നിലപാടുകൾ
മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തെക്കുറിച്ചും മരിച്ചുപോയ മനുഷ്യരുടെ ആനന്ദം പകരാൻ ജീവിച്ചിരിക്കുന്നവരെ ബലികൊടുക്കുന്നൊരു സംസ്കാരത്തെക്കുറിച്ചും പറയുന്നു. കറുത്തവർക്കിടയിൽനിന്ന് ആേഫ്രാ അമേരിക്കൻ വംശജനായ ബറാക് ഹുസൈൻ ഒബാമ 2008ൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും നിരീക്ഷിക്കുന്നു. ‘നെഗ്രിറ്റ്യൂഡി’ലൂടെ മുന്നോട്ടുപോയ ദലിതേതര എഴുത്ത്, എഴുത്ത് ജീവിതമാക്കേണ്ടിവന്ന കാലത്ത് അനുഗ്രഹമായി. എഴുതപ്പെട്ടതിലേറെയും ദലിതാനുഭവങ്ങളായിരുന്നു. സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ള പ്രത്യക്ഷ ഇടപെടലുകളുടെ പ്രതിഫലനങ്ങളായിരുന്നു അത്. പൊതുജീവിതം അസാധ്യമായ കാലത്ത് എഴുത്തിന്‍റെ ഭൂമിക...
മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തെക്കുറിച്ചും മരിച്ചുപോയ മനുഷ്യരുടെ ആനന്ദം പകരാൻ ജീവിച്ചിരിക്കുന്നവരെ ബലികൊടുക്കുന്നൊരു സംസ്കാരത്തെക്കുറിച്ചും പറയുന്നു. കറുത്തവർക്കിടയിൽനിന്ന് ആേഫ്രാ അമേരിക്കൻ വംശജനായ ബറാക് ഹുസൈൻ ഒബാമ 2008ൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും നിരീക്ഷിക്കുന്നു.
‘നെഗ്രിറ്റ്യൂഡി’ലൂടെ മുന്നോട്ടുപോയ ദലിതേതര എഴുത്ത്, എഴുത്ത് ജീവിതമാക്കേണ്ടിവന്ന കാലത്ത് അനുഗ്രഹമായി. എഴുതപ്പെട്ടതിലേറെയും ദലിതാനുഭവങ്ങളായിരുന്നു. സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ള പ്രത്യക്ഷ ഇടപെടലുകളുടെ പ്രതിഫലനങ്ങളായിരുന്നു അത്. പൊതുജീവിതം അസാധ്യമായ കാലത്ത് എഴുത്തിന്‍റെ ഭൂമിക മാറി. എഴുത്ത് എന്നും വ്യവസ്ഥക്കെതിരായ പോരാട്ടമായിരുന്നു. എന്‍റെ മനസ്സിലാക്കലിന്‍റെയും ആലോചനകളുടെയും ബോധ്യത്തിന്‍റെയും വെളിപ്പെടുത്തലായിരുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ വിളിച്ചുപറച്ചിൽ. ഈ നിലയിൽ കേരളത്തിലെ ഒരു മാധ്യമവും പ്രസിദ്ധീകരിക്കുകയില്ലെന്ന് ഉറപ്പായിരുന്നിട്ടും 2012 ഡിസംബറിൽ എഴുതിയ ലേഖനമാണ് ‘ജീവന് വില കൽപിക്കാത്തവരുടെ ജീവൻ എടുക്കുന്നതാണോ രാഷ്ട്രനീതി’.
മഹാരാഷ്ട്രയിലെ പുണെ സെൻട്രൽ ജയിലിൽ 2012 നവംബർ 21 ന് രാവിലെ അജ്മൽ അമീർ കസബ് എന്ന കൊടും കുറ്റവാളിയായ യുവാവ് തൂക്കിലേറ്റപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ലേഖനമെഴുതിയത്. രാജ്യം എത്തിച്ചേർന്ന പൊതുവായ തീരുമാനമായിരുന്നു കസബിന്‍റെ തൂക്കിക്കൊല. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തെ വിറപ്പിച്ചുകൊണ്ട് ഛത്രപതി ശിവജി ടെർമിനലിലും താജ്മഹൽ ഹോട്ടലിലുമടക്കം 116 നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും 304 പേരെ പരിക്കേൽപിക്കുകയും ചെയ്ത പാകിസ്താൻ സ്വദേശികളായ 10 പേരടങ്ങുന്ന ഭീകരസംഘത്തെ ഉന്മൂലനം ചെയ്തപ്പോൾ സംസാരിക്കുന്ന ഒരു എവിഡൻസ് എന്ന നിലയിൽ മുംബൈ പൊലീസ് കസബിന്‍റെ ജീവനു നൽകിയ ഇളവ് റദ്ദുചെയ്യുകയായിരുന്നു ജുഡീഷ്യറി.
ഇന്ത്യൻ ജുഡീഷ്യറിയുടെ കാര്യക്ഷമതയായും നീതിന്യായവ്യവസ്ഥയിലെ ശരിയുടെ പക്ഷമായും ജീവൻ ബലിയർപ്പിക്കപ്പെട്ട രക്തസാക്ഷികൾക്കുള്ള വഴിപാടായും അവരുടെ ആത്മസംതൃപ്തിയിലൂടെയും ഇന്ത്യയുടെ പൊതു രാഷ്ട്രീയമണ്ഡലം അതിനെ വ്യാഖ്യാനിച്ചു. മരിച്ചുപോയ മനുഷ്യരുടെ ആനന്ദം പകരാൻ ജീവിച്ചിരിക്കുന്നവരെ ബലികൊടുക്കുന്നൊരു സംസ്കാരത്തിന്റെ ഏറ്റുപറച്ചിലായിട്ടാണ് ഈ വ്യാഖ്യാനത്തെ ഞാൻ കണ്ടത്. കൊന്നവനെ കൊല്ലുന്നു ഗോത്രനീതിയായി. അതിനൊരു പ്രാഗ് രൂപമുണ്ടായിരുന്നു, കൊന്നവന്‍റെ വംശത്തെ ഉന്മൂലനം ചെയ്യുന്ന ഗോത്രനീതി.
