കടലിന്നഗാധമാം നീലിമയിൽ..
റാസല്‍ഖൈമ: വിനോദസഞ്ചാരത്തെ വാണിജ്യ-നിക്ഷേപ മേഖലയുടെ വളര്‍ച്ചയുമായി കൂട്ടിയണക്കി റാസല്‍ഖൈമയുടെ വികസന ഭൂപടത്തില്‍ പുതിയ അധ്യായം രചിക്കുകയാണ് അല്‍ മര്‍ജാന്‍ ഐലന്‍റ് (പവിഴ ദ്വീപുകള്‍). കടലിനിടയില്‍ മനുഷ്യനിര്‍മിതമായി ഉയര്‍ത്തിയ നാല് ദ്വീപുകളെ കേന്ദ്രീകരിച്ചുള്ള വികസനം ഇതിനകം തന്നെ എമിറേറ്റിന്‍റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ്. പുറമെ മര്‍ജാന്‍ ബീച്ച് കേന്ദ്രീകരിച്ച് 85 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ സമഗ്ര വികസന പദ്ധതിക്കും തുടക്കമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ‘മര്‍ജാന്‍ ബീച്ച്’ പുതിയ മിക്സഡ് യൂസ്ഡ് മാസ്റ്റർപ്ലാന്‍ അധികൃതര്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തിയാകും.
താമസവും വാണിജ്യവും ഹോസ്പിറ്റാലിറ്റിയും ഹരിതമേഖലകളും പൊതുസ്ഥലങ്ങളും ഉള്‍പ്പെടുന്ന വന്‍ പദ്ധതിയാണ് മര്‍ജാന്‍ ബീച്ചില്‍ ഒരുങ്ങുന്നത്. റാസല്‍ഖൈമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ മാസ്റ്റര്‍ പ്ലാനുകളിലൊന്നാണിതെന്ന് മര്‍ജാന്‍ ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുല്‍ പറഞ്ഞു. പദ്ധതി പൂര്‍ണമായി പൂര്‍ത്തിയാകാന്‍ ഏകദേശം പത്ത് വര്‍ഷമെടുക്കും. നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി നിരപ്പാക്കല്‍, മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രമുഖ കമ്പനികള്‍ ഇതിനകം പദ്ധതിയുടെ ഭാഗമായ േപ്ലാട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
മര്‍ജാന്‍ ബീച്ചിലെ പുതിയ വികസന പദ്ധതിയുടെ ഏകദേശം 60 ശതമാനം താമസ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. പ്രീമിയം പാര്‍പ്പിടങ്ങള്‍, ഹോട്ടലുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, വിനോദ-ജീവിത ശൈലി സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര തീരദേശ വികസനമാണ് ലക്ഷ്യമിടുന്നത്. ഏകദേശം ആറര ദശലക്ഷം ചതുരശ്ര അടി ഹരിത മേഖലകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കുമായി മാറ്റിവെക്കും. താമസ സൗകര്യങ്ങള്‍ക്കൊപ്പം തുറന്ന പൊതു സ്ഥലങ്ങളും ഹരിത ഇടങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ താമസക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന നഗരമേഖലയാക്കുകയാണ് ലക്ഷ്യം. 12,000 ഹോട്ടല്‍ മുറികള്‍, 22,000 താമസ യൂനിറ്റുകള്‍, 74,000 പേര്‍ക്ക് താമസിക്കാനും 32,000 പേര്‍ക്ക് തൊഴില്‍ ചെയ്യാനും കഴിയുന്ന രീതിയിലാണ് വികസനം. പ്രതിവര്‍ഷം 1.8 ലക്ഷം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും പദ്ധതിക്കുണ്ട്.
ഏകദേശം നാലര കിലോമീറ്റർ കടല്‍ ഉള്‍ക്കൊള്ളുന്ന നാല് മനുഷ്യ നിര്‍മിത ദ്വീപുകളാണ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ഐലന്‍റ്. ബ്രീസ്, ട്രഷര്‍, ഡ്രീം, വ്യൂ എന്നിങ്ങനെയാണ് ദ്വീപുകളുടെ പേരുകള്‍. മുഖ്യ കവാടം ഉള്‍പ്പെടുന്ന ബ്രീസ് ദ്വീപിലാണ് ഹില്‍ട്ടണ്‍, റിക്സോസ് ബാബല്‍ ബഹര്‍, ഡബിള്‍ ട്രീ തുടങ്ങിയ പ്രമുഖ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. 2000 മീറ്റര്‍ നീളമുള്ള വാട്ടര്‍ ഫ്രണ്ടേജ്, നടപ്പാത, സൈക്കിള്‍ സവാരിക്കുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള കളി സ്ഥലം തുടങ്ങിയവയും ഇവിടെയുണ്ട്. ദൈര്‍ഘ്യമേറിയ കോണ്‍ക്രീറ്റ് നടപ്പാതയും പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങളുമാണ് ട്രഷര്‍ ദ്വീപിന്‍റെ പ്രത്യേകത. ലോകോത്തര ബീച്ച് ക്ലബുകളും വിൽപനക്കും പ്രദര്‍ശനത്തിനുമുള്ള കരകൗശല വസ്തു ശേഖരങ്ങളുമാണ ഡ്രീം ദ്വീപിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍.
