംബുജാക്ഷനെതിരെ നടന്ന നക്കാപ്പിച്ച പ്രയോഗം എന്റേതായിരുന്നില്ല. എന്റെ സംസാരത്തിലോ എഴുത്തിലോ ഇത്തരം വാക്കുകൾ ആർക്കും കണ്ടെത്താനാവില്ല. മാർക്സിസത്തെയും അദ്വൈത വേദാന്തത്തെയും എതിർത്തുകൊണ്ട് സണ്ണി എം. കപിക്കാടും കൂട്ടരും പുതിയൊരു പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് പാഴ്വേലയാണെന്നോ, അംബേദ്കറും അയ്യൻകാളിയും ഉയർത്തിയ ദർശനങ്ങളെക്കാൾ വലിയ ദർശനങ്ങളാണ് നാരായണഗുരു ആവിഷ്കരിച്ചതെന്നോ ഞാൻ പറഞ്ഞിരുന്നില്ല. ഇസ്‍ലാമിനെക്കുറിച്ച് മാത്രമല്ല, കെ.പി.എം.എസിനെക്കുറിച്ചും സുമേരൻ തന്റെ നിലപാടുകൾ രേഖപ്പെടുത്തുകയായിരുന്നു.
‘കെ.എം. സലിംകുമാറിന് വായനക്കാരുടെ മറുപടി’ എന്ന ശീർഷകംകൂടി 2012 ഏപ്രിൽ 1ന് പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിന്റെ കവർപേജിൽ ഉണ്ടായിരുന്ന ‘ദലിതുകൾ പടക്കുതിരകൾ’ എന്ന പേരിൽ അഡ്വ. കെ.വി. കുമാരൻ എഴുതിയ ഒരു പേജ് വരുന്ന മറുപടിയായിരുന്നു ആദ്യത്തേത്. പൊയ്കയിൽ ഗുരുദേവനെ തള്ളിപ്പറയരുത് -രാജേന്ദ്രൻ ചങ്ങനാശ്ശേരി, സലിംകുമാറും ശ്രീനാരായണഗുരുവും -പി.വി. തങ്കച്ചൻ കോട്ടയം, ‘കേരളത്തിലെ ദലിതുകൾ ചത്തമീനുകളല്ല’ -രാജൻ കൈതക്കാട് എന്നിവരുടെ മറുപടികളോടൊപ്പം അജിത് നന്തർകോടിന്റെ ശീർഷകമില്ലാത്ത ഒരു മറുപടിയുമുണ്ടായിരുന്നു.
ഇവയിൽ പി.വി. തങ്കച്ചൻ തന്റെ മറുപടിയുടെ തുടക്കത്തിൽ പറയുന്നൊരു കാര്യം ശ്രദ്ധേയമായിരുന്നു. ‘‘ഈ അഭിമുഖം വന്നതിനുശേഷമാണ് പല മീനുകളും (ദലിതുകളും) ചത്തട്ടില്ല എന്ന് ബോധ്യമായത്. പല ലോഡ്ജുകളിലും ദലിത് കമ്മിറ്റികൾ വീണ്ടും സജീവമായി പരസ്പരം കടിച്ചുകീറാൻ തയാറായി നിന്ന പല ദലിത് ബുദ്ധിജീവികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകൾ പ്രതിഷേധ മെസേജുകൾകൊണ്ട് തിങ്ങിനിറഞ്ഞു. പല സംഘടനാ സെക്രട്ടറിമാരും മറുപടി എഴുതാൻ ദലിത് ബുദ്ധിജീവികളെ തിരഞ്ഞ് പരക്കം പായുകയാണ്. ഉപജാതി നേതാക്കൾപോലും ഒരാഴ്ചകൊണ്ട് പുരോഗമനകാരികളായി മാറിയിരിക്കുകയാണ്. ചിലരെല്ലാം മറുപടി ലേഖനങ്ങൾ തയാറാക്കുന്ന തിരക്കിലാണ്.
അഭിമുഖം ദലിത് പ്രവർത്തനമണ്ഡലത്തിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ സൂചകമായിരുന്നു തങ്കച്ചന്റെ വാക്കുകൾ. പ്രതിഷേധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ധ്വനി അതിനുണ്ടായിരുന്നു. തങ്ങൾക്കുമേൽ പതിച്ച അക്രമാത്മകമായ ഒരാത്മവിമർശനമായി അതിനെ നോക്കിക്കണ്ടവരും തങ്ങൾക്കുമേൽ പതിച്ച ഇടിത്തീയായി അതിനെ നോക്കിക്കണ്ടവരും ഉണ്ടായിരുന്നു. രണ്ടാമത്തെ കൂട്ടർ അതിന്റെ ഉദ്ദേശ്യശുദ്ധിയെതന്നെ ചോദ്യംചെയ്തു. മറുപടികളിൽ കണ്ടതുപോലെ ദലിത് രാഷ്ട്രീയത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നല്ല, ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ എങ്ങനെ തർക്കങ്ങൾ ഉന്നയിക്കാമെന്നാണ് പലരും ചിന്തിച്ചത്.
അഡ്വ. കെ.വി. കുമാരന്റെ ‘പടക്കുതിരകൾ’ ഇത്തരമൊരു തർക്കമായിരുന്നു. ദലിതുകൾ എന്ന പദംകൊണ്ട് അർഥമാക്കുന്നത് പട്ടികജാതിക്കാരെയാണ്. സുപ്രീംകോടതിയും അതംഗീകരിച്ചിട്ടുണ്ട്’ എന്നുപറഞ്ഞ കെ.വി. കുമാരൻ ദലിത് പരിേപ്രക്ഷ്യത്തിനുള്ളിൽ വിള്ളലുണ്ടാക്കി. പട്ടികവർഗക്കാരെയും ദലിത് ൈക്രസ്തവരെയും അടർത്തിമാറ്റി ഈ പദത്തെ ഹിന്ദുവത്കരിച്ചു. മനുസ്മൃതി കത്തിക്കൽ ചടങ്ങിൽ താൻ ക്ഷണിതാവായിരുന്നുവെന്ന പച്ചക്കള്ളത്തോടൊപ്പം ൈക്രസ്തവരെ പട്ടികജാതിക്കാരാക്കുന്നതിന് അനുകൂലമായ മനോഭാവം പട്ടികജാതിക്കാരിൽ സൃഷ്ടിക്കുന്നതിന് അമേരിക്കയിൽനിന്നൊഴുകുന്ന കോടിക്കണക്കിന് രൂപയുടെ പങ്കുപറ്റുന്ന ആളാണ് സലിംകുമാർ എന്ന മറ്റൊരു കള്ളംകൂടി പറഞ്ഞു.
