മേഘങ്ങൾക്കിടയിൽ ഒരു സ്വപ്നഭൂമി; സൗദിയിൽ സഞ്ചാരികളെ മാടിവിളിച്ച് ഖാഷർ മലനിരകൾ
പ്രകൃതിസൗന്ദര്യവും പൈതൃകവും
ഒത്തുചേരുന്ന ഖാഷർ മലനിരകൾ
വിനോദസഞ്ചാര കേന്ദ്രമായി ശ്രദ്ധേയമാകുന്നു
സാബു മേലതിൽ
അൽ ഖോബാർ: മേഘങ്ങൾ തലോടുന്ന ഗിരിശൃംഖങ്ങളും പാരമ്പര്യത്തിെൻറ തനിമ പേറുന്ന ഗ്രാമങ്ങളും ചേർന്ന് പ്രകൃതി രമണീയമായ ഖാഷർ മലനിരകളും താഴ്വരകളും സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ശ്രദ്ധനേടുന്നു. പ്രകൃതിഭംഗിയും പൈതൃകവും സമന്വയിക്കുന്ന ഈ പ്രദേശം സന്ദർശകർക്ക് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്.
അൽ ദായർ ഗവർണറേറ്റിലെ പ്രധാന പട്ടണത്തിൽനിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് ഖാഷർ മലനിരകൾ സ്ഥിതിചെയ്യുന്നത്. മലഞ്ചെരിവുകളിലൂടെയും പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളിലൂടെയും ഉയർന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെയും വളഞ്ഞുപുളഞ്ഞുപോകുന്ന പാത യാത്രക്കാർക്ക് അതിമനോഹരമായ കാഴ്ചാനുഭവമൊരുക്കുന്നു.
ഓരോ വളവിലും പുതിയ പ്രകൃതിദൃശ്യങ്ങളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,660 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന റൈദ പർവതശിഖരമാണ് ഖാഷർ മലനിരകളിലെ ഏറ്റവും ഉയർന്ന ഭാഗം. ഈ ശിഖരത്തിൽനിന്നു നോക്കിയാൽ അൽ ഖതീൽ, അൽ സൽമ, തല്ലാൻ, ഹബ്ബസ് എന്നീ മലനിരകളുടെ വിദൂരദൃശ്യങ്ങൾ ചിത്രകാരെൻറ കാൻവാസ് പോലെ മനോഹരമായി കാണാം. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സാധിക്കുന്ന അപൂർവ ഇടമാണിത്.
മലമുകളിലും ചരിവുകളിലുമായി ചിതറിക്കിടക്കുന്ന വീടുകൾ പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന മനുഷ്യജീവിതത്തിെൻറ പ്രതീകമാണ്. തട്ടുകളായി തിരിച്ച് കൃഷിചെയ്യുന്ന പച്ചപ്പുനിറഞ്ഞ ടെറസ് കൃഷിയിടങ്ങൾ കണ്ണിന് കുളിർമയേകുന്നു. ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും ബന്ധിപ്പിക്കുന്ന മലമ്പാതകൾ പ്രദേശത്തിെൻറ ഗ്രാമീണ ഭംഗിക്ക് കൂടുതൽ മാറ്റുകൂട്ടുന്നു.
പ്രത്യേകിച്ച് പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും മേഘങ്ങളും മൂടൽമഞ്ഞും മലനിരകളെ പൊതിഞ്ഞുനിൽക്കുമ്പോൾ ഖാഷർ മലനിരകൾ സ്വപ്നതുല്യമായ ഭൂദൃശ്യമായി മാറുന്നു. മഞ്ഞിെൻറ നേർത്ത ആവരണത്തിലൂടെ തെളിയുന്ന മലയോര ഗ്രാമങ്ങളും പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളും ഫോട്ടോഗ്രാഫി പ്രേമികൾക്ക് അപൂർവ കാഴ്ചകളാണ് സമ്മാനിക്കുന്നത്. പ്രകൃതിഭംഗിയും പൈതൃക തനിമയും സാഹസികയാത്രയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് ജിസാനിൽ തീർച്ചയായും സന്ദർശിക്കാവുന്ന ഒന്നാന്തരം വിനോദസഞ്ചാര കേന്ദ്രമായി ഖാഷർ മലനിരകൾ മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.