വൈക്കത്ത് മനുസ്മൃതി കത്തിച്ചത് ആര്?

വൈക്കത്ത് അധഃസ്ഥിത നവോത്ഥാന മുന്നണി നേതൃത്വത്തിൽ മനുസ്മൃതി ചുട്ടെരിച്ച സംഭവം വർഷങ്ങൾക്കുശേഷം വീണ്ടും വിവാദമാകുന്നു. കെ. വേണുവും കെ.കെ. കൊച്ചും നടത്തിയതടക്കമുള്ള അവകാശവാദങ്ങളെ പുനഃപരിശോധിക്കുന്നു. മനുസ്​മൃതി ചുട്ടെരിക്കൽ ദലിതർക്കിടയിൽ ചർച്ചചെയ്യപ്പെട്ടത് രണ്ടു പതിറ്റാണ്ടുകൾക്കുശേഷമാണ്. ഡോ. എം. കുഞ്ഞാമൻ എഴുതിയ ‘കോലം കത്തിക്കുന്നവരുടെ കാലം’ എന്ന രാഷ്ട്രീയ പരിഹാസം ഒഴിവാക്കിക്കൊണ്ടല്ല ഇത് പറയുന്നത്. ഡോ. അംബേദ്കർ മനുസ്​മൃതി കത്തിച്ച വിവരം 1989ൽ വൈക്കത്തു​െവച്ച് മനുസ്​മൃതി കത്തിച്ച സലിംകുമാറും സഹപ്രവർത്തകരും അറിഞ്ഞിരുന്നില്ലേ എന്ന പ്രഫ. രാജു തോമസിന്റെ ചോദ്യവും...

വൈക്കത്ത് അധഃസ്ഥിത നവോത്ഥാന മുന്നണി നേതൃത്വത്തിൽ മനുസ്മൃതി ചുട്ടെരിച്ച സംഭവം വർഷങ്ങൾക്കുശേഷം വീണ്ടും വിവാദമാകുന്നു. കെ. വേണുവും കെ.കെ. കൊച്ചും നടത്തിയതടക്കമുള്ള അവകാശവാദങ്ങളെ പുനഃപരിശോധിക്കുന്നു.

മനുസ്​മൃതി ചുട്ടെരിക്കൽ ദലിതർക്കിടയിൽ ചർച്ചചെയ്യപ്പെട്ടത് രണ്ടു പതിറ്റാണ്ടുകൾക്കുശേഷമാണ്. ഡോ. എം. കുഞ്ഞാമൻ എഴുതിയ ‘കോലം കത്തിക്കുന്നവരുടെ കാലം’ എന്ന രാഷ്ട്രീയ പരിഹാസം ഒഴിവാക്കിക്കൊണ്ടല്ല ഇത് പറയുന്നത്. ഡോ. അംബേദ്കർ മനുസ്​മൃതി കത്തിച്ച വിവരം 1989ൽ വൈക്കത്തു​െവച്ച് മനുസ്​മൃതി കത്തിച്ച സലിംകുമാറും സഹപ്രവർത്തകരും അറിഞ്ഞിരുന്നില്ലേ എന്ന പ്രഫ. രാജു തോമസിന്റെ ചോദ്യവും (ദലിതർക്കെന്തുപറ്റി? പച്ചക്കുതിര, 2013 ഒക്ടോബർ) മനുസ്​മൃതി ചുട്ടെരിച്ചതുകൊണ്ടോ, പുത്രകാമേഷ്​ടി യാഗം മുടക്കിയതുകൊണ്ടോ കേരളത്തിൽ ഒരു ദലിത് ഐക്യനിര കെട്ടിപ്പടുക്കാനാവുമെന്ന വ്യാമോഹം ആരെങ്കിലും ​െവച്ചുപുലർത്തുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന കുന്നുകുഴി എസ്​. മണിയുടെ പരാമർശവും (ദലിതരെ ദലിതർ എഴുതി കൊല്ലുന്നു.

പച്ചക്കുതിര, 2013 സെപ്റ്റംബർ) സലിംകുമാറിന്റെ ദലിത് അജണ്ടയുടെ പ്രാരംഭമായ മനുസ്​മൃതി കത്തിക്കലിന് രണ്ടുവശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി 1927ൽ ഡോ. അംബേദ്കർ മനുസ്​മൃതി ചുട്ടെരിച്ചെന്നും അതിന്റെ ചാരമാണ് അധഃസ്​ഥിത നവോത്ഥാന മുന്നണി അറിഞ്ഞോ അറിയാതെയോ കത്തിച്ചതെന്നും അധഃസ്​ഥിത നവോത്ഥാന മുന്നണിയിലെ ദലിതരോടൊപ്പം സി.പി.ഐ.(എം.എൽ.) നേതാക്കളും പ്രവർത്തകരുമായ കെ. വേണു, എ. എക്സ്​. വർഗീസ്​, ജോൺ ജോസഫ് തുടങ്ങി നിരവധി പേരെ മൂടിവെക്കുകയുമായിരുന്നുവെന്നുമുള്ള കെ.കെ. കൊച്ചിന്റെ പ്രസ്​താവനയും (സ്വയം റദ്ദാക്കിയ ചരിത്രം.

പച്ചക്കുതിര, 2013 സെപ്റ്റംബർ) ഇവക്കെല്ലാം മുന്നോടിയായ മനുസ്​മൃതി കത്തിച്ച വേദിയിൽ പ്രത്യേക ക്ഷണിതാവായെത്തിയ തനിക്കു വേണ്ട കാലത്ത് വേണ്ടതുപോലെ ഡോ. അംബേദ്കർ പരസ്യമായി വീണ്ടും കത്തിക്കുന്നത് അപഹാസ്യമാണെന്നു പറയേണ്ടിവന്നുവെന്ന അഡ്വ. കെ.വി. കുമാരന്റെ അഭിപ്രായവുമെല്ലാം (ദലിതുകൾ പടക്കുതിരകൾ. കത്ത്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2012 ഏപ്രിൽ 17) ഈ ചർച്ചയുടെ ഭാഗമായിരുന്നു. ‘എന്തുകൊണ്ട് മനുസ്​മൃതി കത്തിച്ചു’ എന്ന ലേഖനത്തിലൂടെ 2013 ഒക്ടോബറിൽ പച്ചക്കുതിരയിൽ ഇക്കാര്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.

അംബേദ്കർ ഒരിക്കൽ കത്തിച്ച മനുസ്​മൃതി വീണ്ടും കത്തിക്കുന്നതിലെ അർഥശൂന്യതയാണ് ഇവർ എടുത്തുകാണിക്കാൻ ശ്രമിച്ചത്. എന്നാൽ, ജാതിവിരുദ്ധസമരമുഖത്താണ് അംബേദ്കർ മനുസ്​മൃതി കത്തിച്ചതെന്നും ജാതിവിരുദ്ധ സമരം തുടരുന്ന കാലത്തോളം മനുസ്​മൃതി അക്രമിക്കപ്പെടുമെന്നുമുള്ള യാഥാർഥ്യം ഇവർ വിട്ടുകളഞ്ഞു. കാരണം ജാതിവ്യവസ്​ഥ നിലനിൽക്കുന്നത് മനുസ്​മൃതിയുടെ ആശയാടിത്തറയിലാണ്. അംബേദ്കർ മനുസ്​മൃതി കത്തിച്ച കൊളോണിയൽ-ഫ്യൂഡൽ കാലത്തല്ല, ജനാധിപത്യവ്യവസ്​ഥക്കുള്ളിലാണ്. അധഃസ്​ഥിത നവോത്ഥാന മുന്നണി മനുസ്​മൃതി കത്തിച്ചതെന്ന് അറിയാത്തവരായിരുന്നില്ല ഇവർ.