ഹൈന്ദവവത്കരണത്തിലൂടെ ചില പട്ടികജാതിക്കാർ എത്തിച്ചേർന്ന അപരവിദ്വേഷത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളായിരുന്നു ഇവ. തൊണ്ണൂറുകളിൽതന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒഴുക്കിൽപെട്ട ആളായിരുന്നു കെ.വി. കുമാരൻ. തൊണ്ണൂറ്റിരണ്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ ബി.ജെ.പി സ്ഥാനാർഥി. പട്ടികജാതിക്കാരിലേക്ക് കടന്നുചെല്ലുന്നതിനായി സംഘ്പരിവാർ കണ്ടെത്തിയ ആദ്യ തലമുറകളിൽപെട്ട ദലിത് ബ്യൂറോക്രാറ്റുകളിൽ ഒരാൾ. കെ.വി. കുമാരനെ രാഷ്ട്രീയമായി അസ്വസ്ഥനാക്കിയത് ഗോത്ര-ജാതി-മതാതീതമായ എന്റെ ദലിത് നിലപാടാണ്. ദലിത് ഹിന്ദുക്കളും ദലിത് ൈക്രസ്തവരും പട്ടികവർഗക്കാരും സേഹാദരങ്ങളാണെന്നും അവർ ഒരു സമുദായമാണെന്നുമുള്ള എന്റെ നിലപാട്.
വ്യക്തിപരമായി അസ്വസ്ഥനാക്കിയതാകട്ടെ കെ.പി. വള്ളോന്റെ മകൻ അഡ്വ. കെ.വി. കുമാരൻ പല വേദികളിലും അപഹാസ്യനാകുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട് എന്ന പരാമർശവും. ഈ പരാമർശത്തിനുള്ളിലേക്ക് കെ.പി. വള്ളോൻ കടന്നുവരാൻ പാടില്ലാത്തതായിരുന്നു. എസ്.എൻ.ഡി.പി യോഗം 2002ൽ എറണാകുളത്ത് വിളിച്ചുചേർത്ത ദലിത്-പിന്നാക്ക സമ്മേളനത്തിലേക്ക് ക്ഷണിക്കാതെയെത്തിയ കെ.വി. കുമാരൻ തങ്ങൾ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നേതൃത്വം നൽകുന്നൊരു സദസ്സിൽ തനിക്ക് വിളിക്കാതെയും പങ്കെടുക്കാം എന്ന് പ്രസംഗിച്ചതുപോലുള്ള ചില അനുഭവങ്ങൾ സുമേരനുമായി പങ്കുവെച്ചപ്പോഴാണ് പരിഹാസം എന്ന് വാക്ക് ഉപയോഗിച്ചത്.
നുണകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ദലിത് പ്രവർത്തനമണ്ഡലത്തിൽ കുറവായിരുന്നു.‘കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിനുവേണ്ടി കോളനികളിലും ചേരികളിലും വനങ്ങളിലും താമസിക്കുന്ന ദലിത് കുടുംബങ്ങളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റാണ് താനെന്ന് സലിംകുമാർ വെളിപ്പെടുത്തുന്നുണ്ട്’ എന്ന കെ.ഡി.പി പ്രവർത്തകനായ രാജൻ കൈതക്കാടിന്റെ വാക്കുകൾ (കേരളത്തിലെ ദലിതുകൾ ചത്ത മീനുകളല്ല) ഇത്തരമൊരു നുണയായിരുന്നു. സി.പി.ഐ (എം.എൽ)ന്റെ ശക്തമായ നിർദേശത്താലോ ഇടപെടലുകളാലോ ആണ് സലിംകുമാർ എ.എൻ.എം പ്രവർത്തകനായി മാറിയത് എന്ന രാജന്റെ കണ്ടെത്തലും വസ്തുതാവിരുദ്ധമാണ്.
ഞാൻ നക്സെലെറ്റായി മാറിയതുപോലെതന്നെ അധഃസ്ഥിത നവോത്ഥാന മുന്നണി പ്രവർത്തകനായി മാറിയതും എന്റെ തിരഞ്ഞെടുപ്പായിരുന്നു. ‘മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദലിത് പ്രവർത്തനമണ്ഡലത്തിൽ സജീവമായി എന്നവകാശപ്പെടുന്ന സലിംകുമാർ’ എന്ന പ്രസ്താവനയിലൂടെ എന്റെ യാഥാർഥ്യത്തെ അവകാശവാദമായി ചിത്രീകരിക്കുകയാണ് രാജൻ. ‘ആദിവാസിയെന്നും ഹിന്ദുവെന്നും പറയുന്ന സലിംകുമാർ ദലിത് സ്വത്വത്തെ നിഷേധിക്കുകയാണെ’ന്ന് രാജൻ വിലയിരുത്തുന്നു. സ്വത്വപരിണാമത്തെ മാനിക്കുവാൻ കഴിയാത്ത കാഴ്ചപ്പാടാണിത്.
ജന്മംകൊണ്ടുതന്നെ തീരുമാനിക്കപ്പെട്ട ഗോത്രവും ജാതിയും മതവും ഇല്ലെന്നു പറയുന്നുണ്ടോ എന്നല്ല, അതിനപ്പുറത്തൊരു ജീവിതം നിർമിച്ചെടുക്കപ്പെട്ടോ എന്നായിരുന്നു രാജൻ പരിശോധിക്കേണ്ടിയിരുന്നത്. ‘സലിംകുമാർ ജാതിവ്യവസ്ഥയെ തള്ളിപ്പറയുകയോ ജാതിവിരുദ്ധ പോരാട്ടങ്ങളെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല’ എന്നു പറയുന്ന രാജൻ ബ്രാഹ്മണിസത്തിനുള്ളിൽ എനിക്ക് ഇരിപ്പിടമൊരുക്കാൻ നോക്കുന്നു. എന്നാൽ, എന്റെ ചിന്തയും വാക്കും പ്രവൃത്തിയുമെല്ലാം രേഖപ്പെടുത്തപ്പെട്ടവയാണെന്നിരിക്കെ ഇത്തരം ഹീനമായ നീക്കങ്ങൾെകാണ്ട് അതിനെ ആർക്കും മറച്ചുവെക്കാനാവില്ലായിരുന്നു.