റിസോര്‍ട്ടുകള്‍, താമസ കേന്ദ്രങ്ങള്‍, ചില്ലറ വിൽപന കേന്ദ്രള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വ്യൂ ദ്വീപ്. അല്‍ മര്‍ജാന്‍ ഐലന്‍റ് റാസല്‍ഖൈമയുടെ ടൂറിസം മേഖലയിലെ സുപ്രധാനയിടമാണ്. റാക് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയുടെ ആസ്ഥാനവും ഇവിടെയാണ്. ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം നിക്ഷേപത്തിനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം ഒരുക്കാനുള്ള റാസല്‍ഖൈമയുടെ നയത്തിന്‍റെ ഭാഗമായാണ് ദ്വീപിന്‍റെ വികസനം മുന്നേറുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
അല്‍ മര്‍ജാന്‍ ഐലന്‍റിന്‍റെ ആഗോള ശ്രദ്ധ വര്‍ധിപ്പിക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് ലാസ് വെഗാസ് ആസ്ഥാനമായ വിന്‍ റിസോര്‍ട്ട്സിന്‍റെ വിന്‍ അല്‍ മര്‍ജാന്‍. യു.എ.ഇയിലെ ആദ്യ സംയോജിത റിസോര്‍ട്ട് എന്ന പ്രത്യേകതയോടെയാണ് പദ്ധതി ഒരുങ്ങുന്നത്. നിര്‍മാണം പുരോഗമിക്കുന്ന റിസാര്‍ട്ട് 2027 സെപ്റ്റംബറില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. ആഡംബര താമസം, വിനോദം, ഭക്ഷണം, റീട്ടെയില്‍ തുടങ്ങിയ മേഖലകളെ ഒരൊറ്റ കേന്ദ്രത്തില്‍ കൂട്ടിയിണക്കുന്ന പദ്ധതിയായിരിക്കും ഇത്. വിന്‍ അല്‍ മര്‍ജാന്‍റെ വരവ് അല്‍ മര്‍ജാന്‍ ഐലന്‍റിന്‍റെ അന്താരാഷ്ട്ര വിനോസഞ്ചാര പ്രാധാന്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, സേവന മേഖലകളിലും പുതിയ ബിസിനസ് അവസരങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.
ഒരു വിനോദസഞ്ചാരി എത്തുമ്പോള്‍ അതിന്‍റെ സാമ്പത്തിക നേട്ടം ഹോട്ടലില്‍ മാത്രം ഒതുങ്ങുന്നില്ല. ഭക്ഷണശാലകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ഗതാഗതം, വിനോദ പരിപാടികള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് അത് വ്യാപിക്കുന്നു. അതുകൊണ്ടുതന്നെ അല്‍ മര്‍ജാന്‍ ഐലന്‍റിലെ ടൂറിസം വികസനം റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, വിനോദം തുടങ്ങിയ അനുബന്ധ മേഖലകളുടെ വളര്‍ച്ചക്കും അവസരമൊരുക്കും. താമസ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ ദീര്‍ഘകാലമായി ഇവിടെ എത്തുകയും ചെലവഴിക്കുകയും ചെയ്യാനുള്ള സാധ്യതയും ഉയരും. ഇതുവഴി ഒരു ടൂറിസം കേന്ദ്രത്തില്‍ നിന്ന് താമസവും ബിസിനസും വിനോദവും ഒരുമിച്ച് നടക്കുന്ന സമഗ്ര നഗരമേഖലയായി അല്‍ മര്‍ജാന്‍ ഐലന്‍റ് മാറും.
മലനിരകളും കടലും മരുഭൂമിയും കണ്ടല്‍വനങ്ങളും ചേര്‍ന്ന പ്രകൃതി സവിശേഷതകളാണ് റാസല്‍ഖൈമയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം ആധുനിക ഹോസ്പിറ്റാലിറ്റി, വിനോദം, താമസം, വാണിജ്യം എന്നിവ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് എമിറേറ്റിന്‍റെ ടൂറിസം വികസനത്തിന് പുതിയ ദിശ നല്‍കുന്നത്. അല്‍ മര്‍ജാന്‍ ഐലന്‍റും മര്‍ജാന്‍ ബീച്ചിന്‍റെ പുതിയ മാസ്റ്റര്‍ പ്ലാനും ഈ മാറ്റത്തിന്‍റെ പ്രധാന ഭാഗങ്ങളാണ്. കടലിനിടയില്‍ ഉയര്‍ന്നുവന്ന പവിഴദ്വീപുകളില്‍നിന്ന് ഒരു സമഗ്ര തീരദേശ നഗരത്തിലേക്കുള്ള യാത്രയിലാണ് അല്‍ മര്‍ജാന്‍ ഐലന്‍റ്. റാസല്‍ഖൈമയുടെ ടൂറിസം വളര്‍ച്ചക്കൊപ്പം വാണിജ്യ-നിക്ഷേപ മേഖലയുടെ പുതിയ സാധ്യതകള്‍ക്കും ഈ വികസനം വാതില്‍ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.