എന്നിട്ടും എന്തുകൊണ്ടാണിവർക്ക് ഏതെങ്കിലും നിലയിൽ ഈ പോരാട്ടവുമായി ഒത്തുപോകാൻ കഴിയാതെ പോയത്. യഥാർഥത്തിൽ കേരളത്തിലെ ജാതി ഹിന്ദുകൾക്ക് കഴിയാതെപോയൊരു കാര്യം ഏറ്റെടുക്കുകയായിരുന്നു ഇവർ. അതിന് ഏതറ്റംവരെയും പോകാമെന്നതിന് തെളിവുകളും ഇവരുടെ വാക്കുകളിലുണ്ടായിരുന്നു. അതിനവർ സ്വീകരിച്ച മാർഗങ്ങളിലൊന്ന് അഡ്വ. കെ.വി. കുമാരനെപ്പോലെ പച്ചക്കള്ളം പറയുകയായിരുന്നു. പ്രത്യേക ക്ഷണിതാവായിട്ടല്ല, ഒരു ക്ഷണിതാവായിട്ടുപോലും ഇത്തരമൊരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളവരായി കെ.വി. കുമാരനെപ്പോലുള്ള പട്ടികജാതി-പട്ടികവർഗ നേതാക്കളെ അധഃസ്​ഥിത നവോത്ഥാന മുന്നണി കണ്ടിരുന്നില്ല. കാരണം, അവർ ജാതിവിരുദ്ധരായിരുന്നില്ല, ജാതിവാദികളായിരുന്നു.

എന്നാൽ ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ഒരു ദലിത് സംഘടനാ പ്രാതിനിധ്യമായിരുന്നു കെ.കെ. കൊച്ച്. അന്നദ്ദേഹം സീഡിയൻ സർവിസ്​ സൊസൈറ്റിയുടെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു. കൊച്ച് തന്റെ ആത്മകഥയായ ‘ദലിതനി’ൽ പറയുന്നതുപോലെ സീഡിയൻ സർവിസ്​ സൊസൈറ്റിയുടെ മറ്റൊരു നേതാവായ അഡ്വ. പി.ഒ. ജോണുമായിട്ടാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വളരെ ചുരുങ്ങിയ വാക്കുകളിൽ അഭിവാദ്യമർപ്പിച്ച് വേദി വിടുകയായിരുന്നുവെന്ന് കൊച്ച് എഴുതുന്നുമുണ്ട്.

അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതാകട്ടെ ലാത്തിച്ചാർജും അറസ്റ്റുമുണ്ടായാൽ തങ്ങളും ജയിലിലടക്കപ്പെടുമെന്നും തങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത സംഘടനക്കുവേണ്ടി എന്തിനാണ് ഇത്തരമൊരു ത്യാഗം സഹിക്കുന്നതെന്നും വ്യത്യസ്​ത അഭിപ്രായങ്ങൾ ഉള്ളവരാണെന്ന നിലയിൽ ഇവരോടൊപ്പം ജയിലിലാകാൻ താൽപര്യമില്ലെന്നുമായിരുന്നു. നിരന്തരം അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കലഹിക്കേണ്ടിവരുമെന്ന വസ്​തുതകളായിരുന്നു.

തികച്ചും ശരിയും ന്യായവുമായ കാര്യങ്ങൾ. എന്നാൽ, ഈ ശൈലിയിൽനിന്നൊരു വ്യതിയാനം ‘പച്ചക്കുതിര’യിൽ എഴുതിയ ‘സ്വയം റദ്ദാക്കിയ ചരിത്ര’ത്തിൽ കാണാമായിരുന്നു. കൈവിരലിലെണ്ണാവുന്ന ഒരു സദസ്സിലാണ് മനുസ്​മൃതി കത്തിച്ചത്: അധഃസ്​ഥിത നവോത്ഥാന മുന്നണി പ്രവർത്തകരോടൊപ്പം നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അവിടെയുണ്ടായിരുന്നു. ഇക്കാര്യം ‘എന്തുകൊണ്ട് മനുസ്​മൃതി കത്തിച്ചു’ എന്ന ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കൊച്ചിന് അത് ഉൾക്കൊള്ളാനായില്ല.

സത്യവിരുദ്ധമായ ഈ സമീപനത്തിൽനിന്നാണ് ‘ദലിതനി’ൽ മനുസ്​മൃതി കത്തിക്കുന്ന വേദിയിൽ കെ. വേണു, എ.എക്സ്​. വർഗീസ്​, കെ.എം. സലിംകുമാർ എന്നിവരെ കൂടാതെ ചരിത്രകാരനായ ദലിത് ബന്ധു എൻ.കെ. ജോസുമുണ്ടായിരുന്നുവെന്ന് കൊച്ചിന് എഴുതാൻ കഴിഞ്ഞത്. സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് വേദിയിൽനിന്ന് പുറത്തേക്കുവന്ന എൻ.കെ. ജോസ്​ സമരക്കാർക്കെതിരെ ലാത്തിച്ചാർജ് നടക്കാൻ സാധ്യതയുണ്ടെന്നും കൊച്ച് മാറിനിൽക്കണമെന്ന് പറഞ്ഞുവെന്നതും ഇതുപോലെതന്നെ സത്യവിരുദ്ധമായ കാര്യമായിരുന്നു.

ആൾക്കൂട്ടത്തിൽനിന്നകന്ന് കാഴ്ചക്കാരായി എവിടെയോ ഉണ്ടായിരുന്നുവെന്നല്ലാതെ കെ. വേണുവോ എൻ.കെ. ജോസോ ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടവരോ വേദിയിൽ ഉണ്ടായിരുന്നവരോ ആയിരുന്നില്ല. ചുരുക്കത്തിൽ മനുസ്​മൃതി ചുട്ടെരിച്ചതുമായി ബന്ധപ്പെട്ട് കെ.വി. കുമാരൻ മുന്നോട്ടു​െവച്ച നുണകളുടെ മറ്റൊരു വേർഷൻ നിർമിക്കുകയായിരുന്നു കെ.കെ. കൊച്ച്.

സത്യവിരുദ്ധമായ ഈ വേർഷൻ എങ്ങനെയാണ് ഞാനുമായി ബന്ധപ്പെട്ട തന്റെ ആത്മകഥയിൽ കെ.കെ. കൊച്ച് അവതരിപ്പിക്കുന്നത് എന്ന് നോക്കൂ. കൊച്ച് എഴുതുന്നു: ‘‘1989 ഒക്ടോബർ 2നാണ് സീഡിയൻ ആദിശങ്കരനെ കത്തിക്കുന്നത്. മനുസ്​മൃതി കത്തിച്ചതിനുശേഷം നടന്ന ഈ സമരത്തിനെതിരെ കെ.എം. സലിംകുമാർ പ്രചരിപ്പിച്ചത് ദലിത് സംഘടനകൾക്കിടയിൽ മേൽ​െക്കെ നേടാൻ സീഡിയൻ നടത്തിയ ഒരു പ്രവർത്തനമാണ് ശങ്കരനെ കത്തിക്കൽ എന്നാണ്. ഇത്തരം പ്രചാരണത്തിനെതിരെ അന്നത്തെപ്പോലെ ഇന്നും ഉന്നയിക്കുന്ന മറുചോദ്യം സി.ആർ.സി.സി.പി.ഐ (എം.എൽ) പിന്തുണയില്ലാതെ മനുസ്​മൃതി കത്തിക്കാൻ കഴിയുമായിരുന്നോ എന്നാണ്. പാർട്ടിക്കെതിരെ പ്രത്യയശാസ്​ത്ര-രാഷ്ട്രീയ സമരം നടത്തിക്കൊണ്ടിരുന്ന ഒരു വിഭാഗത്തെ പിന്തുണക്കാൻ കഴിയുമായിരുന്നില്ലെന്ന യാഥാർഥ്യം അംഗീകരിക്കുവാൻ നാളിതുവരെ സലിംകുമാറിന് കഴിഞ്ഞില്ലെന്നാണ് വസ്​തുത. അതേസമയം സീഡിയൻ ആദിശങ്കരനെ കത്തിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണ്.’’