മാർക്സിസ്റ്റ് ചിന്താധാരയിലൂടെയാണ് ഞാൻ ദലിത് പ്രവർത്തനമണ്ഡലത്തിലേക്ക് കടന്നുവന്നത് എന്നതായിരുന്നു രാജനെപ്പോലുള്ളവരുടെ പ്രശ്നം. അതൊരേയാഗ്യതയായിട്ടാണ് അവർ കണ്ടത്. അവരാകട്ടെ വി.ടി. രാജശേഖരന്റെ അംബേദ്കർ വ്യാഖ്യാനത്തെ പിൻപറ്റി കെ.ഡി.പിയായി മാറിയവരായിരുന്നു. കല്ലറ സുകുമാരനെപ്പോലെ മുമ്പേ നടന്നവർ കേരള ഹരിജൻ ഫെഡറേഷനിലൂടെയാണ് ഇന്ത്യൻ ദലിത് ഫെഡറേഷനിലെത്തിയത്. ദലിത് പ്രവർത്തനമണ്ഡലത്തിൽ എത്തിച്ചേർന്നവർ പലവഴിക്കാണ് അങ്ങോട്ട് പ്രവേശിച്ചത് എന്ന് സാരം.
ഓർക്കേണ്ടൊരു കാര്യം മാർക്സിസ്റ്റ് ചിന്താധാരയിലൂടെ കടന്നുവന്നവരെ ഒഴിവാക്കി ’70 കൾക്കുശേഷമുള്ള കേരളത്തിലെ ദലിത് മുന്നേറ്റത്തിന്റെ ചരിത്രം ആർക്കും എഴുതാനാവില്ല എന്നതാണ്. ഐക്യകേരളത്തിൽ വർഗപ്രശ്നത്തോടൊപ്പം ജാതിപ്രശ്നവും ചർച്ചചെയ്യപ്പെട്ടത് അവരുടെ ഇടപെടുകളിലൂടെയാണ്. ജാതിവ്യവസ്ഥക്കെതിരെ പോരാട്ടങ്ങളെ പ്രത്യയശാസ്ത്രവത്കരിക്കുകയും അവക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്തത് അവരാണ്. ഞാൻ മാത്രമല്ല, കെ.കെ.എസ്. ദാസും കെ.കെ. മന്മഥനും കെ.കെ. കൊച്ചുമെല്ലാം നക്സലൈറ്റുകളോ നക്സലൈറ്റുകളോടൊപ്പം സഞ്ചരിച്ചവരോ ആയിരുന്നു. അവർ ഏറിയോ കുറഞ്ഞോ മാർക്സിസ്റ്റ് വിമർശകരായിരുന്നു. മാർക്സിസ്റ്റ് വിരുദ്ധമായിരുന്നില്ല.
ജാതി നിർമാർജനം അവരുടെ ലക്ഷ്യമായിരുന്നുവെങ്കിൽ മതവിമർശനം അവരുടെ മൗലികതയായിരുന്നു. അവരോ അവർ നേതൃത്വം നൽകിയ പ്രസ്ഥാനങ്ങളോ ഏതെങ്കിലുമൊരു മതത്തെ വിമോചനത്തിന്റെ മാർഗമായി കണ്ടില്ല. തന്റെ മതാന്വേഷണത്തിലൂടെ അംബേദ്കർ വ്യാഖ്യാനിച്ചു സ്വന്തമാക്കിയ ബുദ്ധമതവും അവർക്ക് സ്വീകാര്യമായില്ല. അതിനെല്ലാമപ്പുറമായിരുന്നു അവരുടെ മനുഷ്യസങ്കൽപം. എന്നാൽ, ഇസ്‍ലാമിക രാഷ്ട്രീയത്തിന്റെ പുതുരൂപങ്ങളായി 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയിലും വെൽെഫയർ പാർട്ടി ഓഫ് ഇന്ത്യയിലും വിമോചനത്തിന്റെ സാധ്യത കണ്ടെത്തിയ ഒരു ദലിത് പ്രസ്ഥാനമായിരുന്നു കെ.ഡി.പി. ഈ യാഥാർഥ്യം തുറന്നുപറഞ്ഞതാണ് രാജനെപ്പോലുള്ളവരെ അസ്വസ്ഥരും ക്ഷുഭിതരുമാക്കിയത്. രാഷ്ട്രീയം ഇവർക്ക് ഒരൊളിച്ചുകളിയായിരുന്നു.
വിചാരത്തേക്കാൾ വികാരത്തിന് നൽകിയ മുൻഗണനയായിരുന്നു മറുപടികളുടെ പ്രത്യേകത. വിഷയാവതരണത്തിന്റെ രീതി അതിനൊരു കാരണമായിരുന്നുവെന്ന് അംഗീകരിക്കാമെങ്കിലും ബൗദ്ധികമായ ഔന്നത്യമോ രാഷ്ട്രീയമായ പക്വതയോ അതിൽ കണ്ടെത്താനായില്ല. വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുകയും വിഷയത്തെ രാഷ്ട്രീയമായി നോക്കിക്കാണാൻ ശ്രമിക്കുകയും ചെയ്തത് കെ.കെ. കൊച്ചായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു 2012 മേയ് 13ന് ആഴ്ചപ്പതിപ്പിൽ വന്ന കെ.കെ. കൊച്ചുമായി ഒ.കെ. സന്തോഷ് നടത്തിയ അഭിമുഖം.