രാഷ്ട്രീയ ഇസ്‌ലാമിന്‍റെ ഭീകരമുഖമായിരുന്നു കസബ്. മതഭ്രാന്തനായൊരു യുവാവ്. ഇസ്‌ലാമിനുവേണ്ടിയുള്ള വിശുദ്ധയുദ്ധത്തിലെ പോരാളി. മതത്തിനും വിശ്വാസത്തിനും വേണ്ടി മരണത്തെ ആലിംഗനം ചെയ്യാൻ നിശ്ചയിച്ചവൻ. പൊലീസ് കസ്റ്റഡിയിൽ മരണത്തിനായി അയാൾ വാശിപിടിച്ചു. ഏത് ചോദ്യത്തിനും ഒരൊറ്റ ഉത്തരം ശഹാദത്ത് (SHAHADA) രക്ഷസാക്ഷ. സ്വർഗത്തിലേക്കുള്ള വഴി. വിൽപത്രമില്ല. അന്ത്യാഭിലാഷമില്ല. ഒന്നുമാത്രം ‘അമ്മി’യോട് (മാതാവ്) പറയുക. മനുഷ്യന്‍റെ മുന്നിൽ തെറ്റുകൾ ഏറ്റുപറഞ്ഞിട്ട് കാര്യമില്ലെന്ന് ബോധ്യമായവരെപ്പോലെ അയാൾ ദൈവത്തോട് പറഞ്ഞു, ‘‘അള്ളാഹു ആണെ ഇനിയൊരിക്കലും ഈ തെറ്റ് ഞാൻ ആവർത്തിക്കില്ല. പ്രാർഥിച്ചു, അള്ളാഹു എനിക്ക് മാപ്പുതേരണമേ?’’ ആരു കേൾക്കാൻ.
ഉന്തുവണ്ടിയിൽ പലഹാരങ്ങൾ വിറ്റുകിട്ടുന്ന പണംകൊണ്ട് അന്നത്തെ ജീവിതം മുഴുവിപ്പിക്കുവാൻ പാടുപെടുന്ന ഭൂരഹിതനായൊരു ദരിദ്രകുടുംബത്തിലെ ഇളയ മക്കളിലൊരാളായിരുന്നു കസബ്. പാക് പഞ്ചാബിലെ ഒക്ര (okra) ജില്ലയിൽപെട്ട ഫരീദ്കോട്ടിലെ ബാട്ടി അഥവാ കൊക്കാർ ഗോത്രത്തിൽപെട്ട കസബ് ജാതിയിലായിരുന്നു അയാളുടെ ജനനം. പെരുന്നാളിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകാൻ കഴിയാതെപോയ മാതാപിതാക്കളോടു പിണങ്ങി 13ാം വയസ്സിൽ വീടും നാടും ഉപേക്ഷിച്ച ൈപ്രമറി സ്കൂൾ വിദ്യാർഥിയായൊരു ബാലൻ. കവർച്ചക്കാരും മതതീവ്രവാദികളും ദത്തെടുത്തൊരു യൗവനം. ഒരു പതിറ്റാണ്ടുകാലത്തെ അയാളുടെ ജീവിതയാത്ര അന്ത്യമായിരുന്നു, യെർവാഡ ജയിലിലെ തൂക്കുമരം.
തൂക്കുമര തണലിലാണ് ഇന്ത്യൻ ജനാധിപത്യം പിറന്നുവീണത്. ഹിംസയുടെ പാതയിലൂടെ അഹിംസയിലേക്കും അക്രമത്തിന്‍റെ പാതയിലൂടെ സമാധാനത്തിലേക്കും എത്തിച്ചേരാൻ കഴിയുമെന്ന് കരുതുന്നവരുടെ മേൽക്കോയ്മയാണിത്. ഇവിടെ ബുദ്ധനും ഗാന്ധിയും നിശ്ശബ്ദരാക്കപ്പെട്ടവരാണ്. അംബേദ്കറും ഭരണഘടനയും ഗോത്രനീതിയുടെ മുഖത്ത് വ്യാഖ്യാനിക്കപ്പെടുന്നു. തൂക്കുമരങ്ങൾ പിഴുതെറിഞ്ഞ് മുന്നോട്ടുപോകുന്ന ജനസമൂഹങ്ങളെയും രാജ്യങ്ങളെയും കാണാൻ ഇന്ത്യക്ക് കഴിയുന്നില്ല. കസബ് തൂക്കിലേറ്റപ്പെട്ടതിന് ഒരുനാൾ മുമ്പ് 2012 നവംബർ 19ന് ലോകത്തിലെ 110 രാജ്യങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് ‘തങ്ങൾ തൂക്കിക്കൊലയെ എതിർക്കുന്നു’വെന്നാണ്. കേവലം 36 രാജ്യങ്ങൾ മാത്രമാണ് തൂക്കിക്കൊലയെ അനുകൂലിച്ചത്. അതിലൊരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് മേനിനടിക്കുന്ന ഇന്ത്യയാണ്. 21ാം നൂറ്റാണ്ടിൽ ഈ സ്ഥിതി മറികടക്കുവാൻ ഇന്ത്യക്ക് കഴിയുമെന്ന് കരുതാനാവില്ല. കാരണം ഇന്ത്യയുടെ ഹൃദയം അത്രമാത്രം ഹിംസാത്മകമാണ്, ജനാധിപത്യവിരുദ്ധമാണ്.