എന്നാൽ, സലിംകുമാർ ഒരിക്കലും മറുപടി പറഞ്ഞില്ലെന്ന് കൊച്ച് പറയുന്ന ഈ ആരോപണങ്ങൾ 2013ൽ കൊച്ച് എഴുതിയ, സ്വയം റദ്ദാക്കിയ ചരിത്രത്തിൽപോലും ഉന്നയിച്ചുകണ്ടില്ല. അതിന് തന്റെ ആത്മകഥ എഴുതുന്നതുവരെ മൂന്നു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും സലിംകുമാർ എവിടെയാണ് ശങ്കരനെ കത്തിച്ചവർക്കെതിരെ ഇത്തരമൊരു വിവരം ലഭിച്ചതെന്നോ പറയുന്നില്ല. മറ്റേതൊരു സമൂഹത്തിലുമെന്നതുപോലെ ദലിതർക്കിടയിലും ഏതൊരു കാര്യത്തിലും വ്യത്യസ്​താഭിപ്രായങ്ങൾ ഉണ്ടാകുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക സ്വാഭാവികമാണ്.

അതിന്റെ വിശ്വാസ്യത നിലനിൽക്കുന്നത് കൊച്ചു പറയുന്നത് പ്രചരിപ്പിച്ചുവെന്ന് പറയുന്നിടത്തല്ല, അത് വസ്​തുതാപരമായി ചൂണ്ടിക്കാണിക്കുന്നിടത്താണ്. തനതായ അഭിപ്രായങ്ങൾ ഉള്ളപ്പോൾ മറ്റു ദലിത് സംഘടനകളുടെ പ്രവർത്തനങ്ങളെ അധഃസ്​ഥിത നവോത്ഥാന മുന്നണിയോ ഞാനോ ഇകഴ്ത്തി പറയുന്ന ഒരു രീതി ഒരിക്കലും സ്വീകരിച്ചിരുന്നില്ല. അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയുകയും എഴുതുകയും ചെയ്യുന്ന ഒരു രീതിയാണ് മുന്നണിക്ക് ഉണ്ടായിരുന്നത്. എഴുപതുകളുടെ തുടക്കത്തിൽ സീഡിയന്റെ രൂപവത്കരണ കാലത്തുതന്നെ ആ സംഘടനയുമായി എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. കൊച്ചിനില്ലാത്ത ഒരു ബന്ധമായിരുന്നു ഇത്. വർഗവീക്ഷണത്തിൽ നിന്ന് ജാതിപ്രശ്നം ഉന്നയിക്കുന്ന ഒരു സംഘടന എന്നതായിരുന്നു ഈ ബന്ധത്തിന്റെ അടിസ്​ഥാനം.

സീഡിയനെ പോലെതന്നെ അധഃസ്​ഥിത നവോത്ഥാന മുന്നണിയും രൂപംകൊണ്ടത് വർഗവീക്ഷണത്തിൽനിന്നായിരുന്നു. എന്നാൽ, സീഡിയൻ എന്നും അതിന്റെ മാനിഫെസ്റ്റോയുടെ അടിസ്​ഥാനത്തിൽ ജാതി-വർഗ സമന്വയത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചപ്പോൾ അധഃസ്​ഥിത നവോത്ഥാന മുന്നണിയും രൂപംകൊണ്ടത് വർഗവീക്ഷണത്തിൽനിന്നായിരുന്നു. എന്നാൽ, സീഡിയൻ എന്നും അതിന്റെ മാനിഫെസ്റ്റോയുടെ അടിസ്​ഥാനത്തിൽ ജാതി-വർഗ സമന്വയത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചപ്പോൾ അധഃസ്​ഥിത നവോത്ഥാന മുന്നണി തുടക്കത്തിൽ തന്നെ ജാതിവിരുദ്ധ നിലപാടിൽ ഊന്നുകയും വർഗനിലപാടിൽനിന്ന് അകന്നുപോകുകയുമാണ് ചെയ്തത്.

വർഗസമരത്തെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രം. സീഡിയന്റെ പ്രത്യയശാസ്​ത്രാടിത്തറ എന്നും മാർക്സിസം-ലെനിനിസം-മാവോ അംബേദ്കർ ചിന്തയായിരുന്നു. ശങ്കരനെ കത്തിക്കുന്ന കാലത്തുപോലും ഈ പ്രത്യയശാസ്​ത്രാടിത്തറയെയാണ് സീഡിയനും കെ.കെ. കൊച്ചും ആശ്രയിച്ചിരുന്നത്. എന്നാൽ, അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ രൂപവത്കരണകാലം മുതൽ മുന്നണിയുടെ പ്രവർത്തനങ്ങളിലോ, മുന്നണിയുടെ ഭാഗമായി നടന്ന എഴുത്തുകളിലോ മാർക്സിസം-ലെനിനിസം-മാവോ ചിന്ത എന്ന പ്രയോഗം ഉപയോഗിച്ചിരുന്നില്ല.

ഇതിനർഥം അധഃസ്​ഥിത നവോത്ഥാന മുന്നണിക്ക് പാർട്ടിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നല്ല. അധഃസ്​ഥിത നവോത്ഥാന മുന്നണിയോ ഞാനോ പാർട്ടിയുടെ സമ്മതമോ പങ്കാളിത്തമോ ഇല്ലാതെയാണ് മനുസ്​മൃതി ചുട്ടെരിച്ചതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എ.എൻ.എം. രൂപവത്കരിക്കപ്പെട്ടത് പാർട്ടിയുടെ തീരുമാനപ്രകാരമായിരുന്നു. പാർട്ടി സംസ്​ഥാന കമ്മിറ്റി അംഗമായിരുന്ന എന്നെ ഈ സംഘടനയുടെ മുഖ്യചുമതല പാർട്ടി ഏൽപിക്കുകയായിരുന്നു. ഇത്തരം യാഥാർഥ്യങ്ങൾ നിലനിൽക്കെ ഇക്കാലത്തെ പാർട്ടി-മുന്നണി ബന്ധങ്ങളെക്കുറിച്ചുള്ള കൊച്ചിന്റെ ചോദ്യങ്ങൾ ഒട്ടും സദുദ്ദേശ്യപരമല്ല. അതേസമയം നിർണായകമായൊരു കാര്യം മനുസ്​മൃതി ചുട്ടെരിക്കുവാൻ തീരുമാനിച്ചത് മുന്നണിയാണ്. പാർട്ടി അല്ല എന്നതാണ്.

ഈ തീരുമാനം അംഗീകരിക്കുകയും പാർട്ടി അതിനോട് സഹകരിക്കുകയുമാണ് ചെയ്തത്. തൊണ്ണൂറുകൾക്കുശേഷം പാർട്ടി പലവഴിക്ക് പിരിഞ്ഞുപോയി. എങ്കിലും അതിന്റെ നേതൃത്വത്തിലുള്ളവരോ സമരത്തിൽ പങ്കെടുത്തവരോ ഇന്നുവരെ മനുസ്​മൃതി ചുട്ടെരിച്ചത് പാർട്ടിയുടെ നേതൃത്വത്തിലാണെന്ന് പറഞ്ഞുകണ്ടിട്ടില്ല. എന്നാൽ, പാർട്ടിയിലെ ഒരു വിഭാഗം, കണ്ണമ്പിള്ളി മുരളിയെയും എം. ഗീതാനന്ദനെയും എം.എൻ. രാവുണ്ണിയെയും പോലെ ചിലർ വർഗസമരത്തിന്റെ ഭാഗമായി ഈ സമരത്തെ നോക്കിക്കണ്ടു.