അമ്പത് വർഷത്തെ ചരിത്രമെടുത്താൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥിതിയിലേക്കാണ് കേരളത്തിലെ ദലിതർ പരിവർത്തനപ്പെട്ടിട്ടുള്ളതെന്നും എന്നാൽ, ഈ മുന്നേറ്റങ്ങളെയെല്ലാം സലിംകുമാറിന്റെ ചത്തമീനുകൾ അദൃശ്യമാക്കുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിന് കൊച്ച് നൽകുന്ന മറുപടിയായിരുന്നു ഈ അഭിമുഖത്തിന്റെ കാതൽ. തൊള്ളായിരത്തി തൊണ്ണൂറുകൾ വരെ ദലിതർ എന്ന സാമൂഹികഗണം അദൃശ്യമായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് സമുദായത്തെ വിലയിരുത്തുമ്പോൾ അതിലെ സംഘടനകൾ, തമ്മിലുള്ള വേർതിരിവുകൾ കണക്കിലെടുക്കുന്നത് അർഥരഹിതമാണെന്നും സലിംകുമാർ തന്റെ സംഘടനാ പ്രവർത്തനത്തിൽ ഔദ്ധത്യം െവച്ചുകൊണ്ട് സമുദായത്തിന്റെ അവസ്ഥ നിരാകരിക്കുകയാണെന്നും ഇത് ഉപജാതി സംഘടനകൾ െവച്ചുപുലർത്തുന്ന സങ്കുചിതത്വം തന്നെയാണെന്നും ‘ചത്തമീനുകൾ’ എന്ന പ്രയോഗം ദലിത് വിരുദ്ധരെ ആഹ്ലാദിപ്പിക്കുമെങ്കിലും അതിന് പാകമായ വിധത്തിൽ സ്വയം ഇല്ലാതാകുകയെന്നത് ചരിത്രപരമായൊരു വസ്തുതയല്ലെന്നും ഇന്ന് സലിംകുമാറിന് കിട്ടുന്ന മാധ്യമശ്രദ്ധപോലും സമുദായത്തിന്റെ ചലനാത്മകതയുടെയും മുന്നേറ്റത്തിന്റെയും ഭാഗമാണെന്നും കൊച്ച് ചൂണ്ടിക്കാട്ടി.
എന്നാൽ, കല്ലറ സുകുമാരന്റെയും പോൾ ചിറക്കരോടിന്റെയും കാലത്തെ ജ്ഞാനേതരമായ പ്രവർത്തനങ്ങൾക്ക് 1980കൾക്കുശേഷം ജ്ഞാനപരമായ ഒരടിത്തറയുണ്ടായി എന്നതൊഴിച്ച് ദലിത് പരിവർത്തനത്തിന്റെ അടയാളങ്ങളായി കൊച്ചിന് ഒന്നും ചൂണ്ടിക്കാണിക്കാനായില്ല. സ്വയം ഇല്ലാതാകുകയെന്നത് ചരിത്രപരമായൊരു വസ്തുതയല്ലെന്നത് ശരിയായിരിക്കുമ്പോൾതന്നെ എത്തിനിൽക്കുന്ന സ്ഥിതിയെക്കുറിച്ചും അവിടെ നിന്നെങ്ങനെ മുന്നോട്ടുപോകാമെന്നതിനെക്കുറിച്ചും കൊച്ച് ഒന്നും മിണ്ടിയില്ല. സമുദായത്തിന്റെ ചലനാത്മകതയും മുന്നേറ്റവും സ്വയംഭൂവല്ല.
വ്യക്തികളും സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളുടെ ആകത്തുകയാണ്. അവിടെ സംഘടനാപരമായ വേർതിരിവുകളും വ്യത്യസ്താഭിപ്രായങ്ങളും മത്സരങ്ങളും ആർക്കും ഒഴിവാക്കാനാവില്ല. എന്നാൽ, അവക്കിടയിലും ഐക്യവും കൂട്ടായ്മയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഞാൻ പറഞ്ഞത് ദലിത് പ്രവർത്തനങ്ങളുടെ വർത്തമാനത്തെക്കുറിച്ചാണ്. എന്നാൽ, അതേക്കുറിച്ചൊന്നും കൊച്ചിന് പറയാനുണ്ടായില്ല. ചരിത്രത്തിന്റെ ചിറകിൽ കയറ്റി ഒ.കെ. സന്തോഷ് കൊച്ചിനെ ഭൂതകാലത്തേക്ക് കൊണ്ടുപോയി.
പല കോണുകളിൽനിന്നും ഉയർന്നുവന്ന വിമർശനങ്ങൾക്കും വ്യത്യസ്താഭിപ്രായങ്ങൾക്കും മറുപടി അനിവാര്യമായി വന്നപ്പോൾ 2012 ജൂലൈ 14ന് ആഴ്ചപ്പതിപ്പിൽ ഒരു കുറിപ്പെഴുതി: ക്രിയേറ്റിവിറ്റിയില്ലാത്ത പൊങ്ങച്ചങ്ങൾ. അഭിമുഖത്തിന്റെ കേട്ടെഴുത്തിൽ സംഭവിച്ച വീഴ്ചയും അക്കാര്യത്തിലുണ്ടായ എന്റെ ജാഗ്രതക്കുറവുമെല്ലാം ഏറ്റുപറഞ്ഞാണ് മറുപടി തയാറാക്കിയത്. വൈകാരിക വിക്ഷോഭങ്ങളുടെ ഭാഗമായി ഉയർന്നുവന്ന വ്യക്തിപരമായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മാറ്റിനിർത്തി. പടക്കുതിര സങ്കൽപത്തിന്റെ രൂപാന്തരങ്ങളായി പ്രത്യക്ഷപ്പെട്ട കെ.കെ. കൊച്ചിന്റെ രാഷ്ട്രീയ നിലപാടുകളിലെ കുഴമറിച്ചിലുകളിലും പി.ആർ.ഡി.എസിനെക്കുറിച്ചുള്ള വി.വി. സാമിയുടെ അതിരുകവിഞ്ഞ അവകാശവാദങ്ങളിലും കേന്ദ്രീകരിച്ചാണ് മറുപടി എഴുതിയത്.
സാമൂഹിക ചലനം, മുന്നേറ്റം എന്നിങ്ങനെയുള്ള വാക്കുകൾ പ്രയോഗിക്കുന്നതല്ലാതെ ഇതര സാമൂഹികവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏതു മേഖലകളിലാണ് ദലിതർ ഒട്ടും അപ്രധാനമല്ലാത്ത സ്ഥിതിയിലേക്ക് പരിവർത്തനപ്പെട്ടതെന്ന് പറയുവാൻ കൊച്ചിന് കഴിഞ്ഞില്ല. നാലു വർഷങ്ങൾക്കുമുമ്പ് 2008ൽ ‘ഭൂപരിഷ്കരണവും ദലിതുകളും’ എന്ന ലേഖനത്തിൽ ‘കേരള മോഡലിന്റെ കാർഷിക-വ്യാവസായിക-സർവിസ് മേഖലകളിൽനിന്ന് (സർക്കാർ സർവിസ് മേഖല ഒഴികെ) ദലിതുകൾ പുറത്താക്കപ്പെട്ടിരിക്കുന്നു’ എന്നെഴുതിയ കൊച്ചിന് അത് അസാധ്യമായിരുന്നു. എന്നാൽ, ‘ദലിതുകൾ ചത്തമീനുകളല്ലെന്ന്’ സ്ഥാപിക്കുവാൻ രണ്ടു പതിറ്റാണ്ടു കാലമായി താൻ പറയുകയും എഴുതുകയും ചെയ്ത വസ്തുതകൾക്ക് വിരുദ്ധമായി കൊച്ചിന് സംസാരിക്കേണ്ടിവന്നു.
