കോഴിക്കോട്ടേക്ക് വരില്ല; ഗോവ-മംഗളൂരു വന്ദേ ഭാരത് ബംഗളൂരുവിലേക്ക് നീട്ടി റെയിൽവേ

കോഴിക്കോട്: ഗോവ-മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം നിരസിച്ച് റെയിൽവേ. സർവിസ് ബംഗളൂരു യശ്വന്ത്പൂരിലേക്ക് നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ കോഴിക്കോടിന്റെ പ്രതീക്ഷ അവസാനിച്ചു.

ഗോവ (മഡ്ഗാവ്)-മംഗളൂരു വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതാണ്. വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30ന് മംഗളൂരു സെൻട്രലിൽനിന്നു പുറപ്പെടുന്ന വന്ദേഭാരത്, രാത്രി 10.45നാണ് തിരിച്ചെത്തുന്നത്. രാത്രി 10.45 മുതൽ രാവിലെ 8.30 വരെയുള്ള ബാക്കി സമയം കൊണ്ട് ​കോഴിക്കോട് വന്നുപോകാവുന്നതാണ്. ഇത് മലയാളി യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമായിരുന്നു.

നിലവിൽ, ശേഷിയുടെ 30 ശതമാനം യാത്രക്കാരെയുമായാണ് മിക്ക ദിവസങ്ങളിലും വന്ദേഭാരതിന്റെ യാത്ര. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാവുന്നതാണെന്ന് റെയിൽവേ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട്ടേക്കു നീട്ടിയാൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നു ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും എം.പിമാർ അടക്കമുള്ള ജനപ്രതിനിധികളും റെയിൽവേക്ക് നിവേദനം നൽകിയതുമാണ്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തുന്ന മലയാളികൾക്കും മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും ഗോവ വന്ദേഭാരത് പ്രയോജനപ്പെടുമായിരുന്നു. അതേസമയം, വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടണമെന്ന് തീരദേശ കർണാടകയിലെ നാല് എം.പിമാർ റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചിരുന്നു.

26655, 26656 എന്നീ ട്രെയിൻ നമ്പറുകളിലാണ് പുതുക്കിയ സമയക്രമപ്രകാരം ഈ സർവിസ് ഉണ്ടാവുക. യശ്വന്ത്പൂർ-മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് ദിവസവും രാവിലെ 6.05 ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 7.15-ന് മഡ്ഗാവിൽ എത്തിച്ചേരും. തിരിച്ചുനൽകുന്ന സർവിസിൽ, മഡ്ഗാവിൽ നിന്ന് രാവിലെ 5.30 ന് പുറപ്പെട്ട് വൈകിട്ട് 6.40-ന് യശ്വന്ത്പൂരിൽ എത്തും.

ശ്രാവണബെലഗോള, ഹാസൻ, സകലേശ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, കുന്ദാപുര, ബൈന്ദൂർ, മുരുേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.