മനുസ്​മൃതിയേന്തിയ ശങ്കരനെ കത്തിച്ചുകൊണ്ട് വർഗസമരം മുന്നോട്ടുകൊണ്ടുപോകുവാൻ ആലോചിച്ചിരുന്നുവെങ്കിലും ഈ വിവരം ജയിലിൽ വച്ച് അറിഞ്ഞപ്പോൾ മുന്നണി സംസ്​ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മണിയും മധു കോളേഴത്തും ബി. സുനിലും അതിനോട് വിയോജിക്കുകയും ഈ ആലോചന മുന്നോട്ടുപോകാതിരിക്കുകയുമാണ് ചെയ്തത്. പലയിടത്തും പ്രതിഷേധ യോഗങ്ങൾ നടത്തുക മാത്രമാണ് പാർട്ടി ചെയ്തത്. ജയിൽമുക്തരാക്കപ്പെട്ടപ്പോൾ കെ. വേണുവും എ.എക്സ്​. വർഗീസും ഞാനും പങ്കെടുക്കുന്ന ഒരു വാർത്താസമ്മേളനം തൃശൂരിൽ പാർട്ടി സഖാക്കൾ ആലോചിച്ചതും മുന്നണിയുടെ വിയോജിപ്പോടെ വേണ്ടെന്നുവെക്കുകയാണ് ചെയ്തത്.

അതേസമയം ‘സീഡിയൻ ആദിശങ്കരനെ കത്തിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണെ’ന്ന് പറയുന്ന കെ.കെ. കൊച്ച് സീഡിയൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ ആധാരശിലയായ സീഡിയൻ മാനിഫെസ്റ്റോയെക്കുറിച്ച് ഒരിടത്തും പരാമർശിച്ചു കാണുന്നില്ല. സീഡിയന്റെ മാർഗരേഖയാണ് ഈ മാനിഫെസ്റ്റോ. എഴുപതുകളുടെ തുടക്കത്തിൽ രചിക്കപ്പെട്ടതാണെങ്കിലും 1987ലാണ് പ്രകാശനം ചെയ്യപ്പെട്ടത്. ജാതി-വർഗ സമന്വയത്തിന്റെ രാഷ്ട്രീയമാണ് സീഡിയൻ മുന്നോട്ടു​െവച്ചത്. ജാതിയിൽ വർഗവും വർഗത്തിന്റെ ജാതിയും ഉണ്ടെന്ന് കരുതിയ ഒരു സംഘടനയായിരുന്നു സീഡിയൻ.

ആദിശങ്കരനെ കത്തിക്കുന്നതുപോലൊരു സാമൂഹിക രാഷ്ട്രീയ ഇടപെടലിലേക്ക് ഷിഫ്റ്റ് ചെയ്യുകയെന്നത് ഈ സംഘടനക്ക് എളുപ്പമായിരുന്നില്ല. കൊച്ചിന്റെ വാക്കുകളിൽനിന്നുതന്നെ ഇത് വ്യക്തമാണ്. കൊച്ചു പറയുന്നത് നോക്കുക. ‘‘ഇന്ദ്രപ്രസ്​ഥം ടൂറിസ്റ്റ് ഫോമിൽ സീഡിയന്റെ കേന്ദ്രസംസ്​ഥാന കമ്മിറ്റിയോഗം നടക്കുമ്പോൾ വി.സി. രാജപ്പനും പി.എൻ. സുകുമാരനുമാണ് ആദിശങ്കരനെ കത്തിക്കണമെന്ന അഭിപ്രായം മുന്നോട്ടു​െവച്ചത്. അക്ഷരാർഥത്തിൽ അംഗങ്ങളെ ഒന്നടങ്കം ഞെട്ടിച്ച അഭിപ്രായപ്രകടനമായിരുന്നു അത്. അപ്പോൾ പ്രത്യക്ഷപ്പെട്ട നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഞാൻ ചോദിച്ചു ‘‘ശങ്കരനെ കത്തിക്കണോ?’’ കത്തിക്കുന്നതിനോട് ആർക്കും വിയോജിപ്പില്ലെന്നറിഞ്ഞതോടെ ഞാൻ പറഞ്ഞു. ‘‘ശങ്കരൻ ഒരു ദാർശനികനാണ്. ശങ്കരന്റെ കോലം കത്തിക്കണമെന്ന് പറഞ്ഞാൽ പോരെ.’’ ‘‘എനിക്കുള്ള മറുപടിയായി ഷാജി ജോസഫ് ശങ്കരനെ കത്തിക്കണമെന്ന് തറപ്പിച്ചുപറഞ്ഞതോടെ കമ്മിറ്റി ഐകണ്കഠ്യേന തീരുമാനമെടുക്കുകയാണ് ഉണ്ടായത്.’’ കൊച്ചിന്റെ അഭിപ്രായം മാനിക്കപ്പെട്ടില്ലെന്ന് അർഥം.

സീഡിയന്റെ ബൗദ്ധിക നേതൃത്വമായ കെ.കെ.എസ്​. ദാസിൽ നിന്നോ, ഡോ. കെ.കെ. മന്മഥനിൽനിന്നോ, കെ.കെ. കൊച്ചിൽ നിന്നോ ഉയർന്നുവന്ന ഒരാശയമായിരുന്നില്ല ശങ്കരനെ കത്തിക്കുക എന്നത്. എറണാകുളം നായരമ്പലത്ത് സംസ്​ഥാന കമ്മിറ്റി അംഗങ്ങളായ വി.സി. രാജപ്പന്റെയും പി.എൻ. സുധാകരന്റെയും ആശയങ്ങളായിരുന്നുവെന്ന് കൊച്ചുതന്നെ പറയുന്നുണ്ട്. അത് ഭാഗികമായി ശരിയായിരിക്കുമ്പോഴും അതിനപ്പുറത്ത് ആ ആശയത്തിന് ഒരു ഉറവിടമുണ്ടായിരുന്നു. മനുസ്​മൃതി ചുട്ടെരിക്കുകയെന്ന നോട്ടീസുമായി ഞാൻ നായരമ്പലത്ത് വി.സി. രാജപ്പന്റെ വീട്ടിലെത്തുമ്പോൾ പി. ആൻഡ് ടി ജീവനക്കാരനായ ഗോപാല മാസ്റ്റർ എന്ന് ഞാൻ വിളിക്കുന്ന സീഡിയൻ പ്രവർത്തകനായ ഗോപി വള്ളോൻ അവിടെയുണ്ടായിരുന്നു.