സാമിയാകട്ടെ കറുത്ത തുണികൊണ്ട് കണ്ണുകെട്ടി കാഴ്ചകൾ കാണുന്ന ഒരാൾക്കേ ദലിതരെ ‘ചത്ത മീനുകളെ’ന്ന് പറയാനാകൂവെന്നും ധൃതരാഷ്ട്രരുടെ കാഴ്ചകൾപോലെ ലോകം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും ഒാർമിച്ചുകൊണ്ട് അഞ്ചാറെഴുത്തുകാരുടെ പേരും ഒന്നുരണ്ട് സമരങ്ങളും ചൂണ്ടിക്കാട്ടി. പി.ആർ.ഡി.എസുകാരായ തങ്ങൾ ഇംഗ്ലീഷിലടക്കം 30 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സലിംകുമാർ അതെങ്കിലും വായിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി കെ.വി. കുമാരന്റെ പടക്കുതിരകൾക്ക് പാരഡിയുണ്ടാക്കി. കേരളത്തിലെ ദലിതുകളുടെ വർത്തമാനത്തെക്കുറിച്ച് സമഗ്രവും സൂക്ഷ്മവുമായൊരു പരിശോധനക്ക് അവസരമുണ്ടായി. ഉയർന്നുവെന്നാരു ചോദ്യം അതിന്റെ അളവുകോൽ എന്താണെന്നതാണ്. സാമി പറയുന്നത് ഏതാനും സമരങ്ങളോ ഏതാനും പുസ്തകങ്ങളോ അല്ല.
പി.ആർ. സുമേരനും കെ.എം. സലിംകുമാറും
സാമ്പത്തിക രാഷ്ട്രീയരംഗത്തും സാമൂഹിക രാഷ്ട്രീയരംഗത്തുമുണ്ടായ മാറ്റങ്ങളാണ്. എല്ലാവരും അംഗീകരിക്കുന്നതുപോലെ ഐക്യകേരളത്തിലെ മൗലികമായൊരു മാറ്റം ’70കളിലെ ഭൂപരിഷ്കരണമായിരുന്നു. അതിന്റെ ദലിതാനുഭവം ഭൂമിയുടെ ഉടമസ്ഥാവകാശമല്ല, കാസ്റ്റ് ഹയറാർക്കിയുടെ ഭാഗമായി നിർമിക്കപ്പെട്ട കോളനികളായിരുന്നു. ജാതിവത്കരണത്തോടൊപ്പം ജാതി കോളനികളും സ്വത്തുടമസ്ഥതയുടെ അടിസ്ഥാനത്തിൽ ഉണ്ടാകേണ്ടിയിരുന്ന എല്ലാ പുരോഗതികളും നിഷേധിക്കുകയായിരുന്നു ഭൂപരിഷ്കരണം. ജാതി നിയമങ്ങൾക്കനുസരിച്ച് ചലിച്ച ഐക്യകേരളത്തെ ഘടനയുടെ മുകൾത്തട്ടിലുള്ളവർ നിയന്ത്രിച്ച
പ്പോൾ ദലിതരുടെ ജീവിതം ക്ഷേമരാഷ്ട്രീയത്തിന്റെ ഔദാര്യത്തോടൊപ്പം സ്വതന്ത്രജീവിതവും അസാധ്യമായി. ഭയാനകമായൊരു കാര്യം ദലിത്-ആദിവാസി കോളനികളും സെറ്റിൽമെന്റ് ഏരിയകളും വിഴുങ്ങിയ മദ്യത്തിന്റെ കുത്തൊഴുക്കായിരുന്നു. മദ്യോന്മത്തരായ പുരുഷന്മാർ സ്ത്രീകൾക്കുമേൽ അഴിഞ്ഞാടിയപ്പോൾ സുരക്ഷിതരായി വളരേണ്ട കുഞ്ഞുങ്ങൾ അന്തസ്സും ആത്മാഭിമാനവുമില്ലാത്തവരായി വിറങ്ങലിച്ചുപോയി. സംവരണത്തിലൂടെ ഉണ്ടായ മാറ്റങ്ങൾ മാത്രമായിരുന്നു വ്യത്യസ്തമായൊരു സാമൂഹികാനുഭവം.
2012 ജൂൺ 26ന് കെ.ഡി.എം.എസിൽനിന്ന് എന്നെ പുറത്താക്കി. അവിടെയും അടിയാളർ വിധേയരായി മാറുന്നതാണ് കണ്ടത്.ഭൂസമരങ്ങളും, സ്വാതന്ത്ര്യത്തിനും തുല്യതക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടളും, അതിനൊപ്പം ഉയർന്നുവന്ന ദലിത് എഴുത്തുകാരുംചിന്തകരുമാണ് അരനൂറ്റാണ്ടിനുള്ളിൽ കേരളത്തിലെ ദലിതർക്കിടയിലുണ്ടായ മൗലികമായ മാറ്റം. . അവരിൽ ചിലർ മുഖ്യധാരയിൽ സ്വീകാര്യരായി മാറുകയും ചെയ്തു. ഏതൊരു സമൂഹത്തിലും വെളിച്ചമായി മാറുന്നത് അവർക്കിടയിൽനിന്ന് ഉയർന്നുവരുന്ന ബുദ്ധിജീവികളാണ്. ഒപ്പം സാമുദായികമായൊരു ദിശാബോധം സാധ്യമായിരിക്കുന്നു. ഈ സാധ്യതയുടെ വിനിേയാഗമാണ് കേരളത്തിലെ ദലിത് മുന്നേറ്റത്തിന്റെ ഗതി നിർണയിക്കുവാൻ പോകുന്നത്.