ജാതിവിവേചനംപോലെ തന്നെ മനുഷ്യനിർമിതമായ മറ്റൊരു ദുരന്തമാണ് വെള്ളക്കാർ കറുത്തവരോട് കാണിക്കുന്ന പക്ഷവിവേചനം. ഈ വംശവിവേചനത്തിനുള്ളിലാണ് അമേരിക്കൻ ഐക്യനാടുകൾ പടുത്തുയർത്തപ്പെട്ടത്. ക്രിസ്ത്യൻ മതമൗലികവാദമാണ് അതിന്‍റെ ആത്മാവ്. നാടിന്‍റെ ഐക്യവും സമാധാനവും ക്ഷേമവും സുരക്ഷയും നീതിയും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടന അമേരിക്കക്കുണ്ട്. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യഭരണ സമ്പ്രദായമെന്ന ഖ്യാതി അതിനുണ്ട്. എന്നാൽ, ഈ ഭരണസമ്പ്രദായത്തിനുള്ളിൽ നിലനിൽക്കുന്ന വംശാധിപത്യം വെള്ളക്കാർക്കിടയിൽ എന്നല്ലാതെ തങ്ങളുടെ രാഷ്ട്രീയത്തലവനെ കണ്ടെത്തുന്നതിന് അമേരിക്കൻ ജനതയെ അനുവദിച്ചിരുന്നില്ല.
ഈ വംശമേധാവിത്വത്തെ മറികടന്നുകൊണ്ടാണ് കറുത്തവർക്കിടയിൽനിന്ന് ആേഫ്രാ അമേരിക്കൻ വംശജനായ ബറാക് ഹുസൈൻ ഒബാമ 2008ൽ അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അവിശ്വസനീയമായൊരു ലോകാനുഭവമായിരുന്നു അത്. വെള്ളക്കാർ മാത്രം പ്രസിഡന്‍റായി മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയു ചെയ്യുന്ന അമേരിക്കയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതപ്പെട്ടു. 2009 ജനുവരി 20ന് ബറാക് ഹുസൈൻ ഒബാമ 44ാമത് അമേരിക്കൻ പ്രസിഡന്‍റായി വൈറ്റ് ഹൗസിലെത്തി ചുമതലയേൽക്കുമ്പോൾ 1787ൽ രൂപംകൊണ്ട അമേരിക്കൻ ജനാധിപത്യഭരണ സമ്പ്രദായവും അതിന്‍റെ മാർഗരേഖയായ ഭരണഘടനയും രണ്ട് നൂറ്റാണ്ടുകൾ പിന്നിട്ടിരുന്നു. കൃത്യമായി പറഞ്ഞാൽ 225 വർഷങ്ങൾ. വർണവിവേചനം ഉള്ളിലൊതുക്കിയും കറുത്തവരെ അടിച്ചമർത്തിയും അമേരിക്ക നിർമിച്ചെടുത്ത ഭരണസമ്പ്രദായത്തിന്‍റെ പേരായിരുന്നു ജനാധിപത്യം. കാപിറ്റലിസവും റേസിസവുമായിരുന്നു അതിന്‍റെ അടിത്തറ, ലോകമെന്നും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന സാമ്രാജ്യത്വ മോഹവും. ഒരു കറുത്തവർഗക്കാരൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടുവെന്നതുകൊണ്ട് ഈ അടിത്തറയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന് കരുതിയില്ല. എന്നാൽ, വംശാധിപത്യത്തിനെതിരായ പോരാട്ടമുഖങ്ങളിൽ അത് കറുത്തവരുടെ ആവേശമായിത്തീരുമെന്ന് കരുതി.
അമേരിക്കൻ ജനത 2012 നവംബർ ആറിന് വൈറ്റ് ഹൗസിലേക്കുള്ള വാതിൽ ഒരിക്കൽകൂടി ബറാക് ഒബാമക്ക് തുറന്നുകൊടുത്തപ്പോഴാണ് ‘കറുത്തവന്‍റെ രണ്ടാംവരവ്’ എന്ന കുറിപ്പെഴുതിയത്. ‘പ്രവചനാതീതമായ വിജയം’ എന്നാണ് ലോകം അതിനെ വിശേഷിപ്പിച്ചത്. വെള്ളക്കാരുടെ വംശമേൽക്കോയ്മക്കും ചരിത്രത്തിലുടനീളം വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഹിംസയുടെയും അടയാളങ്ങളായി വായിക്കപ്പെടുന്ന വെളുപ്പിന്‍റെയും കറുപ്പിന്‍റെയും ഭിന്നഭാവങ്ങൾക്കും രാഷ്ട്രീയ പൊതുമണ്ഡലത്തിൽ പ്രസക്തികുറഞ്ഞതുപോലെ തോന്നി.
അതിന് കാരണമായിത്തീർന്നതാകട്ടെ കറുത്തവർഗക്കാരനായ ബറാകിന്‍റെയും വെളുത്തവർഗക്കാരിയായ ആനിയുടെയും മകനായി പിറന്ന ബറാക് ഒബാമയുടെ കടന്നുവരവായിരുന്നു. കറുപ്പിന്‍റെയും വെളുപ്പിന്‍റെയും സംലയനമായിരുന്നു ഒബാമ. കറുത്ത അച്ഛനും വെളുത്ത അമ്മയും ആഫ്രിക്കയും അമേരിക്കയുമെല്ലാം ഒബാമയുടെ ജീവിതപരിസരങ്ങളായിരുന്നു. അമ്മയുടെ പാരമ്പര്യത്തിൽ വായിച്ചെടുക്കാവുന്ന വംശമേൽക്കോയ്മയിൽ അഭിരമിക്കാൻ കൂട്ടാക്കാതെ കാലി മേയ്ച്ചും കൃഷിപ്പണി ചെയ്തും ആട്ടിൻതോലണിഞ്ഞും ജീവിച്ച തന്‍റെ പൂർവികരെ തിരിക്കാൻ കെനിയയിലെ ഗോത്രസമൂഹങ്ങളിലേക്ക് തിരികെ നടക്കുകയും വൈറ്റ് ഹൗസിലെത്തിയിട്ടും മക്കളെ മടിയിലിരുത്തി ഇക്കാര്യം ഓർമിപ്പിക്കുകയും ചെയ്യുന്ന, സ്വന്തം വേരറുക്കാൻ വിസമ്മതിക്കുന്ന ഒബാമയാണ് ഈ കുറിപ്പെഴുതാൻ േപ്രരിപ്പിച്ചത്.