നോട്ടീസ്​ വായിച്ചശേഷമുള്ള ഗോപി വള്ളോന്റെ പ്രതികരണമായിരുന്നു, ‘‘എന്നാ, രാജപ്പൻ ചേട്ടാ, നമുക്ക് ശങ്കരനെ കത്തിക്കാം’’ എന്നത്. ശങ്കരനെപ്പറ്റിയും ശങ്കരദർശനത്തെപ്പറ്റിയുമെല്ലാം ധാരണയുള്ള ആളായിരുന്നു ഗോപി വള്ളോൻ. മഹാരാജാസ്​ കോളജിൽ ഫിലോസഫിയിലായിരുന്നു അദ്ദേഹം ബിരുദമെടുത്തത്. ഗോപി വള്ളോനും വി.സി. രാജപ്പനും പി.എൻ. സുകുമാരനും തമ്മിൽ നടന്ന ചർച്ചകളുടെ ഫലമായാണ് ഈ ആശയം സീഡിയന്റെ കേന്ദ്രസംസ്​ഥാന കമ്മിറ്റി യോഗത്തിൽ എത്തിയത്. വി. സി. രാജപ്പന്റെയും പി.എൻ. സുകുമാരന്റെയും സന്തതസഹചാരിയും അധഃസ്​ഥിത നവോത്ഥാന മുന്നണി എറണാകുളം ജില്ലാ കൺവീനറും നായരമ്പലം സ്വദേശിയുമായ സി.എസ്. മുരളിയെപ്പോലെ ചിലരോട് അക്കാലത്തുതന്നെ ഈ അനുഭവം ഞാൻ പങ്കു​െവച്ചിട്ടുണ്ട്.

കൊച്ച് ആദിശങ്കരനെ കത്തിക്കണമോ? കോലം കത്തിച്ചാൽ പോരേ? എന്നീ സന്ദിഗ്ധതകളിൽ ഉടക്കിനിന്നപ്പോഴാണ് ‘ജാതിവ്യവസ്​ഥക്ക് സിദ്ധാന്തം ചമച്ച ആദിശങ്കരനെ കത്തിക്കുക’ എന്ന രാഷ്ട്രീയ നിലപാടിൽ സീഡിയൻ എത്തിച്ചേരുന്നത്. ഈ രാഷ്ട്രീയ നിലപാടിന് സൈദ്ധാന്തികാടിത്തറയുണ്ടാക്കിയ ഡോ. കെ.കെ. മന്മഥന്റെ ചിന്തയെക്കുറിച്ചും പ്രസംഗത്തെക്കുറിച്ചും കൊച്ച് വ്യക്തമായി എഴുതുന്നുണ്ട്. എന്നാൽ, സീഡിയൻ മാനിഫെസ്റ്റോ ഉയർത്തിപ്പിടിക്കുകയും വർഗസമന്വയത്തിൽ ഊന്നുകയും ചെയ്യുന്ന കെ.കെ.എസ്​. ദാസിന് മന്മഥന്റെ ഈ ജാതിവിരുദ്ധ നിലപാട് അതേപടി അംഗീകരിക്കാനാവില്ലായിരുന്നു.

കെ.കെ.എസ്​. ദാസും ഡോ. കെ.കെ. മന്മഥനും കെ.കെ. കൊച്ചുമെല്ലാം ആദിശങ്കരനെ കത്തിക്കാൻ എത്തിയിരുന്നില്ലെന്നത് മറ്റൊരു കാര്യം.വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമായിരുന്നു ഇത്. ദാസിന്റെ കൃതികളിലോ കൊച്ചിന്റെ ആത്മകഥയിലോ ഇതിനുത്തരമില്ല. ശങ്കരനെ കത്തിക്കാനെത്തിയവരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചുവെന്നല്ലാതെ കത്തിച്ചതിന് തെളിവുകളുമില്ല. ജാതിവ്യവസ്​ഥയുടെ സൈദ്ധാന്തികനായ ആദിശങ്കരനെ കത്തിച്ച ആവേശത്തിലും കരുത്തിലും തൊണ്ണൂറുകളിൽ എൻ.ഡി.എൽ.എഫ് മുന്നേറുന്നതല്ല, പ്രായോഗികവും പ്രത്യയശാസ്​ത്രപരവുമായ പ്രതിസന്ധികളിൽ തട്ടി തകരുന്നതാണ് കണ്ടത്.

ചരിത്രത്തിൽ ചിലർ ഇടം നേടുന്ന വിധം

മനുസ്​മൃതി ചുട്ടെരിച്ചത് 1989ലാണെങ്കിലും സി.ആർ.സി.സി.പി.ഐ (എം.എൽ) അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കെ. വേണു 2021 വരെ താനും ഈ സമ്മേളനത്തിൽ പ്രസംഗകനായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടില്ല. കെ.കെ. കൊച്ചിന്റെ ആത്മകഥയിലാണ് മനുസ്​മൃതി കത്തിച്ച വേദിയിൽ കെ. വേണുവുമുണ്ടായിരുന്നുവെന്ന് ആദ്യമായി എഴുതിക്കണ്ടത്. കൊച്ചിന്റെ ആത്മകഥയിൽ വസ്​തുതാപരമല്ലാത്ത ഇത്തരം നിരവധി കാര്യങ്ങൾ ഉള്ളതുകൊണ്ട് മനുസ്​മൃതി കത്തിച്ചവർപോലും അതിലൊന്നായി മാത്രമേ ഈ എഴുത്തിനെ കണ്ടുള്ളൂ.

എന്നാൽ 2021ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇറക്കിയ അംബേദ്കർ പതിപ്പിൽ കെ. വേണു എഴുതിയ ‘ഡോ. അംബേദ്കറും ഇന്ത്യൻ കമ്യൂണിസ്റ്റുകാരും’ എന്ന ലേഖനത്തിൽ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ഇത്തരമൊരു അവകാശവാദവുമായി അദ്ദേഹം രംഗത്തുവന്നു. കെ. വേണുവിന്റെ ആത്മകഥയെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ആഴം അതിനുണ്ടായിരുന്നു. ചരിത്രത്തിൽ ഇടമില്ലാത്തവർ അതിന്റെ നിർമാണത്തിൽ ഏർപ്പെടുമ്പോൾ കാഴ്ചക്കാരായി എത്തുന്നവർ അതിന്റെ ഉടമകളായി മാറുന്ന അവകാശവാദത്തെ ഇവർ അംഗീകരിക്കുന്നതാണ് കണ്ടത്. കെ.കെ. കൊച്ചാകട്ടെ ഇത്തരക്കാർക്ക് അനുകൂലമായി കള്ളചരിത്രം എഴുതുകയായിരുന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണി നിലവിലില്ലെങ്കിലും അവശേഷിക്കുന്ന അതിന്റെ ചില നേതാക്കളിൽ ചിലരുമായി ഞാൻ ഇക്കാര്യം ചർച്ച ചെയ്തു.

ആർക്കും അംഗീകരിക്കുവാൻ കഴിയുന്നൊരു കാര്യമായിരുന്നില്ല ഇത്. വിരോധാഭാസമായി തോന്നിയൊരു കാര്യം, 87ൽ പാർട്ടി പിളർന്നപ്പോൾ എന്നെപ്പോലെ സി.ആർ.സി.സി.പി.ഐ (എം.എൽ) നോടൊപ്പം നിൽക്കുകയും മനുസ്​മൃതി ചുട്ടെരിക്കൽ സമരത്തിൽ പങ്കെടുക്കുകയും ചെയ്ത ചിലരോട് ഞാൻ ഇക്കാര്യം സംസാരിച്ചപ്പോൾ തങ്ങൾ കണ്ടിട്ടില്ലാത്തതും സത്യവിരുദ്ധവുമായ കെ. വേണുവിന്റെ അഭിപ്രായങ്ങളോട് ഇവർ കാണിച്ച അഭിമുഖ്യമാണ്. ഒടുവിൽ സമൂഹമാധ്യമത്തിൽ ഈ സത്യവിരുദ്ധതയെ തുറന്നുകാണിക്കുവാൻ ഞാൻ സി.എസ്​. മുരളിയോട് ആവശ്യപ്പെട്ടു. ഞാൻതന്നെ അത് മുഖ്യധാരയിൽ ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന് മുരളി നിർബന്ധിച്ചിരുന്നുവെങ്കിലും മാറ്റിെവക്കപ്പെടുകയായിരുന്നു അത്.

