ചൊക്രമുടിയിൽ ഞായറാഴ്ച നീലക്കുറിഞ്ഞി കാണാൻ എത്തിയവരുടെ തിരക്ക്

നീലക്കുറിഞ്ഞി: ചൊക്രമുടിയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

അടിമാലി: ചൊക്രമുടി മലനിരകളിൽ വിരിഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ കുത്തൊഴുക്ക്. സീസണിലെ ഏറ്റവും വലിയ സഞ്ചാരിപ്രവാഹമാണ് ഞായറാഴ്ചയുണ്ടായത്. ടിക്കറ്റെടുക്കാനും കുറിഞ്ഞി കാണാനും എത്തിയവരുടെ കൂട്ടം ടിക്കറ്റ് കൗണ്ടറുള്ള സ്ഥലം നിറഞ്ഞുകവിഞ്ഞ് ദേശീയപാതയിൽ അരകിലോമീറ്ററിലധികം നീണ്ടു. ഇതോടെ സന്ദർശകരെ നിയന്ത്രിക്കാൻ വളന്റിയർമാരും വനപാലകരും ഏറെ വിയർപ്പൊഴുക്കേണ്ടതായും വന്നു.

കിലോമീറ്ററുകൾ നീണ്ട വാഹന പാർക്കിങ് കുറിഞ്ഞി കാണാൻ എത്തിയവരെയും വലച്ചു. വലിയ ഗതാഗത പ്രശ്നങ്ങളും ഗ്യാപ് റോഡിലുണ്ടായി. ഇതുവരെ വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് വേണ്ടിയിരുന്നില്ല. റോഡിൽ ജനം ക്യൂവായി മാറിയതും അതിലുപരി വാഹനങ്ങളെകൊണ്ട് നിറഞ്ഞതും പൊലീസിനെയും വലച്ചു. മൂന്നാറിലടക്കം വലിയ ഗതാഗതതടസ്സത്തിനും ഇത് കാരണമായി.

മഴ പെയ്തപ്പോൾ കുറിഞ്ഞി നശിക്കുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, പുതിയ പൂക്കൾ ധാരാളമായി ഉണ്ടായത് ഇക്കുറി സന്ദർശകർക്ക് അനുഗ്രഹമായി മറി. കുന്നും മലയും നിറയെ നീലക്കടൽപോലെയാണ് പൂവ് വിരിഞ്ഞുനിൽക്കുന്നത്. ഞായറാഴ്ച നൂറുകണക്കിന് ആളുകൾക്ക് കുറിഞ്ഞിസൗന്ദര്യം ആസ്വദിക്കാനാകാതെ തിരികെ പോകേണ്ടതായും വന്നു. ഒരേ സമയം 1000ത്തിന് മുകളിൽ ആളുകളെ കയറ്റിവിടുന്നതിലെ പ്രയാസവും ഗതാഗതക്കുരുക്കിൽ അകപ്പെട്ട് എത്താൻ പറ്റാത്തതുമാണ് സന്ദർശകരെ നിരാശരാക്കിയത്. ഒരു മാസത്തിലേറെയായി ചൊക്രമുടിയിൽ നീലക്കുറിഞ്ഞി വസന്തം തുടങ്ങിയിട്ട്.

Tags:    
News Summary - Neelakurinji Blooms Draw Tourists to Chokramudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.