ദലിത് പ്രവർത്തന മണ്ഡലത്തിൽ ലിംഗവിവേചനം ഗൗരവമായൊരു സാമൂഹിക പ്രശ്നമായി പരിഗണിക്കപ്പെട്ടിരുന്നില്ല. ദലിത് സംഘടനകൾ പുരുഷന്മാരുടെ കൂട്ടായ്മകളായിരുന്നു. സംഘടന നേതാക്കളും ചിന്തകരും എഴുത്തുകാരുമെല്ലാം പുരുഷാധിപത്യം ജീവിതരീതിയായി കൊണ്ടുനടക്കുന്നവരും. അവരുടെ എഴുത്തുകളിലൂടെ എഴുതപ്പെട്ട ജീവിതരേഖകളിലോ സ്ത്രീകൾക്കോ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കോ സ്ഥാനമില്ലാതെപോയത് അതുകൊണ്ടാണ്. ഇത്തരമൊരവസ്ഥയിലൂടെ തന്നെയാണ് ഞാൻ നേതൃത്വത്തിലുണ്ടായിരുന്ന സംഘടനകളും കടന്നുപോയത്.
എന്നാൽ, അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിൽ നടന്ന മനുസ്മൃതി കത്തിക്കലിലും പുത്രകാമേഷ്ടിയാഗം മുടക്കലിലും സ്ത്രീവിമോചനത്തിന്റെ സ്വരമുണ്ടായിരുന്നു. ഈ പ്രത്യയശാസ്ത്ര പരിസരത്ത് ചുവടുറപ്പിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചതുകൊണ്ടാണ് നിശ്ശബ്ദമായിട്ടാണെങ്കിലും ഇക്കാലത്ത് കേരളത്തിൽ ഉയർന്നുവന്ന ഫെമിനിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്താനായത്. അതുകൊണ്ടാണ് 2002ൽ കോതമംഗലം, വടാട്ടുപാറയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ഒരു പഠനക്യാമ്പ് സംഘടിപ്പിക്കാൻ ഡി.എ.എസിന് കഴിഞ്ഞത്. ഡി.എ.എസ് എറണാകുളം ജില്ല കൺവീനർ കെ.കെ. രവിയായിരുന്നു ഈ ക്യാമ്പിന്‍റെ മുഖ്യചുമതലക്കാരൻ. സംഘടന നേതാക്കളെയും പ്രവർത്തകരെയും ഫെമിനിസ്റ്റ് ആശയങ്ങളിലേക്ക് തട്ടിയെടുക്കുകയായിരുന്നു ഈ ക്യാമ്പിന്‍റെ ലക്ഷ്യം. വിഷയാവതാരകനായി ക്ഷണിക്കപ്പെട്ടത് ഡോ. എ.കെ. രാമകൃഷ്ണനായിരുന്നു.
ഇക്കാലത്ത് കേരളത്തിലെ ദലിതർ എങ്ങനെയാണ് സ്ത്രീകളെ നോക്കിക്കണ്ടിരുന്നത് എന്നതിന്‍റെ വ്യക്തമായ സൂചകമായിരുന്നു കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ‘സൈന്ധവ മൊഴി’യുടെ 2004 ഡിസംബർ ലക്കത്തിലെ എഡിറ്റോറിയൽ. വി.സി. സുനിലായിരുന്നു ഈ പ്രസിദ്ധീകരണത്തന്‍റെ എഡിറ്റർ. സ്ത്രീവിരുദ്ധതയായിരുന്നു ഈ എഡിറ്റോറിയലിന്‍റെ ഉള്ളടക്കം. അവർത്തിച്ചുകൊണ്ടിരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ ഉയർന്നുവന്ന ധാർമിക രോഷത്തെ പുച്ഛിച്ചുതള്ളി ‘സൈന്ധവമൊഴി’ എഡിറ്റോറിയൽ പറഞ്ഞത് ഇങ്ങനെയാണ്.
‘‘കേരളത്തിൽ കുഞ്ഞാലിക്കുട്ടിയും ഇന്ത്യയിൽ ദേവദാസി സമ്പ്രദായവും സാമൂഹിക കെട്ടുറപ്പിന്‍റെ തൂണുകൾ നിർമിച്ചുകൊടുത്തു. വേശ്യാവൃത്തി ഒരേസമയം ആദായകരവും സുഖപ്രദവുമായ ഒരു തൊഴിൽമേഖലയായി ഇപ്പോൾ ലോകത്ത് വികസിച്ചിരിക്കുന്നു. വേശ്യാവൃത്തി സാമൂഹിക കെട്ടുറപ്പിനെ നിലനിർത്തുന്നു. വേശ്യകളും വിടന്മാരുമില്ലായിരുന്നുവെങ്കിൽ സാമൂഹിക കുടുംബജീവിതബന്ധങ്ങൾ എന്നേ തകരുമായിരുന്നു.’’ ദലിതർക്കിടയിലെ സ്ത്രീവിരുദ്ധ ചിന്തയുടെ സൈദ്ധാന്തികാവിഷ്കാരമായിരുന്നു ഈ നിലപാട്. ദലിത് പ്രവർത്തകർക്കും എഴുത്തുകാർക്കും മാത്രമല്ല, സമുദായത്തിനാകെ അപമാനകരമായ ഈ നിലപാടിനെതിരെ 2005 ജനുവരി-ഫെബ്രുവരി ലക്കം ദലിത് ഐക്യശബ്ദത്തിൽ ഞാൻ ‘വ്യഭിചാരത്തെ വാഴ്ത്തുന്നവർ’ എന്ന കുറിപ്പെഴുതി.