പാർട്ടിയും മറ്റു പോഷക സംഘടനകളും ഇല്ലാതായിട്ടും മുന്നണിക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഇത്തരം വസ്​തുതകളെല്ലാം, യാഥാർഥ്യങ്ങളെല്ലാം മറച്ചു​െവച്ചുകൊണ്ട്, വിസ്​മരിച്ചുകൊണ്ട് 1927 ഡിസംബർ 25ന് ഡോ. ബി.ആർ. അംബേദ്കർ മനുസ്​മൃതി കത്തിച്ചുവെന്നും ഇന്നത് മനുസ്​മൃതി ദഹനദിനമായി ആചരിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ ഡോ. അംബേദ്കറെക്കുറിച്ചുള്ള പ്രചാരണങ്ങൾ മറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി പാർട്ടി മുന്നോട്ടുകൊണ്ടുപോകാറുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മനുസ്​മൃതി ചുട്ടെരിച്ചതുമായി ബന്ധപ്പെട്ട കെ. വേണുവിന്റെ ഈ ഖണ്ഡികയിൽ പറയുന്ന ചില കാര്യങ്ങൾ നോക്കുക:

‘‘1989ലാണെന്നു തോന്നുന്നു ഡോ. അംബേദ്കർ മനുസ്​മൃതി ദഹനം നടത്തിയതിനെ ഓർമിപ്പിക്കുന്ന ഒരു പരിപാടി കേരളത്തിലും സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെട്ട രണ്ട് പ്രചാരണ ജാഥകൾ വൈക്കത്ത് എത്തുകയും അവിടെ നടക്കുന്ന വലിയൊരു പൊതുസമ്മേളനത്തിൽ ​െവച്ച് മനുസ്​മൃതിയുടെ കോപ്പികൾ കത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ നടന്നു. നിശ്ചയിച്ച ദിവസം ഉച്ചതിരിഞ്ഞ് വൈക്കത്ത് ഏറെ സ്​ത്രീപങ്കാളിത്തമുള്ള വലിയൊരു പൊതുസമ്മേളനത്തിലേക്ക് രണ്ട് ജാഥകളും എത്തിച്ചേർന്നു.

മനുസ്​മൃതി കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ആർ.എസ്​.എസ്​ കാരുടെ കുറച്ചു പോസ്റ്ററുകൾ അങ്ങിങ്ങ് ഒട്ടിച്ചിരുന്ന തല്ലാതെ മറ്റ് തടസ്സങ്ങളൊന്നുമുണ്ടായില്ല. ഞാനുൾപ്പെടെ പ്രധാന പ്രവർത്തകർ പ്രസംഗത്തിന്റെ ഇടവേളയിൽ മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് ഏതാനും സ്​ത്രീകൾ സ്റ്റേജിൽനിന്ന് മനുസ്​മൃതി കത്തിച്ചത് ഉയർത്തിപ്പിടിച്ചപ്പോൾ ആ സമ്മേളനം ഹർഷാരവത്തോടെയാണ് ആ ദഹനത്തെ ഏറ്റെടുത്തത്.’’ എല്ലാം ശാസ്​ത്രപരമായി പര്യവസാനിക്കേണ്ടതായിരുന്നുവെന്ന് പറയുന്ന അടുത്ത ഖണ്ഡികയിൽ ‘ഞങ്ങൾക്കിടയിലെ രണ്ടു മൂന്ന് അതിതീവ്രവാദികൾ പൊലീസുമായി അനാവശ്യമായ ചില സംഘർഷങ്ങൾ ഉണ്ടാക്കുകയും അവസാനം അതൊരു വലിയ ലാത്തിച്ചാർജിൽ കലാശിക്കുകയും ഞാൻ ഉൾപ്പെടെ അറുപതോളം പേർ അറസ്റ്റ് ചെയ്യപ്പെടുകയും ഏതാനും ദിവസം ലോക്കപ്പിലും ജയിയിലുമായി കഴിയേണ്ടിവരികയും ചെയ്തു.’’

മനുസ്​മൃതി ചുട്ടെരിച്ചത് എപ്പോഴാണെന്ന് ഓർമയില്ലായ്മ, മനുസ്​മൃതി ചുട്ടെരിച്ചുവെന്ന അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ വാക്കിനുപകരം മനുസ്​മൃതി ദഹനമെന്ന വാക്കിന്റെ പ്രയോഗം, ദലിതർ തുടർന്നുപോരുന്ന ഒരു ചടങ്ങായി മനുസ്​മൃതി ദഹനത്തെ ഓർമപ്പെടുത്തൽ, മനുസ്​മൃതി ചുട്ടെരിച്ചത് പാർട്ടിയായിരുന്നുവെന്ന് സ്​ഥാപിച്ചെടുക്കാനുള്ള ഹീനമായ ശ്രമം, അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും രണ്ടു ജാഥകൾ വൈക്കത്തേക്ക് പുറപ്പെട്ടുവെന്ന നുണക്കഥ, സർ​വോപരി അഡ്വ. കെ.വി. കുമാരനെപ്പറ്റി പറഞ്ഞതുപോലെ മനുസ്​മൃതി കത്തിച്ച വേദിയിൽ താനുമുണ്ടായിരുന്നുവെന്ന പെരുങ്കള്ളം, മനുസ്​മൃതി ചുട്ടെരിക്കുന്നതിന് നേതൃത്വം നൽകിയത് ഞാനുൾപ്പെടെയുള്ള റാഡിക്കൽ കമ്യൂണിസ്റ്റുകളായിരിക്കെ അത് മറച്ചുപിടിച്ച് അവരിൽ രണ്ട് അതിതീവ്രവാദികളെ കണ്ടെത്തി.

അവർ കാരണമാണ് ലാത്തിച്ചാർജും അറസ്റ്റും ജയിൽവാസവുമെല്ലാം ഉണ്ടായതെന്ന വിലയിരുത്തൽ – ഇങ്ങ​നെ തങ്ങൾ നടത്തികൊണ്ടിരുന്ന വസ്​തുതാപരമായ വ്യാഖ്യാനങ്ങൾക്ക് ബദലായി ഈ പോരാട്ടത്തിൽ പാർട്ടിയുടെയും തന്റെയും സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള മറ്റൊരു വ്യാഖ്യാനം ചമക്കുകയായിരുന്നു കെ. വേണു. ദലിതരുടെ തനതായ ചരിത്ര നിർമിതിക്കുമേൽ നടക്കുന്ന കൈയേറ്റമാണിത്. അധഃസ്​ഥിത നവോത്ഥാന മുന്നണി രൂപവത്കരിക്കപ്പെട്ടത് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നുവെന്നത്, അഡ്വ. കെ.വി. കുമാരനെപ്പറ്റി പറഞ്ഞതുപോലെ വസ്തുതയില്ല.

മുന്നണിയുടെ പ്രവർത്തനങ്ങളുമായി പാർട്ടിക്ക് കാര്യമായൊരു ബന്ധമുണ്ടായിരുന്നില്ല. വർഗ വീക്ഷണത്തിൽനിന്ന് മുന്നണി അകലുമോയെന്ന ആശങ്ക ആരംഭം മുതൽതന്നെ പാർട്ടിക്കുണ്ടായിരുന്നു. അതിനെ എങ്ങനെ നേരിടാമെന്നത് പാർട്ടി നേരിട്ടൊരു പ്രതിസന്ധിയായിരുന്നു. മനുസ്​മൃതി ചുട്ടെരിക്കൽ സമരത്തിൽ കെ. വേണുവിന് യാതൊരു പങ്കാളിത്തവുമില്ലായിരുന്നു. അതുകൊണ്ടാണ് മനുസ്​മൃതി ചുട്ടെരിച്ച കാലംപോലും അദ്ദേഹത്തിന്റെ ഓർമകളിൽ തങ്ങിനിൽക്കാതിരുന്നത്.

