സി. വിജയ് ജോസഫ്

12,692 സർക്കാർ ബസുകളിൽ സ്ത്രീ സൗജന്യ യാത്ര; തമിഴ്‌നാട്ടിൽ പദ്ധതിയുടെ വിപുലീകരണം ഗാന്ധി ജയന്തി ദിനത്തിൽ

ചെന്നൈ: തമിഴ്‌നാട് സർക്കാറിന്റെ വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഒക്ടോബർ രണ്ടുമുതൽ കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വെട്രി പയനം’ കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും.

നാളെ മുതൽ തമിഴ്‌നാട്ടിലുടനീളമുള്ള 12,692 സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും പൂർണമായും സൗജന്യമായി യാത്ര ചെയ്യാം. ഭരണകക്ഷിയായ ‘തമിഴക വെട്രി കഴകം’ എന്ന പേരിൽ നിന്നാണ് ഈ ജനക്ഷേമ പദ്ധതിയുടെ പേര് രൂപംകൊണ്ടത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ‘വിജയകരമായ യാത്ര’ (വെട്രി പയനം) എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

നേരത്തെ സാധാരണ സിറ്റി ബസുകളിൽ മാത്രമായിരുന്ന ഈ സൗജന്യ യാത്ര, പിന്നീട് കോർപറേഷനുകൾ, നഗരസഭകൾ, ടൗൺ പഞ്ചായത്തുകൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് ബസുകളിൽ വ്യാപിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ വിപുലീകരണം വഴി പ്രതിദിനം ഏകദേശം 84 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കും. സാമൂഹിക നീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, സൗജന്യ യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ കഴിഞ്ഞ ദിവസം 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. സെപ്റ്റംബർ 29 അർധരാത്രി മുതൽ സെപ്റ്റംബർ 30 അർധരാത്രി വരെയാണ് സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുന്നത്. ഫെഡറേഷൻ ഓഫ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.

ദിനംപ്രതിയുള്ള ടിക്കറ്റ് വരുമാനത്തെ മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകളെ ഈ പദ്ധതി തകർത്തു കളയുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. തങ്ങൾ നേരിടുന്ന നഷ്ടത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനുമാണ് ഈ സമരമെന്നും അവർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.