ഗോത്രസമൂഹത്തിൽ വളർന്നുവന്ന ആൺക്കോയ്മ സമ്പ്രദായത്തിന്‍റെ ആശ്ലേഷത്തിൽ ആത്മീയ രംഗത്തായാലും സാമൂഹികപ്രവർത്തന രംഗത്തായാലും ദലിതർക്കിടയിൽ നിലനിൽക്കുന്ന ലൈംഗിക ചൂഷണത്തെ തുറന്നുകാണിക്കുവാനാണ് ‘വ്യഭിചാരത്തെ വാഴ്ത്തുന്നവർ’ എന്ന കുറിപ്പിലൂടെ ശ്രമിച്ചത്. ഇതേ ലക്കത്തിൽതന്നെ കവർ പേജിൽ സൂര്യനെല്ലി കേസിൽ കീഴ്കോടതി ശിക്ഷിച്ച 36 പ്രതികളിൽ 35 പേരെയും വെറുതെവിട്ട 2005 ജനുവരി 20ലെ ഹൈകോടതി വിധി തുല്യനീതിയുടെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി ‘മനുവാദികളുടെ ന്യായവിധി’ എന്നൊരു കുറിപ്പും എഴുതിയിരുന്നു. മനോരമ ദേവിയെന്ന യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ ഇന്ത്യൻ പട്ടാളത്തിനെതിരെ ‘ഞങ്ങളെ ബലാത്സംഗം ചെയ്തു’ – Indian Army Rape Us എന്ന ബാനർ ഉയർത്തി മണിപ്പൂരിലെ മെയ്തി സ്ത്രീകൾ നടത്തിയ മാർച്ചിന്‍റെ ചിത്രവും ഇതോടൊപ്പം ചേർത്തിരുന്നു. സ്ത്രീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യത്തെ എഴുത്തുകളായിരുന്നു ഇവ. പുരുഷാധിപത്യ മൂല്യങ്ങളുടെ അടിത്തറയിൽ നിർമിക്കപ്പെട്ട പരമ്പരാഗത കുടുംബത്തെ തകർക്കുകയും മറ്റൊരു കുടുംബനിർമിതി സാധ്യമാകുകയും ചെയ്തുകൊണ്ടാണ് ഇത്തരം എഴുത്തുകൾ സാധ്യമായത്.
സ്ത്രീ പീഡനങ്ങളുടെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു 2012 ഡിസംബർ 16. അന്ന് രാത്രിയാണ് തലസ്ഥാന നഗരിയായ ഡൽഹിയിൽ ഒരു യുവാവിനോടൊപ്പം സിനിമ കണ്ടുമടങ്ങുകയായിരുന്ന 23 വയസ്സുകാരിയായ ഫിസിയോതെറപ്പി വിദ്യാർഥിനിയെ ഒരുസംഘം യുവാക്കൾ ഓടിക്കൊണ്ടിരുന്ന ബസിൽെവച്ച് കൂട്ടബലാത്സംഗം ചെയ്യുകയും ചെറുത്തുനിന്ന യുവതിയുടെ ശരീരമാകെ ബ്ലേഡ്കൊണ്ട് വരഞ്ഞ് ജനനേന്ദ്രിയത്തിലേക്ക് ഇരുമ്പുകമ്പി കയറ്റി കുടൽമാല തകർത്ത് തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തത്. ഇന്ത്യൻ പൗരുഷത്തിന്‍റെ സംഹാരതാണ്ഡവമായിരുന്നു അത്.
വേദനയായും പ്രതിഷേധമായും കലാപമായും ഡൽഹി യുവതി ഇന്ത്യൻ മനസ്സുകളിലേക്ക് വ്യാപിച്ചു. ക്ഷുഭിതരായ ജെ.എൻ.യു വിദ്യാർഥികൾ ഡിസംബർ 19ന് ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തി. രോഷാകുലരായ ജനസഞ്ചയങ്ങൾ ഡൽഹിയിലെ തെരുവുകൾ നിശ്ചലമാക്കി. അവർക്ക് സ്ത്രീ-പുരുഷ ഭേദമോ രാഷ്ട്രീയ ഭേദമോ പ്രായഭേദമോ ജാതി-മത ഭേദമോ സാമൂഹിക സാമ്പത്തിക ഭേദമോ ഉണ്ടായിരുന്നില്ല. ‘നീതിയും സുരക്ഷയും തരൂ’ അവർ രാഷ്ട്രത്തോടാവശ്യപ്പെട്ടു. ഈ പ്രക്ഷോഭത്തോടൊപ്പം ചേർന്നുനിൽക്കാനുള്ള എന്‍റെ ശ്രമമായിരുന്നു 2013 ജനുവരി 23ൽ എഴുതിയ ‘സ്ത്രീ സങ്കൽപമാണ് മാറേണ്ടത്’ എന്ന ലേഖനം. അപ്പോൾ ലിംഗസമത്വം അംഗീകരിക്കുന്ന ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടിരുന്നു.
പോരാട്ടമുഖത്തുനിന്ന് സ്ത്രീകൾ വധശിക്ഷയും കെമിക്കൽ കാസ്േട്രഷനും (രാസവസ്തു ഉപയോഗിച്ചുള്ള ഷണ്ഡീകരണം) ദീർഘകാല തടവുശിക്ഷയും അതിവേഗ കോടതികളും സമയബന്ധിതമായ വിചാരണയുമെല്ലാം ആവശ്യപ്പെട്ടു. ബലാത്സംഗക്കാരുടെ തലസ്ഥാനമെന്ന് പ്രക്ഷോഭകർ ഡൽഹിയെ പരിഹസിച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യ അപഹാസ്യമായിത്തീർന്നു. ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ബാൻകി മൂൺ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമം കർശനമാക്കുവാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. മൻമോഹൻസിങ്ങിന് ‘ജനരോഷം ന്യായമാണെ ന്നുംസ്ത്രീകൾക്ക് നീതിയും സുരക്ഷയും ഉറപ്പാക്കു’മെന്നും രാഷ്ട്രത്തോട് പറയേണ്ടിവന്നു.
21ാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിലും ഇന്ത്യക്കാർ എങ്ങനെയാണ് സ്ത്രീകളെ നോക്കിക്കാണുന്നത് എന്നറിയാൻ ലോകത്തിന് കിട്ടിയ ഒരവസരമായിരുന്നു അത്. ഒരു ഭാഗത്ത് തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് പിതൃമേധാവിത്വ ഇന്ത്യയുടെ വക്താക്കൾ അതിന് പ്രതിരോധം തീർത്തു. ലിംഗവിവേചനം ആദർശമായി കാണുന്ന ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ-മത നേതൃത്വങ്ങളുടെ വിശാലമായൊരു സഖ്യമായിരുന്നു മറുഭാഗം. രാഷ്ട്രപതി പ്രണബ്കുമാർ മുഖർജിയുടെ മകനും കോൺഗ്രസ് എം.പിയുമായ അഭിഷേക് മുഖർജി ഈ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത് ‘നോട്ടാങ്കി’ (Drama) എന്നാണ്.
അതിൽ പങ്കാളികളായ സ്ത്രീകളെ പച്ചപരിഷ്കാരികളാണെന്നും നിശാക്ലബുകളിലേക്ക് പോകുന്നവരെന്നും പരിഹസിച്ചു. മമത ബാനർജി പറഞ്ഞത് ‘മുമ്പ് ആണും പെണ്ണും കൈപിടിച്ചാൽ മാതാപിതാക്കൾ വിലക്കുകയും ശാസിക്കുകയും ചെയ്യുമായിരുന്നുവെന്നും എന്നാലിന്ന് എല്ലാം കമ്പോളം പോലെയാണെ’ന്നുമാണ്. ‘സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടക്കുന്നത് ഇന്ത്യൻ നഗരങ്ങളിലാണെന്നും ഭാരതത്തിൽ അഥവാ ഗ്രാമങ്ങളിൽ അത് കാണുന്നില്ലെ’ന്നുമാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. മധ്യപ്രദേശിലെ വ്യവസായ മന്ത്രി കൈലാഷ് വിജയ് മൻജിയ ‘സീതാജിയെ ലക്ഷ്മണരേഖ മുറിച്ചുകടന്നപ്പോൾ മാത്രമാണ് രാവണൻ അപഹരിച്ചതെന്നും അതിരുകൾ ലംഘിക്കപ്പെട്ടപ്പോഴാണ് വിനാശങ്ങൾ ഉണ്ടായതെന്നും’ പറഞ്ഞപ്പോൾ ഛത്തിസ്ഗഢിലെ വനിത കമീഷൻ അധ്യക്ഷ വിഭാവറാവു സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ അവർക്കുകൂടി തുല്യ പങ്കാളിത്തമുണ്ടെന്നും പറഞ്ഞു.
രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ബൻമാരിലാൽ പെൺകുട്ടികളുടെ അരപ്പാവാട നിരോധിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പോണ്ടിച്ചേരിയിലാകെ വിദ്യാഭ്യാസ മന്ത്രി നമശിവായം പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരേ സ്കൂൾ ബസിൽ കൊണ്ടുപോകുന്നത് വിലക്കി. രാജസ്ഥാനിലെ ആൾ ദൈവമായ ആശാറാം ബാപ്പു ‘ദൈവനാമം ജപിച്ച് സഹോദരന്മാരേ എന്ന് വിളിച്ച് അക്രമികളുടെ കാൽക്കൽവീണ് കാരുണ്യത്തിനുവേണ്ടി കേഴുകയാണ് വേണ്ടിയിരുന്നത്’ എന്ന് പറഞ്ഞപ്പോൾ രാജസ്ഥാൻ ചാപ്റ്റർ ഓഫ് ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാൻ അയ്ത്താർ പറഞ്ഞത്, ‘ഇസ്‍ലാം ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നതോ അവരൊന്നിച്ച് പാട്ടുപാടുന്നതോ നൃത്തംചെയ്യുന്നതോ അനുവദിക്കുന്നില്ല’ എന്നാണ്. ലിംഗനീതിക്കുവേണ്ടിയുള്ള ഡൽഹി പ്രക്ഷോഭത്തെ പ്രതിരോധിക്കാനെത്തിയ എല്ലാവർക്കും ഒരേസ്വരമായിരുന്നു. മനുസ്മൃതിയുടെ സ്വരം. ‘നഃ സ്ത്രീ സ്വാതന്ത്ര്യമഹർതി’. രണ്ടുവർഷങ്ങൾക്കുശേഷം 2014ൽ കണ്ടത് മനുവാദികൾ രാഷ്ട്രത്തിന്‍റെ അധികാരം പിടിച്ചെടുക്കുന്നതാണ്.
കെ.പി.എം.എസ്
ഹിന്ദു ഏകീകരണത്തിന്‍റെ വക്താവായ വിവേകാനന്ദനെയും ഹിന്ദുരാഷ്ട്രത്തിന്‍റെ വക്താവായ ബാഡ് ഗവാറിനെയും ദലിത് വിവേചനത്തിന്‍റെ വക്താവായ അയ്യൻകാളിയെയും ചേർത്തുപിടിച്ചുകൊണ്ടാണ് 21ാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിൽ സംഘ്പരിവാർ കേരളത്തിലെ ദലിതരെ സമീപിച്ചത്.