മനുസ്​മൃതി ചുട്ടെരിക്കപ്പെട്ടത് പാർട്ടി പരിപാടി എന്ന നിലക്കല്ല. പാർട്ടി തീരുമാനവുമായിരുന്നില്ല. അധഃസ്​ഥിത നവോത്ഥാന മുന്നണി സംസ്​ഥാന കമ്മറ്റിയുടെ തീരുമാനമായിരുന്നു. പാർട്ടി സംസ്​ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ ഞാൻ ഈ വിവരം പാർട്ടിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ പാർട്ടി അത് അംഗീകരിക്കുകയും അതുമായി സഹകരിക്കുകയും മാത്രമാണ് ചെയ്തത്. വേണു പറയുന്നതുപോലെ തെക്കുനിന്നും വടക്കുനിന്നും മനുസ്​മൃതി ചുട്ടെരിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ജാഥകൾ നടത്തുകയുണ്ടായില്ല.

അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ സംസ്​ഥാന കൺവീനർ എന്നനിലയിൽ എന്റെ നേതൃത്വത്തിൽ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരൊറ്റ ജാഥയേ നടന്നിരുന്നുള്ളൂ (ജാഥയോട് പ്രത്യേകമായി സഹകരിച്ചത് കണ്ണൂരിലെ പാർട്ടി സഖാക്കൾ മാത്രമായിരുന്നു). അതുപോലെതന്നെ മനുസ്​മൃതി ചുട്ടെരിക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ആളായിരുന്നില്ല കെ. വേണു. അദ്ദേഹം അപ്പോൾ പാർട്ടി അഖിലേന്ത്യ സെക്രട്ടറിയായിരുന്നു. പാർട്ടി പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത് സി.വി. രാമനായിരുന്നു. വേണു എത്തിയിരുന്നു. ഞാനറിഞ്ഞത് ലോക്കപ്പിലെ ഞങ്ങൾക്കിടയിലേക്ക് വേണുവിനെയും അറസ്റ്റുചെയ്തുകൊണ്ടുവരുമ്പോഴാണ്. പാർട്ടി മനുസ്​മൃതി ചുട്ടെരിക്കലിനെ ഹൈജാക് ചെയ്തുവെന്ന തോന്നലാണ് മുന്നണി പ്രവർത്തകരായ ഞങ്ങൾക്കപ്പോൾ ഉണ്ടായത്.

അതുപോലെ തന്നെ അധഃസ്​ഥിത നവോത്ഥാന മുന്നണി മനുസ്​മൃതി ചുട്ടെരിച്ചതും ആറു പതിറ്റാണ്ടുമുമ്പ് അംബേദ്കർ മനുസ്​മൃതി ദഹനം നടത്തിയതും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. ഒരിക്കൽ സംഭവിച്ച ഒന്നിന്റെ ആവർത്തനമായിരുന്നില്ല കേരളത്തിലെ ദലിതരുടെ മനുസ്​മൃതി ചുട്ടെരിക്കൽ. ക്രിയേറ്റിവായ മറ്റൊരു പ്രവർത്തനമായിരുന്നു. ദിശയിലും ലക്ഷ്യത്തിലും മാത്രമായിരുന്നു മാറ്റമില്ലാതിരുന്നത്. ജാതിവിരുദ്ധമായിരുന്നു രണ്ടിന്റെയും ദിശ. ജാതിരഹിതമായൊരു സമൂഹത്തിന്റെ നിർമാണമായിരുന്നു രണ്ടിന്റെയും ലക്ഷ്യം.

ഫ്യൂഡൽ കൊളോണിയൽ കാലത്ത് നിലനിന്നിരുന്ന അയിത്തത്തിനെതിരെയായിരുന്നു അംബേദ്കർ. മനുസ്​മൃതി കത്തിച്ചതെങ്കിൽ ആധുനിക കേരളത്തിൽ നിലനിൽക്കുന്ന ജാതിവിവേചനങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും ആക്രമങ്ങൾക്കുമെതിരായ പോരാട്ടമുഖത്താണ് അധഃസ്​ഥിത നവോത്ഥാന മുന്നണി മനുസ്​മൃതി ചുട്ടെരിച്ചത്. ചൗദാർ കുളത്തിൽനിന്ന് വെള്ളം കോരുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കർ മനുസ്​മൃതി കത്തിച്ചുനടത്തിയതെങ്കിൽ അധഃസ്​ഥിതരെയും ഇന്ത്യയിൽ അടിച്ചമർത്തുന്ന കേരളത്തിലെ ജാത്യാധിപത്യം പിതൃമേധാവിത്വ സാമൂഹികഘടനക്കെതിരായിട്ടാണ് മുന്നണി മനുസ്​മൃതി ചുട്ടെരിച്ചത്.

ഇത്തരം ആശയങ്ങളുടെ രൂപവത്കരണത്തിൽ പാർട്ടി​േക്കാ കെ. വേണുവിനോ ​ഒരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. എന്തിനായിരുന്നു ഈ പോരാട്ടമുഖത്ത് കെ. വേണു കാഴ്ചക്കാരനായി എത്തിയതെന്നും വ്യക്തമായിരുന്നില്ല. .വേണമെങ്കിൽ സി.വി. രാമനെപ്പോലെ വേണുവിനും അറസ്റ്റ് ഒഴിവാക്കാമായിരുന്നു (അപ്പോൾ ചരിത്രത്തിൽ ഇവ്വിധം നേടാനാവില്ലായിരുന്നു).

സത്യവിരുദ്ധമായ ഈ രാഷ്ട്രീയ സമീപനമെന്ന ചോദ്യംചെയ്തുകൊണ്ട് എ.എൻ.എം സംസ്​ഥാന കമ്മിറ്റി അംഗമായിരുന്നു സി.എസ്​. മുരളി നവമാധ്യമത്തിൽ എഴുതിയിരുന്നെങ്കിലും വേണുവിന് തെറ്റു തിരുത്താനായില്ല. 2022ൽ പുറത്തിറങ്ങിയ ആത്മകഥയായ ‘ഒരന്വേഷണത്തിന്റെ കഥ’യിൽ ‘മനുസ്​മൃതി കത്തിക്കലും പുതിയ അന്വേഷണങ്ങളും’ എന്ന ഉപശീർഷകത്തിൽ ഈ സമീപനം ആവർത്തിക്കുകയാണ് ചെയ്തത്.

പാർട്ടി ഉണ്ടാക്കിയ സംഘടനയാണ് എ.എൻ.എം എന്ന് പറയുന്നതല്ലാതെ ആരായിരുന്നു അതിന്റെ മുഖ്യ ചുമതലക്കാരൻ എന്നുപോലും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പറയാൻ മടിച്ച വേണു തന്റെ ആത്മകഥയിൽ ‘കെ.എം. സലിംകുമാറിന്റെ നേതൃത്വത്തിലാണ് മനുസ്​മൃതി കത്തിച്ചതെന്നും, സലിംകുമാറിന്റെ അധ്യക്ഷപ്രസംഗമെന്നും’ ഇന്ത്യയിലെ വർണജാതി വ്യവസ്​ഥയുടെ ആധാരശിലയായി കണക്കാക്കപ്പെടുന്ന മനുസ്​മൃതി കത്തിച്ചുകൊണ്ട് വർണവ്യവസ്​ഥക്കെതിരായ സമരത്തിന് പുതിയൊരു മാനം നൽകാൻ എ.എൻ.എം തീരുമാനിച്ചുവെന്നുമെല്ലാം ആത്മകഥയിൽ പറയേണ്ടിവന്നത് മുരളിയുടെ ഇടപെടൽകൊണ്ടാണ്.