‘ക്രിയേറ്റിവിറ്റിയില്ലാത്ത പൊങ്ങച്ചങ്ങൾ’ പുറത്തുവന്നതിന്റെ പിറ്റേന്നാൾ 2012 ജൂൺ 26ന് കെ.ഡി.എം.സ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് എന്നെ പുറത്താക്കി പ്രവർത്തനരംഗത്ത് ഉണ്ടായിരുന്നില്ലെങ്കിലും തത്സമയം ഞാൻ കെ.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ. കൊച്ചിന്റെ അധ്യക്ഷതയിൽ മുൻ പ്രസിഡന്റ് കെ. അംബുജാക്ഷൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. അംബുജാക്ഷൻ അപ്പോൾ വെൽെഫയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദലിത് മുഖമായിരുന്നു. ഏകകണ്ഠമായ തീരുമാനമായിരുന്നില്ല അത്. സി.എസ്. മുരളിയും കെ.എം. സാബുവും വിയോജിച്ചു. വിയോജിക്കാൻ സാധ്യതയുള്ള ചിലരെ യോഗവിവരം അറിയിച്ചിരുന്നുമില്ല. മുരളിയിൽനിന്നും സാബുവിൽനിന്നുമാണ് ഞാൻ പുറത്താക്കപ്പെട്ടത് അറിഞ്ഞത്. അഭിമുഖം വലിയ വിവാദമായ പശ്ചാത്തലത്തിൽ 2012 ഏപ്രിൽ 18ന് എറണാകുളത്തു ചേർന്ന കെ.ഡി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലായിരുന്നു ഇത്.
കേരളത്തിലെ ദലിത് ബൗദ്ധിക മണ്ഡലം പണ്ടേ നിരാകരിച്ച ഒരാശയമായിരുന്നു വംശം. വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പ്രസിഡന്റ് അയച്ച കത്തിന് മറുപടി നൽകുമ്പോൾ സംഭവിക്കുവാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും എന്നാൽ, ഈ വിലയിരുത്തലിനോട് വിയോജിക്കുകയും ചെയ്തു. സംഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ശരിയായില്ല എന്ന ബോധ്യത്തിൽ സമുദായത്തിന്റെ ഐക്യത്തിനും ഏകീകരണത്തിനും മുന്നേറ്റത്തിനും വേണ്ടി സംഘടനാപരമായ ഏത് നടപടിയും അംഗീകരിക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നുവെങ്കിലും സംഘടനയിൽ ഒരംഗമായി തുടരുവാൻ ആഗ്രഹിച്ചിരുന്നു. എന്റെ വംശമേതെന്നോ ഏതു വംശത്തിനുവേണ്ടിയാണ് ദലിതരെ അധിക്ഷേപിച്ചതെന്നോ പറഞ്ഞില്ല.
പിറന്ന ഗോത്രത്തിനോ ജാതിക്കോ മതത്തിനോ വേണ്ടി ഞാനൊരിക്കലും സംസാരിച്ചില്ല, ജീവിച്ചില്ല. ജാതിവ്യവസ്ഥക്കെതിരായ പോരാട്ടമുഖത്ത് കരുത്തുറ്റൊരായുധമായിട്ടാണ് ദലിത് സമുദായത്തെ ഞാൻ കണ്ടത്. എന്നെ പുറത്താക്കിയവർ ഈ ആയുധം മാത്രമല്ല, അതുയർത്തിപ്പിടിച്ച കെ.ഡി.എം.എസ് എന്ന സംഘടനയും വേണ്ടെന്നുെവച്ചു. ദലിത് ഐക്യവും ഏകീകരണവും മുന്നേറ്റവും അവരുടെ വിഷയങ്ങളല്ലാതായി. എനിക്കെതിരെ അവർ പ്രയോഗിച്ചത് സമുദായ സ്നേഹമല്ല, സംഘടനാ ഫാഷിസമാണ്. വിചിത്രമായൊരു കാര്യം ഈ സന്ദർഭത്തിൽ ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു പിന്നാലെ സംഘടനാ ഫാഷിസത്തിനെതിരെ മുഖ്യധാരയിൽ നടന്ന ചർച്ചകളിൽ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരിലൊരാളായി കെ.കെ. കൊച്ചും ഉണ്ടായിരുന്നുവെന്നതാണ്.
‘ക്രിയേറ്റിവിറ്റിയില്ലാത്ത പൊങ്ങച്ചങ്ങൾ’ക്കു പിന്നാലെ 2012 ജൂലൈ 21ന് ആഴ്ചപ്പതിപ്പിൽ ഇ.വി. അനിൽ എഴുതിയ ‘മഹാസമുദ്രങ്ങളെ മായ്ച്ചുകളഞ്ഞ മലവെള്ള’വും സുനിത കൃഷ്ണൻ എഴുതിയ ‘ക്രിയേറ്റിവിറ്റിയുടെ മൂല്യസിദ്ധാന്തങ്ങളും’ ‘ദലിത് ജ്ഞാനം ആത്മീയത ക്രിയേറ്റിവിറ്റി’എന്ന ഒരനുബന്ധ കുറിപ്പിന് വഴിതെളിച്ചു. കെ.വി. കുമാരന്റെ ‘പടക്കുതിരകളു’ടെ മറ്റൊരു വേർഷനായിരുന്നു ‘മഹാസമുദ്രങ്ങളെ മായ്ച്ചുകളഞ്ഞ മലവെള്ളം’ പി.വി. സാമിയെപ്പോലെ അനിലിനെയും പ്രകോപിപ്പിച്ചത് അപ്പച്ചനെയും പി.ആർ.ഡി.എസിനെയും കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ്. വിമർശനങ്ങളെ അവർ കണ്ടത് അവഹേളനമായിട്ടാണ്; അപ്പച്ചനെ വിമർശനാതീതമായ ഒരു ബിംബമായും. ‘നാളിതുവരെ കേരളത്തിലുണ്ടായ ദലിത് മുന്നേറ്റങ്ങളെയും ദലിത് വ്യക്തിത്വങ്ങളെയും അവഹേളിക്കുകയെന്നതാണ് സലിംകുമാറിന്റെ എഴുത്തുകളുടെ പൊതുസ്വഭാവമെന്നാണ് അതിൽ വിലയിരുത്തുന്നത്.
