വിമാനത്തിലെ പൈലറ്റുമാരുടെ അടിപിടി; മാറിയ ‘സ്ക്വാക്ക് കോഡുകൾ’ ഉയർത്തുന്നത് പുതിയ ചോദ്യങ്ങൾ..

ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് (FZ1073) വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദിയിൽ ഇറക്കിയ സംഭവത്തിൽ പ്രതികരിച്ച് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. കോക്പിറ്റിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിനെക്കുറിച്ചുമുള്ള സാങ്കേതിക വശങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ അടിപിടിയും കത്തിക്കുത്തും സംബന്ധിച്ച വാർത്തകളിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നതായി ജേക്കബ് കെ. ഫിലിപ്പ് പറയുന്നു. വിമാനത്തിന്റെ അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്ന ട്രാൻസ്‌പോണ്ടർ കോഡ് (Squawk Code) പലതവണ മാറ്റിയതിനു പിന്നിലെ കാരണത്തെക്കുറിച്ചും ഈ കോഡുകൾ ആരാണ് മാറ്റിയതെന്നും അദ്ദേഹം ചോദിക്കുന്നു. കോക്പിറ്റിൽ ഇത്തരമൊരു അടിയന്തര സാഹചര്യം ഉണ്ടാവുമ്പോൾ ഒരു പൈലറ്റ് നാല് സംഖ്യകൾ ഒന്നൊന്നായി സെറ്റ് ചെയ്ത് സ്ക്വാക്ക് കോഡ് നാല് തവണ മാറ്റാൻ (സാധാരണ കോഡിൽ നിന്ന് 7700, അതിൽ നിന്ന് 7500, വീണ്ടും 7700, പിന്നീട് സാധാരണ കോഡ്) ആക്രമിച്ച പൈലറ്റിനോ ആക്രമിക്കപ്പെട്ട പൈലറ്റിനോ എങ്ങനെ സമയം കിട്ടി എന്നത് ചിന്തിക്കേണ്ടതുണ്ടെന്ന് ജേക്കബ് കെ. ഫിലിപ്പ് പറയുന്നു.

ബഹളം തുടങ്ങിയ സമയത്ത് തല്ലു കൊണ്ട പൈലറ്റ് 7700 എന്ന എമർജൻസി കോഡ് സെറ്റ് ചെയ്തതാവാം, എന്നാൽ അതിന് ശേഷം അത് വീണ്ടും ഹൈജാക്ക് കോഡായും, തിരിച്ച് എമർജൻസി കോഡായും, പിന്നീട് സാധാരണ കോഡായും ഒടുവിൽ വീണ്ടും എമർജൻസി കോഡായും മാറ്റിക്കൊണ്ടിരുന്നതിന്റെ ആവശ്യകത എന്തായിരുന്നു എന്നത് വ്യക്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്ന ബോയിംഗ് 737 മാക്സ് (B737 MAX) വിമാനങ്ങളിൽ ട്രാൻസ്‌പോണ്ടർ കോഡ് മാറ്റുന്നതിനായി റോട്ടറി നോബ് സംവിധാനമോ (Rotary Knob) അല്ലെങ്കിൽ കീ-പാഡോ (Key-pad) ആണ് ഉപയോഗിക്കുന്നത്. ഈ വിമാനത്തിൽ ഇതിൽ ഏത് സംവിധാനമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ലെങ്കിലും, പൈലറ്റ് നാല് സംഖ്യകളും ഓരോന്നായി സെറ്റ് ചെയ്താൽ മാത്രമേ ഈ കോഡുകൾ മാറൂ. ഈ സാങ്കേതിക നടപടിക്രമങ്ങൾ ഇത്രയും വലിയൊരു സംഘർഷത്തിനിടയിൽ എങ്ങനെ സാധ്യമായി എന്നതും ചോദ്യമായി നിൽക്കുന്നു എന്ന് ജേക്കബ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Tags:    
News Summary - Pilot Fight Raises Squawk Code Questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.