ജപ്പാൻ യാത്ര ഇനി കൂടുതൽ എളുപ്പം; ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ജപ്പാന്റെ മനോഹാരിത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ റെയിൽവേയുടെ പുതിയ ടൂർ പാക്കേജ്. ജപ്പാൻ നഗരങ്ങളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കാൻ അവ​സരമൊരുക്കി ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) 10 ദിവസത്തെ പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, താമസം, വിസ, ഭക്ഷണം, സൈറ്റ് സീയിങ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്.

ജപ്പാൻ എക്സ് ഡൽഹി (Japan Ex Delhi) എന്നതാണ് പാക്കേജിന്റെ പേര്. സെപ്റ്റംബർ ആറിന് ഡൽഹിയിൽ നിന്ന് പുറപ്പെടും. ഒമ്പത് രാത്രിയും 10 പകലും നീളുന്ന യാത്രയിൽ ടോക്കിയോ, ഹക്കോനെ, ഹമാമത്സു, ക്യോട്ടോ, ഒസാക, നാര, ഹിരോഷിമ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. സെപ്റ്റംബർ 15നാണ് സമാപനം.

പാക്കേജ് നിരക്ക് ഒരാൾക്ക് 3,45,999 രൂപ (മൂന്നുപേർ പങ്കിടുന്ന മുറി), 3,49,999 രൂപ (രണ്ടുപേർ പങ്കിടുന്ന മുറി), 4,73,999 രൂപ (ഒരാൾ മാത്രം താമസിക്കുന്നത്) എന്നിങ്ങനെയാണ്. കുട്ടികൾക്ക് (5-11 വയസ്സ്) 2,92,499 രൂപ; കിടക്കയില്ലാതെ 2,63,999.

ഡൽഹിയിൽ നിന്നുള്ള പോയിവരാനുള്ള വിമാന ടിക്കറ്റ് (എക്കോണമി ക്ലാസ്), ഫോർ സ്റ്റാർ ഹോട്ടലുകളിലെ താമസം, ജപ്പാൻ ടൂറിസ്റ്റ് വിസ ചാർജ്, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, വിമാനത്താവള ഗതാഗതസൗകര്യം, എയർകണ്ടീഷൻ ചെയ്ത കോച്ചിലുള്ള സൈറ്റ് സീയിങ്, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിന്റെ സേവനം, 70 വയസ്സിന് താഴെയുള്ള യാത്രക്കാർക്കുള്ള ട്രാവൽ ഇൻഷുറൻസ്, നികുതികൾ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.

ജപ്പാനിലെ ലോകപ്രശസ്തമായ ബുള്ളറ്റ് ട്രെയിൻ യാത്ര പാക്കേജിന്റെ മുഖ്യ ആകർഷണമാണ്. ടോക്കിയോയിൽ അസാകുസ ക്ഷേത്രം, നകാമിസ ഷോപ്പിങ് സ്ട്രീറ്റ്, ഉനേനോ പാർക്ക്, ഒഡൈബ, ഡിജിറ്റൽ ആർട്ട് മ്യൂസിയം തുടങ്ങങ്‍വയാണ് സന്ദർശിക്കുന്ന സ്ഥലങ്ങൾ. മൗണ്ട് ഫുജിയിൽ കാലാവസ്ഥക്ക് അനുസരിച്ച് ജപ്പാനിലെ ഏറ്റവും ഉയർന്ന പർവതമായ മൗണ്ട് ഫുജിയുടെ അഞ്ചാം സ്റ്റേഷൻ സന്ദർശിക്കാം. കൂടാതെ ഒവാകുദാനി വാലി, ഹക്കോനെ റോപ്‌വേ, ലേക്ക് അഷിയിലൂടെയുള്ള ഹക്കോനെ പൈറേറ്റ് ഷിപ്പ് ക്രൂയിസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

ക്യോട്ടോയിലെയും ഒസാകയിലെയും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളും പരമ്പരാഗത തെരുവുകളും മറ്റും സന്ദർശിക്കാം. മാനുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന നാര നഗരവും ഹിരോഷിമ സ്മാരകങ്ങളും മ്യൂസിയങ്ങളും പാക്കേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Tags:    
News Summary - ജപ്പാൻ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.