യാത്രക്കാർക്ക് സന്തോഷവാർത്ത; 'ഹോം ലഗേജ് കലക്ഷൻ' സർവീസുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി: യാത്രകൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ പദ്ധതിയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ ചെന്ന് നേരിട്ട് ഏറ്റെടുത്ത് വിമാനത്താവളത്തിൽ എത്തിക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങളും സാധ്യത പരിശോധനകളും സിയാൽ ആരംഭിച്ചു. ഇതുസംബന്ധിച്ച് ഒരു സ്വകാര്യ ഏജൻസിക്ക് ട്രയൽ റണ്ണിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ പ്രവർത്തനം. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ഏജൻസി യാത്രക്കാരുടെ വീട്ടിൽ നിന്ന് ലഗേജ് ശേഖരിച്ച് വെയർഹൗസിലേക്കും തുടർന്ന് വിമാനത്താവളത്തിന് പുറത്തുള്ള പ്രത്യേക കേന്ദ്രത്തിലേക്കും മാറ്റും. വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്രക്കാർക്ക് ഈ കേന്ദ്രത്തിൽ നിന്ന് ലഗേജ് കൈപ്പറ്റി സുരക്ഷാ പരിശോധനയോടെ ടെർമിനലിലേക്ക് പ്രവേശിക്കാം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും, മുതിർന്ന പൗരന്മാർക്കും, ഭാരമേറിയതോ ഒന്നിലധികം ബാഗുകളുള്ളതോ ആയ ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കും ഈ സേവനം വലിയൊരു അനുഗ്രഹമായിരിക്കും.

നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലക്ക് പുറമെ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ സിയാൽ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, വിദേശത്തോ മറ്റ് നഗരങ്ങളിലോ പോയി തിരിച്ചെത്തുന്നവർക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തുവെച്ച് ലഗേജ് ഏജൻസിയെ ഏൽപ്പിച്ചാൽ ലക്ഷ്യസ്ഥാനത്തേക്ക് ഏജൻസി എത്തിച്ചു നൽകും.

പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും ബുക്കിങ് സംവിധാനം. ലഗേജിന്റെ ഭാരവും യാത്രാ ദൂരവും അടിസ്ഥാനമാക്കിയുള്ള സ്ലാബുകളായിരിക്കും നിരക്കുകൾ ഈടാക്കുക. 7 കിലോഗ്രാം മുതൽ 23 കിലോഗ്രാം വരെയുള്ള ലഗേജുകൾ ഇതിലൂടെ കൈകാര്യം ചെയ്യും.

യാത്രാനിയമങ്ങൾ കർശനമായതിനാൽ യാത്രക്കാരൻ ഒപ്പമില്ലാതെ ലഗേജുകൾ നേരിട്ട് ടെർമിനലിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ യാത്രക്കാരൻ എയർപോർട്ടിൽ എത്തി ടെർമിനലിലേക്ക് പ്രവേശിക്കാൻ തയ്യാറാകുന്നത് വരെ ലഗേജുകൾ സുരക്ഷിത കേന്ദ്രത്തിൽ സൂക്ഷിക്കും.

പദ്ധതിയുടെ പ്രാരംഭ ഘട്ടം എല്ലാ എയർലൈൻ യാത്രക്കാർക്കും സ്വതന്ത്രമായി ലഭ്യമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. തുടർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ് (Meet-and-Greet), ബഗേജ് അസിസ്റ്റൻസ് തുടങ്ങിയ വിമാനത്താവള സേവനങ്ങളുമായി ലഗേജ് സേവനത്തെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടാം ഘട്ടം നടപ്പിലാക്കാനാണ് ആലോചന. നിലവിലെ ട്രയൽ റണ്ണുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

Tags:    
News Summary - Kochi International Airport Launches Home Luggage Collection Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.