എന്നാൽ, ആ നിലയിലുള്ള ഒരൊറ്റ സംഭവംപോലും ചൂണ്ടിക്കാണിച്ചില്ലതാനും. അപ്പച്ചനെ ഞാൻ തരംതാഴ്ത്തിയെന്നും താറടിച്ചെന്നും താരതമ്യംചെയ്തെന്നുമുള്ള ഒരുകൂട്ടം ആരോപണങ്ങളാണ് അനിൽ എനിക്കെതിരെ ഉന്നയിച്ചത്. അവയുടെയെല്ലാം ഉള്ളടക്കം ഒന്നുതന്നെയായിരുന്നു. ദൈവനിന്ദ. കുറ്റം നിസ്സാരമല്ല. മതരാഷ്ട്രത്തിലാണെങ്കിൽ കൊലക്കുറ്റമാണ്. അനിൽ എന്നെ വിശേഷിപ്പിച്ചത് ‘അടിമയുടുപ്പു ധരിച്ച് അപ്പച്ചനായി ഭൂമിയിലിറങ്ങിവന്നജ്ഞാനശരീരത്തെ അംഗീകരിക്കാത്ത അടിമ’യെന്നാണ്. അപ്പച്ചന്റെ സ്തുതിപാഠക സംഘത്തിൽ ഇല്ലാത്തയാൾ എന്നാണ് ഇതിനർഥം. അപ്പച്ചനെ മാത്രമല്ല അയ്യൻകാളിയെപ്പോലുള്ളവരെയും ഞാൻ കാണുന്നത് ചോദ്യങ്ങളായിട്ടാണ്, ഉത്തരങ്ങളായിട്ടല്ല. ജീവിച്ചിരുന്ന കാലത്തെ ചോദ്യംചെയ്യുന്നവനായി. അതിനർഥം അവരാരും ചോദ്യങ്ങൾക്ക് അതീതരല്ല എന്നുതന്നെയാണ്.
‘അപ്പച്ചൻ മുന്നോട്ടുെവച്ച ദാർശനിക ലോകത്തെ അവഗണിച്ചുകൊണ്ട് അതിന്റെ ഭാഗമായി ഉയർന്നുവന്ന സാമൂഹിക ഇടപെടലുകളെ അടർത്തിയെടുക്കുന്ന രീതിയാണ് പലരും സ്വീകരിക്കുന്നതെന്നും ഈ അടിമബോധത്തിൽനിന്ന് സലിംകുമാറിനും രക്ഷനേടാൻ കഴിയുന്നില്ല’ എന്നുമാണ് അനിൽ പറയുന്നത്. പ്രശ്നമെന്താണ്? മനുഷ്യൻ ജീവിക്കുന്നത് ഭൂതകാലത്തല്ല, ഭാവിയിലേക്ക് ദൃഷ്ടി പതിപ്പിച്ച് വർത്തമാനകാലത്താണ്. ഭൂതകാലത്തിന്റെ മാറാപ്പിൻകെട്ടുകൾ മുഴുവൻ പേറാൻ വർത്തമാനത്തിനാവില്ല. അതിന്റെ ആവശ്യവുമില്ല. അവിടെനിന്ന് വിവേകമതികൾ ആവശ്യമുള്ളതു മാത്രമേ അരിച്ചെടുക്കാറുള്ളൂ. അതുതന്നെയാണ് ഞാനും ചെയ്യാൻ ശ്രമിച്ചത്. എനിക്കാവശ്യമുള്ളത് മറ്റു കീഴാള നവോത്ഥാന നായകന്മാരിൽനിന്നെന്നതുപോലെ പൊയ്കയിൽ അപ്പച്ചന്റെയും സാമൂഹിക രാഷ്ട്രീയ ഇടപെടലുകളാണ്. ജാതി ഉപജാതി വിമർശനങ്ങളാണ്. ദൈവപുത്രനായ യേശുവിനെയും വിശുദ്ധ പ്രമാണമായ ബൈബിളിനെയും ഉപേക്ഷിച്ച അപ്പച്ചനെയും അടിമയുടെ തോലുടുപ്പു ധരിച്ച് ദൈവവും പ്രമാണവും വിഗ്രഹവുമാറിയ അപ്പച്ചനെയും എനിക്കാവശ്യമില്ല. അവിടെ എല്ലാം തീരുമാനിക്കുന്നത് അപ്പച്ചന്റെ വിഗ്രഹവും പ്രമാണങ്ങളുമാണ്.
‘‘നിനക്കറിയില്ല, എനിക്കറിയാം. നീ അജ്ഞാനിയാണ്, ഞാൻ ജ്ഞാനിയും’’ അതാണ് അവിടത്തെ ജീവിതതത്ത്വം. ഇത് ഒരിക്കൽ അപ്പച്ചനിലൂടെ ചലിച്ച ആത്മീയതയുടെ നിശ്ചലാവസ്ഥയാണ്. അത് നിത്യവും സ്ഥിരവുമായിരിക്കുന്നു. ഇതിന് പുറത്താണ് കേരളത്തിൽ ദലിത് പ്രവർത്തനമണ്ഡലം രൂപപ്പെട്ടത്, വളർന്നുവന്നത്. അത് പ്രവർത്തിക്കുന്നത് ‘ആധുനിക ജനാധിപത്യ സമ്പ്രദായത്തിനകത്താണ്. അതിന്റെ തത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. ഒരു ദൈവത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും സാന്നിധ്യമില്ലാതെയാണ് ദലിതർ അതിനോടൊപ്പം സഞ്ചരിക്കുന്നത്; മുന്നോട്ടുപോകാൻ ശ്രമിക്കുന്നത്. മഹാസമുദ്രങ്ങളെ മായ്ച്ചുകളയുന്ന അനിലിന്റെ മലവെള്ളത്തിന് ജനാധിപത്യ സമ്പ്രദായത്തിനുള്ളിൽ ഒരു പ്രസക്തിയുമില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചർച്ച അവസാനിച്ചുവെങ്കിലും ചത്തമീനുകളുടെ ദുർവ്യാഖ്യാനത്തിലൂടെ വെറുപ്പും വിദ്വേഷവും പ്രസരിപ്പിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടവർ അതിൽനിന്ന് പിന്മാറിയില്ല. എന്നെ സംഘടനയിൽനിന്ന് പുറത്താക്കിയവർ അതിന്റെ ആക്കം വർധിപ്പിച്ചു. അതോടൊപ്പം നാലഞ്ചുവർഷമായി അടഞ്ഞുകിടന്നിരുന്ന കെ.കെ. കൊച്ചും തമ്മിലുള്ള ആശയസംഘർഷങ്ങളുടെ വാതിൽ വീണ്ടും തുറന്നു. 2013 ജൂണിൽ ‘പച്ചക്കുതിര’യിൽ വന്ന ‘ദലിത് ൈക്രസ്തവരുടെ പാർശ്വവത്കരണം: ആരാണ് ഉത്തരവാദി?’