2010 ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ കൊല്ലത്തു നടന്ന ഹൈന്ദവ സമ്മേളന ഭാഗമായി ഹിന്ദു ഐക്യവേദി പ്രചരിപ്പിച്ച പോസ്റ്ററിലായിരുന്നു വിചിത്രമായ ഈ ജാതി-മത രാഷ്ട്രീയ കോമ്പിനേഷൻ. ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമ്പോൾ പുലയരുടെ സ്ഥാനം ബ്രാഹ്മണരുടെ അരികിലായിരിക്കുമെന്നും കേരളത്തിന്‍റെ ചരിത്രത്തിൽ കമ്യൂണിസ്റ്റുകാർ അവഗണിച്ച അയ്യൻകാളിയെ തങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഉയർത്തുകയാണെന്നുമുള്ള സന്ദേശങ്ങളാണ് ഈ പോസ്റ്റർ പുലയർക്ക് കൈമാറിയത്. കെ.പി.എം.എസുകാരെ ഹരംപിടിപ്പിക്കാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. അതോടൊപ്പം ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ടത് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആയിരുന്നു.
എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഹിന്ദു സമുദായത്തിന്‍റെ താൽപര്യങ്ങൾ അവഗണിക്കുകയാണെന്ന് പറഞ്ഞ ആർ.എസ്.എസ് ബി.ജെ.പി നേതാക്കൾ കെ.പി.എം.എസിനെയും സമ്മേളനത്തിൽ പങ്കെടുത്ത പട്ടികജാതി-പട്ടികവർഗ സംഘടനകളെയും പ്രകീർത്തിച്ചു. അതവർക്ക് ആവേശമായി. 2014ൽ കണ്ടത് കെ.പി.എം.എസ് നെടുകെ പിളർന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.വി. ബാബുവിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എസ്.എൻ.ഡി.പിയുമായി ചേർന്ന് ബി.ഡി.ജെ.എസ് ഉണ്ടാക്കി ബി.ജെ.പി മുന്നണിയായ എൻ.ഡി.എയുടെ ഘടക കക്ഷിയായി കേരള രാഷ്ട്രത്തിൽ ഇടപെടുന്നതാണ്.
കേരളത്തിലെ ദലിത് പോരാട്ടങ്ങളുടെ ചരിത്രത്തിൽ കണ്ട ഏറ്റവും ലജ്ജാകരമായ രാഷ്ട്രീയാനുഭവങ്ങളിൽ ഒന്നായിരുന്നു കെ.പി.എം.എസിന്‍റെ സംഘ്പരിവാർ പ്രവേശനം. ആർക്കെതിരെയാണോ അയ്യൻകാളി നീതിക്കും സാഹോദര്യത്തിനും വേണ്ടി പോരാടിയത്, അവരിലാണ് നീതിയും സാഹോദര്യവുമെന്ന അടിമബോധമാണ് കെ.പി.എം.എസിനെ സംഘ്പരിവാറിലേക്ക് നയിച്ചത്. സവർണരെ വെല്ലുന്ന ജാതിബോധവും അധികാരബോധവും അതിനു പിന്നിലുണ്ടായിരുന്നു.
തങ്ങളുടെ ചെയ്തിയെ ന്യായീകരിച്ചുകൊണ്ട് 2014 ഫെബ്രുവരി 28ന് ടി.വി. ബാബു ‘മലയാളം’ വാരികയിൽ എഴുതിയത് 1957 മുതൽ 2006 വരെ തങ്ങൾ കമ്യൂണിസ്റ്റുകൾക്കൊപ്പമായിരുന്നുവെന്നും തങ്ങളുടെ സമുദായത്തിന് അവരിൽനിന്ന് അർഹമായ നീതി ലഭിച്ചില്ലെന്നും സംവരണംകൊണ്ട് തങ്ങൾ മന്ത്രിമാരും ജനപ്രതിനിധികളുമായെങ്കിലും അവർക്ക് ദലിതരുടെ യഥാർഥപ്രശ്നങ്ങൾ ഉന്നയിക്കുവാൻ ഇടതു/വലതു പാർട്ടികൾ അവസരവും ചുമതലയും നൽകിയില്ലെന്നുമാണ്. ഈ നിരാശയിൽനിന്നാണ് 2006ൽ സോണിയ ഗാന്ധിയെ തങ്ങളുടെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ, രണ്ടു പാർട്ടികളുടെയും പരിഗണനയിൽ ചെറിയൊരു മാറ്റം ഉണ്ടായിരുന്നുവെങ്കിലും അതൊന്നും കാര്യപ്രസക്തമായിരുന്നില്ലെന്ന് ബോധ്യം വന്നപ്പോഴാണ് നരേന്ദ്ര മോദിയിലേക്കും പോയത്.
അര നൂറ്റാണ്ടുകാലം സി.പി.ഐയുടെ പോഷക സംഘടനപോലെ പ്രവർത്തിച്ച കെ.പി.എം.എസ് പാർട്ടിക്കെതിരെ ഉന്നയിച്ച ശക്തമായ വിമർശനമായിരുന്നു കമ്യൂണിസ്റ്റുകാരിൽനിന്ന് തങ്ങളുടെ സമുദായത്തിന് അഥവാ പുലയർക്ക് അർഹമായ നീതി ലഭിച്ചില്ലെന്നത്. ഈ അർഹതയുടെ മാനദണ്ഡം എന്താണെന്ന് അവർ പറയുന്നില്ല. എന്നാൽ, സംവരണത്തിലൂടെ തങ്ങൾക്ക് മന്ത്രിമാരും എം.എൽ.എമാരുമാകാൻ കഴിഞ്ഞുവെന്ന് ബാബു അംഗീകരിക്കുന്നുമുണ്ട്. കേരളത്തിലെ മറ്റൊരു പട്ടികജാതി-പട്ടികവർഗവിഭാഗത്തിനും കഴിയാതെപോയൊരു കാര്യമാണ് കമ്യൂണിസ്റ്റ് ബന്ധത്തിലൂടെ പുലയർക്ക് സാധ്യമായത്. അനിഷേധ്യമായൊരു സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യമാണിത്.