രണ്ട് ജാഥകളെക്കുറിച്ചുള്ള ഇല്ലാക്കഥ പിൻവലിച്ചില്ല. പാർട്ടിയെ പ്രതിനിധാനം ചെയ്ത് താനും പ്രസംഗിച്ചുവെന്ന പെരും നുണയും ആവർത്തിച്ചു. പാർട്ടിയില്ലായിരുന്നുവെങ്കിൽ സംസ്​ഥാന വ്യാപകമായി ഇത്തരമൊരു പരിപാടി നടത്താൻ മുന്നണിക്കാവില്ലായിരുന്നുവെന്ന പുതിയൊരു വാദഗതികൂടി ഉന്നയിച്ചു. മുന്നണിയുടെ രൂപവത്കരണ കാലത്തുതന്നെ ഞങ്ങൾ ചോദ്യം ചെയ്ത പാർട്ടി കേന്ദ്രീകരണത്തിന്റെയും മേൽക്കോയ്മയുടെയും സ്വരമായിരുന്നു ഇത്. ഒരാൾ ജനാധിപത്യവാദിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അവർ കമ്യൂണിസ്റ്റോ അല്ലെയോ എന്ന് നോക്കിയല്ല. മറ്റുള്ളവർക്ക് മുകളിൽ തങ്ങളുടെ മേൽക്കോയ്മ അടിച്ചേൽപിക്കുന്ന ആർക്കും ജനാധിപത്യവാദിയാകാൻ കഴിയില്ല.

മറ്റുള്ളവരെ മാനിക്കുന്നിടത്തു മാത്രമേ ജനാധിപത്യത്തിന് നിലനിൽപുള്ളൂ. മനുസ്​മൃതി ചുട്ടെരിക്കുകയെന്നത് എ.എൻ.എം തീരുമാനമായിരുന്നു. പാർട്ടിയെ കണ്ടുകൊണ്ടല്ല ഞങ്ങളത് തീരുമാനിച്ചത്. കേരളം ഞങ്ങൾക്ക് അന്യമായൊരു പ്രദേശവുമായിരുന്നില്ല. പത്തുപേരെ ഉള്ളുവെങ്കിലും ഞങ്ങൾ മനുസ്​മൃതി കത്തിക്കുമായിരുന്നു. ജാഥയിലുടനീളം ഞങ്ങൾ ഉയർത്തിയൊരു മുദ്രാവാക്യം ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലുമെന്നായിരുന്നു. മാത്രമല്ല, ജാതിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും തങ്ങൾ നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിൽ കേരളത്തിൽ ദലിത് യൗവനത്തിന്റെയും ആത്മാഭിമാനബോധത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതിഫലനമായിരുന്നു ജാഥയും മനുസ്​മൃതി കത്തിക്കലും.

അതുപോലെതന്നെ മനുസ്​മൃതി കത്തിച്ചത് തന്റെ ഭാര്യ മണിയാണെന്ന മറ്റൊരു കഥ വേറെ ഉണ്ടാക്കി. ദലിതരാണ് മനുസ്​മൃതി കത്തിച്ചത് എന്ന യാഥാർഥ്യത്തെ തകിടംമറിക്കുന്നതായിരുന്നു ഈ കഥ. മറ്റൊരു ഹൈജാക്കിങ്. ഞങ്ങൾ ഇത്തരമൊരു ചുമതല ആരെയും ഏൽപിച്ചിരുന്നില്ല. ജനാധിപത്യ ചിന്തയുടെ പ്രതിഫലനമായിരുന്നില്ല ഈ വ്യാഖ്യാനം. അതിന്റെ പിന്നിൽ കമ്യൂണിസ്റ്റ് പാർട്ടി ഗൂഢാലോചനയുണ്ടായിരുന്നു എന്നതാണ് വേണുവിന്റെ വാദം വ്യക്തമാക്കുന്നത്.

മനുസ്​മൃതി ചുട്ടെരിച്ചത് ഏതെങ്കിലുമൊരു വ്യക്തിയായിരുന്നില്ല, എ.എൻ.എം എന്ന സംഘമായിരുന്നു (ആരെന്തു പറഞ്ഞാലും കേരളീയ സമൂഹത്തിൽ ഞങ്ങൾ സ്​ഥാപിച്ചെടുത്തൊരു യാഥാർഥ്യമാണിത്). മനുസ്​മൃതി ചുട്ടെരിക്കാൻ തീരുമാനിച്ചതും അത് നിർവഹിച്ചതും ദലിതരാണെന്ന യാഥാർഥ്യത്തെയാണ് വേണു വീണ്ടും വീണ്ടും മറച്ചുവെക്കാൻ ശ്രമിക്കുന്നത്. എന്നാൽ, രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ജാതിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും തങ്ങൾ നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്​ഥാനത്തിൽ ചില ഡോക്യു​െന്റെുകൾ തയാറാക്കപ്പെട്ടുവെന്നല്ലാതെ അവയുടെ അടിസ്​ഥാനത്തിൽ രാജ്യത്തൊരിടത്തും എ.എൻ.എം മനുസ്​മൃതി ചുട്ടെരിച്ചതുപോലെ ഒരു സംഭവം തന്റെ ആത്മകഥയിൽ ചൂണ്ടിക്കാണിക്കുവാൻ വേണുവിന് കഴിഞ്ഞില്ല.

ഈ ഡോക്യുമെന്റുകൾ ഇന്ത്യയിലെ ദലിതർക്ക് സ്വീകാര്യമായിരുന്നില്ല എന്നുതന്നെയാണ് ഇതിനർഥം. തുടക്കത്തിൽതന്നെ ഈ ഡോക്യുമെന്റുകൾ തള്ളിക്കളഞ്ഞ പ്രസ്​ഥാനമായിരുന്നു എ.എൻ.എം. കാരണം വർഗത്തിലും വർഗസമരത്തിലുമാണ് അത് ഊന്നിയിരുന്നത്. പാർട്ടി ഇല്ലാതായിട്ടും എ.എൻ.എം മുന്നോട്ടുപോകാൻ കഴിഞ്ഞത് വർഗനിലപാട് കൈയൊഴിഞ്ഞതുകൊണ്ടാണ്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജാതിയാണെന്ന് മുന്നണി കരുതി. ജാതി ഇല്ലാതാക്കിക്കൊണ്ടല്ലാതെ ഇന്ത്യക്കൊരു ജനാധിപത്യ സമൂഹമായി മാറാനാവില്ലായിരുന്നു.

രാജ്യത്തെമ്പാടും ജാതിവ്യവസ്​ഥക്കെതിരെ നടന്നുകൊണ്ടിരുന്ന പോരാട്ടങ്ങളോടൊപ്പം കേരളത്തിൽ അധഃസ്​ഥിത നവോത്ഥാന മുന്നണിയും ഉണ്ടായിരുന്നു. എന്നാൽ, എൺപതുകളുടെ മധ്യത്തിൽ ജാതിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും വേണു ആരംഭിച്ച പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമെന്തായിരുന്നു. എന്തു സംഭാവനയാണ് ഇക്കാര്യത്തിൽ വേണുവിന് നൽകാൻ കഴിഞ്ഞത്. നിഷേധാത്മകമാണ് ഉത്തരം. ഇക്കാലമത്രയും അദ്ദേഹം മാർക്സിസം തെറ്റാണെന്ന് സ്​ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.