കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിൽ പ്രഭാത കാഴ്ചകൾ ആസ്വദിച്ച് നടക്കുന്ന ആളുകൾ
പ്രഭാത-സായാഹ്ന സവാരി കേന്ദ്രമായി ആശ്രാമം ലിങ്ക് റോഡ് പാലം
കൊല്ലം: കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച ആശ്രാമം ലിങ്ക് റോഡ് പാലം വ്യായാമത്തിനുള്ള വഴിയായും ഉപയോഗിച്ച് ഫിറ്റ്നസ് പ്രേമികൾ. വാഹനഗതാഗത്തിനിടയിലും പുലർച്ചെയുടെയും സന്ധ്യയുടെയും ശാന്തമായ അന്തരീക്ഷത്തിൽ വ്യായാമത്തിനായി പാലവും പരിസരവും തെരഞ്ഞെടുക്കുന്നവർ നിരവധിയാണ്. മുതിർന്നപൗരന്മാരും കുട്ടികളും ഉൾപ്പെടെ പ്രദേശികവാസികളും ഫിറ്റ്‌നസ് കൂട്ടായ്മകളിലെ അംഗങ്ങളും ഉൾപ്പെടെയാണ് പാലത്തിലൂടെയുള്ള നടത്തം പതിവാക്കിയത്. നഗരത്തിലുള്ളവരുടെ പതിവ് വ്യായാമകേന്ദ്രമായ ആശ്രാമം മൈതാനം കൂടാതെയാണ് ഇപ്പോൾ ലിങ്ക് റോഡ് പാലവും നടത്തത്തിനുള്ള സ്ഥലമാകുന്നത്.
അഷ്ടമുടി കായലിന് മുകളിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന ലിങ്ക് റോഡും പാലവും കാൽനടയാത്രക്കാർക്ക് അതിമനോഹരമായ കാഴ്ചകൂടി സമ്മാനിക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമുള്ള കായലോര കാഴ്ചകളും ശുദ്ധവായുവും ആസ്വദിച്ച് നടക്കാം എന്നതാണ് ഒരു പ്രത്യേകത. അഷ്ടമുടി കായലിലൂടെ ശാന്തമായി സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകളുടെ കാഴ്ചയുമുണ്ട്. പാലത്തിന്റെ ഒരറ്റം മുതൽ മറുവശം വരെ പല റൗണ്ടുകളായി നടക്കുകയാണ് പലരും ചെയ്യുന്നത്.
ചിലർ നേരെ നടന്ന് ആശ്രാമം മൈതാനം വരെയും എത്തുന്നുണ്ട്. നഗരത്തിലെ പ്രധാന ഗതാഗതപാതയായ ആശ്രാമം ലിങ്ക് റോഡിൽ പാലത്തിലും പരിസരങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം ഇല്ലാത്തതും സ്ഥിരമായി നടക്കാൻ എത്തുന്നവർ ആശ്വാസകരമായി കാണുന്നുണ്ട്. പാലത്തിൽ ഇരുവശത്തുമുള്ള നടപ്പാത പൂർണമായി ഇന്റർലോക്ക് ചെയ്തിരുന്നെങ്കിൽ നടത്തം കൂടുതൽ സുഗമമാകുമെന്ന് ഇവിടെ നടക്കാൻ എത്തുന്നവർ പറയുന്നു.
അതേസമയം, നടക്കാനെത്തുന്നവർ അൽപമൊന്നു ശ്രദ്ധിക്കേണ്ട കാര്യവുമുണ്ട്. നിലവിൽ ഇവിടെ നടപ്പാതയിൽ റോഡുമായി വേർതിരിക്കുന്ന സുരക്ഷവേലിയില്ല. വലിയ വാഹന തിരക്ക് ഇല്ല എന്ന ധൈര്യത്തിൽ നടക്കുന്നവർ പലരും റോഡിലേക്കും കടന്നാണ് നടക്കുന്നത്. ആരോഗ്യം സംരക്ഷിക്കാൻ നടക്കുന്നവർ, സുരക്ഷ കൂടി ഓർത്ത് നടത്തം നടപ്പാതയിലൂടെ മാത്രമാക്കുന്നത് പാലം വഴിയുള്ള പ്രഭാത-സായാഹ്ന സവാരി കൂടുതൽ മനോഹരമാക്കുകയേ ഉള്ളു. നടത്തക്കാർക്ക് സുരക്ഷയൊരുക്കാൻ സുരക്ഷ വേലി കൂടി വന്നാൽ കൂടുതൽ ധൈര്യത്തോടെ ആളുകൾക്ക് നടക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.