എന്ന ലേഖനത്തിൽ ‘കെ.എം. സലിംകുമാറിന്റെ വാക്കുകൾ ഏറ്റുവിളിക്കുന്നത് ദലിത് അജണ്ട മാറിയിരിക്കുന്നുവെന്ന തിരിച്ചറിവ് ഇല്ലാത്തതിനാലാണെ’ന്ന പ്രസ്താവനയിലൂടെയും കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ദലിത് പ്രവർത്തനങ്ങളുടെ മുഖ്യപ്രമേയം സംവരണ സംരക്ഷണവും വിപുലീകരണവുമായിരുന്നുവെന്നും, അതിന്റെ ഗുണഫലങ്ങൾ സലിംകുമാർ അടക്കമുള്ളവർ അനുഭവിച്ചിട്ടുണ്ടെന്നും സമുദായവാദത്തിന്റെ ആവിർഭാവത്തോടെയാണ് ഈ സ്ഥിതിയിൽ മാറ്റമുണ്ടായതെന്നുമുള്ള വിലയിരുത്തലിലൂടെയും കൊച്ചാണ് അതിന് തുടക്കം കുറിച്ചത്. ഈ ലേഖനത്തിന്റെ പ്രത്യേകത ആരാണ് ദലിത് സമുദായവാദം ഉയർത്തിക്കൊണ്ടുവന്നതെന്നോ ആരാണ് അത് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചതെന്നോ പറയുന്നില്ല എന്നതാണ്. പകരം അത് ‘ദലിത് സമുദായത്തിന്റെ കർതൃത്വനിർമാണവും സമുദായേച്ഛയുമാണെന്ന് പറഞ്ഞ് അതിന്റെ പിന്നിൽ നടന്ന പ്രായോഗികവും ബൗദ്ധികവുമായ പ്രവർത്തനങ്ങളെയും അതിന്റെ ചരിത്രത്തെയും മറച്ചുവെക്കുകയാണ്.
’90കളിൽ നിലനിന്നിരുന്ന പ്രബലമായ ചിന്ത സമുദായ രാഷ്ട്രീയമായിരുന്നില്ല, പാർട്ടി രാഷ്ട്രീയമായിരുന്നു. കല്ലറ സുകുമാരന് പിന്നാലെ വി.ഡി. ജോണും കെ.വി. കുമാരനും കെ.കെ. കൊച്ചുമെല്ലാം രാഷ്ട്രീയ പാർട്ടികൾ രൂപവത്കരിച്ചത് ’90കളിലാണ്. ഇക്കാലത്ത് പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ദലിത് സംഘടനകളിലൊന്നായിരുന്നു എ.എൻ.എം തൊണ്ണൂറുകളുടെ അവസാനം എ.എൻ.എം ആണ് ദലിത് സമുദായം എന്ന ആശയം ആദ്യമായി മുന്നോട്ടുെവച്ചത്.
കെ.ഡി.എം.എസ് രൂപവത്കരിക്കപ്പെട്ടപ്പോൾ അതിന്റെ ഉള്ളടക്കമായി മാറിയത് എ.എൻ.എം മുന്നോട്ടുവെക്കുകയും ഡി.എ.എസ് മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത ദലിത് സമുദായ രാഷ്ട്രീയം എന്ന ആശയമായിരുന്നു. കെ.ഡി.എം.എസിന്റെ പരിപാടിയിൽ ഈ ആശയം എഴുതിച്ചേർത്തത് കെ.കെ. കൊച്ചാണ്. എന്നിട്ടും ഇക്കാര്യങ്ങൾ മറച്ചുവെക്കാൻ ബോധപൂർവം കൊച്ച് ശ്രമിച്ചു.
ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് 2013 ജൂലൈ 22ന്, ‘മാറിയ ദലിത് അജണ്ടയും മാറ്റം തിരിച്ചറിയാത്തവരും’ എന്ന ലേഖനം ‘പച്ചക്കുതിര’യിൽ എഴുതേണ്ടിവന്നു. തന്റെ ബൗദ്ധിക കാപട്യം തുറന്നുകാട്ടപ്പെട്ട പശ്ചാത്തലത്തിൽ ‘ചത്ത മീനുകൾ’ ഒരു വർഷം പിന്നിട്ടപ്പോൾ 2013 സെപ്റ്റംബറിൽ ‘പച്ചക്കുതിര’യിൽ തന്നെ ‘സ്വയം റദ്ദാക്കിയ ചരിത്രം’ എന്ന ലേഖനത്തിൽ ‘സലിംകുമാറിന് ദലിതരോട് സഹകരിക്കാൻ അർഹതയില്ല’ എന്ന് കൊച്ച് എഴുതി പ്രഖ്യാപിച്ചു.
ഒരു ഗോത്രത്തലവന്റെയോ സർവാധികാരിയായ ജാതിമത നേതാവിന്റെയോ കൽപനപോലെ. അതിന് ന്യായീകരണമായി പറഞ്ഞത് ‘സലിംകുമാർ ദലിതുകളെ ചത്തമീനുകൾ’ എന്ന് വിളിച്ചുവെന്നും സലിംകുമാറിന്റെ വാക്കുകൾ ദലിതുകൾ കേൾക്കുന്നില്ലെന്നു’മാണ്. എന്നാൽ, അപ്പച്ചൻ വിശ്വാസികളോട് സംസാരിക്കുവാൻ അവസരം നൽകിയ പി.ആർ.ഡി.എസ് ദൈവനിന്ദയുടെ പേരിൽ തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചതുപോലെയും മതനിന്ദയുടെ പേരിൽ പ്രഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയത് ചോദ്യംചെയ്തപ്പോൾ മുസ്‍ലിംകളോട് സംസാരിക്കുവാൻ അവസരം നൽകിയ സംഘടനകൾ തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചതുപോലെയും ദലിതരോടു സംസാരിക്കുവാനുള്ള എന്റെ അർഹതയെ ആർക്കും തടഞ്ഞുനിർത്താനാവില്ലായിരുന്നു. കാരണം ദലിത് എന്നത് ജാതിയോ മതമോ വിശ്വാസമോ അല്ല; അതൊരവസ്ഥയും അവസ്ഥാന്തരവുമാണ്; പോരാട്ടമാണ്. അത് എന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അവിടെ സംഘങ്ങൾ എന്നെ പുറത്താക്കിയാലും വ്യക്തിയായി സാമൂഹിക-രാഷ്ട്രീയ ജീവിതം തുടരാനാവുമെന്നത് എന്റെ ആത്മവിശ്വാസമായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.