എന്നാൽ, പുലയർക്ക് ലഭിച്ചുവെന്ന് ബാബു പറയുന്ന മന്ത്രിമാരും ഈ പ്രതിനിധികളുമെല്ലാം യഥാർഥത്തിൽ എസ്.സി/എസ്.ടി പ്രതിനിധികളായിരുന്നു. തിരുവിതാംകൂർ പ്രജാസഭയിലല്ല, കേരള നിയമസഭയിലാണ് ഇവർ അംഗങ്ങളായത്. അവിടെ പുലയ പ്രാതിനിധ്യമുണ്ടായിരുന്നില്ല. പുലയർക്കുവേണ്ടിമാത്രം ഒരു സംരക്ഷണ നിയമവുമുണ്ടായിരുന്നില്ല. എന്നാൽ, ആദിവാസി ഭൂനിയമംപോലെ തങ്ങളുടെകൂടി പങ്കാളിത്തത്തോടെ ഉണ്ടാക്കിയ ഒരു നിയമം നടപ്പാക്കണമെന്ന് പറയാൻപോലും ആർജവമുള്ള ഒരാളെ പുലയരിയിൽനിന്നല്ല, പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽനിന്ന് കാണാനില്ലായെന്നത് ദുഃഖകരമായൊരു കാര്യമായിരുന്നു. ഇക്കാര്യത്തിൽ മാത്രമല്ല, ദലിതർ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും ഇവർ ഇങ്ങനെതന്നെയായിരുന്നു.
ഇവിടെയും ബാബു കുറ്റപ്പെടുത്തുന്നത് അരനൂറ്റാണ്ടായി പുലയരെ മന്ത്രിമാരും എം.എൽ.എമാരുമാക്കുന്ന കമ്യൂണിസ്റ്റുകാരെയാണ്. ഇക്കാലത്ത് ദലിതർക്കിടയിൽ വളർന്നുവന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടെ സ്വാധീനം നിശ്ചയമായും ഈ നിലപാടിലുണ്ട്. എന്നാൽ, ദലിതരുടെ പ്രശ്നങ്ങൾ ഉന്നയിക്കുവാൻ ഇടത്-വലത് പാർട്ടികൾ അവസരവും ചുമതലയും നൽകിയില്ല എന്നത് എന്തുകൊണ്ട് ഇക്കാലമത്രയും തിരിച്ചറിയപ്പെടാതെപോയി എന്ന കാര്യം ബാബു പറയുന്നില്ല. അവസരങ്ങളും ചുമതലകളുമൊന്നും ആർക്കും ആരും ദാനം ചെയ്യുന്നതല്ല. അർഹതയുള്ളവർ അത് പൊരുതിനേടുകയും നിർവഹിക്കുകയുമാണ് ചെയ്യുന്നത്. മന്ത്രിമാരും ജനപ്രതിനിധികളുമുണ്ടായതുകൊണ്ട് മാത്രമായില്ല, അവർ ആരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഉത്തമബോധ്യമുള്ളവരും ആത്മാഭിമാനമുള്ളവരുമായിരിക്കണം. ഇത് രണ്ടും ഇല്ലാതെപോയി എന്നതുകൊണ്ടാണ് പി.കെ. ചാത്തൻ മാസ്റ്ററെയും പി.കെ. രാഘവനെയും പോലുള്ളവർ മന്ത്രിമാരും ജനപ്രതിനിധികളുമായിരുന്നിട്ടും ദലിത് പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടത്.
രാഷ്ട്രീയമണ്ഡലത്തിൽ ജാതി എങ്ങനെയാണ് നിലനിൽക്കുന്നത് എന്നതിന്‍റെ ദൃഷ്ടാന്തമാണിത്. അവർക്ക് സ്വയം സംസാരിക്കാനായില്ല, അവർ വിധേയരായിരുന്നു, അടിമകളായിരുന്നു. എന്നാൽ, കെ.പി.എം.എസ് കരുതുന്നത് എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും പോലെ ഹിന്ദു ഫോൾഡിൽനിന്ന് കേരളത്തിന്‍റെ രാഷ്ട്രീയാധികാരത്തെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു സാമുദായിക ശക്തിയായി തങ്ങൾ മാറിയിരിക്കുന്നുവെന്നാണ്. എന്നാൽ, കോൺഗ്രസിനുള്ളിൽ സംഘടിത സമുദായങ്ങൾ നടത്തുന്ന രാഷ്ട്രീയ/വിലപേശൽ കമ്യൂണിസ്റ്റ് പാർട്ടികൾ അതിനുള്ളിൽ അനുഭവിച്ചിരുന്നില്ല.
അപ്പോഴാണ് കെ.പി.എം.എസ് അത്തരമൊരു സാധ്യതതേടി തങ്ങളെ തേടിയെത്തിയ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. എന്നാലവർ അറിയാതെപോയ കാര്യം ഘടനയുടെ മുകൾത്തട്ടിലുള്ളവർക്ക് ആധിപത്യത്തിന്‍റെയും പറുദീസയാണ് ഹിന്ദുത്വരാഷ്ട്രീയം എന്നതാണ്. ദുഃഖകരമായ മറ്റൊരു കാര്യം കേരളത്തിലെ ദലിത് ബൗദ്ധിക ലോകം സംഘ്പരിവാറിലേക്കുള്ള ദലിതരുടെ ഈ കുത്തൊഴുക്ക് കണ്ടഭാവം നടിച്ചില്ല എന്നതാണ്. ജാതികളുടെ തടവറകളിൽനിന്ന് പൂർണമോചനം നേടാൻ കഴിഞ്ഞവർ ദലിത് ബൗദ്ധിക മണ്ഡലത്തിൽ ദുർബലമാണ് എന്നുതന്നെയാണ് ഇതിനർഥം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.